ADVERTISEMENT

വൈകിയുള്ള തിരക്കു നിറഞ്ഞ ഓട്ടങ്ങൾക്കിടയിൽ ഏതൊരു പ്രവാസിയെയും പോലെ വീണുകിട്ടിയ ഒരു അവധിദിനം, രാവിലെ കേൾക്കേണ്ട അലാറത്തിനു പകരം നിലയ്ക്കാത്ത ഫോൺ റിംഗ് ശബ്‌ദം കേട്ട് ഞെട്ടി ഉണർന്ന ഞാൻ.. കണ്ണട തപ്പി കണ്ണിൽ വച്ചു.. മറുവശത്തു അമ്മയാ.. സമയം 5 :18.. എന്തോ അടിയന്തര സാഹചര്യം ആണെന്നു മനസിലായി. 'ഹലോ അമ്മ' പതിഞ്ഞ സ്വരത്തിൽ അമ്മ പറഞ്ഞു “പപ്പയ്ക്കു വയ്യ മോനെ, നല്ല ക്ഷീണവും, തലവേദനയും ഉണ്ട്, ഡ്രിപ് ഇടുവാൻ ഡോക്ടർ പറഞ്ഞു.” രണ്ടു ദിവസമായി രണ്ടു പേർക്കും നല്ല പനി ഉണ്ടായിരുന്നു അതിന്റെ ക്ഷീണം ആയിരിക്കാം.. ഫോൺ വച്ചു.. ഡോക്ടറോട് സംസാരിച്ചു ചില പരിശോധനകൾക്കായി ഡോക്ടർ എഴുതി അതോടൊപ്പം പ്ലേറ്റ്‌ലറ്റ് കൗണ്ട് നോക്കുവാൻ ഡോക്ടർ പറഞ്ഞു. “നാട്ടിൽ ഡെങ്കി എന്ന ഭീകരൻ കൂടുതലായി ഉള്ളതാകാം കാരണം” “ഡെങ്കി” പഴയതുപോലെ അതി ഭീകരൻ അല്ല “കൊറോണ” വന്നതിൽ പിന്നെ നമുക്ക് എന്ത് ഡെങ്കി!, അതുമല്ല മരുന്നുകൾ സുലഭം..

പപ്പയുടെ അവസ്ഥ മനസിലാക്കിയ ഞങ്ങൾ ഡോക്ടറുടെ ഉപദേശത്തോടെ ടൗണിൽ ഉള്ള ഹോസ്പിറ്റലിലേക്ക് മാറ്റി, അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്തു, പല ടെസ്റ്റുകൾ ചെയ്തു അതിൽനിന്നും മനസ്സിലായി ഡെങ്കി പോസിറ്റീവ് ആണെന്ന്. അപ്പോഴേക്കും പപ്പയുടെ രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വളരെയധികം കുറഞ്ഞിരുന്നു. അമ്മയ്ക്കും ഡെങ്കി പോസിറ്റീവ് ആണ്, രണ്ടുപേരെയും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി. സാഹചര്യം പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു .

മാനസിക സംഘർഷം നിറഞ്ഞ ദിനങ്ങൾ, മനസ്സിൽ ആദ്യം ഓടിയെത്തിയത് വീടിനു ചുറ്റുമുള്ള ഒഴിഞ്ഞു കിടക്കുന്ന കാടു കയറിയ സ്ഥലങ്ങൾ, ഉടയോൻ ഉണ്ടായിട്ടും ആർക്കോ വേണ്ടി കാടുപിടിച്ചു കിടക്കുന്ന ചുറ്റുപാടുകൾ, കൊതുകുകളുടെയും, ഇഴജന്തുക്കളുടെയും വിഹാരകേന്ദ്രം ആരോടുപറയാൻ?!, ആരാണ് ഉത്തരവാദി?!! മനസ്സിൽ ഒട്ടേറെയാ ചോദ്യങ്ങൾ!!. ഉത്തരമില്ലാതെ നിസ്സഹായൻ ആയി നിൽക്കുവാനെ എനിക്ക് കഴിഞ്ഞുള്ളു. മൂന്നാം ദിനം അമ്മയുടെ ആരോഗ്യസ്ഥിതിയിൽ നല്ല പുരോഗതി ഉണ്ടായിരുന്നു പക്ഷെ പപ്പയുടെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നതല്ലാതെ കൂടിയിട്ടില്ല.. ഡോക്ടർ പറഞ്ഞു 4 യൂണിറ്റ് ബ്ലഡ് വേണ്ടി വരും ‘ഓ നെഗറ്റീവ് ആണ് ഗ്രൂപ്പ്.. ബ്ലഡ് ബാങ്കിൽ ഇല്ലാ.. ഉടൻതന്നെ ആളിനെ സംഘടിപ്പിക്കുക’ വിളിക്കാത്ത ആളുകൾ ഇല്ല.. അന്യനാട്ടിൽ നിന്നും എല്ലാം എങ്ങനെ? ജോലി രാജി വച്ചു പോയാലോ എന്നുവരെ ചിന്തിച്ചു!

ഒത്തിരി വിളികൾക്കിടയിൽ സുഹൃത്തു വഴി ഓ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ഉള്ള മൂന്നു പേരുടെ നമ്പർ കിട്ടി. ആ നമ്പറിലേക്ക് ഞാൻ വിളിച്ചു. ഫോൺ എടുത്ത വ്യക്തി ഒരു സ്കൂൾ ബസ്സ്‌ ജീവനക്കാരൻ.. "ചേട്ടാ, എനിക്ക് ഒരു സഹായം വേണം എന്റെ പപ്പയ്ക്ക് ഓ നെഗറ്റീവ് ബ്ലഡ് അത്യാവശ്യമായി വേണം.." വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു.. "അതിനെന്താ ഇപ്പോൾ വരാം. ഏതു ഹോസ്പിറ്റൽ ആണെന്നു പറഞ്ഞാൽ മതി.. 3 മണിക്കു മുന്നേ തിരിച്ചു വരുന്ന രീതിയിൽ ഒന്ന് ക്രമീകരിക്കണേ, കാരണം സ്കൂൾ കുട്ടികളെ കൊണ്ടാക്കുവാൻ ഉണ്ട്." "തീർച്ചയായും!!" ഇടറിയ ശബ്ദത്തിൽ നിറകണ്ണുകളോടെ ഞാൻ പറഞ്ഞു "നന്ദി ചേട്ടാ.." രണ്ടാമത്തെ വ്യക്തിയുടെ ഫോൺ എടുത്തത് ഒരു അമ്മയാണ്, ഞാൻ പറഞ്ഞത് കേട്ടു ആ അമ്മ പറഞ്ഞു "കുട്ടി വിഷമിക്കണ്ട.. മോൻ കുളിക്കുക ആണ്, ഡ്യൂട്ടിക്ക് പോകുവാൻ ഉള്ള തയാറെടുപ്പിലാ, കുഴപ്പമില്ല ഉടൻ തന്നെ ആശുപത്രിയിലേക്ക് വിടാം!!" അപ്പോഴേക്കും, മറ്റു രണ്ടുപേർ ബ്ലഡ് ബാങ്കിനു മുന്നിൽ എത്തി കഴിഞ്ഞു. ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ മാറ്റിവച്ചു പപ്പയ്ക്ക് ബ്ലഡ് കൊടുക്കുവാൻ ഇവരൊക്കെ ആരാ? അറിയില്ല!!.. പക്ഷേ നിങ്ങൾ ചെയ്യുന്ന സേവനം വളരെ അമൂല്യമാണ്.. നിങ്ങളാണ് ദൈവദൂതർ!!

ഇന്നുവരെ പരിചയമില്ലാത്തവർ, ഒരു വിളിപ്പുറത്തു ഇന്നുവരെ കണ്ടിട്ടില്ലാത്ത ആർക്കോവേണ്ടി എല്ലാ തിരക്കുകളും മാറ്റി രക്തദാനം ചെയ്യുവാൻ ഓടി എത്തിയവർ!!

ഇതാണ് എന്റെ നന്മയുള്ള കേരളം, പൊയ്‌മുഖങ്ങളിലാത്ത നന്മനിറഞ്ഞ സഹോദരന്മാർ. രക്തദാനം കഴിഞ്ഞിറങ്ങുമ്പോൾ കൊടുക്കാനായി അളിയൻ മേടിച്ചു വച്ചിരുന്ന ആഹാരം പോലും കഴിക്കുവാൻ സമയമില്ലാതെ ഒരു വിളിക്കു കാതോർക്കാതെ, ഇനി “എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാൻ മറക്കരുത്” എന്ന് പറഞ്ഞു അളിയന്റെ തോളിൽ തട്ടും തട്ടി അവർ അവരുടെ തിരക്ക് നിറഞ്ഞ ജീവിതത്തിലേക്കു ഓടി മറഞ്ഞു.. ഇവർ അല്ലെ നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ യഥാർഥ നായകന്മാർ!! അതെ ഇവരാണ്. ജാതിയോ, മതമോ, ദേശമോ, നിറമോ ഒന്നും അവർക്കു കാര്യമല്ല ഇങ്ങനെയും നന്മനിറഞ്ഞ ചിലർ. നന്ദി എന്ന രണ്ടു വാക്കിൽ  തീരുന്നതല്ല  ഈ ബന്ധങ്ങൾ, എന്നാലും പറഞ്ഞോട്ടെ നന്മനിറഞ്ഞ സ്നേഹത്തിനു കൂപ്പുകൈകളോടെ നന്ദി സഹോദരാ! വീഡിയോ കാളിലൂടെ കണ്ട ആശുപത്രിയിലെ രക്തബാങ്കിലെ ആ വരികളിൽ ഞാൻ കണ്ണോടിച്ചു 'രക്തദാനം മഹാദാനം' അതെ ഇന്നുമുതൽ ഞാനും ഒന്നു തീരുമാനിച്ചു രക്തം ദാനം ചെയ്യുവാൻ, നാടും ദേശവും ഏതുമായിക്കോട്ടെ നമുക്കും ചെയ്യാം രക്തദാനം!!

അടുത്ത ദിവസങ്ങളിൽ പപ്പയുടെ പ്ലേറ്റ്‌ലറ്റ് കൗണ്ട് കൂടുകയും ആരോഗ്യം വളരെ മെച്ചപ്പെടുകയും ചെയ്തു. നമ്മുടെ ജീവിതത്തിൽ ചിലർ ദൈവദൂതരായി വരും, വേറിട്ട ചില മനുഷ്യർ!! ചിലർ അങ്ങനെ ആണ് അതാണല്ലോ നമ്മുടെ കൊച്ചു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്. പപ്പയും, അമ്മയും ആശുപത്രിവാസം കഴിഞ്ഞു വീട്ടിൽ എത്തി, ചുറ്റുപാടിനു ഒരു മാറ്റവുമില്ല, എല്ലാം പഴയപടി തന്നെ കൊതുകും അതുപോലെ!! ആരോടുപറയാൻ!! നമ്മെ നോക്കാൻ നാം തന്നെ വേണം!! ഏതായാലും കൊതുകുകൾ എപ്പോഴും മൂളിപ്പാട്ടും പാടി തുള്ളിച്ചാടി നടക്കുന്നു, അയൽപക്കത്തെ പുല്ലുകൾ വളർന്നു വലുതായി നമ്മെ നോക്കി ചിരിച്ചുകൊണ്ട് പറയുന്നു “ന്നാ താൻ കേസ് കൊട്”

Content Summary: Malayalam Short Story Written by Ratheesh Paravur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com