ADVERTISEMENT

ലുവിക്കയും മൊട്ടപഴവും മൾബറിയും പ്ലാവും വലിയ മാവും, ഇലഞ്ഞിയും പാലയും പിന്നെ ആടലോടകം തഴുതാമ അങ്ങനെ പല ഔഷധ സസ്യങ്ങളും. ആഞ്ഞിലി, പുവരശ്, മഹാഗണി, കുടം പുളി.... പുതുതായി വാങ്ങിയ വീട്ടിലെ മുറ്റം നിറയെ മരങ്ങളും ചെടികളും നിറഞ്ഞു നിന്നു. ചെറിയ ഓടിട്ട വീട് ഒഴികെയുള്ളിടത്ത് എല്ലാം ചെടികളും മരങ്ങളും. സ്വതന്ത്ര്യത്തോടെ കാലൊന്നു കുത്താൻ ഒരിടം ഉണ്ടായിരുന്നില്ല. അംഗനവാടിയിൽ നിന്നും അച്ഛന്റെ കൈയും പിടിച്ച് ആ വീട്ടിലേക്ക് ആദ്യമായി കടന്നു ചെന്നത് ഇന്നും ഓർമയുണ്ട്. ഇനി ഇതാണ് എന്റെ വീട്. 

 

ഇത്രയേറെ മരങ്ങളെല്ലാം നട്ടുപിടിപ്പിച്ച് അവസാനം വീടും പറമ്പും വിറ്റപ്പോൾ ദാമോദരൻ ചേട്ടന്റെ ഹൃദയം വേദനിച്ചിട്ടില്ലേ. ഇല കൊഴിഞ്ഞ വൃഷം പോലെയായി കാണില്ലേ ആ മനസ്സ്. ആ മരങ്ങളുടെ തണലും കായ്കളും തനിക്ക് അന്യമാണെന്ന് അദ്ദേഹം എങ്ങനെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കാണും. ആ നഷ്ടത്തിന്റെ വേദനയാ‌യിരുന്നില്ലേ ഞങ്ങളുടെ നേട്ടം. പൂവരശും ആഞ്ഞിലിയും വെട്ടി വിറ്റു. കുടംപുളി എത്രയോ വർഷങ്ങള്‍ ഞങ്ങളെ അന്നമൂട്ടി. പുളി ഒണക്കിയെടുക്കാൻ അമ്മ എത്ര കരിയും പുകയും കൊണ്ടു. ചക്ക ഉണ്ടാകാതെ നിന്ന പ്ലാവ് ഉണങ്ങി പോയിരുന്നു. വീട്ടിലെ മുട്ടനാടിനെ സ്ഥിരം കെട്ടിയിരുന്നത് അതിന്റെ ചുവട്ടിലായിരുന്നു.

 

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി സ്നേഹിയാണ് ദാമോദരൻ ചേട്ടൻ എന്ന മരം വെട്ടുകാരൻ. നാട്ടിൽ അദ്ദേഹം അറിയപ്പെട്ടിരുന്നത് മെത്തൻ ദാമോദരൻ എന്നായിരുന്നു. പേരുകേട്ട മരം വെട്ടുകാരൻ. എത്ര പൊക്കം കൂടിയ മരവും അദ്ദേഹം സമർഥമായി വെട്ടും. ഞങ്ങള്‍ അവിടെ താമസിക്കാൻ തുടങ്ങി നാളുകൾ കഴിഞ്ഞിട്ടും അദ്ദേഹത്തെ തിരക്കി പലരും വീട്ടിൽ വന്നു. വരുന്നവർക്ക് അവര്‍ താമസിക്കുന്ന സ്ഥലം അമ്മ പറഞ്ഞ് കൊടുക്കും. ഞാനും അനിയനും കേട്ടുകേട്ട് ആ വഴി മനപഃഠമാക്കിയിരുന്നു. 

 

മരം വെട്ടാൻ ആവശ്യമായ വടം തോളിൽ തൂക്കി കോടാലി കൈയിൽ പിടിച്ച് വീടിന് അടുത്തു കൂടെ അദ്ദേഹം പോകുന്നത് നോക്കി നിന്നിട്ടുണ്ട്. താൻ നട്ടുവളർത്തിയെ മരങ്ങളെയും സ്നേഹിച്ചിരുന്ന മണ്ണിനെയും അദ്ദേഹം നോക്കിയില്ല. മരങ്ങൾ മൗനമായ് അദ്ദേഹത്തെ പേര് ചൊല്ലി വിളിച്ചു കാണണം.

 

ചെയ്യുന്ന പണിക്കുള്ള പ്രായശ്ചിത്തമായിട്ടായിരിക്കണം അദ്ദേഹം ചെടികളും മരങ്ങളും കൊണ്ട് പറമ്പ് നിറച്ചത്. കോടാലിക്ക് വെട്ടി അറക്ക വാള്‍ കൊണ്ട് മുറിച്ചിട്ട മരങ്ങൾ അദ്ദേഹത്തോട് ക്ഷമിച്ചു കാണും. മരം മുറിക്കാൻ അന്ന് കട്ടർ ഉണ്ടായിരുന്നില്ല. അറക്കവാളിന്റെ രണ്ടറ്റത്തും പിടിച്ച് എത്ര വണ്ണമുള്ള മരവും  മുറിച്ചിടും. വീട്ടിലും അടുത്ത വീട്ടിലുമൊക്കെ മരം മുറിക്കുന്നത് നോക്കി നിന്നിട്ടുണ്ട്. അറക്കവാൾ പിടിക്കുന്നതിനനുസരിച്ച് അങ്ങോട്ടും ഇങ്ങോട്ടും നീങ്ങും. അതിനൊരു സംഗീതവും താളവുമൊക്കെയുണ്ട്. പിന്നെ പച്ച മരം മുറിക്കുന്നതിന്റെ മണവും പറന്ന് പൊങ്ങുന്ന മരപൊടിയും, 

 

ലുവിക്ക ഉണ്ടാകാൻ തുടങ്ങിയാൻ വീടിന്റെ പടിഞ്ഞാറുവശത്ത് കുട്ടികളുടെ ബഹളമാണ്. നല്ല പുളിയായിരുന്നു തെക്കുവശത്ത് നിന്നിരുന്ന മാവിലെ മാങ്ങയ്ക്ക്. പഴുത്താലും പുളി. പഴമാങ്ങ കറി വച്ചാൽ എന്ത് രുചിയാണെന്നോ. തൊലിക്ക് കട്ടിയില്ലാത്ത മാങ്ങ ഉപ്പിലിടാനും ഉണക്കാനുമൊക്കെ വളരെ നല്ലതായിരുന്നു. ‌മാങ്ങ പഴ‌ുക്കാൻ തുടങ്ങിയാൽ വീടിന്റെ തെക്കുവശം മുഴുവൻ മണം പരക്കും. അത്രയ്ക്ക് മണമായിരുന്നു ആ നാട്ടുമാങ്ങയ്ക്ക്. 

 

പക്ഷേ, അമ്മയ്ക്ക് എന്നും പരാതി ആയിരുന്നു. വിറക് ഉണക്കാൻ, തുണി ഉണക്കാൻ കുടം പുളി വീഴാൻ തുടങ്ങുമ്പോൾ അതുണക്കാൻ വെയില്‍ ഇല്ല. പേരിനു പോലും വെയിൽ എത്തി നോക്കാത്ത പറമ്പ് അമ്മയ്ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കി. 

 

മരം വെട്ടുക മാത്രമായിരുന്നില്ല ചാഞ്ഞ് നിൽക്കുന്ന മരം ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടാനും ദാമോദർ ചേട്ടൻ മിടുക്കനായിരുന്നു. മരം ചാഞ്ഞാൽ വെട്ടുന്നതിനു പകരം പിടിച്ചു കെട്ടി നേരെയാക്കുകയായിരുന്നു അന്നത്തെ പതിവ്. ചാഞ്ഞു നിൽക്കുന്ന മരത്തെ ഇരുമ്പ് കമ്പി കൊണ്ട് മറ്റൊരു മരത്തിനോട് ചേർത്ത് കെട്ടും. അവർ ആ വീട് വിറ്റു പോയിട്ടും മരം കെട്ടാൻ ഉപയോഗിക്കുന്ന ഇരുമ്പു കമ്പി ആർക്കു വേണ്ടാതെ മുറ്റത്ത് കിടന്നിരുന്നു. 

 

വീടിന്റെ തെക്ക് പടി‍ഞ്ഞാറേ മൂല ഒരു കാവ് തന്നെയായിരുന്നു. പാലയും മരോട്ടിയും, ഇലഞ്ഞിയും ആഞ്ഞിലിയും, ചെറിയ മാങ്ങയുണ്ടാകുന്ന നാട്ടുമാവും, പൂവരശും പിന്നെയും നിറയെ മരങ്ങൾ. ഞങ്ങൾ അങ്ങോട്ട് പോകുന്നതു തന്നെ വളരെ കുറവായിരുന്നു. മരങ്ങളുടെ ഇടയ്ക്ക് ചിതൽ പുറ്റ് പൊങ്ങിവരാറുണ്ടായിരുന്നു. ആകൃതിയൊന്നും ഇല്ലാതെ ചിതൽ പുറ്റ് ഉയരത്തിൽ പൊങ്ങിവരും. കുട്ടിക്കാലത്ത് അത് കാണുമ്പോൾ പേടി തോന്നിയിരുന്നു.

 

ഇടയ്ക്കൊക്കെ വീട്ടിലെത്തിയിരുന്ന കൂട്ടുകാർക്കൊക്കെ വീട് മറ്റൊരു ലോകമായിരുന്നു. ഫാനില്ലാത്ത വീട്. ഇന്നോ, ഇരുമ്പ് തൊടിക്കരുത് എന്ന് പഴമക്കാർ പറയുന്ന ഇലഞ്ഞിയും കണിക്കൊന്നയും മാത്രം ബാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com