ADVERTISEMENT

എട്ടിൽ പഠിക്കുമ്പോഴാണ് പാത്തൂന് നല്ല ചേലുള്ള ഒരു നുണ 10-ൽ പഠിക്കുന്ന മൊയ്‌തൂന്റെ വായിൽ നിന്ന് വീണു കിട്ടുന്നത്. "ഇയ്യ് നല്ല മൊഞ്ചുള്ളോളാ... അന്നേ ഞമ്മക്ക് പെരുത്തിഷ്ടാ.. മരിച്ചാലും ഞമ്മള്ളന്നെ മറക്കൂലാ..." ഓളാ കല്ല് വെച്ച നുണ കൈയ്യിലിട്ട് ഉരുട്ടി.. മനക്കോട്ട കെട്ടി. മനസ്സിലിട്ട് അമ്മാനമാടി.. മനസ്സിന്റെ ചെപ്പിലെടുത്തിട്ട് ആരും കാണാതെ ഓമനിച്ച്. പാക്കേങ്കില് പത്തില് തോറ്റപ്പോ മൊയ്തു മീൻകൊട്ട എടുത്തു. പാത്തൂനെ മറന്ന് പൂയ് മീനെന്നും വിളിച്ചു മണ്ടി പാഞ്ഞു നടന്നു. പാത്തൂന്റെ ഖൽബില് ആ കല്ലുവെച്ച നുണ കിടന്ന് വിങ്ങി.

ഓള് പത്തില് തോറ്റപ്പളാ മമ്മദ് ഓളെ മങ്കലം കയിക്കാൻ വന്നത്.. "ഞമ്മന്റെ ഹൂറി അന്നേ ഞമ്മള് ഈ ജീവിതക്കാലം മുഴുക്കനെ കരയാൻ വിടൂല.. പൊന്നുപോലെ നോക്കും." ഓളാ കല്ല് വെച്ച നുണ തെല്ലു നാണത്തോടെ ഖൽബിന്റെ ചെപ്പിലേക്ക് ഉതിർത്തു വിട്ട്.. നിലാവും നോക്കി കിനാവ് കണ്ട്.. മങ്കലം കഴിഞ്ഞ് ഏറെ വൈകാതെ ഓരെ ഉമ്മ പണ്ടം പോരെന്ന് പറഞ്ഞു കലമ്പിയപ്പോ മമ്മദ് ഒന്നും മുണ്ടാതെ തലേം കുമ്പിട്ടു പേരെന്ന് ഇറങ്ങി നടന്നപ്പോ ഓളെ കണ്ണ് കലങ്ങി.. പിന്നെ തൊട്ടേനും പിടിച്ചെനും ഓരെമ്മ പായരം പറഞ്ഞപ്പോ ഓളെ കണ്ണ് പിന്നേം പിന്നേം നനഞ്ഞു. ഉള്ളിരുന്ന് കല്ല്വച്ച നുണയൊന്ന് വിങ്ങി.

പിറ്റേകൊല്ലം പാത്തു തങ്കകുടം പോലൊരു ആങ്കുഞ്ഞിനെ പെറ്റു. പിറ്റേകൊല്ലോം അയിന്റെ പിറ്റേകൊല്ലങ്ങളിലും പാത്തു പെറ്റൊണ്ടിരുന്നു. കുട്ട്യോളെ പോറ്റി കുത്തിരിക്കുമ്പോ "ഇതിന്റെ ഉമ്മയാ ആർക്കും തരൂലാ" എന്നും പറഞ്ഞു മക്കളെല്ലാരും കലമ്പലായി.. ആനന്ദനിർവൃതിയോടെ പാത്തു ആ കല്ല് വച്ച നുണയും കൽബിലാക്കി. പാത്തു ഉമ്മയായി, ഉമ്മുമ്മയായി, കാലം കടന്ന്..

ഇയിനിടയിൽ പടച്ചോൻ വിളിച്ചപ്പോ മമ്മദ് പരലോകം പുൽകി. പേരിനോരു നെഞ്ചുവേദന. ഉമ്മാക്ക് പ്രായേറിയപ്പോ കുട്ട്യോൾക്ക് ബാധ്യതയായി.. ഓരെ ഓരോ കുത്തുവാക്കും പാത്തൂന്റെ ഖൽബിലെ കല്ല് വെച്ച നുണകളെ വിങ്ങിപ്പിച്ച്. വിങ്ങി.. വിങ്ങി നെഞ്ച് വിങ്ങി പാത്തു ഒരീസം മജ്ജത്തായി. "ഉമ്മാ.. ഞമ്മളെ ഒറ്റക്കാക്കി പോയീലോ.. ഇനി ഞങ്ങക്കാരുണ്ട്??". മക്കളൊന്നിച്ച് നേലോളിച്ച്. മരുമക്കൾ ഏറ്റു പിടിച്ചു. ഒടുവിലത്തെ കല്ല്വച്ച നുണ കേട്ട് പാത്തൂന്റെ റൂഹിന് ചിരിപൊട്ടി..!!

Content Summary: Malayalam Short Story ' Kalluvacha Nunakal ' Written by Asnajahan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com