1. മാലാഖ
അരോചക സ്വരങ്ങൾ
മാത്രം അങ്ങുമിങ്ങും
ചുമയും തുമ്മലും
ഛർദ്ദിയും,
ഒരു ദിവസത്തെ
അനുഭവം മതിയായി എനിക്ക്..
എങ്ങനെയാവോ
നഴ്‌സുമാർ ഇവിടെ
നിൽക്കുന്നത്?
സങ്കടങ്ങൾ മാത്രം
കേൾക്കുന്ന ഭിഷഗ്വരന്മാരെ
ആലോചിക്കുമ്പോൾ,
നഴ്‌സുമാർക്ക്
അത്ര പ്രയാസമില്ലല്ലോ...
ഡോക്ടറുടെ കോഡ് ഭാഷയിൽ
നിന്നവർ ശമനങ്ങൾ
വിതച്ചെടുക്കുന്നത്
കാണുമ്പോ അവർക്ക്
ചിറകുള്ളതായി
തോന്നി പോകും.....
വിഷമങ്ങൾ പേറി
വന്നവർക്ക് വഴികാട്ടുന്ന
"മാലാഖമാർ"...
അവരില്ലായിരുന്നെങ്കിൽ
ഈ ലോകം വെറും
ചവറുകൂമ്പാരമാകുമായിരുന്നു....
2. അറുക്കപ്പെട്ടവർക്ക് പറയാനുള്ളത്....
ചോര നാറുന്ന ഓവുചാലിൽ
കാഷ്ഠത്തിൽ കുതിർന്ന തൂവലുകളെ
നോക്കിയെന്തോ പറയുന്ന പോലെ
ഉടൽ കവറിലായ തല,
അതിർ കടന്ന് കൊത്തിയെടുത്ത
കുത്തരിയുടെ സമ്മതമോ,
ചിനക്കി തീർത്ത
പാപങ്ങളുടെ പശ്ചാത്താപമോ,
കൊത്തിയാട്ടിയ തലമുറകളോട്
ചിറകിൽ മറച്ച സ്നേഹമോ,
അതോ കൊത്തിവിട്ട
തള്ളയോടുള്ള വാത്സല്യമോ,
ചവിട്ടി വിട്ട പിടകളോട്
പറയാൻ മറന്ന വാക്കുകളോ,
അടയ്ക്കാത്ത കണ്ണുകളിൽ
തളം കെട്ടി നിൽക്കുന്നു...!!
ഏയ്... ഇല്ല,
മരുന്ന് മരണം പച്ചകുത്തിയ
ബ്രോയ്‌ലർ ജീവിതത്തിൽ
കശാപ്പുകാരന്റെ കൈയ്യിൽ
വിധിയും കാത്ത് കിടക്കുന്നവർ
എന്ത് പറയാനാ....
കടിച്ച് തുപ്പിയ എല്ലുകളെ
നായ നക്കി തീരാൻ
അഴിയെണ്ണി കാത്തിരിക്കുമെന്നല്ലാതെ..!!
Content Summary: Malayalam Poems Written by Sinan T. K.