ചിറകുകളുണ്ടായിരുന്നെ-
ങ്കിൽ ഞാനെന്നെത്തന്നെ
പറത്തിപ്പറത്തിയങ്ങ-
പ്പുറമെത്തിച്ചേനെ....
കൊക്കുകളുണ്ടായിരുന്നെ-
ങ്കിൽ ഞാനെന്നെത്തന്നെ
കൊക്കിനാൽ കൊത്തിക്കൊത്തി
ഹൃദയം മുറിച്ചേനെ.
കഴുകൻ കണ്ണുകളുണ്ടായിരുന്നെ-
ങ്കിൽ ഞാനെന്നെത്തന്നെ
ചുഴിഞ്ഞു ചുഴുഞ്ഞെങ്ങ്
നോക്കുവാൻ നോക്കിയേനെ.
കൂർത്ത നഖമുനകളുണ്ടായിരുന്നെ-
ങ്കിൽ ഞാനെന്നെത്തന്നെ
താണു താണിറങ്ങിപ്പൊടുന്നനേ
റാഞ്ചിപ്പറന്നേനെ.
തൂവലുകൾ കൊഴിച്ചിട്ടിവിടെ-
യുണ്ടായിരുന്നെന്ന്,
കൂവിപ്പൊളിച്ചിട്ടിവിടെയിരുന്നെ-
ന്നടയാളമിട്ടേനെ.
പക്ഷങ്ങളില്ലാത്ത
പക്ഷഭേദങ്ങളില്ലാത്ത
പക്ഷിയാണല്ലോ ഞാനും
പഞ്ചവർണ്ണപ്പക്കിയാണല്ലോ ഞാനും!
Content Summary: Malayalam Poem ' Panchavarnakkili ' Written by Dr. Gangadevi M.