എന്താണ് എന്നെ ഇങ്ങനെ വേട്ടയാടുന്നത്? ഞാന്‍ അത്രയ്ക്ക് തെറ്റായ ജീവിതമാണോ നയിച്ചത്? എനിക്കെന്തേ സപ്തതിയോടടുത്തിട്ടും ഒരു പക്വത വരാഞ്ഞത്? ഒരുവിധം നല്ല നിലയിൽ പ്രവർത്തിച്ചു പോന്ന ഇരുപത്തഞ്ചിലധികം കീഴുദ്യോഗസ്ഥരെ ഭരിച്ച, ഒരു ഓഫിസറിനു വിവേകം തീരെ ഇല്ലെന്നാണോ? വിദ്യാഭ്യാസവും സാമ്പത്തികവും സംസ്കാരവും മോശമല്ലാത്ത സാഹചര്യമുള്ള മാതാപിതാക്കളുടെ ഏഴാമത്തെ പെൺസന്തതിക്കു എവിടെയാണ് പിഴക്കുന്നത്? മാന്യമായ സ്വഭാവവും സ്നേഹം അധികം പുറത്തു കാണിച്ചാൽ പെൺകോന്തൻ എന്നു ജനം ധരിച്ചു പോകുമെന്ന് ചിന്തിക്കുകയും ചെയ്യുന്ന ഭർത്താവ്, വിദ്യാഭ്യാസത്തിൽ അധികം പിന്നിലല്ലാതെ മാന്യമായ ജോലിയോടെ സന്തോഷമായി കുടുംബസമേതം വിദേശങ്ങളിൽ ജീവിക്കുന്ന കുട്ടികൾ, എന്നിട്ടും എന്റെ മനസ്സ് പതറുന്നതു എന്തുകൊണ്ടു? ഈ പ്രായത്തിലുള്ളവരൊക്കെ ക്ഷേത്രദർശനവും പ്രാർഥനയും ആയി കഴിഞ്ഞു കൂടുമ്പോൾ എനിക്ക് മാത്രം ഒന്നിലും മനസ്സുറപ്പിച്ചു പ്രവർത്തിക്കാൻ സാധിക്കുന്നില്ല, ഇങ്ങനെ പലതും ഓർത്തു വിലാസിനിക്ക് ഉറക്കം വല്ലാതെ നഷ്ടപ്പെട്ടു രാത്രികളിൽ. എന്തായാലും ഒരു നല്ല സൈക്കോളജിസ്‌റ്റിനെ പോയി കാണുക തന്നെ എന്നു ഉറപ്പിച്ചുകൊണ്ടു ഉറങ്ങാൻ ശ്രമിച്ചു.
വിലാസിനി ഒരു പുതിയ ഉണർവോടെ രാവിലെ എഴുന്നേറ്റു ജോലിയൊക്കെ ഒതുക്കി ഫോണിൽ ഗൂഗിൾ എടുത്തു അടുത്തുള്ള സൈക്കോളജിസ്റ്റുകളെ തപ്പി ഒരു വനിതയെ മനസ്സിലുറപ്പിച്ചു യാത്രക്കൊരുങ്ങി. വസ്ത്രം മാറുന്നതിനിടെ വിലാസിനി ഡോക്ടറിനോട് എന്ത് പറയുമെന്ന് ആലോചിച്ചു, ഉറക്കം കുറവാണെന്നു തുടങ്ങിയാൽ അവർ ശാരീരികാസ്വാസ്ഥ്യങ്ങളെയോ സാഹചര്യങ്ങളെയോ പറ്റിയാകാം ചോദിക്കുക, അതൊന്നുമല്ല പ്രശ്നമെന്ന് എങ്ങനെ അറിയിക്കും? ഈ പ്രായത്തിൽ ഇത്രയും രഹസ്യസ്വഭാവമുള്ള ഈ കാര്യം എങ്ങനെ അവതരിപ്പിക്കും? ആകെ കാലുഷ്യമായ മനസ്സോടെ വിലാസിനി യാത്ര അടുത്ത ദിവസത്തേക്കാകാം എന്നൊരു തീരുമാനത്തിലെത്തി ആലോചിക്കാൻ തുടങ്ങി. നേരിട്ട് പറയുന്നതിനേക്കാൾ എഴുതി വായിക്കാൻ കൊടുക്കുന്നത് കുറേക്കൂടെ കാര്യങ്ങൾ സുഗമമാക്കുമെന്ന ചിന്തയിൽ വിലാസിനി സ്വന്തം മനസ്സിലെ അസ്വസ്ഥതകൾ ഒരു പേപ്പറിലേക്കു പകർത്താൻ തീരുമാനിച്ചു.
എഴുതാനിരുന്നപ്പോൾ എവിടെ തുടങ്ങണം എന്നറിയാതെ നന്നേ ബുദ്ധിമുട്ടി വിലാസിനി. അവൾ ചിന്തിച്ചു തനിക്ക് ആണുങ്ങൾ കൂട്ടുകാരായി ഉണ്ടാക്കുവാനാകുന്നില്ല ഈ പ്രായത്തിലും എന്ന സത്യത്തെപ്പറ്റി, സ്വന്തം പ്രായത്തിലുള്ള ആരോട് സ്വതന്ത്രമായി ഇടപഴകാൻ ശ്രമിക്കുന്നുവോ അവർ തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥ. അതാണല്ലോ അടുത്തിടെ സംഭവിച്ച കാര്യങ്ങൾ വെളിവാക്കുന്നത്. അവൾ സമീപകാലത്തു ഉണ്ടായ സംഭവത്തെ ഓർത്തു എഴുതാൻ തുടങ്ങി. എഫ്ബി യിൽ കണ്ട നല്ലതെന്നു തോന്നിയ ഒരു കവിതയ്ക്ക് കമന്റ് ചെയ്തത് വഴി പുതിയൊരുസ്നേഹബന്ധത്തിനു വഴിയൊരുക്കിയതും പശ്ചാത്തലം മനസ്സിലാക്കിയപ്പോൾ (വിവാഹിതനും പ്രായപൂർത്തിയായ കുട്ടികളുടെ പിതാവെന്നതും) അപകടമൊന്നും വരില്ലെന്ന നിഗമനത്തിൽ കൂടുതൽ കൂട്ടു കൂടി വർഷങ്ങൾ കടന്നതും സാമ്പത്തികസഹായങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു വീട്ടിലറിയിക്കാതെ കൊടുത്തതും അടുപ്പം കൂടി കവി അടുത്ത ആവശ്യത്തിലേക്കു കടന്നതും സ്നേഹം കിട്ടിയ മനസ്സിൽ ഉണ്ടായ വേവലാതിയും കുടുംബ ഭദ്രതയ്ക്ക് കോട്ടം വരുന്ന അവസ്ഥ ആലോചിച്ചു മനസ്സിനെ ഉറപ്പിച്ചു നിറുത്തിയതുമൂലം കൂട്ടുനഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് നയിച്ചതും അതുവഴി മനസ്സിലുണ്ടായ നഷ്ടബോധവും എല്ലാം വിലാസിനി ഭംഗിയായി പകർത്തിവച്ചു.
എഴുതിക്കഴിഞ്ഞപ്പോഴാണ് വിലാസിനി ചിന്തിച്ചത് തനിക്കെന്തിനാണ് അയാളോട് ഇത്ര അധികം സ്നേഹം ഉണ്ടാകാൻ കാരണം?, അയാളുടെ സ്നേഹപ്രകടനങ്ങൾക്കു ഇത്രയും വില കൊടുക്കാൻ കാരണം? തന്റെ മനസ്സ് സ്നേഹത്തിനുവേണ്ടി ദാഹിക്കുകയാണോ? തനിക്കു സ്നേഹം ആവോളം കിട്ടാത്തതാണോ എല്ലാ പ്രശ്നങ്ങളും ഇത്രേം വലുതായിക്കാണുന്നത്? വിലാസിനി താൻ മറ്റൊരു വീട്ടിലേക്കു പറിച്ചുനടുന്നത് വരെയുള്ള തന്റെ ജീവിതത്തിലേക്ക് തിരിച്ചു നടക്കാൻ തുടങ്ങി. ബാല്യകാലത്തു ഒരു വയസ്സിനു താഴെയായി, കാണാനും ബുദ്ധിക്കും മിടുക്കിയായ അനിയത്തിക്കുട്ടി ഉണ്ടായിരുന്നതും ബാലാരിഷ്ടതയുടെ രോഗപീഡയിൽ മുട്ടിലിഴയാനും ഇരിക്കാനും കുറെ താമസിച്ചതുമെല്ലാം വലിയ സഹോദരങ്ങളുടെ സ്നേഹം ചെറിയ ആളിലേക്കാകാൻ കാരണമായിക്കാണും. അച്ഛൻ കുറച്ചു കർക്കശക്കാരനായി അധികം അടുപ്പം കാണിക്കാത്തതും അമ്മ അച്ഛന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തു മൂത്ത കുട്ടികളെ ചെറിയവരെ നോക്കാൻ ചട്ടം കെട്ടി വീട്ടുകാര്യങ്ങളിൽ മുഴുകുകയും ചെയ്തിരുന്നത് സ്നേഹത്തിന്റെ കുറവ് കൊണ്ടാകില്ല. കൂടാതെ സ്ഥലത്തെ പ്രമുഖരായതുകൊണ്ടും വലിയ പറമ്പിലായിട്ടു വീടുണ്ടായിരുന്നതുകൊണ്ടും ഇഷ്ടം പോലെ കളിച്ചുനടക്കുന്നതിനു അവസരവും കിട്ടിയിരുന്നുവല്ലോ. അഞ്ചാം ക്ലാസ് മുതൽ പിജി വരെയും പെൺകുട്ടികൾമാത്രം പഠിക്കുന്നിടത്തു വിദ്യാഭ്യാസം ആയതുകൊണ്ട് ആണുങ്ങളുമായി ഉള്ള ഇടപഴകലിന് അവസരം കുറവായിരുന്നു.
പക്ഷെ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയം അടുത്ത വീട്ടിലെ സുമുഖനായ ഉദ്യോഗസ്ഥൻ വീട്ടിനടുത്തുവച്ചു കാണുമ്പോൾ അറിയാത്ത ഭാവം കാണിക്കുകയും വഴിവക്കിൽ വച്ചു സൗകര്യം ഉണ്ടാക്കി സംസാരിക്കാൻ വന്നിരുന്നതും തന്നോട് ഒരു പ്രത്യേക ഇഷ്ടം കൊണ്ടാണെന്നു തോന്നിപ്പോയത് പ്രായത്തിന്റെ പക്വത കുറവായിരുന്നിരിക്കാം, അതാകാം പ്രേമം തോന്നിയത്. എന്നാൽ പ്രീഡിഗ്രി പഠനം നടക്കുമ്പോൾ തന്നെ അയാൾ കല്യാണം കഴിക്കുകയും ചെയ്തു. എന്നിട്ടും പഴയതുപോലെ പഴയ രീതിയിൽ സംസാരിക്കാൻ വരുമായിരുന്നല്ലോ. ആദ്യമായിക്കിട്ടിയ പരപുരുഷ സ്നേഹമായതുകൊണ്ടാണോ എന്തോ കൂടുതൽ അടുപ്പം കാണിച്ചിട്ടും ഒന്നിനും എതിർപ്പു പ്രകടിപ്പിക്കാതിരുന്നത്. പാത്തും പതുങ്ങിയും കാണാൻ ഇഷ്ടപ്പെട്ടിരുന്നത് സ്വന്തമാകുമെന്ന ഒരു ചിന്തയുമില്ലാതെ. അതാണല്ലോ ഡിഗ്രി പഠിത്തം കഴിയുന്നതിനു മുൻപേ വീട്ടുകാർ നിശ്ചയിച്ച കല്യാണത്തിന് ഒരു ബുദ്ധിമുട്ടും തോന്നാതെ തല കുനിച്ചത്!, അവരവരുടെ സ്വൈരജീവിതത്തിലൊതുങ്ങിയെങ്കിലും വെളിയിലിറങ്ങുമ്പോൾ ആ മുഖം തേടുന്ന പതിവ് എന്നുമുണ്ടായിരുന്നല്ലോ? പക്ഷെ ഉദ്യോഗസംബന്ധമായി ഇടപഴകിയതിൽ ഒരു ചെറുപ്പക്കാരനും ഒരു സമപ്രായക്കാരനും വളരെ സഹായിയായി കൂടെ കൂടുകയും സ്നേഹം അഭിനയിച്ചു അടുത്ത ആവശ്യങ്ങളിലേക്കുള്ള ശ്രമം ആദ്യ പടിയിൽ വച്ചു തന്നെ മനസ്സിലാക്കി അകറ്റി നിർത്താനും കഴിഞ്ഞുവല്ലോ!
ഇത്രയൊക്കെ എഴുതുകയും ചിന്തിക്കുകയും ചെയ്തതിൽ വിലാസിനിക്ക് തന്റെ മേലിൽ ഒരു കുറ്റവും ഇല്ലെന്നും താൻ സാഹചര്യങ്ങളെ നന്നായി കൈകാര്യം ചെയ്തതായും തോന്നി. ഉള്ളിലുള്ള ഭഗവാനെ അറിയാനുള്ള തുടക്കമായി ഈ തിരിച്ചറിവിനെ കാണാനും വിശ്വസിക്കാനും തീരുമാനിച്ചു. വിലാസിനിക്ക് വല്ലാത്തൊരു ആത്മവിശ്വാസം ഉണ്ടായി. അന്നു ഉച്ചയുറക്കം പോലും ഭംഗിയായി നടന്നു. സൈക്കോളജിസ്റ്റിനെ കാണാൻ തുടങ്ങിയ കാര്യങ്ങൾ ഓർത്തു ചിരിച്ചുകൊണ്ട് സായാഹ്നച്ചായക്കു ഒരുക്കം തുടങ്ങി.
Content Summary: Malayalam Short Story ' Oru Madhyavayaskayude Athmagatham ' Written by Lila S. Nair