ഉഷ്ണമാപിനി
പാരമ്യത്തിലെത്തിയ രാവിൽ,
ഇരുൾമറയിൽ
പതുങ്ങിയെത്തിയ
സ്നേഹത്തിന്
ഹൃത്തിൻവാതിലിന്റെ
കുറ്റിനീക്കി
അവൾ ചിരിച്ചു നിന്നു.
കാമവേശത്തിനന്ത്യത്തിൽ
ഇരുമ്പിൻ തണുവാൽ
അവനവളുടെ നെഞ്ചിൽ
സ്നേഹമുദ്ര ചാർത്തി.
നാലുചുവരുകൾക്കുള്ളിൽ
പാതിയടഞ്ഞ മിഴികളിൽനിന്നും
കണ്ണീരും സ്വപ്നങ്ങളും
ചോരനിറം പൂണ്ടൊഴുകിപരന്നു.
സംശയപ്പുഴുക്കൾ
കാർന്നുതിന്ന
പ്രേമച്ചെടിയിൽ
അവശേഷിച്ച മുകുളത്തിൽ
ചീറ്റിതെറിച്ച
സ്നേഹനിറം
ഇടങ്കയ്യാൽ തുടച്ചവൻ
പുറത്തേക്കിറങ്ങി.
അൽപകാഴ്ചയിൽ
അകന്നുപോകുന്ന
ബീഡി വെളിച്ചം
മിന്നാമിനുങ്ങുപോലെ
അപ്പോഴുമവളെ ഭ്രമിപ്പിച്ചു.
അമാവാസി രാവിൽ
ആൽമരക്കൊമ്പിൽ
ഫണം വിടർത്തിയ നാഗത്തെ കണ്ട്
പക്ഷികൾ ചിറകടിച്ചു കരഞ്ഞു.
കൂരിരുട്ടിൽ വിഷാംശമേറ്റ
കിളിക്കുഞ്ഞുങ്ങൾ മരിച്ചു വീണു.
Content Summary: Malayalam Poem ' Samasya ' Written by Roopalekha