ADVERTISEMENT

'രാവിലെ തൊട്ട് പൂമുഖത്ത് ബഹളമാണ്. വിരുന്നുകാർ കുറെ ഉണ്ടെന്നു തോന്നുന്നു. എന്നും ഒരുപിടി അരി ഇട്ടു തരാറുള്ള മോളി ചേച്ചിയെയും ഇന്നു കണ്ടില്ല'. കോഴിക്കുഞ്ഞ് പ്രാഞ്ചി പ്രാഞ്ചി നടന്നു. കിഴക്കേ മുറ്റത്ത് കുറെ കസേരകൾ ഇട്ടിട്ടുണ്ട്. ചായ മൊത്തിക്കുടിച്ചുകൊണ്ട് ആളുകൾ കുശലം പറയുന്നു. കസേര കാലുകൾക്കിടയിലൂടെ നടന്നപ്പോഴാണ് മൈന പെണ്ണിനെ കണ്ടത്. "ജീവൻ വേണെങ്കിൽ ഓടിക്കോ കുഞ്ഞേ.. ഇല്ലേൽ ഇവർ നിന്നെ പിടിച്ചു തിന്നും." പകുതി കളിയും പകുതി കാര്യവുമായി മൈന പെണ്ണ് പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും കോഴിക്കുഞ്ഞ് തിരിഞ്ഞ് നടന്നു. 

'അമ്മയുടെ ചിറകിനടിയിൽ കുറച്ചുനേരം പോയിരിക്കാം എന്ന് കരുതി വന്നതാണ്. പക്ഷേ എന്നത്തേയും പോലെ അമ്മ ചിറക് വിരിച്ച് അടുത്തോട്ട് വരുന്നില്ല. തല വെട്ടിച്ച് ആരെയോ അന്വേഷിക്കുന്നതുപോലെ.. ആ കണ്ണുകളിൽ ഭയം.! "എന്തുപറ്റി അമ്മേ?" കോഴിക്കുഞ്ഞ് അമ്മയോട് ഒട്ടി നിന്നു. "എന്റെ കുഞ്ഞ് എവിടെയും പോകാതെ ഇവിടെത്തന്നെ ഇരുന്നോണം. ചിലപ്പോൾ അമ്മയ്ക്ക് അടുക്കള വരെ ഒന്ന് പോകേണ്ടിവരും." മോളി ചേച്ചിയെ സഹായിക്കാൻ ആയിരിക്കും. കോഴി കോഴിക്കുഞ്ഞ് മനസ്സിൽ ചിന്തിച്ചു. 'എന്നെയും കൂടി വിളിക്കായിരുന്നു ചേച്ചിക്ക്. വല്ലതുമൊക്കെ ഞാനും സഹായിക്കുമല്ലോ.

വെയിൽ മൂത്തു തുടങ്ങി. അപ്പുറത്തെ വേലായുധൻ ചേട്ടൻ അപ്പോഴാണ് കൂടിനു അടുത്തേക്ക് വന്നത്. ആ വരവ് കണ്ടപ്പോഴേ അമ്മ ഓടി കൂട്ടിൽ കയറി തലങ്ങും വിലങ്ങും തന്നെ ഉമ്മ വെച്ചു. എന്നിട്ട് എല്ലാവരോടുമായി പറഞ്ഞു "സന്ധ്യക്ക് മുന്നേ കൂട്ടിൽ കയറണം. കുരുത്തക്കേട് ഒന്നും കാണിക്കരുത്. ഭക്ഷണം നന്നായി കഴിക്കണം. പൊന്തക്കാടിനു അടുത്തേക്ക് പോകാനേ അരുത്." തന്നെ നോക്കി അമ്മ കണ്ണുരുട്ടി. എല്ലാം സമ്മതിച്ച് തല കുലുക്കുമ്പോൾ കോഴിക്കുഞ്ഞ് ചിന്തിച്ചു 'ഈ അമ്മക്ക് ഇതെന്തുപറ്റി?' അകത്തേക്ക് നീട്ടിയ വേലായുധൻ ചേട്ടന്റെ കൈകളിൽ അമ്മ അനുസരണയോടെ ഇരുന്നു. തിരിഞ്ഞു നടന്നപ്പോൾ ആ കണ്ണുകൾ എന്തോ പറയുന്നുണ്ടായിരുന്നു.

ഇരുട്ട് പരന്നു. വിരുന്നുകാർ ഒട്ടുമുക്കാലും പോയിക്കഴിഞ്ഞു. മോളി ചേച്ചി ഒരു കൂട്ടം പാത്രങ്ങളുമായി പിന്നാമ്പുറത്തെത്തി. തേച്ചുമെഴുക്കുന്നതിനിടയിൽ ഒന്ന് കണ്ണുയർത്തി നോക്കിയത് പോലുമില്ല. പ്ലേറ്റ് നിറയെ കഷ്ണങ്ങൾ കിട്ടിയിട്ടും പാണ്ടൻ നായയ്ക്ക് ഒരു ഉത്സാഹം ഇല്ല. ഒന്നും കഴിക്കുന്നുമില്ല. 'കുറച്ചുകൂടി കറങ്ങിയടിച്ച ശേഷം കൂട്ടിൽ കയറാം. അപ്പോഴേക്കും അമ്മയും എത്തും.' ഇങ്ങനെ ഓരോന്ന് ചിന്തിച്ച് നടക്കുന്നതിനിടയിലാണ് തൊഴുത്തിനു പിന്നിൽ.... അസംഖ്യം തൂവലുകൾ! അതെ... അമ്മയുടേത് തന്നെ! ആ സ്നേഹവും മണവും ഓരോ തൂവലിലും ഉണ്ട്. 'ശെടാ! ഈ തൂവലുകളെല്ലാം ഊരിവെച്ച് അമ്മ ഇതെങ്ങോട്ട്  പോയി? ഇനി ഞാൻ എങ്ങനെയാ ഓടി വന്ന് ചിറകിനടിയിൽ ഒളിക്കുക? അമ്മ വരട്ടെ ഞാൻ നല്ല വഴക്കുണ്ടാക്കുന്നുണ്ട്.' കോഴിക്കുഞ്ഞ് അമ്മയെ കാത്തു കാത്തിരുന്നു...

Content Summary: Malayalam Short Story ' Kaathirippu ' Written by Gopika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com