കട്ടൻ ചായ – സിമി ആന്റണി എഴുതിയ കഥ

HIGHLIGHTS
  • കട്ടൻ ചായ (കഥ)
tea-shop
SHARE

നല്ല മഴയാണ്, അവധി ദിവസമായതിനാൽ ഇന്ന് അൽപ്പം നേരത്തെയാണ് ചായ കുടിക്കുന്നത്. മൂന്നുമണിയായതെ ഉള്ളു. മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഒന്നും ഇല്ല, അതിനാൽ മഴയോടൊരു പരാതിയും ഇല്ല. സാജൻ മഴയും നോക്കി ചാരുപടിയിൽ അങ്ങനെ ഇരിക്കുകയാണ്. അടുക്കളയിൽ നിന്നും ചായയുമായി വരുമ്പോൾ പാൽചായക്കു പകരം കട്ടനിട്ടതിന്റെ കാരണവും പറഞ്ഞാണ് ഞാൻ വരുന്നത്. പ്രതീക്ഷയ്ക്കു വിപരീതമായി “പെർഫെക്റ്റ്” എന്നാണ് സാജൻ പറഞ്ഞത്. “ദിവ്യേ നിനക്കോർമയുണ്ടോ നമ്മുടെ ആ പഴയ കുട്ടിച്ചേട്ടന്റെ കട്ടൻ കട. ക്ലാസ് കഴിഞ്ഞു എല്ലാവരും കൂടി കട്ടൻ കുടിക്കാൻ പോയത് ഒരു രസം തന്നെ ആയിരുന്നു. കട്ടൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് യൂണിവേഴ്സിറ്റിയിൽ പഠിക്കുമ്പോഴാണ്. മഴയുള്ള ദിവസം ബാക്കിയെല്ലാരും മടി പിടിച്ചു ഹോസ്റ്റലിൽ ഇരിക്കുന്ന ഒരു ദിവസം ആണ് നമ്മൾ ഈ ജീവിതത്തിലേക്കുള്ള തീരുമാനം എടുത്തത്. അതെ മണം ആണ് ഇപ്പോൾ.” എന്ന് പറഞ്ഞു കൊണ്ട് സാജൻ എന്നോട് ചേർന്നിരുന്നു. അവന്റെ മനസ്സ് ഇന്നും ആ പഴയ ഇരുപത്തിയൊന്നുകാരൻ തന്നെ. ലാൻഡ്‌ലൈൻ അടിക്കുന്നുണ്ട്, പ്രണയകാവ്യം മനസ്സില്ലാമനസോടെ മുറിച്ചു കൊണ്ട് സാജൻ അകത്തേക്ക് പോയി. 

കട്ടൻ ഊതി കുടിക്കുമ്പോൾ എന്റെ ചുറ്റും വന്നത് മരണത്തിന്റെ ചന്ദനത്തിരി മണം ആണ്. ഒരു ഇരുപതു ഇരുത്തിയഞ്ചു വർഷം മുൻപാണ് ഞാൻ കട്ടൻ ആദ്യമായി ആർത്തിയോടെ കുടിച്ചത്. അന്നത്തെ ദിവസം ഓർത്തിരിക്കാൻ ഒരു കാരണം ഉണ്ട്. “വല്യപ്പന്റെ അടുത്ത് പോകണം.” പള്ളിയിൽ നിൽക്കുന്ന എന്നോട് ചേച്ചി വന്നു പറഞ്ഞു. കലങ്ങിയ കണ്ണുകൾ പറഞ്ഞു അതിന്റെ ബാക്കി ഭാഗം. തിരക്കിട്ടു തറവാട്ടിലെത്തി, എല്ലാവരും ഉണ്ട്. കരച്ചിലും നിലവിളിയും നിറഞ്ഞ ആ വീട്ടിലെത്തിയപ്പോൾ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്ന വല്യപ്പന്റെ ഓർമ്മകൾ കണ്ണുനീരായി വീഴുന്നുണ്ടായിരുന്നു. വയ്യാതായി കിടപ്പിലായിരുന്നു എങ്കിലും ഇനി ഇല്ല എന്നത് ഒരു ദുഃഖയാഥാർഥ്യം ആണ്. പതിനേഴു വയസ്സ് മാത്രമുള്ള ഞാൻ ആദ്യമായി മരണത്തിന്റെ വേദനയറിഞ്ഞു. മരണം പലതും ചുറ്റിലും നടന്നിട്ടുണ്ടെങ്കിലും എന്റെ മനസ്സിൽ ഓർമ്മകൾ പാകിയ ഒരാളുടെ മരണം ആദ്യമായാണ്. കരയരുത് എന്ന് വിചാരിച്ചാലും അമ്മയും വല്യമ്മയും ചേച്ചിമാരും കരയുന്നതു കാണുമ്പോൾ പറ്റുന്നില്ല. മരണം അരിച്ചിറങ്ങിയ ശരീരം ശവമടക്കിന്റെ കർമങ്ങളും കാത്തു കിടക്കുന്നു. ഒരു അഞ്ചു മണിക്കൂർ കഴിഞ്ഞുകാണും നന്നായി വിശന്നു തുടങ്ങി. ചുറ്റിലും കരഞ്ഞു തളർന്ന മുഖങ്ങൾ, പിന്നെയുള്ളവരോട് വിശക്കുന്നു എന്ന് പറയാൻ വയ്യ. സമയം പോയ്കൊണ്ടേ ഇരുന്നു. മൂന്ന് മണിയായതു രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലാത്ത വയർ ആദ്യം അറിഞ്ഞു. അവിടെ വിശപ്പിന്റെ കൈയ്യിൽ പെടാത്തത് തണുത്തുറഞ്ഞു പെട്ടിയിൽ കിടക്കുന്ന വല്യപ്പൻ മാത്രം.

കർട്ടൻ കാറ്റിൽ പറക്കുന്നുണ്ട്. അതിനിടയിൽ കൂടി ഞാൻ വ്യക്തമായി കണ്ടു, ഒരു വല്യ ട്രേ നിറയെ കട്ടൻ ചായ നിറച്ചു ഗ്ലാസ്സുകൾ വച്ചിരിക്കുന്നത്. ഓടിപോയി ഒരു ഗ്ലാസ് എടുത്തു കുടിക്കാനാണ് തോന്നിയത്. പക്വത എത്തും മുൻപ് പക്വതയോടെ പെരുമാറാൻ ശ്രമിക്കുന്ന എന്റെ ഉള്ളിലെ എന്തോ ഒന്ന് എന്നെ തടഞ്ഞു. അങ്ങനെ കുറച്ചു നേരത്തിനു ശേഷം എനിക്കും കിട്ടി ഒരു ഗ്ലാസ് കട്ടൻ. രുചി കൊണ്ടാണോ വിശപ്പ് കൊണ്ടാണോ അതിനു വല്ലാത്ത അനുഭവം ആയിരുന്നു. വിശന്നിരുന്നു മുൻപും ഭക്ഷണം കഴിച്ചിട്ടുണ്ട്. അന്നൊക്കെ കാത്തിരുന്നത് വയറു നിറയ്ക്കുന്ന ഭക്ഷണം ആയിരുന്നു. ഈയൊരു കട്ടൻ ചായ തന്ന ആശ്വാസം അതിലും വലുതായിരുന്നു. ഒഴിഞ്ഞ ഗ്ലാസ് തിരികെ വയ്ക്കുമ്പോഴും അതിന്റെ ചൂട് മാറിയിരുന്നില്ല. വല്ല്യപ്പനെ കുറിച്ച് എന്റെ മനസ്സിൽ സ്നേഹത്തിൽ പൊതിഞ്ഞ ഓർമ്മകൾ മാത്രമേ ഉള്ളു. പപ്പയുടെ ചേട്ടനെ ആണ് വല്യപ്പൻ എന്ന് ഞങ്ങൾ വിളിച്ചിരുന്നത്. എന്ന് കാണുമ്പോഴും മധുര പലഹാരങ്ങൾ നീട്ടിയിരുന്ന അവർക്കു ഞാൻ പുഞ്ചിരിച്ച മുഖമേ കണ്ടിട്ടുള്ളു. അവസാന നാളുകളിൽ പോലും തിരിച്ചു വരും എന്ന് പ്രതീക്ഷിച്ചിരുന്നു. ആ ശുഭാപ്തി വിശ്വാസത്തിനു തിരികെ കൊണ്ട് വരാൻ കഴിയാത്ത വിധം ആരോഗ്യം അത്രയേറെ നശിച്ചിരുന്നു. ഉറക്കെയുള്ള ചിരിയുടെയും മധുരപലഹാരങ്ങളുടെയും കൂടെ വല്യപ്പന്റെ അവസാന ഓർമ ആയി ഈ കട്ടൻ ചായയും കൂടി ഞാൻ ചേർത്ത് വച്ചു.

പിറ്റേന്ന് രാവിലെ എല്ലാവരും അവസാന യാത്രയാക്കാൻ ചുറ്റും കൂടി. എണ്ണിപ്പറക്കലുകൾക്കു ആക്കം കൂടി. സങ്കടം നിറഞ്ഞ പുഞ്ചിരി കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞു പോകുന്ന പ്രവാസിയെ പോലെ വല്യപ്പൻ പള്ളിയിൽ നിന്നും വന്ന വണ്ടിയിൽ യാത്ര തുടങ്ങി. എല്ലാം കഴിഞ്ഞു വീടെത്തിയപ്പോൾ വല്യപ്പനെ കിടത്തിയിരുന്ന സ്ഥലത്തു പുഞ്ചിരിച്ച മുഖമുള്ള ചിത്രമായി വല്ല്യപ്പൻ ഇരിപ്പുണ്ട്. പറഞ്ഞു തീരാത്ത സങ്കടങ്ങൾ ചിലർ ആ ഫോട്ടോക്ക് മുന്നിൽ നിന്നും തേങ്ങി കൊണ്ടുപറയുന്നുണ്ട്. ഊണ് മേശയിൽ നിറച്ച ചായ ഗ്ലാസ്സുകൾ ഇരിക്കുന്നുണ്ട്. എല്ലാവരും എടുക്കുന്ന കൂട്ടത്തിൽ ഞാനും എടുത്തു ഒരു ഗ്ലാസ് കട്ടൻ ചായ. കട്ടന്റെ ചവർപ്പും മധുരവും കലർന്ന രുചി എന്റെ നാവുകൾക്കു പ്രിയമായി തുടങ്ങിയിരുന്നു. മരണത്തിന്റെ അഞ്ചാം നാൾ കഴിഞ്ഞപ്പോൾ എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി. ഇന്നും കട്ടൻ കുടിക്കുമ്പോൾ ഈ ദിവസങ്ങൾ ആണ് ഓർമ വരിക.

ഓർമകളിൽ നിന്നും ഞാൻ തിരികെ വന്നപ്പോൾ ഫോൺ സംഭാഷണവും കഴിഞ്ഞു സാജനും തിരികെ വന്നിരുന്നു. “എടോ നമുക്കൊരു റൈഡ് പോയാലോ? മഴ അധികം ഒന്നും ഇല്ല. തന്റെ കൂടെ ചാറ്റൽ മഴയിൽ യാത്ര ചെയ്യാൻ എന്ത് രസമാടോ!” എപ്പോഴും പ്രണയം നിറഞ്ഞു നില്‍ക്കുന്ന സാജൻ ഇന്നും എനിക്കൊരു അത്ഭുതം ആണ്. എത്രയേറെ തിരക്കുകൾ ഉണ്ടായാലും തലയിൽ ഓടിയിരുന്ന വെള്ളി നാരുകളുടെ എണ്ണം കൂടിയാലും സാജന്റെ കണ്ണിലെ പ്രണയം തിളങ്ങി നിന്നിരുന്നു. ഡ്രസ്സ്  മാറി കാറിൽ ഗെയ്റ്റ് കടന്നപ്പോൾ എന്റെ ചുറ്റിലും ഉണ്ടായിരുന്ന മരണത്തിന്റെ ചന്ദനത്തിരികളുടെ ഗന്ധം മാറിയിരുന്നു. ഇപ്പോൾ കാറിൽ ആ ഇരുപത്തിയൊന്ന്  വയസ്സുള്ള കാമുകി കാമുകൻമാർ മാത്രം.

Content Summary: Malayalam Short Story ' Kattan Chaya ' Written by Simi Antony

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS