ADVERTISEMENT

ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ ആദ്യമായി ഓണം നഷ്ടപ്പെടലുകളുടെ ഒരു കൂടാരമായി മുന്നിൽ തെളിയുന്നു. അമ്മയുടെ സാമീപ്യം ഇല്ലാതെ, ശബ്ദം കേൾക്കാതെ ഈ ഓണം, ഇന്ന് എനിക്ക് ഒരു കണ്ണീരോർമയായി മാറിയിരിക്കുന്നു. സ്കൂൾ പഠനകാലത്ത്‌ ഓണത്തിന് ദിവസങ്ങൾക്കു മുൻപ് ഞങ്ങൾ 4 പേരും അച്ഛന്റേയും അമ്മയുടെയും കൈകളിൽ മാറി മാറി പിടിച്ചു തുണിക്കടയിൽ പോയി ഒരേ പോലെ ഉള്ള ഷർട്ടും ട്രൗസറും വാങ്ങുന്നതും, ഓണത്തിന്റെ അന്ന് 'അമ്മ തലയിലും അച്ഛൻ ദേഹത്തും എണ്ണ തേച്ചു കുളിപ്പിക്കുന്നതും, ഓണ സദ്യയുടെ കൂടെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ആട്ടിറച്ചി വാങ്ങാൻ അച്ഛൻ രാവിലെ പോകുന്നതും, അമ്മയുണ്ടാക്കിയ സ്വാദിഷ്ടമായ സദ്യയുടെ കൂടെ ആട്ടിറച്ചിയും ഒരു വലിയ ഇലയിൽ വിളമ്പി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും, അമ്മയും അച്ഛനും ഞങ്ങളെ നിർബന്ധിച്ചു ഭക്ഷണം കഴിപ്പിക്കുന്നതും, ഇന്നും ജീവിതത്തിൽ വേറെ ഒരിടത്തു നിന്നും അനുഭവിക്കാത്ത രുചിയോടു കൂടി അമ്മ ഉണ്ടാക്കിയ പായസം ഞങ്ങൾ നാല് പേരും മത്സരിച്ചു കുടിക്കുന്നതും, ഞങ്ങൾ ഒന്നിച്ചിരുന്ന് റേഡിയോയിൽ സിനിമയുടെ ശബ്ദരേഖ കേൾക്കുന്നതും, അച്ഛനും വലിയച്ഛനും തരുന്ന നാണയങ്ങൾ എണ്ണി നോക്കുന്നതും, അവസാനം ക്ഷീണിച്ചു മയങ്ങാൻ ആ ചെറിയ വീടിന്റെ കോലായിൽ കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും കൂടെ കുസൃതികളുമായി ഞങ്ങൾ നാല് പേര് കൂടുന്നതും, ഇന്ന് ആ നഷ്ടകൂടാരങ്ങളിൽ ചിലത്‌ മാത്രം.

കോളജ് പഠനകാലത്ത്‌, ഞങ്ങളുടെ കൂട്ടുകാർ അമ്മയുണ്ടാക്കിയ സ്വാദിഷ്ടമായ ഓണസദ്യ കഴിച്ചു അമ്മയോട് സദ്യയുടെ രുചിയെ പറ്റി വർണിക്കുന്നതും, ഓണ അവധി ആഘോഷിക്കാൻ ഏച്ചുവല്യമ്മയുടെ വീട്ടിലേക്കു അമ്മ പോകാൻ അനുവദിക്കുന്നതും, അവിടെ ടീവിയിൽ സിനിമകൾ കാണുമ്പോഴും അമ്മയെയും അച്ഛനെയും വല്യച്ചനെയും കാണാതെ സങ്കടം കൊണ്ട് കണ്ണുകൾ നിറയുന്നതും, വീട്ടിൽ തിരിച്ചെത്തുമ്പോൾ നിറഞ്ഞ ചിരിയോടെ, നിറഞ്ഞു കവിഞ്ഞ കണ്ണുകൾ തുടച്ചു അമ്മ കെട്ടിപിടിച്ചു ഉമ്മവെക്കുന്നതും ഇനി അനുഭവിക്കാൻ കഴിയില്ല എന്നത് ഒരു നൊമ്പരമായി അവശേഷിക്കുന്നു. ഉപരിപഠനത്തിന് ചെന്നൈയിൽ പോയപ്പോൾ ആണ് അമ്മ കൂടെയില്ലാത്ത ആദ്യത്തെ ഓണം, അന്ന് പോക്കരാക്കയുടെ വീട്ടിലേക്കു ഫോണിൽ വിളിച്ചു അമ്മയോട് സംസാരിച്ചപ്പോൾ ഞാനും അമ്മയും കരയുകയായിരുന്നു. അവിടെ നിന്നും ആരോ അമ്മയോട് പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു. "ശാരദേ, ഇയ്യ്‌ ഇങ്ങനെ കരയല്ലേ", എങ്കിലും ഒരുപാട് നേരം സംസാരിച്ചു, അമ്മയുടെ ശബ്ദം ഓണത്തിന്റെ ഒരു വിഭവം ആയി മാറിയത് അന്ന് മുതൽ ആയിരുന്നു. പിന്നീട് പ്രവാസത്തിലെ ഒരുപാട് ഓണം, എല്ലാം അമ്മയോട് വിവരിച്ചു ഒരുപാട് നേരം സംസാരിക്കും. ചെന്നൈയിലും, ദുബായിലും, റിയാദിലും ആയി വന്ന ഓണം ദിനങ്ങളിൽ അമ്മയുടെ സാമിപ്യം ശബ്ദമായി കൂടെ തന്നെ ഉണ്ടായിരുന്നു. 

അമ്മയുടെ അവസാന ഓണം കഴിഞ്ഞ വർഷം എന്റെ വീട്ടിൽ ആയിരുന്നു. അമ്മ നല്ല സന്തോഷത്തിൽ ആയിരുന്നു. അന്ന് വിളിച്ചപ്പോൾ എന്നോട് പറഞ്ഞ വാക്കുകൾ "അമ്മക്ക് സന്തോഷം ആയി, ഈ പുതിയ വീട്ടിൽ എല്ലാവരും കൂടെ ഒരു ഓണം, അനി കൂടെ ഉണ്ട്‌, നീയും ദിലീപും അനൂപും ഉണ്ടായിരുന്നെങ്കിൽ...."  അമ്മയുടെ വാക്കുകൾ ഇടറുന്നത്, കണ്ണുകൾ നിറയുന്നത് അവസാന ഓണം ആണ് എന്ന് അമ്മ അറിഞ്ഞിട്ടായിരുന്നോ... ഞാൻ അമ്മയോട് മറുപടി ആയി പറഞ്ഞു, അമ്മേ അടുത്ത ഓണം നമുക്ക്  ഒന്നിച്ചു കൂടാം... 

ഇന്നാണ് ആ ഓണം, അമ്മയില്ലാതെ, ആ ശബ്ദം കേൾക്കാതെ, രാവിലെ എണീറ്റ് എന്നത്തേയും പോലെ മൊബൈലിൽ അമ്മയെ തേടുന്ന എന്റെ കൈകൾ വിറക്കുന്നു, കണ്ണുകളിൽ തളം കെട്ടി നിൽക്കുന്ന നീർതുള്ളികൾ എന്റെ കാഴ്ച മറയ്ക്കുന്നു, അമ്മയില്ല കൂടെ, ഓണവും....

Content Summary: Malayalam Memoir ' Ammayillatha Onam ' Written by Sunil Kumar Koolikkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com