ADVERTISEMENT

"ഈ ഓണത്തിനും എന്റെ കുട്ടി വരില്ല്യാന്നുണ്ടോ. മൂന്നു കൊല്ലം കഴിഞ്ഞൂലോ എന്നെ വന്ന് ഒന്ന് കണ്ടിട്ടും എന്നോടൊന്നു നേരെ ചൊവ്വേ മിണ്ടീട്ടും.. ഇക്കുറി കൂടെ കണ്ടില്ലേൽ ഇനി എന്നെ കാണണ്ടാട്ടോ. ഞാൻ അങ്ങട് തീർന്നു പൊക്കോട്ടെ. ഫോൺ വിളിച്ചാലും നേരോല്ല്യ ഇപ്പോൾ ആർക്കും എന്നോടൊന്നു മിണ്ടാൻ പോലും നേരോല്ല്യ. മൂന്നു മക്കൾ ഉണ്ടായിട്ട് പേരിനൊന്ന് പോലും കാണാൻ പോലും ഇല്ല്യാണ്ടായല്ലോ." ദേവകിയമ്മ രാവിലെ മുതൽ ഇറയത്തു കസേരയിൽ ഇരുന്ന് സങ്കടങ്ങളുടെ തീരാ മഴ പെയ്യുകയാണ്. പക്ഷേ അത് കേൾക്കാൻ തൽക്കാലം ആരും തന്നെയില്ല. കേൾക്കാൻ ഉള്ളവർ എല്ലാം ദൂരെയാണ്. ദേവകിയമ്മക്ക് മൂന്നു മക്കൾ ഉണ്ട്. ഇളയ മകൾ അശ്വതി, മൂത്ത മകൻ വാസുദേവൻ, ഇവർക്ക് ഇടയിൽ ബാലൻ എന്ന ബാലു. മൂത്ത മകൻ ആയ വാസുദേവന്റെ വിവാഹം ഒരു കർഷക കുടുംബത്തിൽ നിന്നായിരുന്നു. ആ വീട്ടിൽ വേറെ മക്കൾ ആരും ഇല്ലാത്തത് കാരണം കൃഷിയുടെ ഉത്തരവാദിത്വം മുഴുവൻ വാസുവിനായി മാറി. അശ്വതിക്ക് ആണെങ്കിൽ പഠിത്തം കഴിഞ്ഞ ഉടനെ തന്നെ സർക്കാർ ജോലി ലഭിച്ചു. ഓഫിസിൽ തന്നെയുള്ള സഹപ്രവർത്തകനുമായി അശ്വതി ആയിടയ്ക്ക് ഇഷ്ടത്തിൽ ആയി. ആ ഇഷ്ടം പിന്നീട് വിവാഹത്തിൽ എത്തി അവൾ ഇപ്പോൾ ഭർത്താവിനൊപ്പം ജോലി സ്ഥലത്ത് തന്നെയുള്ള ക്വാർട്ടേഴ്സിൽ താമസം. ബാലു ആഗ്രഹിക്കുന്ന ജോലി ലഭിച്ചത് ഡൽഹിയിൽ ആണ്. മകന്റെ മനസ് അറിയുന്ന അമ്മ തന്നെ മകനെ ഇഷ്ടമുള്ള ജോലിക്ക് പറഞ്ഞയച്ചു. സത്യം പറഞ്ഞാൽ ദേവകിയമ്മക്ക് മക്കളെ കാണാൻ യോഗം ഇല്ലാതായി എന്നത് വാസ്തവം.

ദേവകിയമ്മയുടെ ഭർത്താവ് രാമേട്ടൻ കൂടെ ഉള്ളപ്പോൾ ഏകാന്തത ആയമ്മക്ക് അനുഭവപ്പെട്ടിട്ടില്ല. എവിടെ ആയാലും മക്കൾ സന്തോഷം ആയി ജീവിക്കുന്നു എന്ന് അറിഞ്ഞാൽ മതി എന്ന് ഇടയ്ക്കിടെ രാമേട്ടനോട് പറയും. രാമേട്ടന്റെ മക്കളെ ഓർത്തുള്ള പരിഭവങ്ങൾ എല്ലാം അങ്ങനെ ഇല്ലാതെ ആകുമായിരുന്നു. എന്നാൽ രാമേട്ടന്റെ അവസ്ഥ പ്രായം ചെല്ലുന്തോറും വഷളായി മരണത്തിൽ തീർന്നു. അപ്രതീക്ഷിതമായി ഉണ്ടായ ആ മരണം ദേവകിയമ്മയെ ആകെ തകർത്തു കളഞ്ഞു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞു ഒരാഴ്ച വരെ മൂന്നു മക്കളും കൂടെ ഉണ്ടായിരുന്നു. പിന്നീട് അവർ സ്വന്തം ഉത്തരവാദിത്വങ്ങളിലേക്ക് യാത്രയായി. പോകുന്ന നേരം അയൽപക്കത്തെ ഗൗരിയെ അമ്മയ്ക്ക് കൂട്ട് കിടക്കാൻ ഏൽപിക്കാൻ അവർ മറന്നില്ല. അതിന് അവർ അവൾക്ക് മാന്യമായ ശമ്പളവും നൽകിക്കൊണ്ടിരുന്നു. പരാതിയില്ലാത്ത മുഖഭാവത്തിൽ അവരെ പറഞ്ഞയക്കുമ്പോഴും ആ മനസിന്റെ തേങ്ങൽ ആരും കണ്ടില്ല. പിന്നീട് ഓരോ ആഘോഷങ്ങൾ വരുമ്പോൾ മക്കളെ നോക്കി അമ്മ കണ്ണും നട്ട് ഇരിപ്പായി.. ആഘോഷ ദിവസം എങ്കിലും തന്നെ കാണാൻ കുട്ടികൾ വരുമല്ലോ രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം തങ്ങി കൊണ്ട് അവർ വീണ്ടും മടങ്ങിക്കോട്ടെ. ആ കാത്തിരിപ്പ് കണ്ട് ദൈവം കനിഞ്ഞത് പോലെ ഒന്ന് രണ്ടു തവണ മൂന്നു മക്കളും അമ്മയോടൊപ്പം ഒത്തു കൂടി.

"അമ്മേ, എനിക്ക് എപ്പോഴും ഇങ്ങോട്ട് ഇങ്ങനെ ഓടി വരാൻ പറ്റില്ലാട്ടോ. അവിടെയുള്ള കൃഷി എല്ലാം ഞാൻ ചെല്ലുമ്പോഴേക്കും പരുവം ആകും." ഒരിക്കൽ മടങ്ങുന്ന നേരം വാസു പറഞ്ഞു. തിരിച്ചൊന്നും ദേവകിയമ്മ പറഞ്ഞില്ല. "എന്റെ അമ്മേ, അമ്മയെ കാണാൻ ഞാൻ ഇവിടെ വരെ വരുന്ന ബുദ്ധിമുട്ട് എത്രയാ? പഴയ പോലെ അല്ലല്ലോ, പ്രാരാബ്ധങ്ങൾ ഒത്തിരി ഉണ്ട്. കുട്ട്യോൾ മൂന്നാണ് എനിക്ക്. അമ്മക്ക് എന്നെ എപ്പോഴും വീഡിയോ കോൾ വഴി ആയാലും കാണാം. വലിയ വീടൊക്കെ വച്ചു. പക്ഷേ ആ വീട് വച്ച കടം വീട്ടാൻ ഉള്ള ഓട്ടത്തിലാണ് ഞാനും ഏട്ടനും." രണ്ടു  മക്കളോടും ആയമ്മ മറുത്ത് ഒന്നും പറഞ്ഞില്ല. ബാലു ആയിരുന്നു ദേവകിയമ്മയുടെ അവസാന പ്രതീക്ഷ. "എന്റെ കുട്ടിക്ക് മാത്രം എന്നോട് ഇങ്ങനെ ഒന്നും പറയാൻ പറ്റില്ല. നീ കണ്ടോളു ഗൗരി" പക്ഷേ അമ്മയുടെ ആഗ്രഹങ്ങൾ എല്ലാം വീണ്ടും വെറുതെ ഒരു ആഗ്രഹം മാത്രമായി. ബാലു അമ്മയെ കാണാൻ വന്നു മടങ്ങുന്ന നേരത്ത് അമ്മയുടെ അടുത്ത് വന്നു കുറെ നേരം മിണ്ടാതെ ഇരുന്നു. പിന്നെ സംസാരിച്ചു തുടങ്ങി. "അമ്മേ, അമ്മ എന്റെ കൂടെ വാ, ഈ വീട് നമുക്ക് വിറ്റ് കളയാം. അവിടെ പ്രിയക്ക് അമ്മ ഒരു കൂട്ടാകും. ഇവിടെ എന്തിനാ ഇങ്ങനെ ഈ പ്രായത്തിൽ ഒറ്റയ്ക്ക് കഴിയുന്നെ." ദേവകി പരിഭ്രമത്തോടെ ബാലുവിനെ നോക്കി. "ഇല്ല കുട്ടി, അമ്മയ്ക്ക് ഇവിടം വിട്ട് പോകാൻ പറ്റില്ല്യ. നിനക്ക് ഞാൻ ഒരു ശല്യം ആയി തോന്നുന്നുണ്ടെങ്കിൽ അത് വേണ്ട. എനിക്ക് കൂട്ടിന് ഇപ്പോൾ ഗൗരി ഉണ്ടല്ലോ. ഈ മണ്ണ് വിട്ടാൽ പിന്നെ എന്റെ മനസ് ആകെ അസ്വസ്ഥമാകും. ഞാൻ വരുന്നില്ല." "ശരി, അമ്മയുടെ ഇഷ്ടം, ഞാൻ ഇനി ഇങ്ങനെ എപ്പോഴും വരില്ല. അമ്മ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചോളൂ."

അന്ന് പടിയിറങ്ങിയ ബാലു പിന്നീട് വരാതെയായി. അമ്മ എന്ന് പറഞ്ഞാൽ ബാലുവിന് എല്ലാം ആയിരുന്നു. അവനും ഇപ്പോൾ മാറിയിരിക്കുന്നു. ഗൗരി രാവിലെ ജോലി ചെയ്തു കഴിഞ്ഞു വീട്ടിൽ പോകും. പിന്നെ രാത്രി ഉറങ്ങാറാകുമ്പോൾ വരും. വർഷങ്ങൾ നീങ്ങി. ഗൗരി ദേവകിയമ്മയെ സ്വന്തം അമ്മയെ പോലെ പരിചരിക്കുന്നുണ്ടായിരുന്നു. പക്ഷേ ആ മുഖം എന്നും മ്ലാനമായിരുന്നു. ഇപ്പോൾ അൽപം ആരോഗ്യ പ്രശ്നങ്ങളും ഓർമ കുറവുമെല്ലാം വന്നു തുടങ്ങി. ഗൗരി വിവരം മക്കളെ അറിയിച്ചു. ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു കൊണ്ടേയിരുന്നു. അങ്ങനെ ചിങ്ങം പിറന്നു. ഓണത്തുമ്പികളുടെ കാലമായി. ഇത്തവണ ഓണത്തിന് അമ്മയുടെ മക്കൾ ആരെങ്കിലും വരുമെന്ന് മനസ് പറയുന്നു. "ഈശ്വരാ, ഈ  ഓണത്തിന് ബാലുവേട്ടൻ എങ്കിലും വരണേ, ഈ അമ്മയ്ക്ക് അൽപം സന്തോഷം കിട്ടിയേക്കണേ ഈശ്വരാ, ഇനി ഒരു ദിവസം കൂടി കഴിഞ്ഞാൽ തിരുവോണം ആണ്." ഗൗരിയുടെ മനസ്  തേങ്ങി. ആ വീട്ടിൽ ബാക്കി ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. മുറ്റത്ത് വലിയ പൂക്കളം വിരിക്കാൻ ഉള്ള പൂക്കൾ വരെ ഇളം തിണ്ണയിൽ ഒരുങ്ങി.. അടുക്കളയിൽ പന്ത്രണ്ടു തരം കറികൾ വയ്ക്കാൻ ഉള്ള ഒരുക്കങ്ങൾ മാത്രം അവശേഷിക്കുന്നു. ഇന്ന് രാത്രി തന്നെ കാളനും അച്ചാറും ഒരുക്കി വയ്ക്കണം. എന്റെ ഭഗവാനെ എന്റെ കുട്ടികൾ വരാതെയിരിക്കോ. ദേവകിയമ്മ റോഡിലേക്ക് നോക്കി നെടുവീർപ്പിട്ടു. രാത്രി 8.30 കഴിഞ്ഞു. നല്ല ഇടി മിന്നൽ. എല്ലായിടത്തും കറന്റ് പോയി. ഫോൺ എവിടെയാണ് വച്ചതെന്ന് ഓർമ ഇല്ല. ദേവകിയമ്മ ഇരുട്ടിൽ ഫോൺ കുറെ തപ്പി. ഒടുവിൽ ഗൗരി വന്നു വിളക്ക് കൊളുത്തി.

"മോളേ ഗൗരി, നമുക്ക് കിടന്നാലോ, ഒടുവിൽ നീയും ഞാനും മാത്രം ആയല്ലോ. നാളെ നീ നിന്റെ വീട്ടിൽ പോകും. അപ്പോൾ പിന്നെ ഇവിടെ ഞാൻ മാത്രം ആയി. ആ സ്വരം വല്ലാതെ ഇടറുന്നു. ഗൗരി ആകെ വിഷമിച്ചു. നിശബ്ദതയെ മുറിച്ചു കൊണ്ട് പെട്ടെന്ന് ഒരു വാഹനം വന്നു വീട്ടു വളപ്പിൽ നിന്നു. ഗൗരി ആരാണെന്ന് അറിയാൻ വിളക്ക് എടുത്തു മുൻപോട്ട് വച്ചു. "അമ്മേ വേഗം വാ, ബാലുവേട്ടനും പ്രിയ ചേച്ചിയും, അമ്മേടെ കാത്തിരിപ്പ് വെറുതെ ആയില്ല." "എന്റെ കൃഷ്ണാ എന്റെ കുട്ട്യോൾ എത്തിയോ. ഇരുട്ടിൽ നിൽക്കാതെ ഇങ്ങോട്ട് വായോ. വിളക്ക് അങ്ങോട്ട് കാണിക്കു ഗൗരി." ബാലു വന്നു അമ്മയെ ചേർത്ത് പിടിച്ചു. "ഒരു സന്തോഷം പറയട്ടെ ദേവൂട്ട്യേ.. ഇനി ഞങ്ങൾ ഇവിടെ കാണും. ഇത് എന്റെ നിർബന്ധം അല്ല. അമ്മേടെ മരുമോൾ പറഞ്ഞിട്ട് ആണ്. ഞാൻ ഇങ്ങോട്ടു ട്രാൻസ്ഫർ ശരിയാക്കി." "എന്റെ അമ്മേ, എങ്ങനെ പറയാതെയിരിക്കും. ഈ ബാലുവേട്ടന്റെ മുഖം അങ്ങനെ എങ്കിലും ഒന്ന് തെളിയുമല്ലോന്ന് ഓർത്താണ്. ഇപ്പോൾ നോക്കിയേ ഇരുട്ടത്തും ആ മുഖം ചന്ദ്രനെ പോലെ തിളങ്ങുന്നത് കണ്ടോ." "അതിലും തിളക്കം ദേവകിയമ്മേടെ മുഖത്ത് അല്ലെ ബാലുവേട്ടാ." ഗൗരി ചിരിച്ചു കൊണ്ട് ചോദിച്ചു. അധികം വൈകാതെ കറന്റ് വന്നു ബൾബ് തെളിഞ്ഞു. മുറിയിൽ വെളിച്ചം നിറഞ്ഞു. ദേവകിയമ്മ മനസ് തുറന്നു ചിരിച്ചു. കൈ വിട്ടു പോയ ഒരു കുഞ്ഞിനെയെങ്കിലും തിരികെ കൈ എത്തിച്ചു പിടിച്ച അമ്മയുടെ സന്തോഷം ആ മുഖത്തു നിറഞ്ഞു നിന്നിരുന്നു.

Content Summary: Malayalam Short Story ' Manasarinja Ponnonam ' Written by Smitha Stanley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com