ADVERTISEMENT

അധ്യാപകർ എന്നും പ്രിയപ്പെട്ടവരാണ്. ഓരോ അധ്യാപകനും പഠിപ്പിച്ച പാഠങ്ങളെക്കാൾ മൂല്യമേറിയതെന്തൊക്കെയോ ജീവിതത്തിലേക്കു പകർന്നു തന്നവരാണ്. ഈ അധ്യാപക ദിനത്തിൽ എന്റെ ജീവിതത്തിലുണ്ടായ രണ്ടു സംഭവങ്ങൾ ഓർത്തു പോവുന്നു. എൽകെജിയിൽ ചേർന്ന അന്നുകണ്ടത് വാവിട്ടു കരയുന്ന കുറേ കൂട്ടുകാരെയാണ്. ഞാൻ കരഞ്ഞിട്ടില്ല പക്ഷെ ഭീകരമായ എന്തോ ഒരു ചിന്ത എന്നിൽ കുടിയേറിയിരുന്നു. തുടർച്ചയായി ഞാൻ യൂണിഫോമിൽ അപ്പിയിടുമായിരുന്നു. 16 ദിവസങ്ങൾ അങ്ങനെ കടന്നു പോയി. ആയ വന്ന് എന്നെ കൂട്ടി കൊണ്ടുപോയി വൃത്തിയാക്കി എന്റെ ജെട്ടി കളയും. യൂണിഫോം കഴുകി ഇട്ടത് ആയോണ്ട് ഒരു മുണ്ടു ചുറ്റി ക്ലാസ്സിൽ കൊണ്ടിരുത്തും. ക്ലാസ്സിലെ കുട്ടികളുടെ ചിരിയും എന്റെ മനസിലെ സങ്കടവും ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു. 

വീട്ടിൽ എത്തിയാൽ ഡ്രസ്സ് എല്ലാം ഊരി മാറ്റി ഉമ്മാന്റെ ചൂരൽ പ്രയോഗമുണ്ട്. അന്ന് എന്തോ ചില കാരണങ്ങൾ കൊണ്ട് ഉപ്പയുടെ വീട്ടിലാണ് നമ്മൾ താമസം. അവിടെ ഉമ്മ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കൂടെ ആ അടിയിൽ അലിഞ്ഞു ചേർന്നിരുന്നു. എന്റെ ഉമ്മ 9 ക്ലാസ് വരെ പഠിച്ചിട്ടുള്ളു. ആ സ്കൂളിലെ ടീച്ചർ അത്യാവശ്യം വിദ്യാസമ്പന്ന ആവൂലെ. ഈ അടുത്ത കാലം വരെ കുടുംബത്തിൽ പലരും എന്നെ ഈ സംഭവം വെച്ചു കളിയാക്കുമായിരുന്നു. എന്റെ മോൻ സ്കൂളിൽ ചേർന്നപ്പോൾ സ്കൂളിൽ നിന്നും ഒരു ലെറ്റർ തന്നു. അതിൽ എഴുതിയിരുന്നു ഒരു സെറ്റ് ഡ്രസ്സ് എപ്പളും ബാഗിൽ വെക്കണമെന്ന്. ഞാൻ ആലോചിച്ചുപോയി എന്റെ ക്ലാസ്സ്‌ടീച്ചർക്കോ മറ്റ് അധ്യാപകർക്കോ അങ്ങനെ ഒരു ചിന്ത എന്ത് കൊണ്ട് അന്നുണ്ടായില്ല. ഒരു നാല് വയസുകാരിയുടെ ജീവിതത്തിൽ അതെത്ര മാത്രം മുറിവുണ്ടാക്കി എന്നത് ആ ടീച്ചറിന് അറിയാൻ സാധിച്ചില്ലലോ! 

അടുത്ത സംഭവം നടക്കുന്നത് ഒൻപതാം ക്ലാസ്സിലാണ്. ബയോളജി ടീച്ചർ കിഡ്‌നിയുടെ പടം വരയ്ക്കാൻ ആവശ്യപ്പെട്ടു. എല്ലാരും വരച്ചു ടീച്ചറുടെ കൈയ്യിൽ കൊടുത്തു. പണ്ടേ വരയുടെ കാര്യത്തിൽ നമ്മൾ കുറച്ച് പുറകോട്ടാണ്. ഒരു രക്ഷേം ഇല്ലാത്ത മേഖലയാണ്. ടീച്ചർ പെട്ടെന്നാണ് എന്റെ പേര് വിളിച്ചത്. ഞാൻ എണീറ്റ് നിന്നു. “Besintha, is this your kidney or brain” ക്ലാസ്സിൽ എല്ലാരും കൂട്ടച്ചിരി. ഞാൻ തല കുനിച്ചു നിന്നു. അന്ന് മുതൽ നൈസ് ആയിട്ട് ബയോളജി പഠനം ഉപേക്ഷിച്ചു. എന്നാലും ആ ടീച്ചറോട് എനിക്ക് നന്ദിയുണ്ട്. ആ ടീച്ചർ കാരണമാണ് പ്ലസ് ടുവിന് ബയോളജി പഠിക്കാതെ സയൻസ് ഗ്രൂപ്പ് എടുക്കാന്‍ പറ്റുന്ന സ്കൂൾ തപ്പിയതും എൻജിനീയറിംഗ് എന്റെ വഴിയാണെന്ന് മനസ്സിലാക്കിയതും. അവസാനം കറങ്ങി തിരിഞ്ഞു എൻജിനീയറിംഗ് പഠിപ്പിക്കാൻ തുടങ്ങിയപ്പോഴും ഇല്ലാത്ത കഴിവിന്റെ പേരിൽ ഒരിക്കലും എന്റെ സ്റ്റുഡന്റസിനെ ഞാൻ നോവിച്ചിട്ടില്ല.

Content Summary: Malayalam Experience Note Written by Besintha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com