"ഏയ്.. നിങ്ങളൊക്കെയില്ലേ.. ഞാനൊറ്റക്ക് അല്ലല്ലോ." എന്നും ഒറ്റക്കാവണമെന്ന് ഉറപ്പിച്ചോ എന്ന് ശ്രീദേവിയുടെ അമ്മ ചോദിക്കുമ്പോൾ ഹരിദാസിന്റെ മറുപടിയാണത്. ശ്രീദേവിയുടെ മനസ്സ് അറിഞ്ഞിട്ട് തന്നെയാണ് അമ്മ ആ ചോദ്യം ഹരിദാസിനോട് ചോദിക്കുന്നത്. പക്ഷേ, ആ മറുപടിയിൽ അയാൾ എല്ലാമൊതുക്കുന്നു. യാത്ര പറഞ്ഞിറങ്ങാൻ നേരം വീടിന്റെ പുറത്ത് ഡോക്ടർ ശ്രീദേവി എംബിബിഎസ് എന്ന ബോർഡ് കാണുമ്പോൾ ഹരിദാസിന്റെ മുഖത്ത് ചരിതാർഥ്യത്തിന്റെ ഒരു ചിരി വിരിയുന്നുണ്ട്.
എം.ടി. എഴുതി ഹരിഹരൻ സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങിയ അമൃതം ഗമയ എന്ന ചിത്രം ഏറ്റവും പ്രിയമുള്ള സിനിമകളിലൊന്നാണ്. എം.ടി. എഴുതിയ ഒരു ചെറുകഥ വായിക്കുന്നത് പോലെ അത്ര ഹൃദ്യമായിരുന്നു അഭ്രപാളിയിലെ ആ കാഴ്ച്ച. ഓരോ തവണ കാണുമ്പോഴും ഇഷ്‌ടം കൂടുന്നൊരു സിനിമ. സേതുവിനെയും അപ്പുണ്ണിയെയുമൊക്കെ സൃഷ്ടിച്ച തൂലിക കൊണ്ട് ഡോക്ടർ ഹരിദാസ് എന്ന കഥാപാത്രത്തിന്റെ ജീവിതം എം.ടി. വരച്ചിട്ടപ്പോൾ എവിടെയൊക്കെയോ സേതുവിന്റെയും അപ്പുണ്ണിയുടെയുമൊക്കെ നിഴൽ ഹരിദാസിലും കണ്ടു. തെറ്റ്, കുറ്റം, പ്രായശ്ചിത്തം എന്ന രീതിയിലാണ് എം.ടി. കഥ അവതരിപ്പിച്ചത്.
എം.ബി.ബി.എസ്സിന് പഠിക്കുന്ന ഹരിദാസിന്റെ റാഗിങ്ങിന് ഇരയായി കൊല്ലപ്പെടുന്ന ഉണ്ണിയുടെ ഗ്രാമത്തിലേക്ക് ഡോക്ടർ ആയി നിയമനം കിട്ടി വരുന്ന ഹരിദാസ് അവിടെ വച്ച് ഉണ്ണിയുടെ കുടുംബത്തെ കണ്ടുമുട്ടുന്നു. ഉണ്ണിയുടെ അമ്മയെ ചികിത്സിക്കാൻ ആ വീട്ടിലേക്ക് ചെന്നപ്പോഴാണ് അച്ഛനായ ഇളയത് പഠിച്ചു ഡോക്ടറാകുവാൻ ആഗ്രഹിച്ച അനിയത്തിയെ ഒരു ഡോക്ടറെക്കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന് സ്വപ്നം കണ്ടിരുന്ന ജന്മനാ ഹൃദയത്തിന് തകരാറുണ്ടായിരുന്ന ഒടുവിൽ ദുർമരണത്തിന് ഇരയാകേണ്ടി വന്ന മകനെക്കുറിച്ച് ഹരിദാസിനോട് പറയുന്നത്.
അപ്പോഴാണ് താൻ കാരണം മരിക്കുന്ന ഉണ്ണികൃഷ്ണനാണ് ഇളയതിന്റെ മകനെന്ന സത്യം ഹരിദാസ് മനസ്സിലാക്കുന്നത്. ആ തിരിച്ചറിവ് അയാളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നു. കുറ്റബോധം കൊണ്ട് നീറുന്ന ഹരിദാസ് നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്ന ഉണ്ണിയുടെ കുടുംബത്തെ സഹായിക്കുന്നു. ശ്രീദേവിയെ പഠിപ്പിച്ചു ഡോക്ടറാക്കുവാൻ അയാൾ തീരുമാനിക്കുന്നു. അതിന് വേണ്ടി അയാൾ ഉപേക്ഷിക്കുന്നത് സ്നേഹിച്ച പെണ്ണിനെയടക്കം അയാൾക്കുള്ളതെല്ലാമാണ്.
അറിഞ്ഞുകൊണ്ടല്ലെങ്കിലും ഉണ്ണിയുടെ മരണത്തിന് കാരണക്കാരൻ താനാണെന്ന് ഇളയതിനോടും കുടുംബത്തിനോടും അയാൾ തുറന്നു പറയുന്നു. ഒടുവിൽ "ഒരു ജീവന് പകരം മറ്റൊരു ജീവൻ തന്നാൽ" എന്ന് പറഞ്ഞ് ആത്മഹത്യക്ക് ശ്രമിക്കുന്ന ഹരിദാസിനെ ശ്രീദേവി തടയുന്നു. അവളെ പഠിപ്പിച്ചു ഡോക്ടറാക്കി തന്റെ പ്രായശ്ചിത്തം അയാൾ പൂർത്തിയാക്കുന്നു.
അമൃതം ഗമയ ഹരിദാസിന്റെ കഥയാണ്. കുറ്റബോധത്തിലും ആത്മസംഘർഷത്തിലും പെട്ട് ഉഴറുന്ന ഹരിദാസ് എന്ന കഥാപാത്രസൃഷ്ടി എം.ടിക്ക് മാത്രം കഴിയുന്നതാണ്. ആ കഥാപാത്രത്തിന്റെ ഉള്ളാഴങ്ങൾ തൊട്ടറിഞ്ഞുകൊണ്ട് മോഹൻലാൽ എന്ന നടൻ പകർന്നാടിയപ്പോൾ ഹരിദാസിന്റെ മനോവികാരങ്ങൾ കാണുന്നവർക്ക് കൂടി അനുഭവവേദ്യമായി. മലയാളം കണ്ട ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഡോക്ടർ ഹരിദാസ് എന്ന് നിസ്സംശയം പറയാം.
Content Summary: Malayalam Article Written by Rajeev Kalarikkal