നിഴൽ വെളിച്ചത്തോട് സംവദിക്കുന്നത് – ബിന്ദു തേജസ്‌ എഴുതിയ കവിത

malayalam-short-story-old-man-waiting
Photo Credit: PIKSEL/istockphoto.com
SHARE

ഇന്നിന്റെ നിറംകെട്ട ചക്രക്കസേരയിലിരുന്ന്

ഇന്നലെയുടെ വർണഘോഷയാത്രകൾ കണ്ട്

വിരസതയുടെ കടും കഷായം കുടിച്ചിരിക്കുന്നൊരാൾ.

ഉമ്മറത്തിണ്ണയിൽ നിന്നും മുറ്റത്തെ ചാഞ്ഞ മാവിൻ

ചില്ലയിലേക്ക് കണ്ണുകളെറിഞ്ഞുകൊണ്ടിരിക്കുന്നു.
 

ഇലകളുടെ സ്വകാര്യങ്ങളും സൗഹൃദം പങ്കുവയ്ക്കലുകളും

അസ്വസ്ഥത മുറ്റിയ ക്ഷീണ ഹൃദയത്തിൽ 

നോവിന്റെ കൊഴിഞ്ഞമരുന്നമാമ്പൂക്കളാവുന്നു.

എപ്പോഴോ അടർന്നു വീഴാൻ കാത്തുനിൽക്കുന്ന

പുൽക്കൊടിത്തുമ്പിലെ മഞ്ഞു തുള്ളിക്ക് ഇത്രമേൽ

ചന്തമെന്തേയെന്നു അതിശയത്തിന്റെ പായ്ക്കപ്പലേറുന്നു.
 

തീക്ഷ്‌ണ യൗവ്വനത്തിന്റെ നാട്ടിടവഴികളിൽ

രക്തവർണങ്ങളായിപ്പടർന്ന തുടിപ്പാട്ടുകളും

തണൽ നീട്ടിയ താമരക്കാവുകളുമെല്ലാമൊഴിഞ്ഞ് 

നിലാവു ചുരന്ന പ്രണയവസന്തങ്ങളുടെ നഷ്ട പറുദീസ കടന്ന്

ഒറ്റയ്ക്ക് മാത്രം ചലിക്കുന്ന ചക്രക്കസേരയാവുന്നൊരാൾ.
 

ഉണ്ടാക്കുന്നവനും ഉപയോഗിക്കുന്നവനും 

വിലയറിയാത്ത ശവപ്പെട്ടി പോലെ

നേരളക്കുന്നോരാകാശത്തിന് കീഴെ

പാതിയായ പ്രാണന് കാവൽ നിൽക്കുന്ന

തോറ്റുപോയൊരു പടയാളി.
 

അശാന്തിയുടെയും കനപ്പെട്ട വേദനകളുടെയും

കരിങ്കല്ലുകളുയർത്തി നിത്യവും ആയുസ്സിന്റെ 

മല കയറുന്ന നാരായണൻ.

ഒരേ പുഴയിൽ പലതവണ ഇറങ്ങാനാവില്ലെന്നറിഞ്ഞിട്ടും 

ആവർത്തനത്തിന്റെ മുഷിഞ്ഞ കുപ്പായങ്ങളിട്ട് 

ഒരേ രുചി മാത്രമറിയുന്ന നാവുമായൊരാൾ.
 

ഒഴിഞ്ഞ കാൻവാസുപോലെ, വിളറി, നിശ്ചലതകളുടെ, 

നിശബ്ദതകളുടെ നിലവിളിക്ക് കാതോർക്കുന്നവൻ.

രാത്രി വീണ മീട്ടുന്ന പാതിരാ മഴയെത്തുമെന്നും

നിഴലുവീണ ഇടവഴി മണങ്ങളീ വ്രണിത മാനസത്തിൽ 

വീണ്ടും കിനാവ് നിറയ്ക്കുമെന്നും

മന്ത് വിങ്ങുന്ന കാലുകളിൽ തുടിപ്പുണർത്തുമെന്നുമോർത്ത്

ജാഗ്രത്തായിരിക്കുന്നു, മിടിപ്പ് തെറ്റിയ ഘടികാരം.
 

Content Summary: Malayalam Poem ' Nizhal Velichathodu Samvadikkunnathu ' Written by Bindu Thejas

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS