ADVERTISEMENT

കപ്പയുണക്കി പൊടിച്ച് വിറ്റ

തുട്ട് കൊണ്ടാണ് വളർന്നതായിഷ

ഏഴുപേരുള്ളോർക്ക് കുടിലിൻ

കുമ്പിളിൽ കഞ്ഞിവിളമ്പാൻ

ഉമ്മയായതാണവൾ

പശിയടങ്ങാതെ കരഞ്ഞ

കുഞ്ഞീറ്റങ്ങൾക്കൊക്കെയും

ഹസ്ബി റബ്ബി പാടാൻ

ഉമ്മാക്ക് കാവലിരുന്നവൾ
 

ചുവപ്പ് മാറാത്ത കാലിൽ 

ബാപ്പ കെട്ടിയ വെള്ളിക്കൊലുസ്സ്

കിലുങ്ങിയപ്പോഴാണവൾ

‌തലയുയർത്തിയാദ്യമായ്

ആകാശം കണ്ടത്

ചോരയുടെ കറപ്പാട്

പാവാടയിൽ നിന്ന് മായും മുന്നേ

ചൂരുള്ള മാരന്റെ മണവാട്ടിയായവൾ
 

ദഫും കൈകൊട്ടിപ്പാട്ടുമൊക്കെയായി

പുതിയൊരാകാശം നെയ്യാൻ

മാരൻ നടന്നു വന്നൊരാ രാത്രിയിൽ

കിനാക്കളുടെ നക്ഷത്രങ്ങൾ പോലും

നാണം തൂകിയത്രെ

വളർന്ന മണ്ണിനെ വിട്ട് കുഞ്ഞു മനസ്സിലെ  

സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടും പേറി

കെട്ടിച്ച വീടിന്റെ പടികേറുമ്പോൾ

പെണ്ണ് തെല്ലൊന്ന് ഭയന്നു

കരഞ്ഞു തളർന്ന കുഞ്ഞീറ്റങ്ങൾ

എന്നെയും കാത്തിരിപ്പുണ്ടാകുമോയെന്ന

ആദി കേറി പെണ്ണന്നുറക്കെ കരഞ്ഞു
 

ചൂരിനൊപ്പം ചൂടും പകർന്ന മാരൻ

കൊടുത്ത സമ്മാന പൊതികളിൽ

കൂട്ടിൽ മൂന്നു കുഞ്ഞും വിരിഞ്ഞു.

നാലിന്റെ ചോരക്കണ്ടം ഉള്ള് പേറുമ്പോ

രാത്രിയിലവൾ പലപ്പോഴും ഞെട്ടിയുണർന്നു

വയറുഴിഞ്ഞ് പെറ്റിട്ട ഉമ്മുകുൽസുവിന്

ഉമ്മാടെ അതേ മൊഞ്ച്

നെട്ടോട്ടം പായുന്ന തിരക്കിലെപ്പോഴോ

നോട്ടമെത്താതെ പോയ ദിവസം

കുഞ്ഞിന്റെ കരച്ചിൽ നിന്ന്
 

കെട്ടിപ്പൊതിഞ്ഞ്

മേൽമുറിയിലെ പള്ളിക്കാട്ടിൽ

കൊണ്ടോയി അടക്കുമ്പോൾ

കരയണോന്ന് പോലുമറിയാതെ

ഉമ്മ ആകാശം നോക്കി നിന്ന്

നൊന്ത് നീറുമ്പോഴൊക്കെയും

ആകാശം ചൂണ്ടി ഉമ്മ പറയും

ഓള് ദാ അതിനപ്പുറത്തെയൊരാകാശത്ത്

ഉമ്മാന്ന് വിളിച്ചിരിപ്പുണ്ടെന്ന്
 

പിന്നേം പെറ്റ പൈതലിനുമ്മ

ഉമ്മു കുൽസൂന്ന് നീട്ടി വിളിച്ച്

കാലംതെറ്റി പെയ്തൊരു മഴയിൽ

സന്ധ്യ നേരത്ത് ഉമ്മയും പോയപ്പോൾ

പള്ളിക്കാട്ടിൽ

ഉമ്മുകുൽസുവിനോട് ചേർന്ന് 

ഉമ്മാക്കുമൊരു ഖബറ് വെട്ടി
 

ചേലിലങ്ങനെ ഉമ്മയും മകളും പിന്നെയാ

ചെമ്പരത്തിപ്പൂക്കളും പൂത്ത് കിടന്നു

പായ മടക്കി മീസാൻ കല്ലും കുത്തി

ദുആക്ക് ശേഷം കൈമടക്കുമ്പോൾ

ഞാനൊന്നാകാശത്തേക്ക് നോക്കി

തെളിഞ്ഞു നിൽപ്പാണ് മാനം 
 

അന്നേരമറിയാതെ ഉള്ളിലോർത്തു

ഉമ്മ പറഞ്ഞതിതല്ലല്ലോ

അതിനുമപ്പുറത്തൊരാകാശമുണ്ട് 

അവിടെ പറുദീസയിലൊരു

തൊട്ടിലാടുന്നുണ്ട്

അതിലൊരുമ്മ മോൾക് താരാട്ടു പാടുന്നുണ്ടത്രേ

അത് കണ്ട മലക്കുകൾ കൈയ്യടിക്കുന്നത്

ആകാശങ്ങൾക്കിപ്പുറം

താഴെ ഈ ഭൂമിയിലിരുന്ന് ഞാനും കേട്ടു.
 

Content Summary: Malayalam Poem ' Ummoommayum Ummukulsum ' Written by Mohammed Jahfer K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com