ജീവിതത്തിൽ അകമഴിഞ്ഞ് സ്നേഹിക്കാൻ ഒരാളുണ്ടാവണം
Mail This Article
മുരൻ, ജീവിതത്തിൽ അകമഴിഞ്ഞ് സ്നേഹിക്കാൻ ഒരാളുണ്ടാകുക എന്നതാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് എനിക്ക് തോന്നുന്നു. ചിലപ്പോൾ എന്റെ ധാരണപ്പിശകാകാം. അല്ലെങ്കിൽ ഞാൻ എന്റെ സ്വാതന്ത്ര്യത്തിന് പുതിയ നിർവചനം എഴുതുകയുമാവാം. നിന്നിൽ നഷ്ടപ്പെടുക എന്നതാണ് എന്റെ സ്വാതന്ത്ര്യം, എനിക്കറിയാം നിന്നോടൊപ്പമാകുമ്പോൾ ഞാൻ കെട്ടഴിച്ചിട്ട ഒരു യാഗാശ്വം പോലെയാണ്. ചിന്തകൾ പറന്നു പറന്നു പോകുന്നപോലെ, സ്വപ്‌നങ്ങൾ നിറഞ്ഞു വിരിയുന്നപോലെ. മനസ്സിന്റെ അകത്തളങ്ങളിൽ കൊളുത്തിവലിക്കാൻ ഒരു പേര്.
പലരും സ്വാതന്ത്ര്യം എന്നാൽ എല്ലാവരിലും നിന്ന് ഒറ്റപ്പെട്ട് അവനവന്റെ മാത്രം ലോകങ്ങളിൽ അവനവന്റെ ഇഷ്ടംപോലെ ജീവിക്കുക എന്നാണല്ലോ കരുതുന്നത്. എനിക്ക് തനിയെയുള്ള ഇഷ്ടങ്ങളില്ല, എന്റെ എല്ലാ ഇഷ്ടങ്ങളിലും നീയുണ്ട്, നിന്റെ ഓർമ്മകൾ ഉണ്ട്, നിന്റെ ഗന്ധമുണ്ട്, നീയെന്ന നിറക്കാഴ്ചയുണ്ട്. എന്റെ കടലാണ് നീ, കടലിനോളം സ്വാതന്ത്ര്യം ആർക്കുമില്ലല്ലോ. ആർത്തിരമ്പുന്ന തിരകളെ ആശ്ലേഷിക്കുമ്പോൾ, ആ ആശ്ലേഷത്തിൽ നീ തന്നുപോകുന്ന ഊർജ്ജവും, ഉണർവും, തണുപ്പും, നിന്റെ ഉപ്പും, എത്ര കുളിച്ചാലും എന്നിൽ നിന്ന് ഇറങ്ങിപ്പോകാറില്ല.
ഇടയ്ക്ക് മീൻപിടുത്ത തൊഴിലാളികളുടെ സഹായത്തോടെ അവരുടെ വഞ്ചിയിൽ കയറി നിന്റെ നെഞ്ചിലൂടെ ഞാൻ സഞ്ചരിക്കാറുണ്ട്. കണ്ണടച്ചാൽ ഞാൻ നിന്റെ നെഞ്ചിൽ കിടക്കുന്നത് ശരിക്കറിയാം, എന്റെ കൈകൾ വിടർത്തി കടലിൽ തുഴയാൻ ശ്രമിക്കുമ്പോൾ, നിന്റെ കൈകൾ എന്റെ കൈകളോട് ചേരുന്നതും, എനിക്ക് ശക്തി പകരുന്നതും ഞാൻ തിരിച്ചറിയുന്നു. അതിരുകളില്ലാത്ത ആകാശവും കടലും, നമ്മെ ചക്രവാളങ്ങളുടെ അനന്ത സ്വാതന്ത്ര്യത്തിലേക്ക് നയിക്കും. ഓരോ അസ്തമയവും പുതിയ സ്വാതന്ത്ര്യമാണ്, അവനവൻ മാത്രമായ ഒരു ലോകത്തിലേക്ക് കൊണ്ടുപോകുന്നപോലെ.
എന്റെ രാത്രികൾ എന്റെത് മാത്രമല്ല. ചിന്തകളിൽ ചിലന്തിയെപ്പോലെ നീ എന്നിൽ കൂടുകൂട്ടും, ഉറക്കങ്ങളിൽ ഒരു ചിതൽപുറ്റായി എന്നിൽ പടരും, ഉണർന്നെഴുന്നേൽക്കുമ്പോൾ നിന്റെ ശൽക്കങ്ങൾ എന്റെ കിടക്കയിൽ പൊഴിഞ്ഞു കിടക്കുന്നുണ്ടാകും. ഭൂമിയോടൊപ്പം ഞാനും സഞ്ചരിക്കുന്നുണ്ട്, നിന്നിലേക്കെത്താൻ, നിന്നെ കണ്ടെത്തി എന്നെ സ്വാതന്ത്രയാക്കുക എന്നതാണ് എന്റെ ജീവിത കർമ്മം. യാമങ്ങൾ എത്ര കഴിഞ്ഞാലും ഞാൻ കാത്തിരിക്കും, സ്വാതന്ത്ര്യത്തിന്റെ ചുംബനങ്ങളുമായി എന്റെ ഗന്ധർവ്വൻ വരുന്നതും കാത്ത്.
Content Summary: Malayalam Short Story ' Stella Swathanthryam ' Written by Kavalloor Muraleedharan