ഒരു സൂര്യകാന്തിപ്പൂവാണ് ഞാൻ...
സൂര്യനെ പ്രണയിച്ച
പൂവാണു ഞാൻ...
അറിയാതെ നിൻ നിഴൽ
നോക്കി നിന്നു
പതറാതെ സ്വപ്നങ്ങൾ
നെയ്തുകൂട്ടി...
കളിയായ് ഒരിക്കലീ -
എന്നെയൊളിച്ചു
നീയൊരുനോക്കു
നോക്കുമെന്നോർത്തുപോയി..!!
അറിയുന്നതില്ലെ ഞാൻ
നിത്യ തപസ്സുപോൽ
പകലോന്റെ തേരിൽ
പ്രകാശച്ചരുവിലെൻ
തളരാത്ത കണ്ണുകൾ
വിടർത്തിനിൽക്കും
കാഴ്ചയറിയാത്ത ഭാവം
നടിക്കയാണോയെന്റെ -
പ്രിയമാനസ്സം നിനക്കന്യമെന്നോ...?!
ഒരു പകൽ മുഴുവൻ
കൊതിച്ചു കാക്കുന്നൊരു വിഫലജന്മം...
സൂര്യാ.... പ്രണയിച്ചുപോയ്...
ഒരു സൂര്യകാന്തിപ്പൂവാണു ഞാൻ
പ്രണയിച്ച തെറ്റിന്റെയിരയാണ് ഞാൻ...!
ആയിരം വെള്ളിവെയിൽ
കരങ്ങൾ നീട്ടി
നീയെന്നെ മെല്ലെ
പുണരുമെന്നും
ആരോടുമില്ലാത്ത
നിൻ പ്രേമഹൃത്തടം
നേരോടെനിക്കു നീ
നൽകുമെന്നും
ഹൃദയവസന്തമായ്
മാറ്റുമെന്നും
നെറുകയിൽ മെല്ലെ
തലോടുമെന്നും
ഒരു വാക്കു മിണ്ടി
ചിരിക്കുമെന്നും
മറുവാക്കിനായ്
കൊതിക്കുമെന്നും
അറിയാതെയറിയുന്നു
എന്റെയുള്ളം.
ഒരുവേള കാണുവാൻ
വൈകുന്നുവോ..?
അറിയാമെനിക്ക്
സത്യത്തിൻ കനൽപ്പക്ഷി...
പറയുന്ന വാക്കെന്റെ
ഹൃത്തിലുണ്ട്...
ഒരുമാത്രപോലും
നിനക്കു ഹൃദയത്തിൽ
ഉദയമായ്ത്തീരില്ല
അർക്കനേത്രം...
അതുതന്നെയെന്നുള്ളിൽ
അലയടിക്കുമ്പോഴും
അതുതന്നെയെൻ
ശാപമാകുമ്പോഴും
അരുതാത്തതെങ്കിൽ
ക്ഷമിക്കുക നീ...
കരുതാൻ കരം നീട്ടി
നിൽക്ക വേണ്ട....
കിരണങ്ങൾകൊണ്ടു
തഴുക വേണ്ട....
തലകുനിച്ചീ സന്ധ്യയിൽ
വാടി ഞാൻ
വെറുതെയീ മണ്ണിൽ
മരിച്ചുവീഴാം...
ഇത് സൂര്യകാന്തി;
പ്രണയമൗനത്തിന്റെ
ഗതികളിൽ
പിടയുമൊരോർമ്മപ്പൂവ്....
Content Summary: Malayalam Poem ' Sooryakanthi ' Written by Reemas Harippad