ദീപാക്ഷി, പ്രിയപ്പെട്ടവളെ നാളെ ചിങ്ങം 1, പുതിയ മലയാള വർഷം പിറക്കുന്ന ദിവസം. ഇത്തവണത്തെ ചിങ്ങപ്പുലരിയിലെങ്കിലും നിന്നെ കേരളത്തിന്റെ കസവുസാരിയണിഞ്ഞു കാണണമെന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ വരാമെന്നു നീ ഏറ്റിരുന്നതാണ്. ഓണപ്പുടവ വരെയെടുത്തു കാത്തിരുന്നതുമാണ്. മുത്തശ്ശിയുടെ പെട്ടെന്നുള്ള അസുഖം കാരണം യാത്ര മാറ്റിവെക്കേണ്ടി വന്നു. കേരളത്തിൽ ഞങ്ങൾ മാവിൽ ഊഞ്ഞാലകെട്ടി ആടുന്ന ചിത്രങ്ങൾ നിനക്ക് അയച്ചു തന്നപ്പോൾ, നീ നിന്റെ വീടിന് മുമ്പിലെ ആൽമരത്തിൽ ഊഞ്ഞാലകെട്ടിയ ചിത്രമയച്ചു തന്നു. ഒരേ തരംഗദൈർഘ്യത്തിൽ ചിന്തിക്കുന്നവർക്ക് വിവിധ ഇടങ്ങളിൽ ഇരുന്നും ഒരേ സന്തോഷം, ആഹ്ലാദം പങ്കിടാം അല്ലേ. വീട്ടിൽ ഓണംകൊണ്ട ചിത്രങ്ങൾക്ക് ബദലായി, ആൽമരത്തിന് ചുറ്റും നിരത്തിയ ദീപവർണ്ണങ്ങൾ നീ അയച്ചു തന്നു.
ദീപാക്ഷി, എത്രയോ നാളുകളായി നിനക്ക് എഴുതിയിട്ട്. ഒരവസരത്തിൽ ഞാൻ നിനക്ക് മാത്രമാണ് എഴുതിയിരുന്നത്. ബംഗാളിലെ ഏതോ ഉൾഗ്രാമത്തിലെ, നീ നടന്നുപോകുന്ന വഴികൾ, നീ പഠിപ്പിക്കുന്ന കോളജ്, അവിടത്തെ ലൈബ്രറി, നീ നിന്റെ ഭാഷയിൽ കവിതകൾ എഴുതുന്ന നോട്ട് പുസ്തകം. എല്ലാം നീ അയച്ച ചിത്രങ്ങളിലൂടെ എനിക്കറിയാം. നിന്റെ ചിത്രം മാത്രം ഇനിയും കണ്ടില്ല. കോളജിന്റെ പേരില്ലാതെ ചിത്രങ്ങൾ എടുത്തത് നീ എവിടെയാണ് എന്നറിയാതിരിക്കാനാണ് എന്ന് എനിക്കറിയാം. അല്ലെങ്കിൽ ആൽമരത്തിൽ കെട്ടിയ ആ ഊഞ്ഞാലിൽ നിന്റെ ചിത്രം വരുമായിരുന്നു. ഒരു പക്ഷെ നമ്മൾ രണ്ടുപേർക്കും ശരിക്കും അറിയാം എവിടെയാണെന്ന്. ഒരു സമാഗമം നമ്മൾ അറിയാതെ സംഭവിക്കട്ടെ എന്നാഗ്രഹിക്കുകയുമാകാം. ബംഗാളിയിൽ എഴുതിയ നിന്റെ പുസ്തകം പിന്തുടർന്നു എനിക്ക് നിന്നെ കണ്ടുപിടിക്കാമായിരുന്നു. എന്നാൽ കാണാനുള്ള ആകാംക്ഷയും, കണ്ണുകളിൽ ദീപങ്ങൾ തെളിയുന്ന ആ മുഖത്തിന്റെ പുഞ്ചിരിയും ഒരു ദിവസം മുന്നിലേക്ക് എത്തും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.
ദീപാക്ഷി, പ്രിയപ്പെട്ടവളെ, നിന്റെ പഠനവിഷയത്തിൽ ഡോക്ടറേറ്റ് എടുത്തുകഴിഞ്ഞാൽ നീ അവധിയെടുക്കണം. എന്റെ നാട്ടിലേക്ക് വരുന്നത് നിന്റെ ഇഷ്ടം. തീർച്ചയായും കേരളത്തിലൂടെയുള്ള ഒരു യാത്ര നിനക്ക് തുടർ പഠനത്തിനായി ഒരുപാട് വിഷയങ്ങൾ തരും, നിന്നിലെ എഴുത്തുകാരിക്ക് വർഷങ്ങളോളം എഴുതാനുള്ള വിഷയങ്ങളും നീ ഇവിടെ നിന്ന് കണ്ടെത്തും. എനിക്കറിയാം, ഒരു പക്ഷെ ഞാൻ നാട്ടിൽ ഉള്ളപ്പോൾത്തന്നെ, ഞാൻ അറിയാതെ എന്നെ ദൂരെ നിന്ന് കണ്ട്, നീ തിരിച്ചു പോയേക്കാം. ദീപാക്ഷി, മനുഷ്യർ മനസ്സിൽ സൃഷ്ടിക്കുന്ന ഒരുപാട് സ്വകാര്യ നിമിഷങ്ങൾ ഉണ്ട്. ഒരാളെ കാണാനായി മാത്രം വരിക, അയാളോട് പറയാതിരിക്കുക, എന്നിട്ട് ദൂരെ നിന്നോ, തൊട്ടരികിൽ നിന്നോ കണ്ടു, പറയാതെ നടന്നകന്നു, ദൂരെയെത്തി പറയുക, ഞാൻ നിങ്ങളെ കണ്ടിരുന്നു, നിങ്ങളുടെ ചിരി എനിക്കറിയാം, നിങ്ങളെക്കുറിച്ചു എല്ലാം എനിക്കറിയാം, എന്നാൽ നിങ്ങൾക്ക് എന്നെക്കുറിച്ച് ഒന്നും തന്നെ അറിയില്ല. വിചിത്രമായ ചിന്താഗതികൾ അല്ലെ. അല്ലെങ്കിലും എഴുത്തുകാർക്ക് അനൽപമായ ഭ്രാന്ത് ഉണ്ടെന്നത് യാഥാർഥ്യം തന്നെയല്ലെ? നിന്റെ എഴുത്തുകളിൽ നിറയുന്ന നിന്റെ ഗ്രാമത്തിലൂടെ നടക്കാൻ എനിക്ക് തോന്നാറുണ്ട്, അല്ലെങ്കിൽ, എന്നും എപ്പോഴും നിന്റെയൊപ്പം നടക്കുന്നു എന്ന് തന്നെയാണ് എന്റെ തോന്നൽ.
ഞാൻ കാണുന്ന മേഘങ്ങൾ നിന്റെ ആകാശത്തുകൂടെയും പറന്നുപോകുന്നുണ്ടാകാം, ഒരുപക്ഷെ നമ്മെ രണ്ടുപേരെയും കണ്ടത് മേഘങ്ങൾ മാത്രമാകാം. ലോകത്തിന്റെ രണ്ട് കോണിലിരുന്നു രണ്ടുപേർക്കു ഇങ്ങനെ അക്ഷരങ്ങളിലൂടെ സംവദിക്കാനാവുമോ? ആവണമല്ലേ, അല്ലെങ്കിൽ നാം ഇങ്ങനെ സംസാരിക്കില്ലല്ലോ. കാണണമെന്ന അതിയായ ആഗ്രഹത്തോടെ വന്നു, കണ്ടു, എന്നാൽ മറ്റെയാൾ അറിയരുതെന്ന് കരുതുന്നത് എന്തിനാകാം. മനുഷ്യന്റെ മനസ്സും മോഹങ്ങളും പല പല യുദ്ധങ്ങളുടെ കലവറകളാണ്. ഒന്നിൽ നിന്ന് മറ്റൊന്ന് എങ്ങനെ വേർപെടുത്തി എടുക്കുന്നു എന്നത്, ഓരോരുത്തരുടെ മനോധർമ്മവുമാണ്. എനിക്കുള്ള ഏറ്റവും വലിയ സന്തോഷം, ഇങ്ങനെയുള്ള ചിന്തകളിലൂടെ സഞ്ചരിച്ചു നീ മനോഹരങ്ങളായ കവിതകൾ എന്നും രചിക്കുന്നു എന്നതാണ്. നേരിൽ കാണാത്ത, അറിയാത്ത ഒരാകാംക്ഷ, അതിലൂടെ സഞ്ചരിക്കുന്ന ഗൂഢമായ ഒരു പ്രണയം, അക്ഷരങ്ങളിലൂടെ നിനക്ക് ചുറ്റും ചിറകടിച്ചു പറന്നുപൊങ്ങുന്ന ഹംസങ്ങൾ, വരികൾ പിറന്നു വീഴുമ്പോൾ നിന്നിലുണ്ടാകുന്ന ആഹ്ലാദം, എല്ലാം എനിക്ക് ഇവിടെയിരുന്ന് കാണാം. ഇന്ന് കറുത്തവാവാണ്, ഒരു പക്ഷെ ഇരുട്ടിലാകാം നിന്റെ പ്രണയത്തിന് കൂടുതൽ സൗന്ദര്യം.
Content Summary: Malayalam Short Story ' Chingam ' Written by Kavalloor Muraleedharan