ശുഭയാത്ര – നൈന മണ്ണഞ്ചേരി എഴുതിയ കവിത
Mail This Article
ഇനി യാത്ര ഇവിടെയീ പിരിയുന്ന
വഴികളിലൊന്നിലൂടിന്നു നീ പോകുക
ഇടറുന്ന കാലടികൾ ഈ വീണ പൂക്കളിൽ
പതിയെ ചവുട്ടി നടന്നു നീ പോകുക
സ്വപ്നങ്ങൾ കൊണ്ടു നാം തീർത്തന്നൊരായിരം
വർണ്ണങ്ങൾ വിരിയുന്ന പൂക്കളങ്ങൾ
സ്നേഹപൂർണ്ണങ്ങളായന്നു കൈമാറിയ
പൊള്ളയായ് തീർന്ന തേനൂറുന്ന വാക്കുകൾ
"ഒന്നാകാതില്ലിനി ജീവിതം ഭൂമിയിൽ
ഒന്നിച്ചു വേണം മരിക്കുവാനല്ലെങ്കിൽ.."
എന്തൊക്കെ നമ്മൾ കുറിച്ചിട്ടു വരികളിൽ
എന്തിനായിനിയതെല്ലാം നമ്മളോർക്കണം
പ്രണയ സൗധങ്ങൾ തകർന്നു വീഴും വേള
വിരഹമാം നൊമ്പരം വീണ മീട്ടും വേള
വിൺവാക്കുകൾക്കായി യാത്രാമൊഴിക്കായി
വിരസമാം മാത്രകൾ നാം വൃഥാ വീഥിയിൽ
ഒടുവിലായ് നാമിനി ശുഭയാത്ര നേരുക
ഒരു ഗദ്ഗദമായി നമ്മൾ പിരിയുക
മധുരമാമോർമ്മകൾ മനസ്സിൽ നിറയ്ക്കുക
മരണം വരേക്കും മറക്കാതിരിക്കുക..
Content Summary: Malayalam Poem ' Subhayathra ' Written by Naina Mannanchery