ADVERTISEMENT

അനുഭവങ്ങൾ അതാണ് ഇവിടെ വിവരണം നമ്മുടെ നാടിന് എന്താണ് സംഭവിച്ചത്.. മുൻപ് നമ്മുടെ നാടിനെ കുറിച്ച് ഓർക്കാനും പറയാനും ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇവിടെ നടക്കുന്ന പലതും മറക്കാൻ ആഗ്രഹിക്കുന്നു. ഈ നാടിന്റെ ചതിയും വഞ്ചനയും മതരാഷ്ട്രീയ ഭരണ പ്രശ്നങ്ങളും, പീഡനം കൊല കൊള്ള പറഞ്ഞ് തീരാത്ത നിരകൾ ഒരുപാട് ആണ്. അതിൽ ഒന്നിനെ കുറിച്ച് മാത്രം ആണ് വിവരണം. എന്നും രാവിലെ ന്യൂസ്‌ പേപ്പറിൽ വരുന്ന ചില വാർത്തകൾ മനസ്സിനെ പലപ്പോഴും മരവിപ്പിക്കാറുണ്ട്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് ഒളിച്ചോട്ടം, പീഡനം, കൊല അങ്ങനെ നിരവധി, ഓരോ ദിവസവും ഒന്നിനൊന്നു കൂടുക അല്ലാതെ ഒരു കുറവും ഇല്ല. ഇതിനൊരു അവസാനം ഇല്ലേ എന്ന് പലവട്ടം ചിന്തിച്ചു നോക്കിയിട്ടുണ്ട്. ഇനി ഒരു കൊച്ചു കഥയിലേക്ക് പോകാം, ഈ ഒരു സോഷ്യൽ മീഡിയ വന്ന ഒരു കാലത്ത് സംഭവിച്ച ഒരു കഥയാണിത്. 

അച്ചാച്ചനും, അച്ഛനും, അമ്മയും, കുഞ്ഞനിയനും, പിന്നെ ബബ്ലൂ എന്ന മിടുമിടുക്കി മോളും ഉള്ള ഒരു കൊച്ചു കുടുംബം ആയിരുന്നു അവരുടേത്. ആ കൊച്ചുവീട്ടിൽ ഒത്തിരി കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുന്ന ആ കുടുബത്തിന്റെ സന്തോഷം മറ്റുള്ളവരിൽ ഒരുപാട് അസൂയ ഉളവാക്കിയിരുന്നു. ദാരിദ്ര്യം ഉണ്ടെങ്കിലും ആ മക്കളുടെ കളിയും ചിരിയും അതെല്ലാം തുടച്ചു നീക്കി. അങ്ങനെ ഇരിക്കുമ്പോൾ ആണ് പഠന ആവശ്യം എന്ന മുഖേന ഒരു ഫോണൊ,  ടാബ്‌ലെറ്റോ നിർബന്ധമായും വേണം എന്ന അറിയിപ്പ് സ്കൂളിൽ നിന്ന് വന്നത്. പക്ഷെ അത് വാങ്ങാൻ ഉള്ള ഏക പോംവഴി ചെറുതാണെങ്കിലും തന്റെ കെട്ടുതാലി വിൽക്കുക എന്നതായിരുന്നു ആ അമ്മക്ക്. പുതിയ അതിഥി വീട്ടിൽ എത്തി. സാവധാനം അതിൽ മാത്രം ആയി മക്കളുടെ ശ്രദ്ധ. ശരിക്കും അത് മക്കളെ അതിന്റെ ചൊൽപടിയിൽ വീഴ്ത്തി എന്ന് പറയുന്നതാവും കൂടുതൽ ശരി. പക്ഷെ വരാനിരിക്കുന്ന വലിയ ദുരന്തം അവർ അറിഞ്ഞിരുന്നില്ല. ബബ്ലൂ ആദ്യമായി അവളുടെ ഡാൻസ് കണ്ടത് ആ മൊബൈലിൽ ആണ്. അത് എടുത്ത് കൊടുത്തത് ആകട്ടെ അയൽവീട്ടിലെ ചേട്ടനും. ഇതിനെക്കുറിച്ചൊന്നും ഒരു എബിസിഡി അറിയാത്ത ആ കുഞ്ഞു മനസ്സിന് അതെല്ലാം വലിയ  അത്ഭുതം ആയിരുന്നു. 

തന്റെ വീഡിയോ അമ്മയ്ക്ക് കാണിച്ചുകൊടുത്തിട്ട് ആ കൊച്ചുകുഞ്ഞു പറഞ്ഞു ചേട്ടൻ കൊള്ളാം അല്ലെ അമ്മേ,  അതിനിടയിൽ അച്ചാച്ചൻ വിളിച്ചു പറഞ്ഞു 'എടി സരയൂ അവൻ വരുന്നത് കണ്ടില്ലേ ഒരു കട്ടൻ ചായ എങ്കിലും കൊടുക്ക് അവനു, എപ്പോഴും ആ പെട്ടിയിൽ കുത്തിക്കൊണ്ട് ഇരിക്കാതെ.' 'അയ്യോ സമയം പോയതറിഞ്ഞില്ലല്ലോ ദൈവമേ' അമ്മ പിറുപിറുത്തു. മനസ്സില്ലാ മനസ്സോടെ സരയൂ പോയി. പുതിയ പുതിയ ആപ്പുകൾ ബബ്ലുവിനെ തേടി വന്നു. അതിനെല്ലാം ഒത്താശ ചെയ്യാനായി അയൽവീട്ടിലെ ചേട്ടനും. അങ്ങനെ ഒരു ദിവസം ടിക്‌ടോക് എന്ന് പറയുന്ന ആപ്പുമായി ചേട്ടൻ വന്നു. ഇതിൽ ഡാൻസ് കളിച്ച വീഡിയോ ഇട്ടാൽ ലോകത്തിൽ അറിയപ്പെടും എന്ന് പറഞ്ഞു അവരുടെ മനസ്സിനെ പിടിച്ചുലച്ചു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി ബബ്ലൂ അതിൽ ഒരു വീഡിയോ ഇട്ടു. അയൽവീട്ടിലെ ചേട്ടൻ പറഞ്ഞപോലെ ആ വീഡിയോ വൈറൽ ആയി. ആർത്തിയോടെ വലിച്ചു വാരിതിന്നുന്ന ഭക്ഷണത്തെക്കാൾ ആവശ്യമുള്ളതായി മാറി അവർക്ക് ടിക്‌ടോക്. പതിയെ അമ്മ ജോലിക്ക് പോവാതെ ആയി. അച്ഛന് ചിലവ് കൂടി. ആ വീടിന്റെ താളം തെറ്റി തുടങ്ങി. അഭിനയം മാത്രമായി നടന്ന് ബബ്ലൂ കുറച്ചുകൂടി വളർന്നു. എന്നാൽ വളരുന്ന കുട്ടിക്ക് നല്ലത് പകർന്നു നൽകുന്ന അമ്മക്ക് തന്റെ മകൾ എങ്ങനെയെങ്കിലും അഭിനയ ലോകത്ത് കാലുറപ്പിച്ചു നിൽക്കുന്ന നടിയായി മാറണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. ആ വീട്ടിൽ കഷ്ടപ്പാടുകൾ കൂടുതൽ ആയി. അച്ചാച്ചൻ ജോലിക്ക് പോയി തുടങ്ങി. കുഞ്ഞി മോനെ നോക്കാതെ ആയി. 

ആര് വീട്ടിൽ വന്നാലും മൊബൈൽ എടുത്ത് ബബ്ലൂ മോളുടെ ഒരു ഡാൻസ് കാണിച്ചേ അവർ വിടൂ. പുറത്തു നിന്ന് ഫുഡ്‌ കഴിച്ചിട്ടോ അതോ ജീവിതരീതി മാറിയത് കൊണ്ടാണോ എന്നറിയില്ല പ്രായത്തിനേക്കാൾ കൂടുതൽ ആയി ബബ്ലൂ മോള് തടിച്ചു കൊഴുത്തു. ഓമനത്തം തോന്നുന്ന മുഖമെല്ലാം മാറിപ്പോയി. അങ്ങനെ ഇരിക്കെ അടുത്ത വീട്ടിലെ ചേട്ടന്റെ സുഹൃത്തുക്കൾ ആ ചേട്ടനെ കാണാനും ആഘോഷിക്കാനും ആയി എത്തി. അവിടെ കുറച്ച് ഭക്ഷണം ഉണ്ടാക്കാൻ പോയതാണ് ബബ്ലുവിന്റെ അമ്മ. അതിനിടക്കാണ് പുള്ളിയുടെ കൂട്ടുകാരന്മാർ മൊബൈൽ ഉപയോഗിച്ച് ബബ്ലൂ ഉപയോഗിക്കുന്ന ആപ്പിൽ വീഡിയോ എടുക്കുന്നത് കണ്ടത്. ഇത് കണ്ട അവർക്ക് ഭയങ്കര അതിശയമായി, എന്റെ മോള് ഈ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും അതിലെല്ലാം ഡാൻസ് കളിക്കുന്ന വീഡിയോ ഇടാറുണ്ടെന്നും അവർ ഭയങ്കര അഭിമാനത്തോടെ പറഞ്ഞു. അതുകേട്ടതും കൂട്ടത്തിൽ ഒരുവൻ പറഞ്ഞു. “എന്നാ മോളെ വിളി ചേച്ചി ഞങ്ങൾ ഒന്ന് കാണട്ടെ” കേട്ടപാതി കേൾക്കാത്ത പാതി അവർ വീട്ടിലേക്കോടി. ഉറങ്ങിക്കിടക്കുന്ന ബബ്ലുവിനെ വിളിച്ചുണർത്തി. എന്നാൽ ബബ്ലുവിന്റെ അച്ഛൻ അതിനെ എതിർത്തു. അവിടെ വന്നിരിക്കുന്ന സാറെൻമാർ വലിയ ആളുകൾ ആണെന്നും അവരുടെ മുൻപിൽ ഡാൻസ് കളിച്ചാൽ ഭാവി തന്നെ മാറിപ്പോകും എന്ന് പറഞ്ഞു ബബ്ലുവിന്റെ അമ്മ ബബ്ലുവിനെ ധരിപ്പിച്ചു. 

അമ്മയുടെ കൂടെ ഒരു കുട്ടിക്കുപ്പായവും ഇട്ട് അവിടെ എത്തുമ്പോൾ എല്ലാവരും കുടിച്ചു ബോധം പോയിരുന്നു. മോളെ അവന്മാരുടെ മുന്നിലേക്ക് ഇട്ട് കൊടുത്ത് തന്റെ അടുക്കള പണിതിരക്കിലേക്ക് അവർ പോയി. മകളെ  ഒരു സ്റ്റാർ ആക്കുക എന്നല്ലാതെ മറ്റൊരു ചിന്തയും അവർക്ക് ഉണ്ടായില്ല. കുടിച്ചു ബോധമില്ലാത്തവൻമാരുടെ മുൻപിലേക്ക് തന്റെ മകളെ ഇട്ടു കൊടുത്തു എന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് ആ അമ്മക്ക് കൈമോശം വന്നു പോയി. നിന്നെ കാണാൻ കൊള്ളാം എന്താ നിന്റെ പേര് ഒരുത്തൻ ചോദിച്ചു. “ബബ്ലൂ“ കുട്ടി  മറുപടി  പറഞ്ഞു. നിനക്ക് ഡിസ്കോ കളിക്കാൻ അറിയോ? ഈ ഒരു വൈബിനു ഡിസ്കോ ആണ് നല്ലത് വേറൊരുത്തൻ പറഞ്ഞു. അയൽവീട്ടിലെ ചേട്ടൻ നല്ല അടിപൊളി ഒരു തമിഴ് സോങ് വെച്ചു അതിനനുസരിച്ചു ബബ്ലൂ ഡാൻസ് കളിക്കാൻ തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ ബബ്ലുവിൽ ആയിരുന്നില്ല. ഡാൻസ് കളിച്ചു തളർന്ന ബബ്ലൂ ഒരു ചേട്ടന്റെ മടിയിൽ പോയി ഇരുന്നു. കള്ളിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ അയാളിലുള്ള ചെന്നായ ആട്ടിൻ തോൽ മാറ്റി പുറത്തേക്ക് വരാൻ തുടങ്ങി. 

ഇതിനിടയിൽ ഒരുത്തൻ കണ്ണിറുക്കി കാണിച്ചപ്പോൾ അയാൾ ബബ്ലുവിന്‌ പെപ്സി ആണെന്ന് പറഞ്ഞു കള്ള് കുടിക്കാൻ കൊടുത്തു. 'അയ്യേ ചേട്ടാ ഈ പെപ്സി കയ്ക്കുന്നുണ്ട്' ബബ്ലൂ പറഞ്ഞു. അത് സോഡാ ഒഴിച്ചിട്ടാണ് മോളെ സാരമില്ലാട്ടോ അയാൾ പറഞ്ഞു. കുട്ടിക്ക് പെപ്സിയൊന്നും കൊടുക്കേണ്ട നല്ല ചോക്ലേറ്റ് കൊടുക്കാം എന്ന് പറഞ്ഞു ഒരുത്തൻ ബബ്ലുവിനെ റൂമിനകത്തേക്ക് കൂട്ടികൊണ്ട് പോയി കതകടച്ചു. വിരുന്നുവന്നവർ എല്ലാവരും ആ പിഞ്ചു ശരീരത്തിൽ അവരുടെയെല്ലാം കാമം തീർത്തു. ജോലിയിൽ മുഴുകിയ ബബ്ലുവിന്റെ അമ്മ ഇതൊന്നും അറിഞ്ഞതെ ഇല്ല. ഓരോരുത്തർ പോകുമ്പോൾ ഒരാൾ എപ്പോഴും ബബ്ലുവിന്റെ അമ്മയുടെ അടുത്ത് പോയി വർത്തമാനം പറഞ്ഞു അവർ അങ്ങോട്ട് വരാതെ നോക്കി. ആ കൊച്ചു ശരീരത്തിൽ അപ്പോഴും നേരിയ ചൂടുണ്ടായിരുന്നു. ഈ നശിച്ച ലോകത്തെയും അതിന് വഴിയൊരുക്കിയ അമ്മയുടെ മനസ്സിനെയും ശപിച്ചുകൊണ്ട് ആ പിഞ്ചുകുഞ്ഞ് ഈ ലോകത്തോട് വിടപറഞ്ഞു. 

ഇതിനിടയിൽ കഴിക്കാനുള്ള ഭക്ഷണം ശരിയായിട്ടുണ്ടെന്ന് ബബ്ലുവിന്റെ അമ്മ വന്നു പറഞ്ഞു. അയാൾ കുറെ പൈസ എടുത്ത് നീട്ടി, ഇത് കുറെ ഉണ്ടല്ലോ ബബ്ലുവിന്റെ അമ്മ അശ്ചര്യപ്പെട്ടു. 'അത് സാരമില്ല അവന്മാരുടെ ഒരു സന്തോഷം അല്ലേ' അയാൾ പറഞ്ഞു. 'ബബ്ലൂ എന്തേ' അവർ ചോദിച്ചു, 'വീട്ടിലേക്ക് പോയല്ലോ' എന്ന് മുഖത്തോട്ട് നോക്കാതെ അയാൾ മറുപടി പറഞ്ഞു. 'എന്നാൽ ഞാനും വേഗം പോട്ടെ' എന്ന് ബബ്ലുവിന്റെ അമ്മ പറഞ്ഞു. വളരെ ക്ഷീണിച്ചാണ് അവർ വീട്ടിൽ വന്ന് കയറിയത്. അപ്പോഴേക്കും എല്ലാവരും കിടന്നിരുന്നു. അതിൽ ബബ്ലുവും ഉണ്ടെന്നു കരുതി. എന്നാൽ അപ്പുറത്ത് എല്ലാവർക്കും പതിയെ ബോധം വന്ന് തുടങ്ങി. ചെയ്ത തെറ്റ് മറച്ചുവെക്കാൻ ഉള്ള പദ്ധതികൾ നെയ്തുകൂട്ടിയിരുന്നു അവർ. ആ പിഞ്ചുകുഞ്ഞിന്റെ ശരീരം കുഴിച്ചു മൂടാൻ തീരുമാനിച്ചു അവർ. നേരം വെളുക്കുന്നതിനു മുൻപേ തന്നെ ഒരു ദയയും ഇല്ലാതെ അവർ അത് നടത്തി. ഒന്നുമറിയാത്ത പോലെ എല്ലാവരും പോയി കിടന്നുറങ്ങി. 

രാവിലെ ബബ്ലുവിന്റെ അമ്മയുടെ കരച്ചിൽ കേട്ടാണ് എല്ലാവരും ഉണരുന്നത്. ഒന്നും അറിയാത്ത ഭാവത്തിൽ അവർ ബബ്ലുവിന്റെ അമ്മയോട് ചോദിച്ചു. "എന്ത് പറ്റി ചേച്ചി" "മോനെ നമ്മുടെ ബബ്ലുവിനെ കാണാനില്ല. ഇന്നലെ ഇവിടെ കിടന്നുറങ്ങിയ മോളാണ്, ഇന്ന് എണീറ്റപ്പോൾ കാണാനില്ല. എന്റെ മോൾക്ക് എന്താ പറ്റിയത് എന്നറിയില്ലല്ലോ ദൈവമേ" ആ അമ്മ അലമുറയിട്ട് കരഞ്ഞു. "ചേച്ചി നന്നായി നോക്കിയോ എല്ലായിടത്തും? ഇവിടെ ഇരുന്നു കരഞ്ഞോണ്ട് കാര്യം ഉണ്ടോ നമുക്ക് നോക്കാം." ഇത് പറഞ്ഞു തിരിയുമ്പോൾ അയാളുടെ കൂട്ടുകാർ പോവാൻ ബൈക്കുമായി വന്ന് ചോദിച്ചു. "എന്താടാ എന്ത് പറ്റി?" "ഇന്നലെ ഡാൻസ് കളിച്ച കുട്ടി ഇല്ലേ ബബ്ലൂ അവൾ മിസ്സിംഗ് ആണ്," "എവിടെ പോയി" എന്ന ചോദ്യത്തിൽ മാത്രം ഒതുക്കി അവർ യാത്ര പറഞ്ഞു പോയി. മകൾക്ക് എന്ത് സംഭവിച്ചു എന്നറിയാതെ പാതി മരിച്ച അച്ഛനും, അച്ചാച്ചനും സമനില തെറ്റിയ അമ്മയും ഒന്നും ചെയ്യാൻ കഴിയാത്ത അനിയനും ആ വീട്ടിൽ നടന്നതെല്ലാം അവരോടൊക്കെ പറയാൻ തേങ്ങുന്ന ബബ്ലുവിന്റെ ആത്മാവും മാത്രം ഒരു പൈശാചിക രാത്രി കൊണ്ട് അവിടെ ബാക്കി ആയി. എവിടേക്കാണ് നമ്മുടെ നാടിന്റെ പോക്ക്... പാപികൾ വളരുന്നു... പാപം ചെയ്യാത്തവർ തളരുന്നു.

Content Summary: Malayalam Short Story Written by Nadiya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com