വാനമൊന്നു കറുക്കുമ്പോൾ
നാവും നീട്ടി നോക്കിയിരിക്കും
വിത്തുകളനവധിയുണ്ട്
അവധി കഴിഞ്ഞിട്ടക്ഷരമുണ്ണും
കുരുന്നുകളനവധിയുണ്ട്
വേനൽ വന്നു പോയിട്ടും
വർഷം പെയ്തു മടുത്തിട്ടും
വേലിയിലുള്ളൊരു കായ പറിക്കാൻ
കുരുന്നുകളൊന്നും വന്നീല...
പഴുത്തു നിൽക്കും കായകൾക്ക്
കാവലിരിക്കും കാറ്റ് കരഞ്ഞു പറയുന്നു.
കാവലിരുന്നു മടുത്തും പോയ്
കുരുന്നുകളെത്താൻ വൈകീംപോയ്
കാവലിരിക്കും കാറ്റ് ചെന്ന്
കായ പിഴുതു കളയുന്നു.
തറയിൽ വീണ കായയിലൽപം
കണ്ണീർ കാണുന്നു.
കാറ്റങ്ങോടി ചെല്ലുന്നു
കണ്ണീരങ്ങു തുടക്കുന്നു.
ആടീം പാടീം ഓടീം ചാടീം
അക്ഷരമുണ്ടു വരുന്നവരിലൊരുവൻ
കരഞ്ഞുകലങ്ങിക്കണ്ണീർ വറ്റിയ
കായ വഴിയിൽ കാണുന്നു,
കണ്ണീർ വറ്റിയ കായയുമായി
കുരുന്നുകളോടിപ്പോകുന്നു
Content Summary: Malayalam Poem ' Kathirippu ' Written by Unnikrishnan Kudumboor