പുരാവൃത്ത സഞ്ചയമുറങ്ങുന്നതാം
തൃപ്പൂണിത്തുറ തന്‍ രാജനഗരിതന്നില്‍
ഉയരുകയല്ലോ ഓണത്തിനുല്‍സവാരവങ്ങള്‍
നാടന്‍ കലകളും ഘോഷങ്ങളും
തെയ്യംതിറ കഥകളികോല്‍കളിയും
നാനത്വത്തിലേകത്വം വിളിച്ചോതും
ഘോഷവും
മാബലിതന്‍ വരവറിയിക്കലും
ഒക്കെയുമൊക്കെയും ചേര്‍ന്നതല്ലോ
അത്താഘോഷച്ചമയാഘോഷം
ചെമ്പിലരയനും കത്തനാരും തങ്ങളും
കൈകോര്‍ത്തു നിന്നിരുന്നു
ഒരുമതന്‍ ചരിതങ്ങളോതിയോതി
ദേശം അറിയിക്കലും ഒാണപ്പുടവയും
രാജഘോഷങ്ങളായ് നടന്നിരുന്നു
എങ്ങോ പോയ്മറഞ്ഞിവയെന്നാകിലും
നിറമിയലുന്നൊരു മലയാളത്തിന്‍
സാംസ്ക്കാരിക തനിമ വിളിച്ചോതുകയല്ലോ
തൃപ്പൂണിത്തുറയിലെ അത്താഘോഷം
ഒരുമയോടേവരും ഒന്നായിവര്‍ത്തിച്ച
കാലത്തിന്‍ ഓര്‍മ്മയില്‍ ഒത്തുചേര്‍ന്നു
മതജാതി വൈരങ്ങളൊക്കെയും മറന്നു
മാബലിയെ വരവേല്‍ക്കാനൊരുങ്ങുകയല്ലോ
അത്താഘോഷച്ചമയാഘോഷം
കള്ളവും ചതിയുമില്ലാത്തതാമൊരു
നല്ലൊരു നാളെയുടെ പ്രത്യാശയില്‍
കേരളമൊന്നാകെ ആഘോഷിക്കും
ഓണത്തെ വരവേല്‍ക്കാന്‍ തുടക്കം കുറിക്കുന്ന
മലയാളി തന്‍ പ്രിയപ്പെട്ട ഘോഷമിതേ
അത്താ ഘോഷച്ചമയാഘോഷം
കാലങ്ങളെത്രമാറി മറികിലും
കാലത്തിനൊത്തു നാം കോലങ്ങള്‍കെട്ടീടിലും
കാലപ്പകര്‍ച്ചയില്‍ മാറ്റങ്ങള്‍ കണ്ടീടിലും
നാടിന്റെ പൈതൃകകാഴ്ചകള്‍ നിറയുന്ന
ഓണസ്മൃതിപേറുന്ന ഘോഷമിതേ
അത്താഘോഷച്ചമയാഘോഷം
കലയും കാലവും ഒന്നായിവര്‍ത്തിച്ച
കാലവിളംബിത രൂപത്തില്‍ ഒളിമങ്ങാത്തതാം
ഓര്‍മ്മതന്‍ ഉത്സവഛായയും നിറംചാര്‍ത്തി
മിന്നിടുമ്പോള്‍ ഹൃദയം പകര്‍ന്നാടും ഘോഷമിതേ
അത്താഘോഷച്ചമയാഘോഷം
Content Summary: Malayalam Poem ' Athachamayam ' Written by Nandakumar Choorakkad