ADVERTISEMENT

ആ കുമ്മട്ടിക്കടയും കരിക്കട്ടകൊണ്ടോ പെയിന്റു കൊണ്ടെന്നോ തിരിച്ചറിയാത്തവിധം കടയുടെ മുന്നിലെ പലകത്തട്ടിയിൽ എഴുതി ചേർത്ത പേരും ഇപ്പോഴും എന്റെ ഓർമ്മയിൽ മായാതെയുണ്ട്. അമേരിക്കൻ കുമ്മട്ടിക്കട്ട. കറുത്തപലകകൾ കൊണ്ടു നിർമ്മിച്ച അതിന്റെ മുൻവശത്തു തൂങ്ങിക്കിടക്കുന്ന പുളിയച്ചാറുകൾ, അടച്ചുവച്ച ചില്ലുഭരണികളിൽ പലനിറങ്ങളിൽ തിളങ്ങുന്ന മിഠായികൾ. വൃത്താകൃതിയിലുള്ള നുറുക്കുകൾ, പലകത്തട്ടിക്കു മുകളിൽ മുറിച്ചുവച്ചിരിക്കുന്ന നാരങ്ങയുടെ ഗന്ധം.. കടയുടെ മുന്നിൽ എപ്പോഴും പത്രം വായിച്ചുകൊണ്ടിരിക്കുന്ന മെലിഞ്ഞ മനുഷ്യൻ. കിട്ടേട്ടനാണത്. എന്റെ പപ്പായുടെ സുഹൃത്ത്. വർഷങ്ങൾ കടന്നുപോയിട്ടും ഇവയെല്ലാം നിറംമങ്ങാതെ എന്റെ ഹൃദയത്തിൽ നിക്ഷേപിക്കപെട്ടിരിക്കുന്നു. ഞാൻ ഏറെ നാളുകൾക്കുശേഷമാണ് നാട്ടിൽ തിരിച്ചുവരുന്നത്. നാട്ടിലുള്ളവർ പറയുന്ന വിദേശത്തെ സ്വപ്നതുല്യമായ ജീവിതത്തിന്റെ ഒരു പ്രശ്നം സമയമില്ലായ്മയാണ്.

പണം. ജീവിതത്തിന്റെ ആവശ്യങ്ങൾ നടന്നുപോകണമെങ്കിൽ അത് അത്യന്താപേക്ഷിതമാണ്. അതിനായി ഇഷ്ടപ്പെട്ട പ്രൊഫഷൻ തിരഞ്ഞെടുത്തു കുറച്ചുനാൾ നിങ്ങൾ കഷ്ടപ്പെട്ട് പഠിക്കുന്നു. വിദേശത്തോ നാട്ടിലോ നല്ലൊരു ജോലി കരസ്ഥമാക്കുന്നു. പിന്നെ കല്യാണം കഴിക്കുന്നു. പക്ഷേ അതുകൊണ്ടുമാത്രം ജീവിതം പൂർണ്ണമാകുന്നുണ്ടോ? സ്കൂളിൽ പഠിക്കുമ്പോൾ കുറച്ചുകാലം നന്നായി പഠിച്ചാൽ ഭാവിജീവിതം ആനന്ദഭരിതമാക്കാമെന്നു ടീച്ചർമാർ ഉപദേശിച്ചു. അതുകേട്ട് ചില ഫസ്റ്റ്ബെഞ്ചേഴ്‌സിനെപ്പോലെ ഞാനും നന്നായി പഠിച്ചു. പ്ലസ്ടുവിൽ സയൻസ്ഗ്രൂപ്പെടുത്ത് ഉന്നതനിലയിൽ പാസായി. ഗുണ്ടൂരിലെ ഒരു നഴ്സിംഗ്കോളജിൽ നിന്നും ബി.എസ്.സി നഴ്സിംഗും. എനിക്ക് നാട്ടിൽനിന്നു പഠിക്കാനായിരുന്നു താൽപര്യം. അതിനുള്ള മാർക്കും പ്ലസ്ടുവിന് ഞാൻ കരസ്ഥമാക്കിയിരുന്നു. പക്ഷേ അപ്പച്ചൻ സമ്മതിച്ചില്ല. "നാട്ടിൽ നിന്നിട്ട് കാര്യമില്ല. ലോകം കാണണം.." റബർക്കത്തി ടൈലിന്റെ കഷ്ണംകൊണ്ടു തേച്ചു മിനുസ്സപ്പെടുത്തുമ്പോൾ അപ്പച്ചൻ പറയും. എന്നിട്ടു വീടിനു പിറകിലുള്ള രണ്ടേക്കർ റബർത്തോട്ടത്തിലേക്കു ദൃഷ്ടി പതിപ്പിക്കും. ഒരു ദീർഘനിശ്വാസത്തോടൊപ്പം എന്നെ നോക്കി പറയും. "നെനക്കൊരു നല്ല കാലം വരും. അയ്നുള്ള കഴിവ് മോക്ക് കർത്താവ് തന്നിട്ടുണ്ട്.. അന്ന് നീ എനിക്കൊരു ലുങ്കീ ഷർട്ടും മേടിച്ച് തരണം."

എനിക്ക് നല്ലൊരു ചുരിദാർ എടുത്തുതരാൻ കഴിയാത്തതിന്റെ വിഷമമായിരുന്നു ആ വാക്കുകളിൽ തുടിച്ചിരുന്നതെന്ന് എനിക്കു നന്നായി അറിയാമായിരുന്നു. അപ്പോഴെനിക്കെന്തോ എന്റെ ബാല്യകാലം ഓർമ്മവന്നു. ചാച്ചൻ നന്നായി സിഗരട്ടു വലിക്കുമായിരുന്നു. സിഗരട്ടല്ല. ആപ്പിൾബീഡി. ഞങ്ങളുടെ വീടിന്റെ ചെറിയ മുറ്റത്ത് കണിക്കൊന്നപ്പൂവുകൾക്കൊപ്പം ബീഡിക്കുറ്റികൾ ചിതറിക്കിടക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. എനിക്ക് അപ്പന് ഷർട്ട് വാങ്ങിക്കൊടുക്കാൻ കഴിഞ്ഞില്ല. അതിനുമുൻപേ അമിതമായ പുകവലി കാരണം പപ്പാ മരിച്ചു പോയി. ഞാനപ്പോൾ ഫൈനൽ ഇയറിലായിരുന്നു. നഴ്സിംഗും ഹൈമാർക്കോടെ പൂർത്തിയാക്കിയ ഞാൻ ഒടുവിൽ ഒ ഇ റ്റി എഴുതി കംഗാരുക്കളുടെ നാട്ടിലെത്തി. ആരോ അലസമായി അഴിച്ചിട്ട സാരിത്തുമ്പുപോലുള്ള മരുഭൂമികൾ കണ്ടു. നീലക്കടലിന്റെ മനോഹാരിത കണ്ടു. എങ്കിലും ക്രമേണയൊരു മടുപ്പ് നെഞ്ചിൽ വന്നു കുമിഞ്ഞുകൂടുന്നത് ഞാനറിഞ്ഞു.

"നമുക്കൊരുമിച്ച് കേരള കോളജിൽ നിന്നും ഡിഗ്രി ചെയ്യണം. കോളജ് ലൈഫ് അത് വേറൊരു ലെവലാ.." വെളിമാനംസ്കൂളിന്റെ മൂന്നാമത്തെ നിലയിൽ സയൻസ്ഗ്രൂപ്പെടുത്തു പഠിക്കുമ്പോൾ അടുത്തിരുന്ന മരിയ എന്നോട് പറഞ്ഞു. ഞാനപ്പോൾ ബാസ്ക്കറ്റ്ബോൾ വീണുപൊട്ടിയ ക്ലാസ്റൂമിന്റെ ജനാലയിലൂടെ പുറത്തുനോക്കി ഇരിക്കുകയായിരുന്നു. താഴെ ദീർഘചതുരാകൃതിയിലുള്ള സ്കൂൾഗ്രൗണ്ട് മഞ്ഞവെയിലിൽ തിളങ്ങുന്നു. ഗ്രൗണ്ടിനുമപ്പുറം വെളിമാനംപള്ളിയുടെ വലിയ കവാടം കണ്ടു. കവാടത്തിനരികിൽ കൈകൾ താഴ്ത്തി തുറന്നുപിടിച്ചു നിൽക്കുന്ന മാതാവ്. മാതാവിനരികിലൂടെ ഒരു മനുഷ്യൻ തിരക്കിട്ടു നടന്നു പോകുന്നതു കണ്ടു. പൂക്കളുള്ള കൈലി, അയഞ്ഞ പോളിസ്റ്റർ ഷർട്ട് വിയർപ്പിൽ കുതിർന്നിരിക്കുന്നു. കൈയ്യിൽ തൂക്കിപ്പിടിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്കൂടും താക്കോൽക്കൂട്ടവും. കിട്ടേട്ടനാണത്. കിട്ടേട്ടൻ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിൽ പോവുകയാണ്.

വെളിമാനം യു.പി സ്കൂളിന്റെ പിറകിലാണ് പുള്ളിയുടെ വീട്. വെയിൽച്ചൂടു കുറയാൻ മാതാവിനോടു പ്രാർഥിച്ചുകൊണ്ടു നിക്കുന്ന റബർമരങ്ങൾക്കിടയിലൂടെ നടന്ന് പായൽ വഴുക്കുന്ന കുത്തനെയുള്ള പടിക്കെട്ടു കയറിയാൽ കിട്ടേട്ടന്റെ വീട്ടിലെത്താം. ആ വീട് എനിക്കു നല്ല പരിചിതമായിരുന്നു. റബർമരങ്ങൾക്കിടയിൽ ചുണ്ണാമ്പുകട്ട കൊണ്ടു നിർമ്മിച്ച വീട്. പണ്ട് യു.പി സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങളാ റബർത്തോട്ടത്തിൽ ഉച്ചഭക്ഷണം കഴിക്കാൻ പോകുമായിരുന്നു. വള്ളിപ്പയറുകളും തൊട്ടാവാടികളും മുരിക്കുമരങ്ങളും ഇടകലർന്നു വളരുന്ന ആ തോട്ടം പള്ളിയുടെ വകയായിരുന്നു. അതിനു നടുവിലായിട്ടാണ് ആ കുഞ്ഞു വീട്. വീടിനുചുറ്റും എപ്പോഴും പട്ടുമെത്തപോലെ ഉണങ്ങിയ റബറിലകൾ വീണുകിടന്നിരുന്നു. നടക്കുമ്പോൾ നല്ല പതുപതുപ്പനുഭവപ്പെടും. അവിടിവിടായി വീണുകിടക്കുന്ന മുരിക്കിൻപൂവുകൾ കൊണ്ടു വിരലുകളിൽ നീളൻനഖങ്ങൾ വച്ചു പിടിപ്പിച്ചു കളിക്കുന്നത് ഞങ്ങളുടെ ഹോബിയായിരുന്നു. ആ ഉച്ചനേരങ്ങൾ ഇപ്പോഴും എന്റെ ഓർമ്മയിൽ മായാതെയുണ്ട്.

സ്കൂൾമുറ്റത്തെ ഇരുമ്പുടാപ്പിനരികിൽ ചോറ്റുപാത്രം കഴുകുമ്പോൾ ഞാൻ കൂട്ടുകാരികളോടു തള്ളും.. "ഡീ കിട്ടേട്ടൻ എന്റെ അപ്പച്ചന്റെ കൂട്ടുകാരനാ." അവളുമാർ എന്നെ ആരാധനയോടെ നോക്കും. എന്റെ അപ്പന്റെ കൂട്ടുകാരൻ. ആ സ്വാതന്ത്ര്യത്തോടെ ഞാൻ ഇന്റർവെൽ ടൈമിൽ കിട്ടേട്ടന്റെ കടയിൽ കയറിച്ചെല്ലും. കിട്ടേട്ടൻ അപ്പോഴും പത്രം വായന തന്നെയായിരിക്കും. കിട്ടേട്ടൻ വായിച്ചത് തന്നേംപിന്നേം വായിക്കുമെന്ന് ചാച്ചൻ പറഞ്ഞു പിന്നീടാണ് ഞാൻ അറിഞ്ഞത്. ഈ പ്രായത്തിലും ബാലരമ പോലും പുള്ളി വായിക്കുമത്രേ.. അതെനിക്കൊരു അത്ഭുതമായിരുന്നു. ഞാൻ ചെല്ലുന്നതു കാണുമ്പോൾ കിട്ടേട്ടൻ വായിച്ചുകൊണ്ടിരുന്ന പത്രം മടക്കിവച്ച് എന്നെ നോക്കി വാത്സല്യത്തോടെ ചിരിക്കും. കണ്ണടയ്ക്കു മുകളിലൂടെയാണ് കിട്ടേട്ടൻ നോക്കുക. പിന്നെ ചില്ലുഭരണികൾ തുറന്ന് മിഠായികൾ ഞങ്ങൾക്കു സമ്മാനിക്കും. പലനിറങ്ങളിലുള്ള നാരങ്ങാമിഠായികൾ. അപ്പോഴൊക്കെയും കിട്ടേട്ടന്റെ കടയുടെ പേരിലെ കൗതുകം എന്റെ ഉള്ളിൽ തുളുമ്പും. അമേരിക്കൻ കുമ്മട്ടിക്കട! പുള്ളി എന്താണാവോ കടയ്ക്ക് ഇങ്ങനെയൊരു പേരിട്ടത്? ഒരുപക്ഷേ കിട്ടേട്ടന്റെ കൗമാര സ്വപ്നങ്ങളിൽ എവിടെയെങ്കിലും ഒരിക്കലും കിട്ടില്ലാ എന്നുറപ്പുള്ള ഒരു അമേരിക്കൻ പര്യടനത്തിന്റെ ഓർമ്മകളുടെ പൊട്ടും പൊടിയും ഉണ്ടായിരുന്നിരിക്കാം. സാക്ഷാത്കരിക്കപ്പെടാതെപോയ മോഹങ്ങളാണല്ലോ പിന്നീട് ആഗ്രഹങ്ങളുടെ തടയണകളെ തകർത്തുകൊണ്ടൊഴുകുന്നത്.

ഉച്ചയ്ക്ക് ഒരുമണിക്ക് ഉച്ചഭക്ഷണത്തിനുള്ള ലോങ്ങ്ബെൽ മുഴങ്ങും. അപ്പോൾ ഞാൻ സ്കൂളിന്റെ നീളൻവരാന്തയിൽ നിന്നുകൊണ്ടു കിട്ടേട്ടന്റെ കടയിലേക്ക് ഏന്തിവലിഞ്ഞു നോക്കും. പുള്ളി മിക്കപ്പോഴും അപ്പോൾ പുറംതിരിഞ്ഞുനിന്നു കുമ്മട്ടിക്കടയുടെ തട്ടികൾ താഴ്ത്തുന്ന തിരക്കിലായിരിക്കും. റോസ് നിറമുള്ള ഷർട്ടണിഞ്ഞു കനത്തവെയിലിലേക്കു കിട്ടേട്ടൻ ഒരു നാരങ്ങാമിഠായി പോലെ അലിഞ്ഞില്ലാതാകുന്നത് ഞാൻ നോക്കി നിക്കും. വരാന്തയുടെ ഒരറ്റത്തുനിന്നാൽ മാതാവിന്റെ ഗ്രോട്ടോയുടെ അവിടംവരെ കിട്ടേട്ടന്റെ ഷർട്ടിന്റെ നിറം മായാൻ തുടങ്ങുന്ന ഒരു പൊട്ടുപോലെ എനിക്കു കാണാം. ഗ്രോട്ടോ കഴിഞ്ഞാൽ കിട്ടേട്ടൻ നെറ്റിയിൽ ആരോ അമർത്തി തുടച്ചിട്ടെന്നവണ്ണം അന്തരീക്ഷത്തിലേക്ക് അലിഞ്ഞില്ലാതാകും. ആ പോക്കു പോയാൽ കിട്ടേട്ടൻ പിന്നെ രണ്ടു മണിയാകുമ്പോഴേ തിരിച്ചുവരൂ. അതുവരെയും അമേരിക്കൻ കുമ്മട്ടിക്കട അടഞ്ഞുകിടക്കും. പരസ്യം പാടില്ല എന്ന് എഴുതി ചേർത്ത പലകത്തട്ടികളുടെ പുറത്തു പ്രാവുകൾ കാഷ്ടിക്കും.

ഞാനപ്പോൾ പള്ളിയുടെ മുന്നിൽ മൂന്നുനിലകളിലായി തലയെടുപ്പോടെ നിക്കുന്ന വെളിമാനം ഹൈസ്‌കൂളിനെ ഓർമ്മിക്കും. ഹൈസ്കൂളിൽ പ്രവേശിച്ചതും എനിക്കെല്ലാം നഷ്ടമായി. കിട്ടേട്ടന്റെ കുമ്മട്ടിക്കടയും, റബർത്തോട്ടത്തിലെ പാറപ്പുറത്തിരുന്നുള്ള ഉച്ചഭക്ഷണം കഴിയും എല്ലാം ഞാൻ നന്നായി മിസ്സ്‌ ചെയ്തു. ഏതൊക്കെയോ സ്കൂളുകളിൽനിന്നും പ്രവേശനം നേടി വെളിമാനം സ്കൂളിൽ എത്തിയവൾമാർ പ്രത്യേക സ്വഭാവക്കാരായിരുന്നു. മോശേട്ടകൾ. അവളുമാർക്കൊപ്പം ബാക്ക്ബെഞ്ചിൽ തുറന്നുവച്ച കാസറോളിൽനിന്നും ഭക്ഷണം പങ്കിട്ടു കഴിക്കുമ്പോൾ ഞാൻ വീണ്ടും കിട്ടേട്ടനെ ഓർത്തു. കുമ്മട്ടിക്കടയിലെ നാരങ്ങാഅച്ചാറിന്റെ രുചി നാവിലെ രസമുകുളങ്ങളെ ഉണർത്തി. ഹൈസ്കൂളിൽ പഠിക്കുമ്പോഴും ഞാൻ ഇടയ്ക്കിടയ്ക്ക് കിട്ടേട്ടന്റെ അമേരിക്കൻ കുമ്മട്ടിക്കടയിൽ പോയി. കിട്ടേട്ടനോടു വർത്തമാനം പറയാൻ നല്ല രസമാണ്. പുള്ളിക്കറിയാത്ത വിഷയങ്ങളില്ലല്ലോ ഈ അണ്ഡകടാഹത്തിൽ. ചാച്ചൻ കഴിഞ്ഞാൽ പിന്നെ കിട്ടേട്ടനിൽ നിന്നുമാണ് ഞാൻ പുറം ലോകങ്ങളെപ്പറ്റി അറിഞ്ഞത്.

യു.പി സ്കൂളിന്റെ വലിയ മതിലിനരികുപറ്റി വീട്ടിലേക്കൊരു ഷോർട്ട്കട്ടുണ്ട്. അതിലേ പോയാൽ പച്ച പാടശേഖരങ്ങളും, അവയ്ക്കുമുകളിൽ ചിറകിട്ടടിക്കുന്ന വെളുത്ത കൊക്കുകളെയും കാണാം. ആമ്പൽപ്പൂ പൊട്ടിക്കാം. വയൽവരമ്പത്തൂടെ ചെളിയിൽപൂണ്ട കാലു വലിച്ചെടുത്തു നടക്കുമ്പോൾ എനിക്കു വീണ്ടും കിട്ടേട്ടനെ ഓർമ്മ വരും. അപ്പച്ചൻ പറയാറുള്ള ഒട്ടുമിക്ക കഥകളിലും കിട്ടേട്ടനുണ്ടായിരുന്നു. വീട്ടിലെ അണ്ടി കട്ടുപെറുക്കി വിറ്റ് മോരുംവെള്ളം കുടിച്ച അവരുടെ ബാല്യം. എന്റെ അമ്മച്ചിയെ അപ്പച്ചൻ കെട്ടുന്നതുവരെയുള്ള ചാച്ചന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട മുഹൂർത്തങ്ങളിലും കിട്ടേട്ടൻ സന്തതസഹചാരിയായിരുന്നു. പക്ഷേ മരണത്തിൽമാത്രം അപ്പച്ചൻ കിട്ടേട്ടനെക്കാൾ മുൻപേ പോയി. കിട്ടേട്ടന്റെ മരണവാർത്ത ഞാനറിയുന്നത് ലീവുകിട്ടുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപാണ്. പണ്ടു പാടവരമ്പത്തൂടെ നടന്നുപോകുമ്പോൾ കാൽ ചെളിയിൽ പൂണ്ടു പോയിട്ടെന്നവണ്ണം മനസ്സ് നിസഹായതയുടെ ഒരു ചതുപ്പിൽ ആണ്ടുപോകുന്നത് ഞാനറിഞ്ഞു. നാട്ടിൽ വരുമ്പോൾ ഏതെങ്കിലും അവധിദിവസം ഒരിക്കൽകൂടി പഴയസ്കൂളിലൊക്കെ ഒന്നു കയറണം. അന്നു ഞാൻ തീരുമാനിച്ചു. ചില ഓർമ്മകൾ ആരും പെറുക്കാനില്ലാത്ത മാമ്പഴങ്ങൾ പോലെയാണ്.

നീലനിറത്തിൽ സുന്ദരിയായ വെളിമാനംസ്കൂൾ. ചരൽവിരിച്ച മുറ്റത്തെ പൊക്കംകുറഞ്ഞ വശത്തെ മതിലിനരികിൽ ചെറിയൊരു മാവ് തണൽ പടർത്തി നിക്കുന്നു. അതു ഞങ്ങൾ പണ്ടു നട്ടതാണ്. ഇപ്പോൾ ഒരു അഞ്ചാറുപേർക്കു വേണമെങ്കിൽ അതിന്റെ ചുവട്ടിൽ സുഖമായി ചമ്രം പടിഞ്ഞിരുന്നു കള്ളനും പൊലീസും കളിക്കാം. പത്തുമണിവെയിൽ പൊന്നുരുക്കി വീഴ്ത്തുന്ന നീളൻവരാന്ത. വരാന്തയിൽനിന്നും ജനൽപാളികൾക്കിടയിലൂടെ നൂണ്ടുകയറുന്ന വെയിൽ കണ്ടപ്പോൾ ഉള്ളം തുടിച്ചു. ഒരിക്കൽകൂടി ആ ക്ലാസിൽ കയറി സ്കൂൾയൂണിഫോമണിഞ്ഞ് ഇരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ.. ചുമ്മാ മൂത്രപ്പുരയുടെ അരികു ചേർന്നു പോകുന്ന നടപ്പുവഴിയിലൂടെ മെല്ലെ നടന്നു. ഇത് പഴയ യു.പി സ്കൂളിലേക്കു പോകാനുള്ള ഒരു കുറുക്കുവഴിയാണ്. കിട്ടേട്ടന്റെ അമേരിക്കൻ കുമ്മട്ടിക്കടയുടെ പിറകിലാണ് വഴി ചെന്നു ചാടുക. വഴി അവസാനിക്കുന്നിടത്ത് പുളിയച്ചാറുകൾ തൂങ്ങിക്കിടക്കുന്ന കിട്ടേട്ടന്റെ കുമ്മട്ടിക്കട, കടയ്ക്കപ്പുറം പാമ്പിന്റെ കറുത്ത പടം പോലെ നീണ്ടുകിടക്കുന്ന മലയോര ഹൈവേ. ഹൈവേയ്ക്കുമപ്പുറം പഴയ യുപി സ്കൂൾ.

കുറച്ചു നടന്നുകഴിഞ്ഞപ്പോൾ ഹൈവേയും ഹൈവേയ്ക്കപ്പുറം വെളിമാനം യു.പി സ്കൂളിന്റെ മഞ്ഞഗെയ്റ്റും കണ്ടു. ഇവിടെ എന്തോ ഒരു മാറ്റം വന്നിരിക്കുന്നതു പോലെ. എന്തോ ഒരു ശൂന്യത. കിട്ടേട്ടന്റെ കറുത്ത പലകത്തട്ടികൾ കൊണ്ടു നിർമ്മിച്ച ആ പഴയമോഡൽ അമേരിക്കൻ കുമ്മട്ടിക്കട. അത് പൊളിച്ചുമാറ്റിയിരിക്കുന്നു. അതിന്റെ സൈഡിൽ വൈകുന്നേരങ്ങളിൽ പ്രായംചെന്ന ചേട്ടന്മാർ വന്നിരുന്നു പത്രം വായിക്കാറുള്ള ബെഞ്ചു പോലെയാക്കിയ പോസ്റ്റ് പായൽ പിടിച്ച് അനാഥമായി കിടക്കുന്നത് ഞാൻ കണ്ടു. എന്തോ ഒരു വല്ലാത്ത ശൂന്യത ഹൃദയത്തിൽ വന്നു നിറയുന്നതുപോലെ. കടയിരുന്ന സ്ഥലം മാത്രം പുല്ലു കയറാതെ കിടക്കുന്നു. അവിടെ എന്തോ കിടക്കുന്നതു കണ്ടു. അതൊരു പുളിയച്ചാറിന്റെ കവറായിരുന്നു. ആരും സ്പർശിക്കാത്ത ഓർമ്മയുടെ തുണ്ടു പോലെ അത് മണ്ണിൽ പുതഞ്ഞുകിടന്നു. 

Content Summary: Malayalam Short Story ' American Kummattikkada ' Written by Grince George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com