പൂർവാംബരത്തിലെ
സൗവർണ്ണ രഥമേറി
സിന്ദൂര വർണ്ണത്തിൻ
മുഴുക്കാപ്പു ചാർത്തി
കാലാതിവർത്തിയാം
ആദിത്യ ദേവൻറ്റെ
തിരുവെഴുന്നള്ളത്തിൻ
ശംഖൊലി ഉണരുന്നൂ...
ഇന്നലെയുടെ ഖിന്നമാം
തമോമയ ചിന്തസർവതും
വിസ്മരിച്ചിന്നിതാ
ഫുല്ല തല്ലജ കാന്തിയായ്
പ്രസന്നയായ്
നിത്യ സുന്ദരി
പ്രകൃതീ മനോഹരി
പുഞ്ചിരിച്ചുംകൊ-
ണ്ടോരോരോ തരുവിലും
സപ്ത വർണ്ണത്തിൻ
മേലങ്കി ചാർത്തുന്നു
വർണ്ണ വൈവിധ്യ
മേളനം കണ്ടു-
മ്മറത്തെത്തി
മുത്തശ്ശി മൊഴിയുന്നു...
"നോക്കു മക്കളേ
ചിങ്ങപ്പുലരി തൻ
നിത്യ വിസ്മയത്തി-
ന്നാഗമ സാന്ത്വനം!
ഓർത്തിടാം പാര-
മേറെക്കനിവാർന്ന
ചിൽപ്രകാശിയാ
മൂർത്തി തൻ കീർത്തനം
വാഴ്ത്തിടാമാത്മ
നിർവൃതി പകർന്നിടും
ഉറ്റ ബന്ധൂ
പരിജനമിത്രങ്ങൾ
ഒറ്റയമ്മ തൻ
മക്കളാണോർക്ക നാം
ഭൂവിലാദ്യമായ്
മാനവർ സർവരെ
ചേർത്തു നിർത്തിയ
നിസ്തുല ദർശിയാം
ഓണമാം മഹോത്സവ
സന്ദേശം സോദരർ
നമുക്കേവർക്കു-
മൊരുപോലെ...
വിഘടനം പാടേ
തള്ളിക്കളഞ്ഞിടാം,
ചേർന്നു നിന്നിടാം
സഹോദരരാണു നാം.
Content Summary: Malayalam Poem ' Chingappulari ' Written by Kishore Kandangath