ADVERTISEMENT

ആർത്തിരമ്പി വരുന്ന തിരമാലകളെ നോക്കി അന്തിവെയിലിന്റെ പൊൻശോഭയിൽ കടലോരത്തെ പാറക്കൂട്ടങ്ങൾക്കിടയിലെ ഒരു ചെറുതിൽ അയാൾ ഇരുന്നു. വല്ലപ്പോഴും ഇങ്ങനെ വരാറുണ്ട്. ദൂരേക്ക് കണ്ണും നട്ടു ഒരിക്കലും നിലയ്ക്കാത്ത തിരകളെയും, സന്ധ്യയിൽ കൂടണയാനോ മറ്റെങ്ങോ പുലരാനോ വെമ്പൽ കൊള്ളുന്ന സൂര്യന്റെ ചുവപ്പു പടർന്ന കടലിനെ നോക്കി ഒരൽപനേരം അങ്ങനെ ഇരിക്കുന്നതൊരു ശീലമായി തീർന്നിരിക്കുന്നു. മനസ്സൊന്നു തണുക്കും. അത് പിന്നീടൊരു ഊർജ്ജമാണ്. എന്തൊക്കെയോ നന്മ ചെയ്യാനുള്ള ശക്തി. വരുന്ന വഴിയിൽ വച്ച് കണ്ട ഒരു മെല്ലിച്ച പയ്യന്റെ വാക്കുകൾ അയാളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. "കഷ്ടപ്പെട്ടാണെങ്കിലും വീട് പുലർത്തണം, നന്നായി പഠിക്കുകയും വേണം". സൂര്യാസ്തമനത്തിനു കടൽത്തീരത്തെത്തുന്ന കുറേപേർക്കു കപ്പലണ്ടി പൊതി നീട്ടികൊണ്ട് അവൻ അയാളോട് പറഞ്ഞു. അവന്റെ മറു കൈയ്യിൽ ഒരു പാഠപുസ്തകവും ഉണ്ടായിരുന്നു.

അവനെക്കുറിച്ചും ആ ബാലന്റെ നിശ്ചയദാർഢ്യം നിറഞ്ഞുനിൽക്കുന്ന വാക്കുകളും എന്തുകൊണ്ടോ അയാളുടെ ചിന്തയിൽ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയാണ്. ഒരിക്കലും അടങ്ങാത്ത ശക്തമായ തിരമാലകൾ. പാറമേലടിച്ചു പാൽ നിറം ചാലിച്ച്  മടങ്ങുന്നു. പിന്നെയും ഇരമ്പി വരുന്നു. പല കാലങ്ങളിലായി പലരും അയാളെപ്പോലെ അവിടെ വന്നും ഇരുന്നും ഒക്കെ പോയിട്ടുണ്ടാകും, ചിന്താഭാരവുമായി. കുറെ ചോദ്യങ്ങൾക്കു മറുപടി ലഭിച്ചു ജീവിതത്തിൽ പ്രശ്നങ്ങളെ അതിജീവിച്ചവരും അല്ലാത്തവരും ഉണ്ടാകാം. അയാളുടെ ബാല്യകാല സ്മരണകൾ മനസ്സിന്റെ അടിത്തട്ടിൽ നിന്നും സടകുടഞ്ഞു എഴുന്നേറ്റു വരുകയാണോ? അവയെ കടിഞ്ഞാണിടാൻ അയാൾക്കു കഴിയുന്നില്ലേ? അന്നത്തെ ഓലമേഞ്ഞ വീട്ടിലെ മേൽക്കൂരയുടെ ദ്വാരങ്ങളിലൂടെ വേനൽക്കാലത്തു വെള്ളി വെളിച്ചം കടന്നു വന്നപ്പോൾ, മഴക്കാലത്ത് അവ മഴയായ് പെയ്തിറങ്ങി. ചാണകം മെഴുകിയ തറയിൽ നിരത്തി വെച്ചിരുന്ന തകരപ്പാത്രങ്ങൾ കൂരയുടെ ഉൾവശം അധികം നനയാതെ കാത്തു. 

അന്തിയോളം പണിയെടുക്കുന്ന അപ്പൻ മടങ്ങി വരുമ്പോൾ ഉള്ളതിൽ നല്ല പങ്ക് വിളമ്പിക്കൊടുക്കുന്ന അമ്മ. ചേട്ടനും അനിയനും അയാൾക്കും ബാക്കി നൽകിക്കഴിഞ്ഞാൽ പിന്നെ അമ്മയുടെ പാത്രത്തിൽ വറ്റൊന്നും ഉണ്ടാകാറെയില്ല. മേലെത്തെ പ്രമാണി അവറാച്ചന്റെ മകന്റെ പാഠപുസ്തകങ്ങൾ ചേട്ടനാണ് ആദ്യം കിട്ടുക. പിന്നതു അയാൾക്കും. അതിനു ശേഷം അനുജനും. മക്കൾ തമ്മിൽ ഒരു വയസ്സിന്റെ വിടവായതു പുണ്യം. കഠിന അധ്വാനവും കാലവും അപ്പനെ രോഗി ആക്കിയപ്പോൾ 'അമ്മ' ധനവാനായ വർക്കിച്ചന്റെ വീട്ടിൽ അടുക്കള ജോലിക്കു പോകാൻ നിർബന്ധിതയായി. കൂരയുടെ കോണിൽ, ശ്വാസം നേരെ വലിക്കാൻ തത്രപ്പെടുന്ന അപ്പൻ, വിടരാൻ വെമ്പുന്ന മൊട്ടുകളായി ചെറു പൈതങ്ങൾ. അയൽവക്കത്തെ അടുക്കള ജോലി, സ്വന്തം വീട്ടു ജോലി, അപ്പന്റെ ശുശ്രൂഷ, പാതിരാവിൽ എപ്പോഴോ ഒന്ന് കണ്ണടക്കുന്ന അമ്മ, ഒന്നിനും തികയാത്ത വരവ് ചിലവുകൾ. വഴിമുട്ടിയപ്പോൾ ചേട്ടൻ പഠിപ്പു നിർത്തി കൂലിവേലക്കു പോയി തുടങ്ങി. അവിടെ കൂട്ടുകാരുടെ എണ്ണവും ഷാപ്പിലെ രുചിയും കൂടിയപ്പോൾ വീട്ടിലേക്കൊന്നും കിട്ടാതെയായി, വരാതെയായി.

അപ്പന്റെ ശ്വാസം നിലച്ചപ്പോൾ അയാളുടെ തലയിലേക്ക് എന്തോ ഭാരം വന്നു വീണപോലെ. ഉറക്കം കണ്ണിനു താരാട്ടു പാടാതെ, തഴുകാതെ കടന്നുപോയി. തഹസിൽദാർ വന്നു താമസിക്കുന്നിടം പുറമ്പോക്കാണെന്നു പറഞ്ഞപ്പോൾ ഒരു കൂരയെങ്കിലും ഉണ്ടെന്ന ആശ്വാസവും പടികടന്നു. അവിടെത്തന്നെ പിടിച്ചു നിൽക്കാനുള്ള എല്ലാ ശ്രമവും വിഫലമായി. അടുത്ത രാത്രിയിൽ, ആദ്യമായി അമ്മയും, അനിയനും, അയാളും കടത്തിണ്ണയിലെ നനുത്ത തറയിൽ ഇരുട്ടിനെ ആശ്ലേഷിച്ചു കിടന്നു. പത്താം തരം കഴിഞ്ഞ അയാൾ അന്നാദ്യമായി ഒരു വേലയെക്കുറിച്ചു ചിന്തിച്ചിരുന്ന സമയം. കണ്ണുനീർ വറ്റാത്ത അമ്മയുടെ കുഴിഞ്ഞ കണ്ണുകൾ കണ്ടപ്പോൾ മനസ്സിലേക്ക് ഇരച്ചുകയറിയ ചിന്ത ആയിരുന്നു അത്. കടത്തിണ്ണയിലെ കിടപ്പു കണ്ട വർക്കിച്ചൻ അദ്ദേഹത്തിന്റെ ഔട്ട് ഹൗസ് അവർക്കായി തുറന്നു തന്നപ്പോൾ വലിയ ആശ്വാസമായി. തേങ്ങാപ്പുരയുടെ ഒരു കോണിൽ ചുരുണ്ടുകൂടി കിടക്കാൻ ഒരൽപ സ്ഥലം. എണ്ണ വിളക്കിന്റെ അരണ്ട വെളിച്ചം. കണ്ണിൽ എണ്ണ ഒഴിച്ചിരുന്നു ആർത്തിയോടെ വായിച്ചു. പടവുകൾ കയറണമെന്ന ഒരേ വാശിയായിരുന്നു ഉള്ളു നിറയെ, ആ കപ്പലണ്ടി വിറ്റു നടക്കുന്ന ബാലനെപ്പോലെ.

തിരമാലയിലൊന്നു ഏറെ വേഗത്തിൽ വന്നു മഴത്തുള്ളികൾ പോലെ അയാളുടെ മുഖത്തു വാരിയിട്ടപ്പോൾ മാത്രമാണ് അയാളവിടെ ആ പാറപ്പുറത്താണ് ഇരിക്കുന്നതെന്ന ഓർമ്മ വന്നത്. പണ്ടൊരിക്കൽ എല്ലാം ഒന്നവസാനിപ്പിക്കാൻ അയാൾ അവിടെ വന്നിരുന്നു. ആരും അയാളോട് ഒന്നും ചോദിക്കുകയും ഇല്ലായിരുന്നു. അമ്മയുടെ കണ്ണുകളിലെ നനവിന്റെ ഓർമ്മകൾ അയാളെ അന്ന് അതിൽ നിന്നും ശക്തമായി പിന്തിരിപ്പിച്ചു. നേരം വൈകി ഇരുട്ട് വീണിരിക്കുന്നു. അങ്ങ് ദൂരെ ഒരു വെളിച്ചം കാണുന്നു. അതുവഴി പോകുന്ന ഏതോ കപ്പലിലെ വെളിച്ചമാണ്. അൽപ്പം കൂടെ അവിടെ ഇരിക്കാൻ തോന്നുന്നു. കാടുകയറിയ ചിന്തകളിൽ നിന്നും ഒന്ന് പുറത്തുവരാൻ കഴിയാതെ ഭൂതകാലത്തിന്റെ ഇരുട്ടിൽ തപ്പി തളർന്നു. നന്നേ ഇരുട്ടിയിട്ടും അയാൾ അങ്ങനെ തന്നേ തുടർന്നപ്പോൾ, "സാറേ നമുക്ക് പോകണ്ടേ" എന്ന  മനുവിന്റെ വിളി അയാളെ വർത്തമാന കാലത്തിലേക്ക് തിരികെ കൊണ്ടുവന്നു. സ്ഥലം ജില്ലാ കളക്ടറെ കൊണ്ടുപോകാൻ ജീപ്പുമായി ഡ്രൈവർ മനു കാത്തു നിൽക്കാൻ തുടങ്ങിയിട്ട് നേരം ഏറെ ആയിരുന്നു.

Content Summary: Malayalam Short Story ' Kannuneerinte Maadhuryam ' Written by Shaji M. Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com