'കൂട്ടുകാരന്റെ കൂടെ കല്യാണത്തിന് പോയി', ഒരു പരിചയവുമില്ലാത്ത ആ വീട്ടിൽ പക്ഷേ എല്ലാവർക്കും...

HIGHLIGHTS
  • വടകര കല്യാണം (കഥ)
malayalam-short-story-kalyanaveedu
Representative image. Photo Credit:rvimages/istockphoto.coml
SHARE

തിരുവനന്തപുരത്തുള്ള എന്റെ സുഹൃത്തിന്റെ കോളജിൽ പഠിച്ചിരുന്ന വടകരക്കാരി പെൺകുട്ടിയുടെ കല്യാണം കൂടണം എന്ന ആഗ്രഹം അവൻ പറയാൻ തുടങ്ങിട്ട് കുറേ നാളായി. വടക്കോട്ട് അധികം യാത്ര ചെയ്യാത്തത് കൊണ്ടാവണം വടക്കനായ എന്നെ അവൻ കൂടെ ചെല്ലാൻ നിർബന്ധിക്കുന്നത്. മലപ്പുറവും വടകരയും വല്യ ദൂരമൊന്നും ഇല്ലതാനും. അങ്ങനെ ആ വെള്ളിയാഴ്ച ഞങ്ങൾ ഓഫിസിൽ നിന്നും നേരത്തെ ഇറങ്ങി. ആദ്യം നേരെ കോട്ടക്കൽ ഉള്ള എന്റെ വീട്ടിലേക്ക്. അടുത്ത നാൾ നേരെ വടകര കല്യാണം കൂടി, അവിടുന്ന് തിരിച്ച് തിരുവന്തപുരം. അതാണ് പ്ലാൻ.. അങ്ങനെ വിചാരിച്ചപോലെ എന്റെ വീട്ടിൽ ഒരുനാൾ തങ്ങിയ ശേഷം ഞങ്ങൾ വടകരയിലേക്ക് തിരിച്ചു. സത്യത്തിൽ എനിക്ക് നല്ല ജാള്യത തോന്നിയിരുന്നു. ഒരു പരിചയവുമില്ലാത്ത സ്ഥലവും ആൾക്കാരും. കൂടെ ഉള്ള സുഹൃത്തിനാണെങ്കിൽ കല്യാണ പെണ്ണിനെ അല്ലാതെ ആരേയും അറിയില്ല താനും.. വടകര മുസ്ലിം കല്യാണ വിരുന്നു ഉഷാറാണെന്ന ഒരു കേട്ടറിവ് ഉണ്ട് എനിക്ക്. ഏതായാലും വണ്ടിയും എടുത്ത് ഞങ്ങൾ ഇറങ്ങി...

3 മണിക്കൂർ കൊണ്ട് ഞങ്ങൾ വടകര എത്തി. ചോദിച്ചു ചോദിച്ചു പോയത് കാരണം വഴിതെറ്റാതെ മൂറാട് പുഴയോട് ചേർന്നുള്ള ഒരു ഗ്രാമപ്രദേശത്തിൽ ഉള്ള കല്യാണ വീട്ടിൽ എത്തിച്ചേർന്നു. ഒരു പരുങ്ങലോടെ വണ്ടി പാർക്ക് ചെയ്‌ത് പന്തലിട്ട ആ പഴയ തറവാട് ലക്ഷ്യമാക്കി നടന്നു. മുൻപിൽ എന്റെ സുഹൃത്തിനെയും തള്ളി വിട്ടു അവന്റെ മറവിൽ ഞാനും നടന്നു. മുറ്റത്തു തന്നെ പെണ്ണിന്റെ ഉപ്പയും സഹോദരനും നിൽക്കുന്നുണ്ട് (ഞങ്ങളുടെ ഊഹമായിരുന്നു). "നീ ആദ്യം മിണ്ടണം" ഞാൻ കൂട്ടുകാരനെ ചട്ടം കെട്ടി. അവൻ അല്ലെങ്കിലെ സംസാരിക്കാൻ ഇത്തിരി വീക്കാ. ഞങ്ങൾ അടുത്തെത്തിയതും ഉപ്പ ഞങ്ങട കൈൽ കയറി ഒരു പിടുത്തവും തുടർന്ന് ഒരു ചോദ്യവും "ന്താ എത്ര വൈകിയത്. നിങ്ങളൊക്കെ നേരെത്തെ വരണ്ടേ... ബെക്കം പോയി നാസ്ത കൈക്കീൻ..." ആ പറച്ചിലിൽ നിഷ്കളങ്കമായ പരിഭവം ഞാൻ കണ്ടു. ഞാൻ ഉറപ്പിച്ചു ഉപ്പാക്ക് ആളു തെറ്റിയതാവും അല്ലാതെ എന്നെ അറിയാൻ ഒരു തരവും... മറുത്തൊന്നും പറയാൻ അനുവദിക്കാതെ ഉപ്പ ഞങ്ങളെ ഭക്ഷണ സ്ഥലത്തേക്ക് തള്ളി വിട്ടു. ഞങ്ങളെ കൈയ്യും പിടിച്ചു സഹോദരൻ പറമ്പിൽ സജ്ജീകരിച്ച തീൻമേശക്കു മുൻപിൽ  ഇരുത്തി.. ഞങ്ങൾ കൊണ്ടുവന്ന ഗിഫ്റ്റ് ആ തിരക്കിൽ ആരോ എടുത്ത് വീട്ടിൽ കൊണ്ട് വെച്ചു. 

ഞാനും എന്റെ സുഹൃത്തും മുഖത്തോടു മുഖം നോക്കി ആശ്ചര്യത്തോടെ ഇരുന്നു നാസ്ത കഴിച്ചു. ഇടയ്ക്ക് കല്യാണ പെണ്ണ് ജനാലയിലൂടെ ഞങ്ങളെ കൈ വീശി കാണിച്ചു. ഞാൻ ഫ്രണ്ട്‌ ആണെന്ന് അവൻ പരിചയപെടുത്തി. അവിടെ മൈലാഞ്ചി ഇടുന്ന തിരക്കായത് കൊണ്ട് അവൾക്ക് ഞങ്ങളുടെ അടുത്തേക്ക് വരാൻ സാധിച്ചില്ല. 3 വയസുള്ള അവളുടെ കുഞ്ഞനിയനെ അവൾ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ചു. എന്റെ മടിയിൽ കയറി ഇരുന്നു അവൻ പ്ലേറ്റിൽ നിന്നു എന്തൊക്കെയോ  വാരി കഴിച്ചു... ഭക്ഷണ ശേഷം പെട്ടെന്ന് അവളുടെ മൂത്ത സഹോദരൻ എന്റെ കൈയ്യിൽ കാറിന്റെ താക്കോൽ തന്ന്  "ജംഗ്ഷനിൽ 2 പേർ ഇങ്ങട് വരാൻ നിൽക്കുന്നുണ്ട്.. മുത്തേ നീ പോയി ഒന്ന് കൂട്ടികൊണ്ടട.." എന്ന്‌ പറഞ്ഞു കവിളിൽ നുള്ളി കൊണ്ട് എങ്ങോട്ടോ പോയി. ചെവിയിൽ മൊബൈൽ ഉള്ളത് കാരണം ഞാൻ പുള്ളിയോട് ഒന്നും പറയാൻ നിൽക്കാതെ തലയാട്ടി.. എനിക്ക് ഒരു കാര്യം മനസ്സിലായി ആർക്കും എന്നെ പിടികിട്ടിയിട്ടില്ല പക്ഷേ എന്തോ ഒരു വിശ്വാസം എന്നിൽ ഉണ്ടായിരിക്കാം...

പതുക്കെ പതുക്കെ ആ സ്ഥലത്തോടും കുടുംബത്തോടും വല്ലാത്ത ഒരു അടുപ്പം എനിക്ക് തോന്നി. നമ്മുടെ  സ്വന്തം കുടുംബത്തിൽ മാത്രം എടുക്കാൻ പറ്റുന്ന ഒരു സ്വാതന്ത്രം എനിക്ക് അവിടെ കിട്ടി.. നിസാര സമയം കൊണ്ട് അവിടുത്തെ എല്ലാ കാര്യങ്ങളും നോക്കാനും ചുമതല പെടുത്താനും പോന്ന ഒരു സ്ഥാനം എനിക്കവർ തന്നു.. കൂടെ വന്ന സുഹൃത്തിനെ പിന്നെ ഞാൻ കണ്ടതേയില്ല... പാവം അവൻ എന്നെ ചീത്ത വിളിക്കുന്നുണ്ടാവും.. വൈകിട്ട് എന്റെ കാറിന്റെ ഡിക്കിയിൽ ഒരു ചെമ്പ് ബിരിയാണി വെച്ച് തരാനും ഉപ്പ മറന്നില്ല. പോകാൻ നേരം തിരക്കിനിടയിൽ ഉപ്പ വന്നു എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു "ഈയ് പോയി വാ മുത്തെ.. എല്ലാരോടും ഇന്റെ അന്വേഷണം പറയണം അആഹ്" എന്നെ ശരിക്കും മനസ്സിലായോ എന്ന്‌ ചോദിക്കണം എന്ന് എനിക്ക് ഉണ്ടായിരുന്നു. പക്ഷെ അത്‌ ആ സന്ദർഭത്തിൽ എല്ലാർക്കും അരോചകമായി തോന്നും എന്ന്‌ എനിക്ക് മനസിലായി...

എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.. തിരിച്ചു പോകുന്ന വഴി നീളെ  ഞാൻ ഓർക്കുകയായിരുന്നു- അവർക്കെന്റെ പേരറിയില്ല, നാടറിയില്ല, ആരെന്നുപോലും അറിയില്ല. പോകാൻ നേരം ആരും ചോദിച്ചതും ഇല്ല. പക്ഷെ ഒരു സഹോദരന്റെയോ അല്ലെങ്കിൽ ഒരു മകന്റെയോ സ്ഥാനം കുറച്ചു സമയത്തേക്കാണെങ്കിലും തന്നത് എന്തിനായിരുന്നു, ഇനി കാണില്ല എന്നറിഞ്ഞിട്ടും.. നിരുപാധികമായ സ്നേഹം എന്തെന്ന് ഞാൻ അവിടെ വെച്ചറിഞ്ഞു.. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഒരു നിമിഷത്തെ ബന്ധം മതി എന്ന്‌ മനസിലാക്കാൻ  വടകരയിലെ ആ കല്യാണം മാത്രം ഓർത്താൽ മതി.. വീടെത്താൻ നേരം സുഹൃത്ത് എന്നോട് ചോദിച്ചു "ശരിക്കും ഒരു പൊളപ്പൻ കല്യാണമാണല്ലേ വടകര കല്യാണം"

Content Summary: Malayalam Short Story ' Vadakara Kalyanam ' Written by Vyshak Vilyalath

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS