'15 വർഷത്തെ പ്രവാസജീവിതം' മതിയാക്കി കുടുംബത്തോടൊപ്പം ജീവിക്കാൻ പോകുകയാണ് അവൻ

Mail This Article
15 വർഷമായി എന്റെ കൂടെ ജോലി ചെയ്‌തിരുന്ന ഒരു പ്രിയ സുഹൃത്ത് ഇന്ന് അവന്റെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങി. ചില സുഹൃത് ബന്ധങ്ങൾ അങ്ങനെയാണ് യാദൃശ്ചികമായി നമ്മൾക്ക് നമ്മൾ അറിയാതെ തന്നെ നമ്മളിലേക്ക് കടന്നു വരുന്നു. എന്നാൽ അന്ന് നമ്മൾ വിചാരിക്കുന്നില്ല നമ്മുടെ സൗഹൃദ കാലയളവും അത് പോലെ തന്നെ അതിന്റെ ആഴങ്ങളും കൂടെ കൂടെ അത് നമ്മൾ അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ അവർ ഇടംപിടിക്കും. ഞാൻ പറയുന്നത് എന്റെ കൂടെ ജോലി ചെയ്‌തിരുന്ന തൃശൂരുള്ള സേതു മാധവൻ എന്ന എന്റെ സുഹൃത്തിനെ കുറിച്ചാണ്. വർഷങ്ങളായി ഞങ്ങൾ ഇവിടെ വന്നിട്ടെങ്കിലും കൂടുതൽ സമ്പാദ്യം ഒന്നുംതന്നെ നേടിയില്ല. എന്നാലും ഞങ്ങൾ ഞങ്ങളുടെ കുടുംബത്തിന് കിടക്കാനുള്ള ഒരു ചെറിയ വീട് നിർമിച്ചു. അത് ഈ പതിനഞ്ചു വർഷത്തെ പ്രവാസ ജീവിതത്തിൽ. പലരും അതിനെ കുറിച്ച് ചോദിക്കുമെങ്കിലും അതൊന്നും ഞങ്ങൾ കാര്യമായി എടുക്കാറില്ല. ജോലിയിൽ എനിക്കു വളരെയധികം സഹായകമായിരുന്നു സേതു. അത് പോലെ തന്നെ ഇടവേളകളിൽ വളരെയധികം സമയം ചിലവഴിച്ചതും അവനോടൊപ്പം തന്നെ.
സൗദിയിലെ മദീന നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയുള്ള ഒരു milling കമ്പനിയിലാണ് ഞങ്ങളുടെ ജോലി .സേതു scale ടെക്‌നിഷ്യൻ ആയി ജോലി നോക്കുന്നതിനു പുറമെ മറ്റ് രണ്ടു ചുമതലകൾ കൂടിയും ഉണ്ടായിരുന്നു. അത് ഒന്ന് lift technician ജോലിയും മറ്റൊന്ന് ഞങ്ങളുടെ maintenance മാനേജരുടെ secretary കൂടിയായിരുന്നു. രാവിലെ ഏഴു മണിക്ക് ജോലി തുടങ്ങിയാൽ ഒരു പതിനൊന്നു പതിനൊന്നര വരെയെങ്കിലും കൂടുതൽ ജോലിത്തിരക്കായിരിക്കും. എന്നാൽ ഞാനും ഓഫീസിൽ നന്നേ തിരക്കാണെങ്കിലും ചായ കുടിക്കാനുള്ള സമയം കണ്ടെത്താറുണ്ട്. അത് മറ്റൊന്നുകൊണ്ടുമല്ല കുറച്ച് ജോലിയിലെ പിരിമുറുക്കങ്ങൾ കുറയ്ക്കാൻ അത് സഹായിക്കുന്നത് കൊണ്ടാണ് അങ്ങനെ സമയം കണ്ടെത്തുന്നത്. ഞാൻ ഇൻഡസ്ട്രിയൽ ഇലെക്ട്രിഷ്യൻ ആയി ജോലിചെയ്യുന്നുണ്ടെങ്കിലും കൂടുതൽ ഓഫീസ് കാര്യങ്ങളിലായിരിക്കും എന്റെ ജോലി. 12 മണിക്കുള്ള ലഞ്ച് ടൈം ആയിക്കഴിഞ്ഞാൽ പിന്നെ ഞങ്ങൾ രണ്ടുപേരും എത്ര വൈകിയാലും ഒന്നിച്ചേ വരുകയുള്ളു. കൂടാതെ മറ്റൊരു സുഹൃത്തും കൂടി ഞങ്ങൾ മൂന്നുപേരും എപ്പോഴും ഒരുമിച്ചാണ് എല്ലാ ജോലികൾക്കും, കൂടാതെ ഒഴിവുസമയങ്ങളിലും.
സേതു ജോലിയിൽ അതീവ വൈദഗ്ധ്യം നേടിയ ഒരാളാണ്. ഏതു ജോലിയും വളരെ പെട്ടെന്നു തന്നെ മനസിലാക്കിയെടുക്കുന്ന ഒരു പ്രത്യേക വ്യക്തിതന്നെയാണ്. ആളുകളെ സഹായിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത ഒരു മഹാ വ്യക്തിത്വത്തിനു ഉടമയാണ് സേതു. കൂടാതെ ഇരുവരുടെയും വീട്ടുകാരുമായി ഒരുപാടു കാലത്തെ സൗഹൃദം ഇപ്പോഴും ഞങ്ങൾ കാത്തു സൂക്ഷിക്കുന്നു. ജീവിതത്തിൽ ഒരുപാട് സുഹൃത്തുക്കൾ നമുക്കു ലഭിക്കും എന്നാൽ ചുരുക്കം ചിലതു മാത്രമേ നില നിൽകുകയുള്ളൂ. ആ ഒരു സൗഹൃദമാണ് ഞങ്ങൾ ഇവിടെ പടുത്തുയർത്തിയത്. ഞങ്ങളുടെ ജോലിയിൽ ഏതുവിധ പ്രയാസമുണ്ടെങ്കിലും അത് ഒരുപരിധിവരെ കുറയുന്നത് ഞങ്ങളുടെ മൂന്നു പേരുടെ സംസാരത്തിലൂടെയാണ്. അത് മിക്കവാറും പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള ചർച്ചകളായിരിക്കും. എന്തായാലും അവൻ ഇന്ന് അവന്റെ ജോലി ഉപേക്ഷിച്ചു ഈ 15 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി കുടുംബത്തോടൊപ്പം ജീവിക്കാൻ പോയിരിക്കുന്നു. ഈ പ്രവാസ ലോകത്തു നിന്നും അവനെ സ്വന്തം നാട്ടിലേക്കു യാത്രയാക്കുമ്പോൾ ഒരുപാട് നല്ല സുഹൃത്ബന്ധങ്ങളുടെ മനസ്സ് പിടക്കുന്നുണ്ടെങ്കിലും സ്വന്തം കുടുംബത്തിന്റെ കൂടെ ഇനിയുള്ള കാലം ജീവിക്കാൻ പോകുന്നുവെന്നുള്ള സന്തോഷവും ഞങ്ങളെല്ലാവരുടെ മനസ്സുകളിലുണ്ട്. ലോകത്തിലെ ഏറ്റവും ആയുസ്സും ഉറപ്പുമുള്ള ഒന്നാണ് സൗഹൃദം എന്ന് ഞാൻ വിശ്വസിക്കുന്നു.കൂടാതെ ഞങ്ങളുടെ പ്രിയ സുഹൃത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കുടുംബത്തോടൊപ്പമുള്ള മധുരമേറിയ ജീവിതം പടുത്തുയർത്തട്ടെ എന്ന് പ്രാർഥിക്കുന്നു.
Content Summary: Malayalam Memoir written by Shajahan Cherukkottil