ADVERTISEMENT

സ്കൂൾ വിട്ടുവന്ന ഉടൻ തിരയുന്നത് അമ്മയെ ആയിരുന്നു. നാലുമണി പലഹാരത്തിന്റെ ചൂടും രുചിയും നുണയുന്നതിനോടൊപ്പം വിശേഷങ്ങളുടെ ഭാണ്ഡം അഴിക്കും. അപ്പോഴെല്ലാം ഉമ്മറത്ത്, രാവിലെ ഒരുതവണ വായിച്ച പത്രം വീണ്ടും നിവർത്തിപ്പിടിച്ച അച്ഛൻ ഉണ്ടാകും. വിശേഷം തിരക്കാറുമില്ല പറയാറുമില്ല. ഒരു ലേബർ ഇന്ത്യ വാങ്ങാൻ.. കളർ മുട്ടായി വാങ്ങാൻ.. കീറിയ യൂണിഫോം മാറ്റി വേറൊന്ന് തയ്ക്കാൻ.. എന്നും അമ്മയോട് ആയിരുന്നു യുദ്ധം! ദൂതും കൊണ്ട് അമ്മ ഹംസം അച്ഛന്റെ അടുത്തെത്തും. ചിലപ്പോൾ അമർത്തി ഒരു മൂളലിൽ സ്വപ്നങ്ങൾ ഞെരിഞ്ഞടങ്ങും. മറ്റു ചിലപ്പോൾ വേണ്ട എന്ന ധാർഷ്ട്യ സ്വരം. വാതിലിന് പിറകിലെ കുഞ്ഞു മിഴികളിലെ പ്രതീക്ഷ മായും. ഉത്സവങ്ങൾക്കും സിനിമാ കൊട്ടകയിലും കുടുംബസമേതം പോവാറുണ്ട്. ആൾ തിരക്കിൽ തലയുയർത്തിപ്പിടിച്ച് നടക്കുന്ന അച്ഛൻ.. പുറകിൽ നിഴൽ പോലെ അമ്മയെ പറ്റിച്ചേർന്ന് രണ്ട് കുഞ്ഞുങ്ങൾ.. അച്ഛന്റെ കൈപിടിച്ച് നടക്കാൻ ഒരുപാട് കൊതിച്ചിരുന്നു. സ്നേഹത്തിന്റെ ചൂട് പറ്റി ആ കൈകളിൽ അമരാനും വാത്സല്യത്തോടെ തലയിൽ തടവാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഘനഗംഭീരമായ സ്വരവും ഉറച്ച കാൽവെപ്പുകളും അവയ്ക്ക് തടയിട്ടു. എല്ലാ പരീക്ഷകളിലും ജയിക്കുമായിരുന്നു. അത് പഠനത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല തോറ്റാൽ അച്ഛന്റെ പ്രതികരണം താങ്ങാനുള്ള ശക്തി ഇല്ലാത്തതു കൊണ്ടായിരുന്നു. അന്നെല്ലാം അച്ഛൻ ഒരുപാട് അകന്നു നിന്നിരുന്നു.

മുതിർന്നു കഴിഞ്ഞപ്പോഴാണ് അച്ഛന്റെ സ്നേഹത്തിന്റെ വില മനസ്സിലാകുന്നത്. ഉള്ളിൽ കുന്നോളം സ്നേഹം ഉണ്ടെങ്കിലും പുറമേ പരുക്കനായി അഭിനയിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് വാൽസല്യം കാണിച്ചാൽ മക്കൾ വഴിതെറ്റി പോകുമോ എന്ന ആശങ്ക! വല്ലപ്പോഴും മിട്ടായി വാങ്ങാൻ അമ്മ തരുന്ന നാണയത്തുട്ടുകൾ അമ്മയെ അച്ഛനാണ് ഏൽപ്പിച്ചത് എന്ന് അറിയുമ്പോൾ കണ്ണുനിറയുന്നു. പാടത്ത് ക്രിക്കറ്റ് കളിക്കിടെ കാൽമുട്ട് പൊട്ടി ചോര ഒലിച്ചപ്പോൾ അമ്മയുടെ ശ്രദ്ധക്കുറവിനെ ശകാരിക്കുകയായിരുന്നു അച്ഛൻ. പിന്നീട് മുറിവ് നോക്കി മാറി നിന്ന് കണ്ണുതുടക്കുന്നതും കണ്ടു. പനിപിടിച്ച് ആശുപത്രിയിൽ കിടന്നപ്പോൾ അച്ഛന്റെ നെഞ്ചിലെ ആധി മുഖത്തും പ്രകടമായിരുന്നു. ഇല്ലാത്ത കാശ് സ്വരുക്കൂട്ടി ഉയർന്ന വിദ്യാഭ്യാസത്തിനായി കോളജിൽ അയക്കുമ്പോഴും ആ കണ്ണുകൾ നനഞ്ഞിരുന്നു. മകൻ ഡോക്ടർ ആണെന്ന് നാലാൾക്ക് മുന്നിൽ പറയുമ്പോൾ കണ്ടു ഞാൻ ആ മുഖത്തെ അഭിമാനം. ഹോസ്റ്റലിൽ നിന്നും അമ്മയെ വിളിച്ച് വിശേഷങ്ങൾ തിരക്കുമ്പോഴും അച്ഛനോട് ഫീസിന്റെ കാര്യം മാത്രമാണ് പറയാറ്. എന്നാൽ മകന്റെ വിശേഷങ്ങൾ കേൾക്കാൻ അമ്മയുടെ ഫോണിന് അരികെ കാതോർത്തിരിക്കുന്ന ആ മനുഷ്യനെ തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ... ഇന്നും അച്ഛന്റെ കണ്ണുകളിൽ നോക്കി തലയുയർത്തി സംസാരിക്കാൻ പേടിയാണ്. എങ്കിലും ആ മനസ്സുനിറയെ സ്നേഹമാണെന്ന് അറിയുമ്പോൾ ഉള്ളിൽ ഒരു തണുപ്പ്... അച്ഛൻ എന്നും ഒരത്ഭുതമായിരുന്നു എനിക്ക്!!!!

Content Summary: Malayalam Short Story ' Achan ' Written by Gopika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com