മൗനമാണുത്തമം
ഹൃദയം കീറിമുറിക്കുന്ന
വാക്ശരങ്ങളേറ്റു
മുറിപ്പെടാതുറങ്ങാം
മൗനമാണുത്തമം ..
പഴിചാരലില്ല.. പരാതിയില്ല..
നെഞ്ചു നീറുന്ന കുറ്റം
ചാർത്തലുകളില്ല..
വരൂ.. മൗനമെന്ന വാല്മീകം
പുതച്ചിരുളിൽ പതുങ്ങിയിരിക്കാം
മൂടുപടമിട്ട മിഥ്യയെ
തന്റേതെന്നോർത്തു പുണർന്ന
തെറ്റൊരു മൗനത്തിൽ
മൂടി മറയ്ക്കാം..
മൗനമാണുത്തമം
ചൂണ്ടുവിരലുകളില്ല..
ചോദ്യമുനകളില്ല
മൗനം ചുമന്നഭാരവും പേറി
നിഴലായ് പതുങ്ങിയിരിക്കാം..
വരിക മൗനമേ..! വന്നു പുണരുക
നീയെന്റെ അധരങ്ങൾക്ക്
കാവലായീടുക
വരിക മൗനമേ..! നിന്നെ തൊടാനൊരു
വാക്കിന്നുപോലും ഭയമുണ്ടതോർക്ക.
മൗനമാണുത്തമം..
തീയായ് ജ്വലിച്ചതും
തിരയായ് കുതിച്ചതും
നിന്റെ മൗനത്തിൽ മുങ്ങി
മരിച്ചു വീഴട്ടെ..
മൗനമാണുത്തമം...
Content Summary: Malayalam Poem ' Maunam ' Written by Ramesh