ADVERTISEMENT

മുരൻ, കുറച്ചു നാളായി നിറുത്താതെയുള്ള ഓട്ടമായിരുന്നല്ലോ. എല്ലാവിടെയും ഒന്നെത്തുക, എല്ലാ ചടങ്ങുകളിലും തന്റെ സാന്നിധ്യം ഉറപ്പാക്കുക, കൊടുക്കേണ്ടതെല്ലാം കഴിവിന് മുകളിൽ ചെയ്യുക, ജീവിതത്തിന്റെ ആനന്ദങ്ങൾ സന്തോഷങ്ങൾ മറ്റുള്ളവർക്ക് തന്റെ ജീവിതം നൽകിയാണല്ലോ എന്നും കുതിച്ചു പായുന്നത്. പിന്നെ ജോലിയിൽ ഒന്നും ബാക്കിവെക്കില്ലെന്ന വാശി, വൈകിയിരുന്നും എല്ലാ ജോലിയും തീർത്തു മാത്രം വീട്ടിൽ പോകുന്ന രീതി. ശരീരത്തിന്റെ തളർച്ച ചിലപ്പോൾ ഈ ഓട്ടത്തിനിടയിൽ നാം അറിയില്ല, എന്നാൽ ശരീരം പലപ്പോഴും ഓർമ്മിപ്പിക്കും, നാമത് കാര്യമായെടുക്കില്ല. ഒരിക്കലും വയസ്സ് കൂടില്ലെന്നും തന്റെ കർമ്മശേഷിക്ക് ഒരു കുറവും വരില്ലെന്നും നാം ഉറച്ചു വിശ്വസിക്കുന്നു.

മൂന്നുനാലുദിവസമായി പുറംവേദന കലശലായി, അത് കട്ടിലിന്റെ പ്രശ്‍നം ആകുമെന്ന് കരുതി. ഒരു ആശാരിയെ വിളിച്ചു കട്ടിലിന്റെ ഉയരം ശരിയാക്കാൻ നീ പറഞ്ഞിരുന്നതാണ്. നമ്മുടെ സ്വന്തം വീടല്ലല്ലോ, വീടിന്റെ  ഉടമയെ വിളിച്ചെങ്കിലും കിട്ടിയില്ല. എന്നാൽ ശരീരം തളർന്നു വീഴും എന്ന് മനസ്സിലാക്കിയപ്പോൾ വേഗം കാറുമെടുത്തു ആശുപത്രിയിലേക്ക്  പാഞ്ഞു. പനി തെർമോമീറ്ററിൽ 102 എന്ന് കാണിച്ചപ്പോൾ വിശ്വസിക്കാനായില്ല. പനിയുടെ ലാഞ്ചനയില്ലെങ്കിലും ശരീര വേദന കാരണം കാലത്തേ ഒരു പാരാസിറ്റാമോൾ വിഴുങ്ങിയതാണ്. അതിവേഗം ഡ്രിപ് ഇട്ടു, പാരാസിറ്റാമോൾ ഇഞ്ചക്ഷനും എടുത്തു. രക്തം പരിശോധനക്കായി എടുത്തു. വൈറൽ പനിയായിരിക്കാം. ഡ്രിപ്പിൽ നിന്ന് ദ്രാവകം പതുക്കെയാണ് ശരീരത്തിലേക്ക് കയറുന്നത്, രണ്ട് മണിക്കൂറിലധികം എടുത്തേക്കാം. രാത്രിയാകും. 

തനിച്ച് വണ്ടിയോടിച്ചു പോകാൻ ആകുമോ? ആരെ വിളിക്കും. ഇന്നാണെങ്കിൽ വെള്ളിയാഴ്ച, എല്ലാവരും അവധി ആഘോഷിക്കാനുള്ള തിരക്കിലാകും. ആരെയും ബുദ്ധിമുട്ടിക്കണ്ട, നോക്കട്ടെ, ഡ്രിപ് കയറിക്കഴിഞ്ഞാൽ ഒരു പക്ഷെ പതുക്കെ പോകാനാകും. വീട്ടിലേക്ക് പോകാൻ സാധാരണ വെള്ളിയാഴ്ച ടിക്കറ്റ് എടുക്കുന്നതാണ്. ഒരു തീവണ്ടിയിലും ടിക്കറ്റ്  ഇല്ല, നാളേക്ക് യാത്ര മാറ്റിയതാണ്. ഇനി അതും ക്യാൻസൽ ചെയ്യാം. ഒരുപാട് സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ടെങ്കിലും ഈ മഹാനഗരത്തിൽ താൻ ഒറ്റയ്ക്കാണ്. ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന മനോഭാവം ആകാം കാരണം. ആരിലേക്കും ഇടിച്ചു കയറി വെറുപ്പിക്കുന്ന രീതി തനിക്കില്ലല്ലോ. ജീവിതത്തിൽ എല്ലാവരും ഒറ്റയ്ക്കാണ്. ഏത് പ്രതിസന്ധിയും ഒറ്റയ്ക്ക് നേരിടാൻ പഠിക്കണം. പേടിയുണ്ടാകാം, പേടിയെ മറികടന്നാൽ പിന്നെ ജീവിതം വളരെ എളുപ്പമാണ്.

നീ ചെവിട്ടിൽ തന്നെയുണ്ടെന്നത് വളരെ വലിയ ആശ്വാസമാണ് മുരൻ. ഡ്രിപ് ഇട്ടു ഞാൻ തളർന്നുറങ്ങിയിരുന്നു. അരോചകമെങ്കിലും നീ എന്റെ കൂർക്കംവലി കേട്ടുകൊണ്ടേയിരുന്നു. ഒരാൾ കേൾക്കാനുണ്ടാവുക എന്നത് അനുഗ്രഹമാണ്. നിന്റെ തിരക്കുപിടിച്ച ജോലിക്കിടയിലും നീ എന്നെ കേട്ടുകൊണ്ടേയിരിക്കുന്നു. ഭക്ഷണം കഴിക്കാതെയാകുമ്പോൾ ശാസിക്കുന്നു. യാത്രകൾ കൂടുമ്പോൾ എന്റെ ആരോഗ്യത്തെക്കുറിച്ചു ഓർമ്മിപ്പിക്കുന്നു. "നീ തളർന്നു വീഴുമ്പോൾ നിനക്കാരും ഉണ്ടാകില്ല സ്റ്റെല്ല" എന്ന് ദൂരെയിരുന്നു പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ടിക്കറ്റ് എടുത്തു നിനക്ക് പാഞ്ഞു വരാൻ ആകില്ല എന്ന് എനിക്കറിയാം. രാജ്യത്ത് നിന്ന് പുറത്തു കടക്കാൻ പോലും നിനക്ക് അനുമതി പത്രം വേണമല്ലോ. നിന്നെ ചെവിയിലൂടെ കേട്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ തമ്മിലുള്ള നാലായിരം നാഴികയിലധികം ദൂരം ഇല്ലാതാകുന്നു. നിന്നെ കാണാം, തൊടാം, നിന്റെ സാന്ത്വന സ്പർശനങ്ങൾ ഞാൻ തിരിച്ചറിയുന്നുണ്ട്.

പുറത്തിറങ്ങുമ്പോൾ ഇരുട്ടായിരുന്നു. ആദ്യം കണ്ട ഹോട്ടലിൽ നിന്ന് ഒരു ചായയും പുട്ടും  കഴിച്ചു, ഉച്ചയ്ക്ക് നേരത്തെ ഭക്ഷണം കഴിച്ചതാണ്. വീട്ടിലെത്തിയതും തുളസിയിലയിട്ട് വെള്ളം തിളപ്പിച്ച്, ചെറുചൂടോടെ കുടിച്ചു. കട്ടിലിൽ തളർന്നു കിടക്കുമ്പോൾ ആ മുറിയിൽ ഒരു ഗന്ധം നിറയുന്നത് ഞാൻ അറിയുന്നു. പനിയുടെ ഗന്ധം. ശരീരത്തിൽ ചൂട് എനിക്ക് അറിയാൻ കഴിയുന്നില്ല. എങ്കിലും പാരാസിറ്റാമോൾ ഇൻജെക്‌ഷനും ചൂട് തുളസി വെള്ളവും പനിയെ പുറത്തിറക്കുകയാണെന്ന് തോന്നി. മരുന്നുകളുടെ പ്രവർത്തനമാകാം പുറംവേദന അൽപ്പം കുറവുണ്ട്. ഞാൻ നിന്നെ കേൾക്കുന്നുണ്ട് മുരൻ, ക്ഷീണത്താൽ ഞാൻ ചിലപ്പോൾ ഉറങ്ങിപ്പോയേക്കാം. അപ്പുറത്തു നീ എപ്പോഴും ഉണ്ടാകും എന്നെനിക്കുറപ്പാണ്. ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴും വീടിന് കുറച്ചു അപ്പുറത്തുകൂടെ പാഞ്ഞുപോകുന്ന തീവണ്ടിയുടെ ശബ്ദം എനിക്ക് കേൾക്കാം. അപ്പോൾ ഞാൻ ആ തീവണ്ടിയിൽ സഞ്ചരിക്കുകയാണ്, എവിടെയും നിർത്താതെ തീവണ്ടി പാഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. തീവണ്ടി കുതിച്ചുപായുമ്പോൾ ഞാൻ ഓർമ്മകൾ നഷ്ടപ്പെട്ടു ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയി.

Content Summary: Malayalam Short Story ' Stella Paniyude Gandham ' Written by Kavalloor Muraleedharan