ADVERTISEMENT

"എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...

എന്നാർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ...

എന്നാത്മ വിപഞ്ചികാതന്ത്രികൾ മീട്ടിയ

സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ...' 

പരിഭവമാണ് ഭാവം. ആ പരിഭവം ലളിതസുന്ദരമായ വരികളിലൂടെ ഹൃദ്യമായ ഈണത്തിലൂടെ ഉള്ള് തൊടുന്ന ആലാപനത്തിലൂടെ കേൾവിയിൽ നിറഞ്ഞൊഴുകുകയാണ്. പ്രിയപ്പെട്ടവളുടെ പരിഭവത്തിന്റെ ചൂട് തൊട്ടറിയാം ആലാപനത്തിൽ. 'എന്നിട്ടും' എന്ന വാക്കിൽ പറയാനുള്ളതിന്റെ പകുതിയിലാണ് തുടക്കം. പറയുന്നതെല്ലാം പിന്നീടാണ്.. 

നസീമ എന്ന ചിത്രത്തിന് വേണ്ടി ഭാസ്കരൻ മാഷിന്റെ വരികളെ യമുനകല്യാണി രാഗത്തിന്റെ സൗമ്യഭാവത്തിൽ കടഞ്ഞെടുത്തുകൊണ്ട് ജോൺസൺമാഷ് ഒരുക്കിയ ആ ഗാനം എസ്. ജാനകി എന്ന നാദവിസ്മയത്തിലൂടെ ഹൃദയത്തെ ആദ്യമായി കീഴടക്കിയത് വർഷങ്ങൾക്ക് മുൻപാണ് റേഡിയോയിലൂടെ. ഒരു തെറ്റിദ്ധാരണയിൽ അകന്ന് നിൽക്കുന്ന പ്രിയപ്പെട്ടവനോട് തന്റെ ആത്മനൊമ്പരം പറയുന്ന നായിക. ആ ആത്മനൊമ്പരം ഭാസ്കരൻമാഷിന്റെ വരികളിൽ അനുഭവിച്ചറിയാം. അറിയാതെയാണ് അവൻ അവളുടെ അടുത്തേക്ക് വന്നത്. അവൾ പോലുമറിയാതെ അവൻ അവളുടെ അകത്തേക്കും വന്നു. ഒടുവിൽ അവളുടെ ജീവിതത്തിന്റെ സ്വപ്‌നങ്ങൾ വിരിച്ചിട്ട പൂവണിമഞ്ചത്തിൽ അവനിരിക്കുകയും ചെയ്തു. 

"അറിയാതെ അവിടുന്നെന്നടുത്തുവന്നു...

അറിയാതെ തന്നെയെന്നകത്തു വന്നു...

ജീവന്റെ ജീവനിൽ സ്വപ്‌നങ്ങൾ വിരിച്ചിട്ട

പൂവണിമഞ്ചത്തിൽ ഭവാനിരുന്നു.." 

പല്ലവിയും അനുപല്ലവിയും കടന്ന് ചരണത്തിലെത്തുമ്പോൾ നായികയുടെ വിഷാദഭാവം കേൾക്കുന്നവരുടെ ഹൃദയത്തെയും ആർദ്രമാക്കും. അവന്റെ സ്വേദമകറ്റാൻ ചന്ദനവിശറി കൊണ്ട് വീശുമ്പോഴും വിഹ്വലയായ അവൾ തന്റെ നെടുവീർപ്പിന്റെ ചൂടിൽ സ്വയം പൊള്ളുകയായിരുന്നു എന്ന് ഭാസ്കരൻ മാഷ് പറയുന്നു. ഭാവനയുടെ സൗന്ദര്യം നോക്കൂ.. 

"നിൻ സ്വേദമകറ്റാനെൻ‍ സുന്ദരസങ്കൽപം

ചന്ദനവിശറി കൊണ്ടു വീശിയെന്നാലും

വിധുരയാമെന്നുടെ നെടുവീർപ്പിൻ- ചൂടിനാൽ

ഞാനടിമുടി പൊള്ളുകയായിരുന്നു..." 

ഭാസ്കരൻമാഷിന്റെ ഭാസുരമായ ഭാവനക്ക് ശാന്തരാസപ്രധാനമായ യമുനകല്യാണി രാഗത്തിലാണ് ജോൺസൺ മാഷ് ഈണമൊരുക്കിയത്. ഒരുപാട് അനശ്വര ഗാനങ്ങളും കീർത്തനങ്ങളുമെല്ലാം യമുനകല്യാണി രാഗത്തിൽ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. "കൃഷ്ണാ നീ ബേഗേനെ.. ബാരോ" എന്ന കീർത്തനമെല്ലാം യമുനകല്യാണിയുടെ സൗന്ദര്യം നുകർന്നതാണ്. രാഗത്തിന്റെ നേരിയ വിഷാദഭാവത്തിലൂന്നിയാണ് ജോൺസൺമാഷ്  ഈണമൊരുക്കിയത്. നസീമയുടെ ഹൃദയവ്യഥ ജാനകിയമ്മയുടെ ഭാവാലാപനത്തിൽ അത്രമേൽ നിറഞ്ഞു നിൽക്കുകയാണ്. ചരണത്തിലെ "പൊള്ളുകയായിരുന്നു" എന്ന് പാടി വച്ചതൊക്കെ വാക്കുകൾക്കതീതമാണ്..! 

ജോൺസൺ മാഷിന്റെ പാട്ടുകളിൽ ഈ പാട്ടിനെക്കുറിച്ച് അധികമാരും സംസാരിക്കുന്നത് കേട്ടിട്ടില്ല. തനിക്ക് ഏറെ പ്രിയങ്കരമാണ് ഈ പാട്ടെന്ന് ഒരഭിമുഖത്തിൽ മാഷ് പറയുന്നത് കേട്ടിട്ടുണ്ട്. ഹാർമോണിയത്തിൽ താളം പിടിച്ചുകൊണ്ട് "ജീവന്റെ ജീവനിൽ സ്വപ്‌നങ്ങൾ വിരിച്ചിട്ട പൂവണിമഞ്ചത്തിൽ ഭവാനിരുന്നു" എന്ന് പാടുന്ന ജോൺസൺ മാഷിന്റെ രൂപം ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലേക്ക് വരും. കണ്ണറിയാതെ നിറയും. കാലത്തിന് പോലും മായ്ക്കാനാവാത്ത സംഗീതമായി ജോൺസൺ മാഷ് ഇന്നും ഇവിടെയുണ്ട്. കേട്ടനുഭവിക്കാൻ കഴിഞ്ഞത് പുണ്യം.

Content Summary: Malayalam Article ' Athmavipanchika Meettiya Bhavaganam ' Written by Rajeev

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com