ADVERTISEMENT

കൂരിരുട്ടിൻ തലപ്പാവഴിഞ്ഞു 

ഒരു മാത്ര നേരിന്റെ നേരിനെ തൊട്ടു.

പാല പൂത്തു മണം പരക്കുന്നു 

പാതിരാ പക്ഷി മൂന്നു കൂവുന്നു. 

പാതി പെയ്ത മഴയുടെ ബാക്കി

പാർത്തിരുന്നു മരങ്ങൾ പെയ്യുന്നു.

മിഴിച്ചിരിക്കുന്ന മലയുടെ മുടിയിൽ 

ഒത്ത രാവൊരു പൂവ് ചൂടുന്നു.

പാതിരാവിന്റെ തോഴിയാം യക്ഷി

ലാസ്യമോടെ ചിരിച്ചു നിൽക്കുന്നു.
 

കണ്ണിലെങ്കിലും നോവിന്റെ ഛായ 

നിങ്ങളെന്നെ മറന്നു പോയല്ലോ.

യൗവന യുക്തർ വൃദ്ധരെന്നില്ല 

പണ്ടു ഞാനെന്റെ മടിയിലുറക്കി.

ഇന്നു രാവിന്റെ ശോകമാം രക്തം 

ഏകയായി കുടിച്ചിറക്കുന്നു.

ഒറ്റയായെന്ന ബോധ്യം ചവച്ചു 

ദൃംഷ്ടയൊക്കെ പറിഞ്ഞുപോയെന്നെ.

പാതിരാ കാറ്റു പറയുന്ന കേൾക്കൂ 

പേടി ഒട്ടുമേ വേണ്ട ഇന്നെന്നെ.
 

പണ്ടു രാത്രിയിൽ ഒറ്റ തിരിഞ്ഞു 

ആന്തലോടെ വരുന്ന കള്ളന്മാർ.

പകല് കക്കുവാൻ സൗകര്യമോർത്തു 

മാന്യമായവർ ഓഫീസുമിട്ടു.

ഇന്നു ഞാൻ കുടിക്കുന്നില്ല ചോര 

ഭരണകൂടം കുടിക്കുന്നു നിത്യം.

പണ്ടു ഞാൻ കൊല്ലുവാൻ കൊണ്ടുപോകും 

പ്രണയമെങ്കിലും തിരികെ നീട്ടുന്നു.

ഇന്നു നിങ്ങളെ കൊല്ലുന്ന കൂട്ടർ 

നീട്ടുവതെന്തു വാഗ്ദാന മിട്ടായ്.
 

Content Summary: Malayalam Poem ' Yakshi ' Written by Satheesan O. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com