'അമ്മ പുറകിൽ ഒളിപ്പിച്ചു വെച്ച കത്തി പതുക്കെ അയാളുടെ കൈയ്യിലേക്ക് കൊടുത്തു...' - കഥ

Mail This Article
നേരം സന്ധ്യയോട് അടുത്തു. തെരുവിലെ ചെറ്റ കുടിലുകളിലെ ചിമ്മിനി വിളക്കുകളിൽ ചുവന്ന പ്രകാശം തെളിഞ്ഞു. ചുവപ്പ് ഒരു പ്രതീക്ഷയാണ്. ഓരോ കുടിലിലും ചായം പൂശിയ മുഖവും മിനുക്കി പെൺകൊടികൾ കാത്തിരിക്കുന്നു... വ്യഭിചാരം ഒരു പാപമല്ല ജീവിത മാർഗമാണ്, അതൊരു തൊഴിലാണ് എന്ന പൊതുബോധം ഉൾകൊണ്ട ഒരു ജനതാ അവിടെ വസിക്കുന്നുണ്ട്...
അഗതക്കു 13 വയസ് തികഞ്ഞ ദിവസവും ഇന്നാണ്, രക്തം സൂചന കാട്ടിയാൽ തൊഴിൽ പക്വം ആയി എന്നാണ് വിശ്വാസം.. അവളുടെ വീട്ടിലും ചിമ്മിനി വിളക്ക് കത്തിച്ചു കാത്തിരിക്കുകയാണ്. അഗതയുടെ കൈയ്യിൽ ഒരു കളിപ്പാട്ടം ഉണ്ട്. അടുത്ത് ഇരുന്നു അമ്മ അവിൽ നനച്ചത് വാരി കൊടുക്കുന്നു.. അഗതക്ക് സംഭവിക്കാനിരിക്കുന്ന കാര്യത്തെ കുറിച്ച് ഒന്നും അറിയില്ല.. അമ്മയുടെ കണ്ണിൽ അണ പൊട്ടാറായി നിൽക്കുന്ന കണ്ണീർ പുഴയും, അച്ഛന്റെ മുഖത്തെ വീർപ്പുമുട്ടലും അവളെ അസ്വസ്ഥമാക്കി... "കുഞ്ഞിന് ചെറിയ പനി ഉണ്ട് ഇന്നു തന്നെ വേണോ" അമ്മ വിങ്ങി പൊട്ടി കൊണ്ട് അച്ഛനോട് പറഞ്ഞു... ഉള്ളിൽ കുത്തി നോവുന്ന വേദന ഉണ്ടെങ്കിലും അച്ഛൻ ഒന്നും മിണ്ടിയില്ല. ആറ്റുനോറ്റുണ്ടായ അഗതയേ ചേർത്തു പിടിച്ച അച്ഛനും അമ്മയും പൊട്ടിക്കരഞ്ഞു.
പെട്ടന്നായിരുന്നു കതകിൽ ഒരു തട്ട്... അഗതയെ ചേർത്തു പിടിച്ചു കൊണ്ട് അമ്മ പിറകോട്ടു മാറി. വിളക്കു കത്തിച്ചു വെച്ചാൽ കതകു തുറക്കണം എന്നാണ് തെരുവിലെ നിയമം. കലങ്ങിയ കണ്ണുകൾ തുടച്ചു അച്ഛൻ വാതിലിനടുത്തേക്കു നടന്നു. "അരുത് തുറക്കരുത്, എന്റെ കുഞ്ഞിനെ പിച്ചിച്ചീന്താൻ കൊടുക്കരുതേ" ഇടറിയ ശബ്ദത്തോടെ അമ്മ കേണു...
ഒരു നിമിഷം സ്തബ്ധനായി നിന്ന ശേഷം, നീറി നീറി പുകയുന്ന മനസുമായി അച്ഛൻ അമ്മയുടെ അടുത്തേക്ക് നടന്നു.. നിർവികാരനായി നിന്ന ആ നിസ്സഹായൻ ഇടറിയ ചുണ്ടോടെ ചോദിച്ചു "നമ്മുടെ മുത്തിനെ കാട്ടാളന്മാർക്ക് മാന്തി മുറിവേൽപ്പിക്കാൻ കൊടുക്കണോ അതോ ഒരു കത്തിയുടെ പാച്ചിലിൽ എല്ലാം അവസാനിപ്പിക്കണോ" കേട്ട പാതി അടക്കിപ്പിടിച്ച നിലവിളിയോടെ അമ്മ പുറകിൽ ഒളിപ്പിച്ചു വെച്ച കത്തി പതുക്കെ അയാളുടെ കൈയ്യിലേക്ക് കൊടുത്തു.. ആ കത്തി രക്തക്കറയാൽ കുളിച്ചിരുന്നു...
Content Summary: Malayalam Short Story ' Chaayam Pooshiya Theruvu ' Written by Vyshak Vilyalathu