ADVERTISEMENT

പൂരങ്ങളും ആഘോഷങ്ങളും ഇല്ലാത്ത ഒരു നാടിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു നാട് കേരളത്തിൽ ഉണ്ടാകുമോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ നിങ്ങൾക്ക് കേരളത്തിലെ എല്ലാ ഗ്രാമങ്ങളെയും പറ്റി അറിവില്ല എന്ന് നിസംശയം പറയേണ്ടിവരും. പറയെടുപ്പ്, ആനച്ചമയം മുതലായ വാക്കുകൾ അത്ഭുതത്തോടു കൂടി കേൾക്കുകയും ആനയെ കേവലം കാട്ടുമൃഗമായി മാത്രം നോക്കിക്കാണുകയും ചെയ്യുന്ന നാടും നാട്ടുകാരും ഈ കേരളത്തിൽ ഉണ്ട്. വെള്ളാനിമലയുടെ താഴ്‌വരയിലുള്ള കള്ളക്കുന്ന് ഗ്രാമം ഇതിന് ഒരു ഉദാഹരണമാണ്.

പൊയ്ക്കുതിരകളെയും കാളകളെയും എഴുന്നള്ളിച്ച് ആദിവാസി കോളനികളിൽ നിന്നും പണ്ടെപ്പോഴോ വേല വന്നിരുന്നതാണ് ഇവിടെ ഉണ്ടായിരുന്ന ഏക ആഘോഷം. അതിലാകട്ടെ സംസ്കാര സമ്പന്നർ എന്ന് സ്വയം ഊറ്റം കൊണ്ടിരുന്ന മറ്റു വിഭാഗക്കാർ പങ്കെടുത്തുമില്ല. റിസർവോയറിന്റെ അരികുപറ്റി തേക്കിൻ കാട്ടിലൂടെ വലിയ ഒച്ചയിൽ വേലയുടെ എഴുന്നള്ളിപ്പ് വരുമ്പോൾ വിമർശകർ ഒക്കെ വേലിതലയ്ക്കലും കയ്യാലപ്പുറത്തും ഇരുന്ന് അത് കാണുകയും ചെയ്യുമായിരുന്നു. പിന്നീടെപ്പോഴോ അതും നിന്നു. ഒരു വേലയ്ക്ക് ഇടയിൽ ഉണ്ടായ തർക്കവും കത്തിക്കുത്തും തന്നെ കാരണം.

ശേഖണ്ഡൻ, പീരു എന്നിങ്ങനെ പേരായ രണ്ട് തസ്കരൻമാർ പാവങ്ങളായ വഴിയാത്രക്കാരെയും വാഹനങ്ങളെയും കവർച്ച ചെയ്ത് കൊലപ്പെടുത്തി, കാടിനുള്ളിലേക്ക് കയറി ഒളിച്ചിരുന്ന ഭീതിതമായ ഒരു ചരിത്രം ഈ നാടിനുണ്ട്. കണ്ണിൽ ചോരയില്ലാത്ത ആ കാപാലികന്മാരുടെ പേരിലാണ് ആ ഗ്രാമവും ആ മലയും പിൽക്കാലത്ത് അറിയപ്പെട്ടത്. കായംകുളത്ത് ഉണ്ടായിരുന്ന കൊച്ചുണ്ണിയെപ്പോലെ വിശാലമനസ്ക്കർ അല്ലായിരുന്നു ശേഖണ്ഡനും പീരുവും എന്നതിനാൽ കള്ളക്കുന്നും പരിസരവും പരിഷ്കൃതർക്ക് നേരമ്പോക്ക് പറഞ്ഞു ചിരിക്കാനുള്ള ഇടമാണ് ഇന്നും. 

കള്ളക്കുന്നു മലയുടെ നെഞ്ചുകീറിയാണ് വളഞ്ഞുപുളഞ്ഞ പെരുമ്പാമ്പിനെ പോലെ ദേശീയപാത എത്തിയത്. തമിഴ്നാട്ടിൽനിന്നും ചരക്കുകൾ കേരളത്തിലേക്ക് എത്തിക്കാനുള്ള പ്രധാനപാതയായി പിന്നീടിത് മാറുകയും ചെയ്തു. ആറുപതിറ്റാണ്ട് മുമ്പത്തെ കഥയാണിത്. ടാങ്കർ ലോറികളിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ ധാരാളമായി കൊണ്ടുപോയി കൊണ്ടിരുന്ന ഒരു കാലം. ഒരിക്കൽ ഒരു കർക്കടക മാസത്തിന്റെ മധ്യത്തിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി നടുറോഡിൽ മറിഞ്ഞു. ഓടിയടുത്ത നാട്ടുകാർ ദ്രുതഗതിയിൽ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെയും ക്ലീനറേയും ആശുപത്രിയിലെത്തിക്കാൻ അഹോരാത്രം പണിയെടുത്തു. കട്ടപ്പാര കൊണ്ട് ചില്ല് തല്ലിപ്പൊട്ടിച്ചും മുഷ്ടി കൊണ്ട് ഇടിച്ചു പൊട്ടിച്ചും രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽപ്പെട്ടവരെ തൊട്ടടുത്ത പേട്ടയിലെ ജീപ്പിൽ കയറ്റി വിട്ടപ്പോഴാണ് അവിടെ കൂടിനിന്നിരുന്ന ഏതോ ഒരു വിരുതൻ ടാങ്കറിൽ പെട്രോൾ ആണെന്ന് പറഞ്ഞത്. അൽപംപോലും കേടുപാടു പറ്റിയിട്ടില്ലാത്ത ടാങ്കറിന്റെ വാൽവ് തല്ലി പൊട്ടിച്ചാൽ കുപ്പിക്കണക്കിന് പെട്രോൾ ശേഖരിക്കാം എന്ന് ബുദ്ധി ഉപദേശിക്കുകയും ചെയ്തു. ആൾക്കൂട്ടത്തിൽ മുഴങ്ങുന്ന ഏതൊരു ചെറിയ കള്ളവും വേദവാക്യമായി പ്രതിഫലിക്കും എന്നാണല്ലോ മനഃശാസ്ത്രം. അൽപനേരം മുൻപ് പിടയുന്ന രണ്ടു ജീവനുകളെ ആശുപത്രിയിലാക്കാൻ പണിയെടുത്ത അതേ നാട്ടുകാർ ടാങ്കറിന്റെ വാൽവ് തല്ലിപ്പൊട്ടിച്ചു. കാറോ ജീപ്പോ പോയിട്ട് സ്വന്തമായി സൈക്കിൾ പോലും ഇല്ലാത്ത നാട്ടുകാർ വരെ ആ യജ്ഞത്തിൽ പങ്കെടുത്തു. 

വിവാഹം കഴിഞ്ഞ് മൂന്ന് മഴക്കാലത്തിനു ശേഷവും കുഞ്ഞിക്കാല് കാണാനാകാതെ വ്യസനിച്ചിരുന്ന പുളിങ്കുന്നേലെ സീന രാവിലത്തെ കഞ്ഞിയും പയറും തലേന്നത്തെ കപ്പയും ഉൾപ്പെടെ ഛർദിക്കുന്ന ശബ്ദം കേട്ടാണ് അമ്മായിയമ്മ ത്രേസ്യ ഓടി വന്നത്. മരുമോളുടെ ഛർദി കണ്ട് സന്തോഷാധിക്യത്താൽ ഗീവർഗീസ് പുണ്യാളന്റെ കപ്പേളയിൽ പത്തുരൂപ നേർച്ച നേരുകയും ചെയ്തു. പറച്ചിൽ പൂർത്തിയാക്കുന്നതിനു മുമ്പ് ത്രേസ്യയും ഛർദിച്ചു. പിന്നീട് വന്ന രൂക്ഷമായ ഗന്ധത്തിൽ നാട്ടിലെ കന്യകമാരും യുവതികളും എന്തിന് പേറ് നിർത്തിയവരും കൂടി ഛർദിച്ചു. പിന്നീട് അതികായൻമാരായ നാട്ടിലെ സകലമാന പുരുഷന്മാരും ഛർദിച്ചു. അപ്പോഴാണ് വ്യസനസമേതം ഒരു കാര്യം തിരിച്ചറിഞ്ഞത്. ടാങ്കർ ലോറിയിൽ ഉണ്ടായിരുന്നത് പെട്രോൾ ആയിരുന്നില്ല ഫിനോൾ ആയിരുന്നു. കർക്കടക മഴയിൽ കലങ്ങിയ ഫിനോൾ കിണറ്റിലും കുളത്തിലും പാടത്തും പറമ്പത്തും ചാലിലും എല്ലാം പരന്നൊഴുകി. കൊട്ടക്കണക്കിന് തുപ്പലംകൊത്തിമീനുകളും കല്ലൊട്ടികളും ഞണ്ടുകളും നീർക്കോലികളും വെള്ളത്തിൽ ചത്തുപൊന്തി. ചാവാത്ത കുറച്ചെണ്ണം ഉച്ചവെയിലിൽ സൂര്യനെ നോക്കി പുളച്ചു. ഫിനോൾ കലർന്ന വെള്ളത്തിൽ കുളിച്ചവരുടേയും അറിയാതെ തൊട്ടവരുടെയും എല്ലാം ശരീരത്തിൽ തിണർത്തു പൊന്തി. തുടർന്ന് പ്രദേശത്ത് രണ്ടുദിവസം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക വരെയുണ്ടായി.

അലഞ്ഞുതിരിയാൻ മാത്രമായി കിഴക്കോട്ട് യാത്ര പോയപ്പോൾ പലപ്പോഴായി പലരിൽ നിന്നും കേട്ടതാണ് ഈ ചരിത്രം. തനിയാവർത്തനങ്ങളായ ദിവസങ്ങൾ ശ്വാസം മുട്ടിക്കുമ്പോൾ എൻട്രൻസ് കോച്ചിങ് സെന്ററിലെ ക്ലാസിൽ നിന്നും അര ദിവസത്തെ അവധി എടുത്ത് സതീഷ് മാസ്റ്ററാണ് ഇത്തരം യാത്രകൾക്ക്  മുൻകൈ എടുക്കുക. വരുന്ന വഴിയിൽ ആ യാത്രയിൽ സിജു മാഷും റിജീഷ് ചേട്ടനും പിന്നെ ഞാനും ചേരും. അത്തരം യാത്രകളിലെല്ലാം വീതിയേറിയ ടാറിട്ട റോഡ് എവിടെ കണ്ടാലും ദേശീയപാത ഉപേക്ഷിച്ച് ആ റോഡിലേക്ക് യാത്ര തിരിക്കും. കേരള രാഷ്ട്രീയത്തിൽ കാര്യമായ അവഗാഹമുള്ള സിജു മാഷിന് ചെല്ലുന്ന സ്ഥലങ്ങളുടെ പേരും ഭൂമിശാസ്ത്രവും വളരെ സുപരിചിതമാണ്. മതിലുകളിലും മറ്റും ഒട്ടിച്ചുവെച്ച രാഷ്ട്രീയ പരസ്യങ്ങളും രാഷ്ട്രീയക്കാരുടെ പേരുകളും നോക്കി അത് ഏത് നിയമസഭാമണ്ഡലം ആണെന്നും അവിടുത്തെ പ്രതിനിധി ആരാണെന്നും കൃത്യമായി പറയുമായിരുന്നു. ദീർഘദൂര യാത്രകളിൽ ഒരിക്കലും താൽപര്യമില്ലാത്ത ഞാൻ അവരോടൊപ്പം പോകുന്നതിന് ഒരു ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആയ റിജീഷ് ചേട്ടനെ കൊണ്ട് ചെല്ലുന്ന സ്ഥലത്ത് വെച്ച് വ്യത്യസ്തങ്ങളായ എന്റെ പടങ്ങൾ എടുക്കാൻ. യാത്രകളെ കാര്യമായി ഇഷ്ടപ്പെടാത്ത റിജീഷ് ചേട്ടൻ വരുന്നത് നാടൻ പലഹാരങ്ങളും ചായയും കഴിക്കാൻ വേണ്ടി മാത്രം. ഒരു കാറിൽ ഒരു യാത്രയിൽ നാല് ധ്രുവങ്ങളിൽ നാലുപേർ.

ജനിച്ച നാട്ടിൽ നിന്നും കഷ്ടി 32 കിലോമീറ്റർ മാത്രമേ ദൂരം ഉള്ളൂവെങ്കിലും വള്ളിത്തോട് എന്ന നാട് ആദ്യമായി കാണുന്നത് ഇത്തരമൊരു അലഞ്ഞു തിരിച്ചലിലാണ്. ഭൂമിശാസ്ത്രപ്രകാരം അത് പശ്ചിമഘട്ടമലനിരകളുടെ താഴ്‌വരയായി വരുമെന്ന് സിജു മാഷ് അഭിപ്രായപ്പെട്ടു. നട്ടുച്ചയ്ക്കും ചെറിയ മൂടൽമഞ്ഞ് പൊതിഞ്ഞത് പോലെ അവ്യക്തമായി കാണുന്ന വലിയ മലകൾ, വിശാലമായ നെൽപ്പാടങ്ങൾ, അതിനു നടുക്ക് കള്ള് ഷാപ്പ്, പാടത്തിന് സമാന്തരമായി കാണുന്ന ഭാഗം വരണ്ട് ഉണങ്ങിയ ഭൂപ്രദേശം, വലിയ പാറക്കൂട്ടങ്ങൾ, നടുക്ക് ചെറിയ അമ്പലം എന്നിങ്ങനെ പല നാടുകളിൽ പല ഋതുക്കളിലായി കാണുന്ന സവിശേഷതകളെല്ലാം ഒരൊറ്റ ഭൂമികയിലേക്ക് പരിവർത്തനപ്പെട്ടു വന്നത് പോലുള്ള ഒരു കാഴ്ച. വെങ്കായ പക്കവട എന്ന് അവിടങ്ങളിൽ പറയുന്ന ഉള്ളിവടയുടെ ചെറിയ രൂപത്തിന്റെ സ്വാദാണ് ഓർമ്മകളിൽ ആദ്യം എത്തുക. പനമ്പ് കൊണ്ടു മറച്ച ചെറിയ ചായപ്പീടികയിൽ എരിവ് വല്ലാതെ കൂടുതലുള്ള മുളക് ചട്നിയിൽ മുക്കി അത് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിൽ ആദ്യമായി മണിയപ്പനെ കാണുന്നത്. ധരിച്ച ഷർട്ടിന്റെ അടിഭാഗത്തെ ഒരു കുടുക്ക് മാത്രം ഇട്ട് വയറു വരെ കാണുന്ന രീതിയിൽ തുറന്നിട്ട് മുറുക്കി കറപിടിച്ച പല്ലുകളും ചുവന്ന ചുണ്ടും നാവും വരെ കാണിച്ച് പച്ച ചിരി ചിരിച്ച്  നിൽക്കുന്ന ഒരു സാധാരണക്കാരൻ.

ഒറ്റ നോട്ടത്തിൽ തന്നെ 'ചെറിയ എന്തോ കുഴപ്പം' കാണുന്നവർക്ക് തോന്നും. എന്ത് ചോദിച്ചാലും നിർത്താതെയുള്ള ചിരിയാണ് മണിയപ്പന്റെ സവിശേഷത. ചായ കുടിക്കുന്നത് നോക്കി നിൽക്കുന്ന അസ്വസ്ഥത ഒഴിവാക്കാൻ ഞാനാണ് ചായ വേണോ എന്ന് ചോദിച്ചത്. ചോദ്യം സൗഹൃദത്തിലേക്ക് ഉള്ള ക്ഷണമായി എടുത്ത് ഞങ്ങളുടെ അടുത്ത് വന്നിരുന്നു. പതിഞ്ഞസ്വരത്തിൽ മുറിഞ്ഞ് മുറിഞ്ഞ് മാത്രം സംസാരിക്കുന്ന മണിയപ്പൻ ചിലപ്പോൾ വർത്താനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അഗാധമായ മൗനത്തിലേക്ക് വീണു പോകും. പൊടുന്നനെ തിരിച്ചുവന്ന് ചിരി തുടങ്ങുകയും വർത്താനം തുടരുകയും ചെയ്യും. ഈ മണിയപ്പൻ ആണ് ദേശത്തിന്റെ ചരിത്രം എന്നുപറഞ്ഞ് വിശാലമായ കഥകൾ പറഞ്ഞ് തന്നത്. "ഓനൊരു കഥയില്ലാത്തവനാണ്" എന്നാണ് ചായക്കടക്കാരൻ ചേട്ടന്റെ അഭിപ്രായം. കഥയില്ലാത്തവന്റെ പക്കലുള്ള കഥകളുടെ എണ്ണം കണ്ട് ഓരോ വട്ടവും ഞാൻ അത്ഭുതപ്പെടും. മണിയപ്പൻ രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ എപ്പോഴും സ്വപ്നം കാണുമത്രേ. അപ്പോഴെല്ലാം സംസാരിക്കുകയും ചെയ്യും. 15 വയസ്സു വരെ മിടുക്കനായ ഒരു കുട്ടിയായിരുന്നു മണിയപ്പൻ എന്ന് ചായക്കടക്കാരൻ ചേട്ടൻ പറഞ്ഞു. രണ്ടാം ക്ലാസ് വരെ മാത്രം പഠിക്കാൻ പോയ മണിയപ്പൻ പഠനത്തിൽ പരാജയമായിരുന്നെങ്കിലും കാലിവളർത്തലിൽ ചെറുപ്രായത്തിൽ അത്ഭുതം കാണിക്കുന്നവൻ ആയിരുന്നു. നാല് തള്ള പശുവിനെയും രണ്ട് കിടാവിനെയും കൊണ്ട് രാവിലത്തെ ഊണ് കഴിഞ്ഞ് കാട്ടിലേക്ക് പോയാൽ വൈകുന്നേരം 3 മണിക്ക് പാൽ കറക്കാൻ നേരം ആകുമ്പോൾ മാത്രമേ തിരിച്ചു വരൂ. ഉച്ചയൂണ് അതിനുശേഷമാണ്. കാടിന്റെ നെറുകയിൽ മേടമാസത്തിൽ മാത്രം വറ്റുന്ന ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ട്. ഏറ്റവും മുകൾ തട്ടിൽ മൂന്നാം ചാൽ താഴെ രണ്ടാം ചാൽ അതിനുതാഴെ ഒന്നാം ചാൽ എന്ന ക്രമത്തിൽ മലമടക്കുകളിലൂടെയാണ് അത് ഒഴുകി വരുക. മണിയപ്പനും കന്നുകാലികൾക്കും ദാഹം മാറ്റാൻ ഉള്ള വെള്ളം ഇതിൽനിന്നാണ്. 

ഒരിക്കൽ ഒരു മേടമാസത്തിൽ ചങ്കരാന്തി ദിവസം ഇടതുകൈയിൽ മൈലാഞ്ചി തേക്കില കൊണ്ടു പൊതിഞ്ഞു കെട്ടി പശുവിനെയും കൊണ്ട് കാട്ടിലേക്ക് പോയ അന്നാണ് മണിയപ്പന്റെ തലവര മാറുന്നത്. പതിവിലും ഏറെ വൈകിയാണ് അന്ന് കാലികളെയും കൊണ്ട് തിരിച്ചെത്തിയത്. അതിന് അപ്പൻ വേലുവിന്റെ കൈയ്യിൽ നിന്നും കണക്കിന് ചീത്തയും തെറിയും കേട്ടു. "കൊണം പിടിക്കാത്ത നായ" എന്ന് അന്ന് പ്രാകിയത് പിന്നീട് സത്യമായത് ഓർത്ത് ഏറെ ദണ്ണപ്പെട്ടാണ് വേലു ചത്തു പോയത്. അന്ന് വൈകുന്നേരം കുളിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തില്ല മണിയപ്പൻ. രാത്രി ഉറങ്ങിയതും ഇല്ല. കുടിച്ച കള്ള് വയറ്റിൽ കിടന്ന് തിളക്കുമ്പോൾ, പാതിരാത്രിക്ക് ശേഷം എന്നും മുള്ളാൻ എണീക്കുന്ന വേലു അന്ന് എണീറ്റപ്പോൾ കണ്ടത് തെക്കുഭാഗത്തെ തെങ്ങിൽ ചാരി നിന്ന് ദൂരെ മൂന്നാം ചാലിലേക്ക് പാതിയടഞ്ഞ കണ്ണുകളോടെ നോക്കി നിൽക്കുന്ന മകനെയാണ്. ആദ്യ കാഴ്ചയിൽ ഒന്ന് പേടിച്ചെങ്കിലും അത് മണിയപ്പൻ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവനെ വിളിച്ചു. "മോനേ നീ എന്താണ് നട്ടപ്പാതിരയ്ക്ക് കാട്ടണത് ഇവിടെ" 'അപ്പാ എന്നെ വിളിക്ക്ണൂ. എനക്ക് പോകണ്ട' എന്നുപറഞ്ഞ് മല മുകളിലേക്ക് വിരൽ ചൂണ്ടിയ മണിയപ്പൻ വെട്ടിയിട്ട വാഴ പോലെയാണ് അപ്പന്റെ കാലിൻ ചുവട്ടിലേക്ക് കുഴഞ്ഞ് വീണത്. പിന്നീടുള്ള ഒന്നര പതിറ്റാണ്ട് കൃത്യമായി പറഞ്ഞാൽ തെങ്ങിൽ നിന്നും വീണ് നടു തളർന്ന് മരിക്കാനായി കിടന്ന മൂന്നു ദിവസം വരെ മരുന്നും മന്ത്രവുമായി വേലു മണിയപ്പനെ കൊണ്ടു പോകാത്ത ഇടങ്ങളില്ല. "ചോരയും നീരും ഉള്ള ചെക്കനാണ് കെട്ട സമയത്ത് കാട്ടിൽ പോയി കിടന്നുറങ്ങിയപ്പോൾ എന്തോ കൂടിയതാണ്" ഊതിച്ചു മേടിച്ച കറുത്ത ചരട് അരയിലും കൈയ്യിലും കെട്ടിക്കൊടുക്കുമ്പോൾ കണിയാൻ പറഞ്ഞത് അതേപടി വേലു ഭാര്യ വെള്ളയോട് പറഞ്ഞു. നിശബ്ദമായ, അല്ലെങ്കിൽ ഒരു നേർത്ത ഞരക്കത്തെ മാത്രം ഓർമ്മിപ്പിക്കുന്ന ശബ്ദത്തിൽ വെള്ള കരഞ്ഞു.

മണിയപ്പന്റെ കഥകൾ കേട്ടപ്പോൾ ആദ്യം തോന്നിയ അസ്വസ്ഥത പൂർണമായും സൗഹൃദത്തിലേക്ക്  വഴിമാറി. എന്നാൽ അതിനും ഏറെ മുൻപ് തന്നെ മണിയപ്പൻ മാനസികമായി ഞങ്ങളോട് അടുത്തിരുന്നു. മുണ്ടിന്റെ കോന്തലയിൽ കെട്ടി വെച്ചിട്ടുള്ള മുറുക്കാൻ പൊതിയിൽ നിന്ന് പുകയില ഞങ്ങൾക്ക് നാലുപേർക്കും പലകുറി നീട്ടിയതാണ്. മുറുക്കാൻ പൊതി എന്ന് അതിനെ പറയാൻ പറ്റില്ല. അത് ശരിക്കും പുകയിലപ്പൊതിയാണ്. അതിൽ വെറ്റിലയും അടക്കയും ചുണ്ണാമ്പും ഇല്ല. ഉള്ളത് മൂന്നായി മടക്കിയ പുകയില മാത്രം. പിന്നീട് അവിടേക്ക് യാത്ര പോകുമ്പോൾ ഒക്കെ മണിയപ്പനെ കാണും. കണ്ടില്ലെങ്കിൽ ഏതെങ്കിലും കുട്ടികളെ പറഞ്ഞ് വിളിച്ചുവരുത്തി മണിയപ്പന്റെ കഥകൾ കേട്ടതിന് ശേഷമേ തിരിച്ചു പോരാറൂള്ളൂ. അവസാനമായി മണിയപ്പനെ കണ്ട ദിവസം പിരിയുമ്പോൾ  ഒരു രഹസ്യം പറയാനുണ്ടെന്ന് മണിയപ്പൻ പറഞ്ഞു. കാറിന്റെ അരികിലേക്ക് ഞങ്ങളോടൊപ്പം നടന്നു വന്ന മണിയപ്പൻ ദൂരേക്ക് കൈചൂണ്ടി പറഞ്ഞു "ഓള് ഇപ്പളും എന്നെ വിളിക്കണണ്ട്" "ആര്?" എന്ന്  ഞങ്ങൾ നാലുപേരും ചോദിച്ചത് ഏതാണ്ട് ഒരേ സമയത്തായിരുന്നു. ഓള്! എന്നു മാത്രമായിരുന്നു മറുപടി. ഞങ്ങളുടെ കൂട്ടത്തിൽ മണിയപ്പന് ഏറെ ഇഷ്ടം റിജീഷ് ചേട്ടനോട് ആണ്. വർത്താനം പറയുമ്പോൾ ചേർത്തുപിടിച്ച് മണിയപ്പനോട് സംസാരിക്കുന്ന ലോകത്തിലെ ഏക ആൾ റിജീഷ് ചേട്ടനാണ്. ആധാർ എടുക്കാൻ പോലും ഫോട്ടോ എടുത്തിട്ടില്ലാത്ത മണിയപ്പന്റെ നൂറോളം ഫോട്ടോകൾ എടുത്തിട്ടുള്ള വ്യക്തിയും ആളാണ്. 

അതുകൊണ്ടാവാം കൂട്ടത്തിൽ നിന്നും റിജീഷ് ചേട്ടനെ മാത്രം മാത്രം മാറ്റി നിർത്തി പോകാൻ നേരം മണിയപ്പൻ പറഞ്ഞു. 'ഓള് എല്ലാരെയും കൊല്ലും. അപ്പനെ തെങ്ങിൽ നിന്നും വലിച്ചിട്ടതാണ്. അമ്മന്റെ ഒരു ഭാഗം തളർത്തിയിട്ടതും ഓളാണ്. നിങ്ങളോട് മിണ്ടിയാൽ എന്നെയും കൊല്ലുമെന്ന് ഓള് എപ്പോഴും ചെവിയിൽ പറയണ്" പിന്നെയും എന്തൊക്കെയോ പറഞ്ഞു. ആ നിമിഷം മണിയപ്പൻ കണ്ട ഏതോ സ്വപ്നത്തിന്റെ ശിഥില ചിത്രങ്ങൾ യാഥാർഥ്യമാണെന്ന് നിനച്ച് ആ പാവം ഞങ്ങളോട് പറയുന്നതാവും എന്ന് വിചാരിച്ചാണ് തിരിച്ചുവന്നത്. വണ്ടി സ്റ്റാർട്ട് ആക്കിയതിനുശേഷം തല പുറത്തേക്കിട്ട് അതിഗൂഢ രഹസ്യം പറയുന്നതുപോലെ റിജീഷേട്ടൻ മണിയപ്പനോട് പറഞ്ഞു "മണിയപ്പനെ തൊട്ടാൽ ഓളെയല്ല ഓളുടെ അപ്പനെ വരെ നമ്മൾ തട്ടും. എന്താ സംശയമുണ്ടോ?" അതുകേട്ട് മണിയപ്പൻ അന്നുവരെ ചിരിച്ചതിൽ വെച്ച് ഏറ്റവും തെളിച്ചമുള്ള ചിരി സമ്മാനിച്ചു.

2020-ൽ ലോക്ക് ഡൗണിൽ ഇളവ് കിട്ടിയപ്പോഴാണ് കിഴക്കോട്ട് വീണ്ടും പോയത്. നാലുമാസങ്ങൾക്ക് ശേഷമാണ് പോകുന്നത്. ഒന്നിനും ഒരു മാറ്റമില്ലാതെ അവിടെ ഉണ്ടായിരുന്നു. മണിയപ്പൻ ഒഴികെ. ചായക്കടക്കാരൻ ചേട്ടനാണ് പറഞ്ഞത് അന്ന് ഞങ്ങൾ കണ്ടു പിരിഞ്ഞതിന് ശേഷം മണിയപ്പൻ പെട്ടെന്ന് അപ്രത്യക്ഷനായി. വിശേഷിച്ച് ആരും തിരക്കാൻ ഇല്ലാത്തതുകൊണ്ട് ആവും അവന്റെ അസാന്നിധ്യം എവിടെയും ചർച്ച ചെയ്യപ്പെട്ടില്ല. നാലു ദിവസത്തിനു ശേഷം കാട്ടിൽ വിറക് എടുക്കാൻ പോയ പെണ്ണുങ്ങളാണ് നിർമരുതിന്റെ കൊമ്പിൽ ഉടുമുണ്ട് കെട്ടി തൂങ്ങിയാടുന്ന അഴുകിത്തുടങ്ങിയ മണിയപ്പനെ കണ്ടത്. ഒരു പത്രത്തിന്റെ പോലും ചരമക്കോളത്തിൽ ഒരു വാർത്ത ആവാനുള്ള അവകാശം പോലുമില്ലാതെയാണ് മണിയപ്പൻ പോയത്. മണിയപ്പൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ യഥാർഥമാണോ അയഥാർഥമാണോ എന്ന് ആർക്കുമറിയില്ല. മണിയപ്പനെ വട്ടൻ എന്ന് നാട്ടുകാരെല്ലാം വിളിക്കുമെങ്കിലും ജീവിതകാലയളവിൽ ഒരിക്കൽപോലും നാട്ടുകാർക്ക് മണിയപ്പൻ ഒരു ശല്യം ആയിരുന്നില്ല. ഞങ്ങളെ ഏറെ വിഷമിപ്പിച്ച കാര്യം മണിയപ്പനെ ഭീഷണിപ്പെടുത്തുന്ന അരൂപിയായ "ഓളെ" സത്യമായും ഞങ്ങൾ ശരിപ്പെടുത്തുമെന്ന് ആ പാവം വിശ്വസിച്ചു  എന്നതിലാണ്. ഒരുപക്ഷേ ജീവിതത്തിൽ ആദ്യമായും അവസാനമായും കിട്ടിയ ഒരു വാഗ്ദാനം. ചായക്കടക്കാരൻ ചേട്ടൻ പറഞ്ഞത് ശരിയാണെങ്കിൽ ആ വാഗ്ദാനത്തിന് ശേഷം എട്ടു മണിക്കൂർ മാത്രമേ മണിയപ്പൻ ഭൂമിയിൽ ഉണ്ടായിരുന്നുള്ളൂ. മടങ്ങിവരുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. നല്ല വേനൽ മഴ. കാറിൽ എ.സി. ഓൺ ആക്കിയിട്ടു പോലും വല്ലാത്ത പുഴുക്കം അനുഭവപ്പെട്ടു. കലപില ശബ്ദം കൊണ്ട് എല്ലായ്പ്പോഴും മുഖരിതമായിരുന്ന ഞങ്ങളുടെ വലയത്തിനുള്ളിൽ ആ യാത്രയിൽ ജീവിതത്തിൽ ആദ്യമായി മൗനം അപഥ സഞ്ചാരം നടത്തി. 

Content Summary: Malayalam Short Story ' Kizhakkottu Pokumbol ' Written by K. R. Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com