ADVERTISEMENT

പഴയക്കൂർ മാളിയേലെ റഫേൽ തരകൻ അന്തരിച്ചു. ചുള്ളിക്കാട് ഹൈറേഞ്ചിലെ പ്രമാണിയാണ് അയാൾ. തരകനെ അടക്കം ചെയ്യാൻ വാത്തിതൊമ്മൻ പഴയക്കൂറുകാരുടെ കുടുംബക്കല്ലറ തുറന്നു. മുകളിൽ നിന്നു മണൽ മാറ്റി താഴേക്കു ചെന്നപ്പോൾ പഴകിദ്രവിച്ചൊരു ശവപ്പെട്ടിയുടെ അവശിഷ്ടങ്ങളും, എല്ലുകളും കിട്ടി. അതെല്ലാം പെറുക്കി കരയിലേക്കിട്ടു. പഴയക്കൂറിലെ ഏതോ വെളുത്തവന്റെ അസ്ഥികളായിരിക്കും. തൊമ്മനോർത്തു. വെളുത്തജൂതപ്പള്ളിയിലെ സർവകാര്യക്കാരായിരുന്നു പഴയക്കൂറുകാർ. ബ്രിട്ടീഷ് ഭരണകാലത്ത് പോർച്ചുഗലിൽ നിന്ന് കച്ചവടത്തിനായെത്തിയ ജൂതൻമാർ നിർമ്മിച്ച പള്ളിയായിരുന്നു ചുള്ളിപ്പാറയിലെ വെളുത്തജൂതപ്പള്ളി. വംശീയ വേർതിരിവ് അമിതമായുണ്ടായിരുന്ന വെളുത്തജൂതൻമാർ കറുത്തവർക്കായി മറ്റൊരു പള്ളി പണിയിപ്പിച്ച് കൊടുത്തു. പ്രത്യേക സെമിത്തേരിക്കുള്ള ഭൂമിയും നൽകി. കറുത്തജൂതപ്പള്ളിക്കെട്ടിടം കൊടുങ്കാറ്റിലും, പേമാരിയിലും കാലങ്ങൾക്കപ്പുറം നശിച്ചു നിലംപൊത്തി. കറുത്തവർക്കെല്ലാം പഴയക്കൂറുകാരുടെ പള്ളിയിൽ പ്രവേശനം നിഷിദ്ധമായിരുന്നു. കറുത്തജൂതൻമാരുടെ പിൻമുറക്കാർ അവർക്കായി വഴിയരികിലൊരു കുരിശടി നിർമ്മിച്ചു. തകർന്നുപോയ പള്ളിപ്പറമ്പിലെ സെമിത്തേരി ആ പിൻമുറക്കാർക്കും, കുറച്ച് ഭാഗം തെമ്മാടിക്കുഴിയുമായി മാറി. ശവക്കുഴിതോണ്ടലും, കല്ലറപ്പണിയുമൊക്കെ തൊമ്മൻ ഏറ്റെടുത്തു. അങ്ങനെ അവൻ വാത്തി തൊമ്മനായി. പലപ്പോഴും മകൾ വറീതയും അയാൾക്കു സഹായിയായി കൂടാറുണ്ട്.

ഒരു മാസം മുൻപായിരുന്നു. എസ്റ്റേറ്റ്ലായത്തിലെ വർക്കി തൂങ്ങിച്ചത്തപ്പോൾ രണ്ടുപേരും ചേർന്നു തെമ്മാടിക്കുഴിയിൽ കുഴിച്ചിട്ടത്. മുണ്ടിന്റെ കോന്തലയിൽ കോർത്തു വച്ചിരുന്ന മുളവടി ഊരിയെടുത്തു തൊമ്മൻ കുഴിയുടെ അളവെടുക്കും. ചെറിയ മുളവടി മുകളിലെ തുമ്പിൽ പിടിച്ച് വലിച്ചപ്പോൾ അകത്ത് നിന്നത് നീണ്ടു വന്നു. ഏഴടിയോളം നീളമുള്ളൊരു വടിയായതു മാറും. നിലത്തുവച്ചളന്നു നീളത്തിൽ മൺവെട്ടി കൊണ്ട് തലപ്പത്തും, താഴെയുമായി മണ്ണിൽ ഒരോ വെട്ടു വെട്ടി അടയാളപ്പെടുത്തി. മുളവടി പിന്നെയും മുകളിൽ നിന്ന് അകത്തേക്ക് തള്ളി തൊമ്മനത് ചെറുതാക്കി. മൂന്നരയടി നീളത്തിലുള്ള ചെറിയ വടിയായി മാറിയത്. തലപ്പത്തെയും, താഴത്തെയും വെട്ടിന് കുറുകെ കുരിശ് പോലെയത് വച്ചളന്നു രണ്ടടയാളങ്ങൾ ഇരുവശങ്ങളിലുമിടും. കുഴി പൂർത്തിയായിക്കഴുമ്പോൾ തൊമ്മൻ പറയും ''മോൻ ചെന്ന് ആ നാറിയെ ഇങ്ങെടുത്തോണ്ടുവാ'' തൊമ്മന് വറീത ഒരു ആൺകുട്ടിയെ പോലെയായിരുന്നു. അഞ്ചരയടി ഉയരവും, ഉറച്ച ശരീരവുമായവൾ മണൽ ചവിട്ടിമെതിച്ച് ഗേറ്റിനരികിലേക്കു നടക്കും. ഗേറ്റിനപ്പുറത്ത് ശവം കൊണ്ട് ഇട്ടിട്ടുണ്ടാകും. പാവാട മുട്ടോളം ഉയർത്തി കെട്ടിവച്ചു, ചുണ്ടുകൾക്കുള്ളിൽ എന്തോ പിറുപിറുത്തു കൊണ്ടവൾ ആ ശവത്തിന്റെ കാലുകളിൽ പിടിച്ചാഞ്ഞു വലിച്ചു. മണലിലൂടെ ഇഴഞ്ഞ് ആ ശവശരീരം ഗേറ്റിനിപ്പുറം വന്നു. കമുകിൻപാളയിൽ വച്ചൊരു കുട്ടിയെ വലിക്കുന്ന ലാഘവത്തോടവൾ നടന്നു. മുള്ളിലും, കല്ലുകളിലും ഉരഞ്ഞ് ആ ശവശരീരം കീറി മുറിഞ്ഞു. ഉടുതുണി മുള്ളുകളിൽ കുരുങ്ങി പറിഞ്ഞ് പോയിരുന്നു. കറുത്ത നിറത്തിൽ എല്ലുകൾ പുറത്തേക്കുന്തിയിരുന്നു അവന്റെ പൃഷ്ഠം. വലിച്ചുകൊണ്ടുവന്ന ആവേശത്തിൽ അവൾ ആ ശവം കുഴിയിലേക്ക് തള്ളി.

"ദാ അപ്പാ ഈ നാറിയ്ക്കിനി ഉടുതുണിയൊന്നും വേണ്ട. സ്വന്തം പിള്ളേ തിരിച്ചറിയാത്ത നായ." കുഴിയിലേക്ക് കമിഴ്ന്ന് വീണ ശരീരം തൊമ്മൻ മലർത്തി കിടത്തി. തുറന്ന വായും, മൂക്കും നിറയെ മണൽ കയറിയിരുന്നു. അരയ്ക്ക് താഴെ രക്തം കട്ടപ്പിടിച്ചിരിക്കുന്നു. താടിക്ക് താഴെയായി കഴുത്തിൽ കയർ ഇറുകിയതിന്റെ രക്തം ചത്ത അടയാളം. തൊമ്മൻ വലതു കാലുയർത്തി അവന്റെ പൊക്കിളിന് താഴെ മുഴച്ചു നിൽക്കുന്നതിലേക്കാഞ്ഞ് ചവിട്ടി. ''സ്വന്തം പിള്ളയാണെന്നെങ്കിലും ഓർത്തൂടായിരുന്നോടാ നായെ. അവളെ നശിപ്പിക്കാതെ നെനക്കങ്ങ് കെട്ടിത്തൂങ്ങി ചത്തൂടായിരുന്നോ?" "അപ്പനിങ്ങോട്ട് കയറിക്കേ ഞാൻ മൂടാം" കുഴിയിൽ നിന്ന് തൊമ്മനെ അവൾ കൈപിടിച്ച് മുകളിലേക്കു കയറ്റി. മണൽക്കൂനയ്ക്ക് മുകളിലിരുന്ന് തൊമ്മൻ കിതപ്പാറ്റി. വറീത കാർക്കിച്ചു തുപ്പുകയും കാലുയർത്തി ചവിട്ടുന്നതിന്റെയും ശബ്ദം ഉയരുന്നുണ്ടായിരുന്നു. കുഴി, മൂടിത്തീർന്നു. തൊമ്മനും വറീതയും നനഞ്ഞമണൽ കാൽകൊണ്ട് ചവിട്ടി ഉറപ്പിച്ചു. കുറച്ച് കള്ളിമുള്ളുകൾ വെട്ടി തൊമ്മൻ കുഴിക്ക് മുകളിൽ വച്ചു. ''അത്രയ്ക്കൊന്നും വേണ്ടപ്പാ ഈ തെണ്ടിയെ നാളെ പട്ടി തിന്നണെങ്കിൽ കുറച്ചതും തിന്നോട്ടെന്നേ " വറീതയുടെ അരിശം മാറിയിട്ടില്ലായിരുന്നു. "അല്ല പിള്ളേ നാളെ വീണ്ടും നമ്മള് തന്നെ തോണ്ടിയിടണ്ടേ.?"

ഇതെല്ലാം കഴിഞ്ഞിട്ട് ഒരു മാസമായിരുന്നു. പിന്നെ, ഇപ്പൊഴാണ് അപ്പനും മകൾക്കും ഒരു കുഴിവെട്ട് കിട്ടുന്നത്. അതും പഴയക്കൂർ പള്ളിയിൽ. അവിടത്തെ വാത്തിയാനും തൊമ്മൻ തന്നെയായിരുന്നു. പള്ളിയിലേക്കു പ്രവേശനമില്ല. സെമിത്തേരിയിലേക്കു മാത്രം. വെളുത്തജൂതൻമാരുടെ പള്ളി ഏറ്റെടുത്ത പിൻമുറക്കാർ വെളുത്തവിശ്വാസികളായി മാറി. പഴക്കൂറുകാരാണ് അതിന്റെ സർവകാര്യക്കാർ. കല്ലറ തുറക്കാനും, കുഴിവെട്ടാനും മാത്രം വാത്തി തൊമ്മനവിടെ പ്രവേശനമുണ്ട്. കുഴിവെട്ടി കഴിയുമ്പോൾ കപ്യാര് കുര്യച്ചൻ അകലെ നിന്നുറക്കെ വിളിച്ച് ചോദിക്കും. "വാത്തിയാനെ കുഴി എന്തായി?" "തീർന്നച്ചോ" തൊമ്മൻ വിളിച്ചു പറയും. തൊമ്മന് വികാരിയച്ചനും, കപ്യാരുമൊക്കെ അച്ചനായിരുന്നു. "തൊമ്മച്ചാ നീ നിന്റെ പണി സാധനങ്ങളുമായി സ്ഥലം വിട്ടോളു. വിശ്വാസികളെത്താൻ നേരമായി" കുര്യച്ചൻ പറയുന്നത് കേട്ട് തൊമ്മൻ കൂന്താലിയും, മറ്റ് സാധനങ്ങളുമായി സെമിത്തേരി കടക്കും. അതിനുശേഷം മാത്രമെ കപ്യാര് കുര്യച്ചൻ അകത്തേക്ക് കടക്കുകയുള്ളു. അരികുകൾ വൃത്തിയായി അരിഞ്ഞെടുത്ത് മനോഹരമായൊരു ശവപ്പെട്ടി പോലെയാണ് തൊമ്മൻ കുഴി തയാറാക്കിയിരിക്കുന്നത്. ഹനാൻ വെള്ളം തളിച്ച് അശുദ്ധി മാറ്റും. പിന്നെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്.

തരകനുള്ള കല്ലറ വൃത്തിയാക്കി തൊമ്മൻ കരയിലേക്ക് കയറിയപ്പോഴാണ്. പെട്ടെന്ന് ആണി തറയ്ക്കും പോലൊരു വേദന ഇടത്തെ നെഞ്ചിലുണ്ടായത്. നിന്ന നിൽപ്പിൽ ഒന്നാടി, വെട്ടിയിട്ട തടി പോലെ കല്ലറക്കുള്ളിലേക്കു വീണു. കപ്യാർ കുര്യച്ചൻ കല്ലറ എന്തായെന്ന് നോക്കാൻ വന്നപ്പോൾ തൊമ്മനെ കാണാനില്ല. അകലെ മാറി നിന്നു കുര്യച്ചൻ വിളിച്ചു. "തൊമ്മച്ചാ തൊമ്മച്ചാ ടാ വാത്തിയേ" ഉറക്കെ വിളിച്ചിട്ടും മറുപടിയൊന്നുമില്ല. കുര്യച്ചൻ കല്ലറയ്ക്കരികിലേക്കെത്തി നോക്കി. തൊമ്മൻ കല്ലറയുടെ ഉള്ളിൽ കിടക്കുന്നുണ്ട്. തുറന്നിരിക്കുന്ന വായ്ക്കുള്ളിൽ നിന്ന് ചോര ഒരു വശത്തേക്ക് പതഞ്ഞൊഴുകുന്നു. അച്ചോ എന്നു വിളിച്ചു കൊണ്ട് കുര്യച്ചൻ പള്ളിയിലേക്കോടി. തരകന്റെ ശരീരം പള്ളിയിൽ എത്തുന്നതിന് മുൻപെ കല്ലറ ശരിയാക്കാനായി വറീതയെ കൊണ്ടു വന്നു. "പെണ്ണെ പള്ളിക്കുള്ളിലേക്കു കടക്കണ്ട. സെമിത്തേരിക്ക് പുറകിലെ വഴിയിൽ കൂടെ വന്നാ മതി." കുര്യച്ചൻ അവളോടു പറഞ്ഞു. വെള്ളയും, കറുപ്പും നിറത്തിൽ മാർബിളും, ഗ്രാനൈറ്റും പാകിയ ഭംഗിയാർന്ന കല്ലറകൾ. പല വർണ്ണങ്ങളിലുള്ള കടലാസ്സ് പൂക്കൾ നിറഞ്ഞ ചെടികൾ ചുറ്റിനും വച്ചു പിടിപ്പിച്ചിരിക്കുന്നു. നിർവികാരമായിരുന്നു വറീതയുടെ മുഖം. തൊമ്മന്റെ ശരീരം നോക്കിയവൾ അൽപ്പനേരം നിന്നു. ആണിന്റെ കരുത്തും പെണ്ണിന്റെ ധൈര്യവുമായിരുന്നു. അവളുടെ കൈകൾക്കും, മനസ്സിനും. തൊമ്മന്റെ ശരീരം പൊക്കിയെടുത്ത് കരയിലേക്ക് മാറ്റി. കല്ലറ വൃത്തിയാക്കി. തൊമ്മന്റെ ശരീരവും തോളിൽ ചുമന്നവൾ കാലുകൾ നീട്ടി വച്ച് തെമ്മാടിക്കുഴിയിലേക്ക് നടന്നു. ചെമ്പിച്ച തലമുടികൾ കാറ്റിൽ പാറിപ്പറന്നു.

തെമ്മാടിക്കുഴിയുടെ ഗേറ്റിനരിലെത്തി അപ്പനെ സാവധാനം തറയിൽ കിടത്തി. തെമ്മാടിപ്പറമ്പിനുള്ളിൽ അപ്പനായി സ്ഥലം തിരഞ്ഞു. സ്വയം ഹത്യയും, തെമ്മാടികളും അല്ലാത്തവൻമാർക്കിടയിൽ അവളൊരു സ്ഥലം കണ്ടെത്തി. മുളവടി കൊണ്ട് അളവുകോലിട്ടു. പുറകിലൊരു കാൽപ്പെരുമാറ്റം കേട്ടു വറീത തിരിഞ്ഞു നോക്കി. വരത്തൻ കാളീശ്വരൻ. വികൃത രൂപം. പഴയക്കൂറിലിന്നു ചത്തുപോയ റാഫേൽ തരകന്റെ കൊച്ചുമകൻ തര്യന്റെ കൈക്കാരനാണവൻ. "അച്ചൻ പറഞ്ഞു പെണ്ണിനെ സഗായിക്കാൻ." അവൻ കൂന്താലിയെടുത്ത് അവൾ അളന്നിട്ട മണ്ണിൽ കുഴി കുത്തി തുടങ്ങി. ഇടയിൽ തടഞ്ഞ എല്ലിൻ കഷണങ്ങൾ മടിയില്ലാതെ വാരി മാറ്റി അവൻ കുഴി പൂർത്തിയാക്കി. തൊമ്മന്റെ ശവശരീരം ഗേറ്റിനപ്പുറത്ത് നിന്ന് നിലത്തുരക്കാതെ അവൻ തോളിൽ ചുമന്ന് കൊണ്ടു വന്നു. കുഴിയുടെ ഉള്ളിലേക്കിറങ്ങി നിന്ന് വറീത അപ്പനെ വാങ്ങി നിലത്തു കിടത്തി. തൊമ്മന്റെ മെലിഞ്ഞ ശരീരം ഒരു കൊച്ചുകുട്ടിയുടേതു പോലെയാണ് അവളേറ്റു വാങ്ങിയത്. കുഴി മൂടിക്കഴിഞ്ഞു. ''ഇനി താനൊരു അനാഥയാണ്. അപ്പൻ ഇനിയില്ല.'' അമർത്തിവയ്ക്കുന്ന സങ്കടം അണകെട്ടി നിർത്തിയ പുഴയിലെ ഒഴുക്കിനെപ്പോലെയാണ്. എവിടെങ്കിലും ചെറിയൊരു വിള്ളലുണ്ടാകും. വെള്ളം അതുവഴി പതിയെ അണമുറിച്ചിപ്പുറം വരും. പിന്നെ അതിന്റെ ശക്തി കൂടും. വിള്ളൽ വലിയൊരു വിടവായിമാറും. വെള്ളം അതിലൂടെ കുതിച്ചൊഴുകിവരും. അണക്കെട്ട് തകരും. സങ്കടവും അതുപോലെയാണ്.

ശക്തമായൊരു കൊള്ളിയാന് അകമ്പടിയായി എത്തിയ ഇടിയോടൊപ്പം വറീതയുടെ അപ്പാ എന്ന വിളി അലിഞ്ഞു ചേർന്നു "അപ്പാ അപ്പാ.. " എന്നു വിളിച്ചു കൊണ്ടവൾ നിലത്തേക്കിരുന്നു. മഴ ശക്തമായി പെയ്തു തുടങ്ങിയിരുന്നു. അവൾ നിലത്തിരുന്നു കരഞ്ഞു. മഴയോടൊപ്പം അവളുടെ സങ്കടവും പെയ്തു തോർന്നു. കാളീശ്വരൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു. ആകാശത്ത് ചന്ദ്രനെ മറഞ്ഞു നിന്നിരുന്ന കാർമേഘങ്ങൾ ഒഴുകി മാറി. കാളീശ്വരന്റെ മുഖം നിലാവിന്റെ വെട്ടം അവൾക്ക് കാണിച്ചു കൊടുത്തു. മഴത്തുള്ളികൾ അവന്റെ പ്രാകൃതമായ തലമുടികളിലേക്കു പെയ്തിറങ്ങി. അപ്പാ എന്നൊരു ദുർബല ശബ്ദം അവളുരുവിട്ടു കൊണ്ടിരുന്നു. അവനവളെ മാറിലേക്ക് ചേർത്തു നിർത്തി. അണക്കെട്ടുകളുടെ തടസ്സമില്ലാതെ പുഴ ശാന്തമായൊഴുകി. കാലം സഞ്ചരിച്ചുകൊണ്ടിരുന്നു. ഹൈറേഞ്ചിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. മോളിക്കുട്ടി വിഷം കുടിച്ചു ചത്തു. പഴയക്കൂറിലെ കൊച്ചു തര്യൻ പനി പിടിച്ചു മരിച്ചു. കാളീശ്വരൻ സേവ്യറച്ചന്റെടുത്ത് കുമ്പസരിച്ചു. സേവ്യറച്ചൻ പള്ളിമാറിപ്പോയി. പുഴക്കരയിൽ നിന്ന കുന്നിമരം കുഞ്ഞമ്മയുടെ കള്ള് ഷാപ്പായ ഓലപ്പുരയിലേക്കു മഴയത്തു കടപുഴകി വീണു. ഓലപ്പുര പുഴവെള്ളം കൊണ്ടുപോയി. മോളിക്കുട്ടിയുടെ പ്രേതത്തിനെ കണ്ടു നാട്ടുകാര് പേടിച്ചു. നാട്ടുകാർ തൊമ്മനെ മറന്നു തുടങ്ങിയിരുന്നു.

ചുള്ളിക്കാട് കവലയിലേക്കു കാളീശ്വരൻ തൊമ്മന്റെ സൈക്കിളും ചവിട്ടി വരുമ്പോഴാണ് ചിലരെങ്കിലും അയാളെ ഓർമ്മിക്കുന്നത്. "ടാ കാളീ നിന്റെ പെണ്ണ് പെറാറായോ?" പലചരക്ക് കടയിലെ അവറാച്ചൻ ഉറക്കെ വിളിച്ചു ചോദിച്ചു. കാളിയതു ശ്രദ്ധിക്കാതെ സൈക്കിളുമായി കവലയിൽ ചുറ്റിത്തിരഞ്ഞു. പൈലിയുടെ റബ്ബർ കടയുടെ മുന്നിലെ പടികൾക്ക് മുന്നിലെത്തിയാണ് അവൻ നിന്നത്. മുടിയൊക്കെ മൊട്ടയടിച്ച് അവൻ വൃത്തിയായിരുന്നു. "ന്നാലും നെന്നെ സമ്മയ്ക്കണം കാളീ എവിടെന്നോ വന്ന വരത്തനായിരുന്നു ഉരുക്കു പോലത്തവളുടെ വിയർപ്പിന്റെ ഉപ്പു നുണയാൻ യോഗം." പൈലി പറഞ്ഞതിനും കാത് കൊടുക്കാതെ അവൻ കടത്തിണ്ണയിലിരുന്ന വയറ്റാട്ടി കുഞ്ഞമ്മയുടെ അടുത്തെത്തി. കുഞ്ഞമ്മ, കുറുകിയ കാലുകൾ പീടികത്തിണ്ണയിൽ മുന്നിലേക്ക് നീട്ടിവച്ചിരിക്കുന്നു. വിണ്ടുകീറിയ ഉപ്പൂറ്റിവിടവുകളിലെ അഴുക്ക് തിന്നാൻ ഈച്ചകൾ മത്സരിക്കുന്നുണ്ട്. ഭാണ്ഡക്കെട്ട് അരികിൽ തന്നെയുണ്ടായിരുന്നു. തോളറ്റം വരെ അഴിഞ്ഞുലഞ്ഞു കിടക്കുന്ന നരച്ച ചുരുണ്ട തലമുടി. മാന്തിപ്പറിച്ചെടുത്ത പേനിനെ നഖങ്ങൾക്കിടയിൽ വച്ചവർ ഞെരിച്ചു. മാറിൽ കൂട്ടിക്കെട്ടിയിരുന്ന റൗക്കയുടെ താഴ്ഭാഗത്ത് വലിഞ്ഞു തൂങ്ങിയ മാറിടവും, ഉണക്കമുന്തിരിയെ ഓർമ്മിപ്പിക്കുന്ന മുലക്കണ്ണുകളും കാണാമായിരുന്നു. "എന്താടാ കാളീ ഇച്ചിരി പാൽ കുടിക്കുന്നോ?" പൈലി പിന്നെയും വിളിച്ചു ചോദിച്ചു. പേറെടുക്കുന്ന കുട്ട്യോൾക്ക് തള്ളയ്ക്ക് പാൽ ഇല്ലെങ്കിലോ തള്ള ചത്തുപോയാലോ കുഞ്ഞമ്മയായിരുന്നു അവരുടെ ചെറുപ്പകാലത്ത് പാലൂട്ടിയിരുന്നത്.

വായിൽക്കിടന്ന വെറ്റില മുറുക്കാൻ കുഞ്ഞമ്മ പൈലിയുടെ തിണ്ണയിലേക്ക് നീട്ടി തുപ്പി. "പൈലിയേ അന്റെ തള്ള കൊച്ചമ്മണീടെ മൊലേലും പാൽ ഇല്ലായിരുന്നല്ലോടാ? അന്റെ തന്ത അവറാനും, പിന്നെ ഓള് പെറ്റിട്ട് തൊള്ളകീറി കാറിവിളിച്ച ഇയ്യും ഈ പതച്ചിയുടെ മൊല കടിച്ചീമ്പിയിട്ടുണ്ടെടാ കഴുവേറീ ഇയ്യ് വീട്ടിപ്പോയി അന്റെ തന്തോട് ചോയിക്ക്." പറഞ്ഞു നിർത്തിയപ്പോൾ വായിൽ നിന്നു തെറിച്ചു ചുണ്ടിൽപ്പറ്റിയ മുറുക്കാൻ തുപ്പൽ കുഞ്ഞമ്മ ഇടംകൈ കൊണ്ട് തുടച്ചു. പൈലി കടയ്ക്കുള്ളിൽ തൂക്കിയിട്ടിരുന്ന റബ്ബർ ഷീറ്റിന് പുറകിലേക്ക് മുഖം ഒളിപ്പിച്ചു. "കുഞ്ഞമ്മ പൊരേലേക്ക് വരണം. പിള്ള രണ്ടൂസമായി മിണ്ടണില്ല." തല ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ടാണ് കുഞ്ഞമ്മയോട് അവൻ പറഞ്ഞത്. വയറ്റാട്ടി കുഞ്ഞമ്മയുമായി സൈക്കിളിൽ അവൻ തെമ്മാടിപ്പറമ്പിന് പുറകിലെ പള്ളി വക ഓടിട്ട കുശിനിപ്പുരയിലെത്തി. നിറഗർഭിണിയായ വറീത പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു. വയറിന്റെ ഭാരം താങ്ങാനായി മുതുകിന് പുറകിൽ ഇരു കൈകളും താങ്ങി പിടിപ്പിടിച്ചാണ് നിൽപ്പ്. "വറീതയേ എന്താണ്ടടി കാളിയിപ്പറയണത്." കുഞ്ഞമ്മ, വറീതയുടെ അരികിലെത്തി. അവളുടെ വയറ്റിൽ വലംകൈ ചേർത്തുവച്ചു. ''കുഞ്ഞ് രണ്ടീസായി അനങ്ങണില്ല കുഞ്ഞമ്മേ" തളർന്ന സ്വരത്തിലെ മറുപടി കേട്ട കുഞ്ഞമ്മ അവളുടെ മുഖത്തേക്ക് നോക്കി. ഉറക്കം തൂങ്ങിയ പോലെ കണ്ണുകൾ തളർന്നിരുന്നു. കൺപോളകൾ താഴേക്ക് തുറന്ന് നോക്കി. "വാ മോളെ " ധൃതിയിൽ കുഞ്ഞമ്മ വറീതയുമായി പൊരയ്ക്കകത്തു കയറി. കാളി, പുറത്തെ തിണ്ണയിൽ കാത്തിരുന്നു.

നാഴികകൾ കടന്നു പോയി. കുഞ്ഞമ്മ പുറത്തേക്കു വന്നു. കൈകളിൽ കുഞ്ഞ് ഉണ്ടായിരുന്നു. കാളിയുടെ കൈയ്യിലേക്കവർ കുഞ്ഞിനെ നൽകി. ചുവന്നുതുടുത്തൊരു പെൺകുഞ്ഞ്. കണ്ണുകൾ അടച്ചുറങ്ങുന്നത് പോലെ നിർജ്ജീവമായ ശരീരം. തലമുടി അതിശയിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. തോളറ്റം വരെ വളർന്ന തലമുടി. ചിലയിടങ്ങളിൽ ചോരയുണങ്ങിപ്പിടിച്ചു മുടിയിഴകൾ ചേർന്നൊട്ടി ജടപിടിച്ചിരിക്കുന്നു. ''പിള്ളയെ കിട്ടിയില്ല മോനെ. പിള്ള ഓളുടെ വയറ്റിനുള്ളിൽ ചത്തിട്ട് രണ്ടീസമായി. തള്ളയേം പിള്ളയേം രണ്ടു പാത്രാക്കി തള്ളയെ രക്ഷിച്ചെടുത്തു." കുഞ്ഞമ്മയുടെ വാക്കുകൾ അവന്റെ കാതടപ്പിച്ചു കളഞ്ഞു. ഒച്ചയെല്ലാം നിലച്ചതു പോലെ! ചുറ്റിനും നിശബ്ദത. ഒരു കുഞ്ഞിന്റെ കരച്ചിൽ മാത്രം അകന്നകന്നു പോകുന്നു. വറീതയുടെ കുഞ്ഞ് ചാപിള്ളയായി. വിഷയം കവലയിലെത്തിയപ്പോൾ ഉണ്ടായ ചില സംസാരങ്ങളും, സംശയങ്ങളുടേയും വാർത്ത പള്ളിയിലും എത്തിയിരുന്നു. കപ്യാർ കുര്യച്ചൻ കുശിനിപ്പുരയിലെത്തി. കാളീശ്വരൻ കുഞ്ഞിനെയും മാറോടണച്ചു പിടിച്ചു നിൽക്കുന്നുണ്ടായിരുന്നു. "കാളീ പിള്ളയെ ഇങ്ങനെ വച്ചോണ്ടിരിക്കണ്ട. തെമ്മാടിക്കുഴീൽ കുഴിച്ചിട്ടേക്കാൻ അച്ചൻ പറഞ്ഞു." ഒന്നും മിണ്ടാതെ അവൻ കുര്യച്ചനെ നോക്കി നിന്നു. "അച്ചോ എന്റെ പിള്ളേ പള്ളി സെമിത്തേരിയിൽ കുഴിച്ചിട്ടോട്ടെ? തെമ്മാടിക്കുഴിയിലെ തെമ്മാടികൾക്കിടയിൽ അവളെ കിടത്താൻ എനിക്ക് പേടിയാണ്." വറീത ഒരു ഉൻമാദാവസ്ഥയിലായിരുന്നു. ''അതിപ്പൊ!'' കുര്യച്ചൻ പാതിയിൽ നിർത്തി ഒന്നാലോചിച്ചിട്ട് തുടർന്നു. "അതെങ്ങനെ ശരിയാകാനാണ് വറീത. ജ്ഞാനസ്നാനപ്പെട്ടു നസ്രാണിയാകാത്തൊരു ശരീരം എങ്ങനെ പളളിസെമിത്തേരിയിൽ അടക്കം ചെയ്യും? ഇടവകക്കാരത് സമ്മതിക്കുമോ? അല്ലെങ്കിൽ തന്നെ കാളി നസ്രാണിയാണെന്ന് ഉറപ്പുമില്ല. ശവശരീരത്തിലിനി മാമോദീസ നടത്താമെന്ന് വച്ചാലും ഇടവകക്കാരതും സമ്മതിക്കില്ല. വാത്തിയാന്റെ പിള്ളയെ എങ്ങനെ പഴയക്കൂർ പള്ളിയിൽ കയറ്റും. നീ അവിടെങ്ങാനും തെമ്മാടിപ്പറമ്പിൽ തോണ്ടിയിട്. നേരം ഇരുണ്ടു തുടങ്ങി." കുര്യച്ചൻ കൈയ്യിൽ ഇരുന്ന കുട നിവർത്തി, ഒറ്റയടിപ്പാതയിലൂടെ നടന്നകന്നു.

മുളവടി നിവർക്കാതെ നാലടി നീളത്തിലും വീതിയിലും തെമ്മാടിപ്പറമ്പിനുള്ളിൽ കാളീശ്വരൻ ഒരു കുഴിയെടുത്തു. മാറോടടക്കിപ്പിടിച്ച കുഞ്ഞുമായി വറീത ഗേറ്റിനപ്പുറത്ത് നോക്കി നിന്നു. മൺകൂനകൾക്ക് മുകളിൽ ഓരോരോ രൂപങ്ങൾ. നാവ് നീട്ടി അവർ കാത്തിരിക്കുകയാണ്. അവൾ കാണുന്നുണ്ടായിരുന്നു. സ്വന്തം മകളെ പീഡിപ്പിച്ച് കൊന്നിട്ട് കെട്ടിത്തൂങ്ങി ചത്ത വർക്കി. മോളിക്കുട്ടിയുടെ വീട്ടിൽ ഒളിസേവയ്ക്ക് പോയി വന്നപ്പോൾ പാമ്പ് കടിച്ചു മരിച്ച പൈലി. വിഷം കഴിച്ച് ചത്ത മോളിക്കുട്ടി. "ഇവിടെ വേണ്ട നമുക്കിവിടെ വേണ്ട. പോകാം നമ്മുടെ മോളെ ഇവിടെ കുഴിച്ചിടണ്ട." വറീത പിറുപിറുത്തു. തുണിയിൽ പൊതിഞ്ഞെടുത്ത കുഞ്ഞിനെയും തോളത്ത് കിടത്തി വറീത സൈക്കിളിന് പുറകിൽ ഇരുന്നു. ഹൈറേഞ്ച് കയറ്റമിറങ്ങി കാളിയുടെ സൈക്കിൾ ചെന്ന് നിന്നത് അമ്പലം വകയൊരു ചുടലക്കാട്ടിലായിരുന്നു. ആരും കാണാതെ കൂന്താലിയും എടുത്ത് ചുടലപ്പറമ്പിലേക്കിറങ്ങി. പറമ്പിനുള്ളിൽ കുഴികുത്തി തുടങ്ങിയപ്പോഴാണ് ചിലർ ഓടിയെത്തിയത്. "ആരാടാ കുഴിക്കുന്നത്." കാളീശ്വരനെ കണ്ടവർ നിന്നു. "നീ പള്ളിയിലെ കുഴിവെട്ടി തൊമ്മന്റെ മോളെ കെട്ടിയവനല്ലേ ഇവിടെന്താ കാര്യം?" കൂട്ടത്തിൽ കുടവയറും, കഷണ്ടിയും കയറിയ ഒരാൾ ചോദിച്ചു. "ന്റെ മോളാണ് ചാപിള്ളയായി പോയി. ഇവിടെ കുഴിച്ചിടണം" അവൻ പറഞ്ഞു. "ഇവിടെ അടക്കം ചെയ്യൂല്ല. ദഹിപ്പിക്കലാണ്. അതും ഇത്രയും ചെറിയ കുട്ടിയെ പറ്റൂല്ല. ദേ കണ്ടില്ലേ? അങ്ങോട്ട് നോക്ക്." അയാൾ ചൂണ്ടിക്കാണിച്ചയിടത്ത് വിറക് കത്തിയമരുന്നുണ്ടായിരുന്നു. കാറ്റിലൂടെ കൊഴുപ്പുരുകുന്ന മനംമടുപ്പിക്കുന്ന നാറ്റം പരന്നു. കാളി, അവിടെ നിന്നും സൈക്കിളിൽ വറീതയുമായി കപ്യാർ കുര്യച്ചന്റെ അടുത്തെത്തി. "അച്ചോ എന്റെ മോൾക്കുറങ്ങാൻ നാലടി മണ്ണ് തരണമച്ചോ." വറീത വിലപിച്ചു. "വിശ്വാസികൾ അനുവദിക്കില്ല വറീത." ജ്ഞാനസ്നാനപ്പെട്ടു നസ്രാണിയായ വിശ്വാസികൾക്ക് മാത്രമായുള്ളതാണ് പള്ളിയിലെ കല്ലറകൾ. നിനക്ക് തെമ്മാടിപ്പറമ്പിൽ അവളെ അടക്കം ചെയ്യാലോ" വെളുത്തിശുദ്ധന്റെ വാക്കുകൾ മഴപ്പെയ്ത്തിൽ കലർന്നു.

വറീത നിലത്തുനിന്നെഴുന്നേറ്റു. മുടിവാരി ചുറ്റിയവൾ രക്തം കിനിയുന്ന കണ്ണുകളുമായി കുര്യച്ചനെ നോക്കി. "എന്റെ പിള്ളയെ എന്റെ വയറ്റിനുള്ളിൽ ഞാൻ അടക്കം ചെയ്യുമച്ചോ. കാളിയുടെ മുളവടി കൊണ്ടളന്ന് വയറ് കീറി ഞാനവളെ അതിൽ അടക്കം ചെയ്യും. എന്നിട്ട് എന്റെ മകൾക്ക് കാവലായി ഞാൻ തെമ്മാടിക്കുഴിയിൽ ഉറങ്ങും.'' കോരിച്ചൊരിയുന്ന പേമാരിയോടൊപ്പം വറീത അലറിക്കരഞ്ഞു. കുഞ്ഞിനെ വാരിയെടുത്തു, വറീതയുമായി കാളീശ്വരൻ കല്ലാർ കടവിലേക്കു നടന്നു. കല്ലാർ പുഴ പാറക്കല്ലുകളിൽ തട്ടിത്തെറിച്ച് പതഞ്ഞൊഴുകുന്നു. കടവിൽ ഒരു തോണി കെട്ടിയിട്ടിരുന്നു. കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞൊഴുകാനുള്ള വെമ്പലോടെ കയറുമായി വടംവലി നടത്തുന്ന തോണി. അവൻ അതിനുള്ളിൽ കയറി, അവൾക്കായി കൈ നീട്ടി. ഒരു മറുചോദ്യവുമില്ലാതെ അവൾ കുഞ്ഞിനെയും മാറത്തടക്കി പിടിച്ച് തോണിയിലേക്കു കയറി. അതിനുള്ളിൽ ഉണ്ടായിരുന്ന തുഴയെടുത്തവൻ ദൂരേക്കെറിഞ്ഞു. കയർ അഴിച്ചു വിട്ടു. ഒഴുക്കിനോടൊപ്പം തോണി മുന്നോട്ട് കുതിച്ചു. മഴ, കൂടുതൽ ശക്തിയായി പെയ്തു. നേരം പുലർന്നു തുടങ്ങി. തോണി ഒഴുകി പുഴയും കടലും ഒന്നു ചേരുന്ന പൊഴിക്കരയിലെത്തി. കടൽത്തിര തോണിയെ പുഴയിലേക്കും, പുഴ കടലിലേക്കും അലിയാൻ മത്സരിച്ചു. പതിവ് പോലെ പുഴ, വന്ന വഴിയിലെ കഥകൾ കടലിനോട് പറഞ്ഞു. കാളിയുടേയും, വറീതയുടേയും കഥ കേട്ട കടൽ കരഞ്ഞു. ഒടുവിൽ സ്വയം പരാജയമേറ്റെടുത്ത് കടൽത്തിര പുറകിലേക്ക് മാറി. തിരമാലകൾക്ക് മുകളിലൂടെ കാളീശ്വരനും, കുഞ്ഞും, വറീതയുമായി കടലിലേക്കൊഴുകിച്ചേർന്നു. അവർ ജ്ഞാനസ്നാനപ്പെട്ടു. "പഴയ മനുഷ്യനെ വെള്ളത്തിൽ അടക്കം ചെയ്തു. ക്രിസ്തുവിൽ പുതിയ മനുഷ്യനായി നീ വീണ്ടും ജനിക്കട്ടെ."

Content Summary: Malayalam Short Story ' Mammodisa ' Written by Jayachandran N. T.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com