തൊണ്ണൂറു കാലഘട്ടം വടക്കേ മലബാറിലെ കണ്ണൂരിനടുത്ത് പാനൂരിലാണ് കഥ നടക്കുന്നത്. അവിടുത്തെ ഒരു പ്രമുഖ ബാങ്കിന്‍റെ ശാഖയില്‍ ജോലി ചെയ്യുകയാണ് ഞാന്‍. മെഷീന്‍ യുഗത്തിനു മുമ്പുള്ള കാലം. ആ പ്രദേശത്തുനിന്ന് ധാരാളം ആളുകള്‍ ഗള്‍ഫ് നാടുകളില്‍ ജോലിക്കു പോയിരുന്ന സമയമാണ്. അവിടുത്തെ ദേശസാല്‍കൃത ബാങ്കിന്‍റെ ഏക ശാഖയാണ് ഞങ്ങളുടേത്. വിദേശത്ത് ജോലിചെയ്യുന്നവരുടെയൊക്കെ അക്കൗണ്ടുകള്‍ ഈ ബാങ്കില്‍തന്നെയാണ്. എല്ലാ ദിവസവും നൂറും ഇരുനൂറും വിദേശ ഡ്രാഫ്റ്റുകള്‍ ബാങ്കില്‍ വരും. കുടുംബ ചെലവുകള്‍ക്ക് വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുന്നതു മുതല്‍ നിക്ഷേപത്തിനായുള്ളവ വരെ. നിക്ഷേപത്തിനുള്ള ഡ്രാഫ്റ്റ് അക്കൗണ്ടില്‍ വരവുവച്ച് പണം കിട്ടിയ വിവരവും ബാലന്‍സ് തുകയും കത്തു മുഖേന നിക്ഷേപകനെ അറിയിക്കുന്ന കീഴ്‌വഴക്കമുണ്ടായിരുന്നു അന്ന്. ഒപ്പം അവരുടെ സുഖ വിവരങ്ങളും അന്വേഷിക്കും.
ഞങ്ങളുടെ ശാഖാ മാനേജര്‍ ഊര്‍ജസ്വലയായ ഒരു സ്ത്രീയാണ്. മലയാളം അത്ര വശമില്ലെങ്കിലും തപ്പിപിടിച്ച് കസ്റ്റമര്‍ക്ക് കത്തയയ്ക്കും. വലിയ തുകയാണെങ്കില്‍ മറുപടി അയച്ചിരുന്നത് ആ മാഡം നേരിട്ടുതന്നെ. അങ്ങനെയിരിക്കെ വത്സല എന്ന വീട്ടമ്മ ആ നാട്ടില്‍നിന്നും ഗള്‍ഫില്‍ ഗൃഹ ജോലിക്കായിപോയി. വിദേശത്ത് എത്തിയ ശേഷം ബാങ്ക് മാനേജര്‍ക്ക് കത്തയച്ചു. എന്‍.ആര്‍.ഐ. അക്കൗണ്ട് തുടങ്ങണം, അപേക്ഷ ഫോമും അയച്ചുതരണം എന്നായിരുന്നു ആവശ്യം. ഉള്ളടക്കം വായിച്ച മാഡം അന്നുതന്നെ അപേക്ഷ ഫോം അയച്ചുകൊടുത്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ പൂരിപ്പിച്ച അപേക്ഷ ഫോമും സാമാന്യം നല്ല തുകയുടെ ഡ്രാഫ്റ്റും ബാങ്കില്‍കിട്ടി. ആ ദിവസം തന്നെ അക്കൗണ്ട് തുടങ്ങി ഡ്രാഫ്റ്റ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്തിയ ശേഷം പാസ്ബുക്കും, ചെക്ക്ബുക്കും വിദേശത്തെ മേല്‍ വിലാസത്തില്‍ അയച്ചു. നിക്ഷേപകരുടെ ഫോട്ടോ ലഡ്ജറിലെ പേജില്‍ പതിക്കുന്ന പതിവു തുടങ്ങിയത് ഈ കാലയളവിലാണ്. നമ്മുടെ വത്സലയ്ക്ക് അയച്ച കത്തില്‍ മാനേജര്‍ ഇങ്ങനെ എഴുതി: "അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. പാസ്ബുക്കും ചെക്ക് ബുക്കും അയയ്ക്കുന്നു. തുടര്‍ന്നും നിക്ഷേപം തുടരുക. സുഖമെന്നു കരുതുന്നു. വത്സലയുടെ ഒരു ഫോട്ടോ കൂടി ഉടനെ അയയ്ക്കണം മറക്കരുത്."
ഈ കത്തിനും കൃത്യമായി മറുപടി വന്നു. ഏതാണ്ട് പതിനൊന്നു മണിയായപ്പോള്‍ മാനേജര്‍ മാഡം എന്‍റെയടുത്തേക്ക് പൊട്ടിച്ചിരിച്ചുകൊണ്ടു വന്നു. എന്തെങ്കിലും തമാശ സംഭവിച്ചിട്ടുണ്ടാകുമെന്ന് എനിക്കു ബോധ്യമായി. പിന്നാലെ ഒരു ഞെട്ടലുണ്ടായി. വായ്പയുടെ പേപ്പറിലെങ്ങാനും വല്ല മണ്ടത്തരം എഴുതി വച്ചിട്ടുണ്ടോ എന്നായി സംശയം... അന്ന് അതു പതിവാണുതാനും. എന്നാല്‍ ചിരിയുടെ ഗുട്ടന്‍സ് പിന്നെയാണ് പിടികിട്ടിയത്. "വത്സലയുടെ മറുപടി കത്താ..." പൊട്ടിച്ച കവര്‍ നീട്ടിക്കൊണ്ട് മാഡം ചിരി തുടങ്ങി. ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു "എന്താ മാഡം കാര്യം?" "ശ്രീകുമാറിന് ഒരു കാര്യം കാണണോ... ഞാന്‍ വത്സലയോട് ഫോട്ടോ അയയ്ക്കാന്‍ പറഞ്ഞിരുന്നു ഇതാ അവരയച്ച ഫോട്ടോ.." വത്സലയുടെ ഫോട്ടോ കണ്ട് വണ്ടറടിച്ച് ഞാനും പൊട്ടിച്ചിരിച്ചുപോയി. പാസ്പോര്‍ട്ട് ഫോട്ടോക്ക് പകരം ഗള്‍ഫ് നാട്ടിലെ ഏതോ വീഥിയില്‍ ഈന്തപ്പനയില്‍ ചാരിനില്‍ക്കുന്ന കളര്‍ചത്രം...! പ്രത്യേകം പറഞ്ഞ് എടുപ്പിച്ചതാവണം ആ ഫുള്‍സൈസ് ഫോട്ടോ. പ്രേം നസീര്‍ പാട്ടും പാടി വരുമ്പോള്‍ മുഖത്ത് നാണം വിടര്‍ത്തി കൈകള്‍ തലയ്ക്ക് പിറകില്‍ വച്ച് നെഞ്ച് ഉയര്‍ത്തി നില്‍ക്കുന്ന ഷീലയുടെ ഒരു പോസ് ഇല്ലേ...! അതേ പോസ്..! അപ്പോഴേക്കും മറ്റു സ്റ്റാഫുകളും ഓടിയെത്തി. ഫോട്ടോ കണ്ട് ആകെ ചിരിയായി.. ചിരിയോ ചിരി.
Content Summary: Malayalam Short Story ' Valsalayude Photo ' Written by S. Sreekumar