പല മട്ടു നടന്നു നമ്മള-
ന്നൊരുലോകവിചാര വീഥിയില്‍
പല ദേശമലഞ്ഞു നമ്മളാ
ഘടികാരങ്ങളഴിഞ്ഞ ദീപ്തിയില്‍.
ചിലതോര്‍മ്മകളായ് ഹിമാംശുവായ്
കിരണാവലിയെന്നു കാഴ്ച്ചയായ്
ചിലതഗ്നികെടാതെയുള്ളിലും
പരമാഗ്നിയിലാളി ലോകമായ്
ഇടനാഴിയിലിരുണ്ടതാം നിഴല്‍
തുറവിലുജ്വലരായ് പ്രകാശമായ്
നരജീവിതക്ലിഷ്ടമാം കഥാ-
ഗതിയില്‍ കാവ്യവിചാരദുര്‍ഗമായ്
പകലഗ്നിയമര്‍ന്ന സന്ധ്യയില്‍
പതിവായ് ഗാര്‍ഹികമാം നിലാവതായ്
പ്രതിബോധമകന്നു വിസ്മിതം
പ്രിയമെന്നുള്ളകമാര്‍ന്നു ശാന്തമായ്.
ഗതികെട്ടെന്നലയുന്ന മാനസം
ച്യുതിവിട്ടാര്‍ദ്രമലിഞ്ഞ രാവതില്‍
വ്യഥകള്‍ കാവ്യകഥാന്തരങ്ങളായ്
പതിവറ്റാത്മസുഗന്ധജീവനായ്.
മഹിവിട്ടകലങ്ങള്‍ താണ്ടുവാന്‍
അഹമത്രയകന്ന തോഴ,നി-
ന്നപരാത്മകമാം ഗതിക്രമം
പരമാത്മാവിലലിഞ്ഞു ശാശ്വതം.
(അന്തരിച്ച കഥാകൃത്തും നോവലിസ്റ്റുമായ പ്രിയ സുഹൃത്ത് എം. സുധാകരന്)
Content Summary: Malayalam Poem ' Sudhakaram ' Written by Rajan C. H.