വെയിലാറിക്കഴിഞ്ഞാൽ
ശനിയാഴ്ചകളിലെല്ലാം
കറുകറെകറുത്ത ചക്കര
കുട്ടയിലടുക്കി തലയിലേറ്റി
കുന്നുകയറി വരുന്ന
ചക്കരക്കാരി.
ആയിരം നിറങ്ങളുള്ള
കുപ്പിവളകളടുക്കിയ
ചതുരപ്പെട്ടിയിൽ
അത്ഭുതമൊളിപ്പിച്ച
കാരണവർ.
ആക്രിപെറുക്കിയെടുത്ത്
നാഴിയിൽ പൊരിയളന്ന്
കൊടുക്കുമ്പോൾ
കാണുമേവരോടും പരാധീനം
പുലമ്പുന്നൊരു തമിഴൻ.
കടവായിലൊഴുകിയ മുറുക്കാൻ
മുണ്ടിന്റെ കോന്തലയിൽ തുടച്ച്
പ്രണയവും വിവാഹവും മാത്രം
ഫലം പറയുന്നൊരു മുത്തി.
പാദങ്ങളെ നാദമുഖരിതമാക്കാൻ
വെട്ടിത്തിളങ്ങുന്ന വെള്ളി-
പാദസരം അടവിന് തരുന്ന
പാദസരക്കാരൻ.
കരിമ്പനയിളകും പോലെ
നിർത്താതെ ചിലയ്ക്കുന്ന,
കാലുനീട്ടി നിലത്തിരുന്ന് മാത്രം
ഊണ് കഴിക്കുമലക്കുകാരി.
തട്ടിനോക്കിയാൽ
ചെമ്പുപോൽ മുഴങ്ങുന്ന
മൺചട്ടി വിൽക്കാനെത്തുന്ന
പരദേശി കുടുംബം.
വയറിളക്കാനുള്ള മരുന്നും
കൊതി പറ്റിയാലൊടുങ്ങാൻ
ഊതിയ വെള്ളവും
പേടിമാറാൻ കറുത്തചരടും
കൊണ്ടുവരുന്ന സായ്‌വ്
ഒഴിവു ദിവസങ്ങളിൽ
ഇവരെ കാണാനും
കഥകൾ കേൾക്കാനും
കാത്തിരിക്കുന്ന കുട്ടി.
റെഡ് ഡാറ്റാബുക്കിലെ
പുതിയ എഡിഷനിൽ
പേരു ചേർക്കപ്പെട്ടവർ.
Content Summary: Malayalam Poem ' Red Databook ' Written by K. R. Rahul