ADVERTISEMENT

മലമുകളിൽ ഒരു ലോകമുണ്ടെന്നും അവിടെ  കുറേ മനുഷ്യരുണ്ടെന്നും ആരറിഞ്ഞു.? അടിവാരത്തു നിന്നു നോക്കുമ്പോൾ മഞ്ഞുമൂടിയ വന്മല. പച്ചക്കാട്. ഇരുൾ തിങ്ങിയ കരിമ്പച്ച നിഗൂഢത. അള്ളിപ്പിടിച്ച് ചുറ്റിപ്പുണർന്ന് കരിനാഗം പോലെ ഇഴഞ്ഞു കേറുന്ന ചുരങ്ങൾ. ഓരോ വളവുകളും ചെന്നെത്തുന്നത് അചിന്തനീയമായ കാഴ്ചകളിലേക്ക്, നിഗൂഢതയിലേക്ക്, മലയൊളിപ്പിച്ചു വച്ച മനുഷ്യരിലേക്ക്... കാടു വളർത്തിയ മക്കളുടെ നാട്. അല്ല. കാട്.! വഴിവെട്ടിക്കേറിവന്ന വിരുന്നുകാർ കാട്ടു മക്കളെ പായിച്ചും കാട്ടുജന്തുക്കളെ ചുട്ടു തിന്നും വനഭൂമി കത്തിച്ചും ഇരുൾ പച്ചപ്പിനെ വെളുപ്പിച്ചു. വീട് വെച്ചു. കൃഷി ചെയ്തു. അവർ പെറ്റു കൂട്ടിയ മക്കൾ കാടിനെ കാർന്ന് കാർന്ന് തിന്നു തുടങ്ങി. കാടിന് ഇരുട്ടില്ലാണ്ടായി. ഇരുട്ടിലെ ഭൂതങ്ങൾ മലയിടുക്കുകളിലും ഗുഹകളിലും പാലപ്പൂമ്പൊടികളിലും ഒടിമറഞ്ഞിരുന്നു. മൃഗങ്ങൾ അതിർത്തികൾ അറിയാതെ ചുറ്റിത്തിരിഞ്ഞു. കുന്തമുനയിലും തീ ചീറ്റും കുഴൽത്തുമ്പിലും ഒടുങ്ങി. വിരുന്നുകാർ തീർത്ത നാട്ടിൽ അവർ കുടിപ്പാർപ്പുകാരായി. നാടിന്റെ അവകാശികളായി. കാടിന്റെ മക്കളോ, കാഴ്ചവസ്തുക്കളായി. പഠിച്ചു തീരാത്ത ഗവേഷണങ്ങളുടെ സബ്ജെക്ട്സും ടൂൾസുമായി.

"മലമുകളിലെ മനുഷ്യരെന്ന് പറയുമ്പോൾ രണ്ടു കൂട്ടരുണ്ട്. ചിരിക്കാനറിയാത്തവരും ചിരിച്ചു മയക്കുന്നവരും. ചിരിച്ചു തുടങ്ങിയപ്പോളാവാം മനുഷ്യനെ കാടു പുറംതള്ളിയത്...." വല്യപ്പന്റെ കണ്ണുകളിൽ ജടകൊഴിഞ്ഞ സിംഹത്തിന്റെ ദൈന്യത ആ രാവു പോലെ തന്നെ തണുത്തുറഞ്ഞു കിടക്കുന്നതായ് തോന്നി. ഹൈറേഞ്ച് ബംഗ്ലാവിലെ തല നരച്ച കൂന് പിടിച്ച വിറ പിടിച്ച കാർന്നോര്. "ചിണ്ടൻ ചിരിക്കാത്തത് അതുകൊണ്ടാണോ വല്യപ്പാ.?" തണുത്തു വിറങ്ങലിച്ച നിശബ്ദതയെ നെടുകെ പിളർന്നുകൊണ്ട് മോളിക്കുട്ടി ചോദിച്ചു. "ഉം.." ഒന്നിരുത്തി മൂളി. "മോളുറങ്ങിക്കോ." പേരക്കുഞ്ഞിനെ നെഞ്ചോടു ചേർത്തു കൊണ്ടയാൾ പാടി. "കാട് പെയ്തേ... മഞ്ഞു പെയ്തേ.. കാട്ടരുവി കിണുങ്ങി ചിരിച്ചേ...." മുഴുവിക്കാത്ത വരികൾ തൊണ്ടക്കുഴി കുത്തി ഉയർന്ന ചുമയിൽ അലിഞ്ഞു ചേർന്നു.

മോളിക്കുട്ടിയുടെ മനസ്സിൽ ചിരിക്കുന്ന ഓരോ മുഖങ്ങളും മിന്നിമറഞ്ഞു. വല്യപ്പന്റെ ചിരി. അതിനിടയ്ക്ക് ചാടുന്ന ചുമ. പാപ്പന്റെ കള്ളും ചാർമിനാറും മണക്കുന്ന ചിരി. ചായം തേച്ച ചുണ്ടിൽ വിടരാതെ വിടരുന്ന അമ്മച്ചിയുടെ ചിരി. കാട്ടിയെ വെടിവെച്ചിട്ട് ഓടിക്കൂടുമ്പോൾ കല്ലേൽ ഉരയ്ക്കുന്ന വെട്ടുകത്തിയുടെ സീൽക്കാരം പോലത്തെ ചിരിയായിരുന്നു ആന്റോ അങ്കിളിന്.. അമ്മച്ചിയില്ലാത്ത രാത്രികളിൽ പാപ്പന്റെ റൂമിൽ നിന്ന് ഇറങ്ങി വരുന്ന പണിക്കാരി ത്രേസ്യാച്ചേടത്തിയുടെ മദാലസമായ പുഞ്ചിരി. "അമ്മച്ചിയോടു പറയരുത് കുഞ്ഞുമോളെ.." എന്ന് കവിളിൽ നുള്ളിപ്പറയുമ്പോൾ വിരിയുന്നത് പെൺയൂദാസ്സിന്റെ ചിരിയും.

മോളിക്കുട്ടി അസ്വസ്ഥതയോടെ കണ്ണുകൾ ഇറുക്കിയടച്ചു. ചിണ്ടന്റെ ചിരിക്കാത്ത മുഖം.! അവന്റെ ചുരുളൻ മുടികൾ അടിവേരുകൾ പോലെ തഴച്ചു നിൽക്കുന്നു. മലമുകളിലെ ഇരുൾപ്പച്ചപ്പിനുള്ളിൽ അവൻ മുഖമമർത്തി തേങ്ങുന്നു. ഉൾക്കാടിനുള്ളിൽ ഒരുപാട് തേങ്ങലുകൾ ഉയരുന്നു.. മഞ്ഞിൽ ഉറയുന്നു.. ഉടുക്കുപാട്ടിൽ ലയിക്കുന്നു. ഭീതിപ്പെടുത്തുന്ന ചിരിമുഖങ്ങളെ അവൾ വെറുത്തു. ആ രാത്രി മുഴുവനും ചിരിക്കാത്ത മനുഷ്യർ മോളിക്കുട്ടിയുടെ ചിന്തകൾക്ക് കൂട്ടു കിടന്നു. മലമുകളിലെ മനുഷ്യർ.! മലമുകളിലെ യഥാർഥ മനുഷ്യർ.!

Content Summary: Malayalam Short Story ' Malamukalile Manushyar ' Written by Swarna Jithin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com