ADVERTISEMENT

ഒരാളുടേയും മതവും വിശ്വാസവും മറ്റൊരാളെ ദോഷകരമായി ബാധിക്കുന്നില്ല, അതിന്റെ പേരില്‍ മറ്റുള്ളവരെ ഉപദ്രവിക്കുവോളം.. വർഷങ്ങൾക്ക് മുമ്പ്, അൽ ഐനിൽ വിസിറ്റിനു വന്ന യുവദമ്പതികളും അവരുടെ മോനും, ഞങ്ങൾ താമസിക്കുന്ന വില്ലയിലേക്ക്‌ വാടകക്ക്‌ താമസിക്കാൻ വരുന്നു. താമസിക്കുന്നത്‌ ഒരു ചുവരിനു അപ്പുറമിപ്പുറം ഒരേ മുറ്റം. വളരെ സൗമ്യ സ്വഭാവക്കാരായവരായത്‌ കൊണ്ടു ഞങ്ങൾ പെട്ടെന്ന് തന്നെ അടുത്തു. താമസം തുടങ്ങി ആദ്യ ആഴ്ച്ചയിൽ വിഷുവിനു നല്ല ഒന്നാന്തരം അടപ്രഥമനും വച്ചു കൊണ്ട്‌ തന്നു അവർ മനസ്സിൽ മധുരവും നിറച്ചു. ഒരു ദിവസം ഞങ്ങൾ പുറത്തിരിക്കുമ്പോൾ ഭാര്യയെ താങ്ങി പിടിച്ചു, മോനേയും ഒക്കത്തെടുത്ത്‌ അവൻ ഇറങ്ങുന്നത്‌ കണ്ടു കാര്യം അന്വേഷിച്ചു.. 'ഇവക്ക്‌ പനിക്കുന്ന്, ഡോക്ട്രെ കാണിക്കാൻ പോകുവാ, ചേച്ചി ഈ വാതിലൊന്നു അടക്ക്വോ" രണ്ട്‌ കൈയ്യും അവരെ താങ്ങി പിടിച്ചോണ്ട്‌ അവൻ ചോദിച്ചു. പരസ്പരം കണ്ട്‌ തുടങ്ങിയിട്ട്‌ ആഴ്ച്ചകളായൊള്ളു, അവരുടെ പിഞ്ചു കുഞ്ഞിനെ എന്നെ ഏൽപിക്കാൻ മാത്രം വിശ്വാസം അവർക്കുണ്ടാകുമോ എന്നറിയില്ല. എന്നാലും ഞാൻ ചോദിച്ചു. 'മോനെ ഇവിടെ നിർത്തിക്കൂടെ, അവനേം എടുത്ത്‌ പോകുന്നത്‌ ബുദ്ധിമുട്ടല്ലെ?' അവർ ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ മോനെ എന്റെ കൈയ്യിൽ ഏൽപിച്ചു പോയി. 7 മാസം പ്രായമൊള്ളു ദച്ചുമോൻ.. മോണ കാട്ടി പുഞ്ചിരിച്ചും പെട്ടെന്ന് ഇണങ്ങി. ഒന്നൊന്നര മണിക്കൂറായപ്പോ അവന്റെ ചുണ്ടുകൾ കോടി കണ്ണുകൾ അമ്മയെ തിരഞ്ഞു. ആയ്ഷു അവനെ എടുത്തും കളിപ്പിച്ചും മനസ്സ്‌ മാറ്റി. 2,3 മണിക്കൂർ കഴിഞ്ഞാണവർ തിരിച്ചെത്തിയത്‌.

വൈകുന്നേരങ്ങളിൽ പുറത്തിരിക്കുമ്പോൾ അവരും വന്ന് കുശലങ്ങൾ പറയാൻ കൂടും..

ദിവ്യ: ചേച്ചി എനിക്കാദ്യം ഇവിടെ വന്നപ്പോൾ, ഈ കറുപ്പും മുഖം മൂടിയിട്ട്‌ നടക്കുന്നവരെ കാണുമ്പൊ പേടി ആയിരുന്നു.

ഞാൻ : പേടിക്കണ്ട.. അയ്നുള്ളിൽ എന്നെ പോലെ ഉള്ളവരാണു. തമാശിച്ചു കൊണ്ട്‌ പറഞ്ഞു.

ദിവ്യ: ആണൊ, ചേച്ചി ധരിക്കാറുണ്ടോ?

ഞാൻ: പിന്നേ.. പുറത്തൊക്കെ ഒറ്റക്ക്‌ പോകേണ്ടി വരുമ്പൊ മുഖം മൂടും. സേഫായിട്ട്‌ തോന്നും. ദിവ്യയെ പോലെ പേടിച്ചിട്ട്‌ ആരും അടുത്തേക്ക്‌ പോലും വരില്ല. മാറി പോകും.

അതും പറഞ്ഞു ഞങ്ങൾ പൊട്ടിച്ചിരിച്ചു. അത്‌ പോലെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ, ബീഫ്‌ കഴിച്ചെന്ന് ആരോപിച്ചു യുപിയിലൊക്കെ മനുഷ്യരെ കൊല്ലുന്നതും, മുത്തലാഖും വിഷയവുമെല്ലാം ഇടയ്ക്ക്‌ സംസാരത്തിനിടയിൽ ചർച്ചിക്കും.. വളരെ നിഷ്‌കളങ്കതയോടെ ഇസ്ലാമിനേ കുറിച്ചും സംശയങ്ങൾ മറ്റും ചോദിച്ച്‌ മനസ്സിലാക്കും അവൾ. 'നബിക്ക്‌ 4 ഭാര്യമാർ ഉണ്ടായിരുന്നൊ.., 'നാലല്ല മരിക്കുമ്പോൾ 9 പേർ ജീവിച്ചിരിപ്പുണ്ടായിരുന്നു. അതിൽ കൂടുതലും ഉണ്ടായിരുന്നു. ആശ്ചര്യത്തോടെ 'ആണോ?' ചോദിക്കുമ്പോൾ,. 'പിന്നേ.. അന്നൊന്നും അതൊരു പ്രശ്നമല്ല. ശ്രീ കൃഷ്ണനു എത്ര ഭാര്യമാർ ഉണ്ടായിരുന്നു, പാഞ്ചാലിക്ക്‌ എത്ര ഭർത്താക്കന്മാർ ഉണ്ടായിരുന്നു '.. ഇങ്ങനെ പോകും ഞങ്ങളുടെ രസകരമായ ചർച്ചകൾ.

'ഇവളുടെ ചോദ്യങ്ങൾ കേട്ട്‌ ചേച്ചി ഒന്നും വിചാരിക്കേണ്ട‌. അവൾക്ക്‌ അത്രേ ലോക പരിചയമൊള്ളു, കല്ല്യാണം കഴിഞ്ഞ്‌ വന്ന ഉടനെ എന്തോരം അബദ്ധങ്ങൾ കാണിച്ച്‌ വെച്ച്ണ്ട്‌ അറിയോ' അവൻ പറഞ്ഞ്‌ തുടങ്ങി. 'പണ്ട്‌ മുതലേ തേങ്ങ ഇടാനും, തോലു വെട്ടാനൊക്കെ വരുന്ന ഒരാളുണ്ട് നാട്ടിൽ‌. അവരെയൊക്കെ വീട്ടിൽ വിളിച്ച്‌ കയറ്റി ഇരുത്തി, പാൽ ചായ വെച്ച്‌ കൊടുത്തു., അമ്മൂമ്മയൊന്നും അവരെ തൊടിയിൽ അല്ലാതെ, അകത്തേക്കൊന്നും അടുപ്പിക്കാത്തതാ...' അവൻ പറഞ്ഞു തീരുമ്പോഴേക്ക്‌ അവൾ.. 'ചേച്ചീ.. അത്‌ ഞങ്ങടെ അവടെ അങ്ങനൊന്നും ഇല്ലാട്ടോ.. അവർക്ക്‌ കട്ടൻ കാപ്പി, അല്ലാത്തവർക്ക്‌ പാൽ ചായ' ഞാനും അവളെ ഭാഗം പിടിച്ചു അവനെ ഒന്നു കോരി. 'ങാ.. ഇവളു കുറച്ച്‌ മനുഷ്യപറ്റൊക്കെ ഉള്ള ജാതിയാ..' അവൻ പെട്ടെന്ന് തിരുത്തി 'അയ്യോ, ജാതിയുടെ ഒന്നും അല്ല.. പണ്ട്‌ മുതലേ.. നിലനിന്നിരുന്ന കാര്യങ്ങളല്ലെ തറവാടുകളിൽ..'

ഇടയ്ക്ക്‌ സിനിമയ്ക്ക്‌ പോകുമ്പോൾ 'ചേച്ചി.. ഞങ്ങൾ ഇന്ന് സിനിമക്ക്‌ പോകുന്നുണ്ട്‌, ചേച്ചി വരുന്നോ?' സ്നേഹത്തോടെ അവർ ചോദിക്കും.. പുറത്ത്‌ നിന്ന് ഫുഡ്‌ പാർസ്സൽ വാങ്ങിക്കുമ്പൊ‌ അവർ കുട്ടികൾക്കും കൊണ്ട്ന്ന് കൊടുക്കും. എന്നിട്ടവൾ പറയും 'എനിക്ക്‌ എരിവും പുളിയൊന്നും ഇല്ലാത്ത ഈ ചിക്കനൊന്നും വല്യ ഇഷ്ടല്ല. ചിക്കൻ ബിരിയാണിയൊക്കെ ആണേൽ ഇഷ്ടാ. നിങ്ങടെ അവടത്തെ മലബാർ ബിരിയാണി കഴിച്ച്ട്ട്ണ്ട്, അതാണു ടേസ്റ്റ്‌.' വിസിറ്റ്‌ കഴിഞ്ഞ്‌ മടങ്ങി പോകുന്ന അന്ന് അവരെ ക്ഷണിച്ചു അടിപൊളിയൊരു ബിരിയാണിയും വെച്ചു, വിളമ്പി കൊടുത്തതും കഴിച്ചാണു അവർ ഇറങ്ങിയത്‌. 3 മാസകാലം ഒന്നിച്ച്‌ താമസിച്ചതൊള്ളു എങ്കിലും, അവർ ഇന്നും മനസ്സ്‌ നിറഞ്ഞു നിൽക്കുന്നുണ്ട്‌. 

നബി വചനം:-

"ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍ക്കാരനെ ആദരിച്ചു കൊള്ളട്ടെ"

"ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അയല്‍വാസിയെ ഉപദ്രവിക്കാതിരിക്കട്ടെ" 

Content Summary: Malayalam Short Story ' Vishwasangal ' Written by Sakkeena Hameed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com