ഒരു ക്യാംപസ് പ്രണയത്തിന്റെ ഓർമ്മയ്ക്ക് – ഉണ്ണി പരുതൂർ എഴുതിയ കവിത

Mail This Article
ഇല്ല, മറക്കുവാനാകില്ല മൽസഖി
നിന്നെക്കുറി,ച്ചോർത്തുറങ്ങാത്ത രാവുകൾ.
പണ്ടു പറയാൻ മറന്ന നിലാവിന്റെ
കുഞ്ഞു തിളക്കം മനസ്സിലുണ്ടിപ്പോഴും.
ഞാനറിഞ്ഞില്ല കിനാവിൻ കൊതുമ്പിൽ നി-
ന്നോർമ്മ പെയ്യുമ്പോൾ നനവു കിനിഞ്ഞതും
മൗനമേഘം മറച്ചൊരാകാശത്തിൽ
പ്രേമ,മൊഴുകാ പ്രളയമായ് തീർന്നതും...
ലോകഭാഷ തൻ കൗതുകച്ചിന്തുകൾ
ക്ലാസ്സി,ലാസ്വാദ്യതാളം രചിക്കുമ്പോൾ
കാത്തിരുന്നു... കിനാവു മയങ്ങും നിൻ
നീൾമിഴിക്കോണിൻ കടാക്ഷം കൊതിച്ചു ഞാൻ.
കാവി പാകിയ ഗോവണിത്തിണ്ടിൽ നീ
ചാഞ്ഞിരുന്നു രസിച്ച കഥകളിൽ
രാജ്ഞി,യാരെന്നു ചൊല്ലാതെ ചൊല്ലി ഞാൻ
കോറിയിട്ട വരികൾ നീ കണ്ടില്ല...
കണ്ടതില്ലെന്ന് വെറുതെ നടിച്ചു നീ;
കാഴ്ചയെത്താ,ത്തുരുത്തിലെ ജീവന്റെ
ജൈവതത്വം ചികയും തിരക്കിൽ നി-
ന്നുള്ളിൽ മൈനാകം പൂത്ത വസന്തവും.
കാത്തിരിക്കാൻ പറഞ്ഞു പിരിയുവാൻ
വാക്കു തേടിയല,ഞ്ഞെത്ര നാളുകൾ...
ദിക്കു മാറി,യകന്നു നീ പോയ നാൾ
നിശ്ചലമായതെൻ പ്രാണതന്തികൾ...
പൂത്ത വാകയും കാറ്റും തണലാർന്ന
പൂമരച്ചോടും ഭ്രമിപ്പിച്ച കാലം, ഞാൻ
കാതമെത്ര നടന്നു തീർത്തു പ്രിയേ
നിന്റെ കാലടിക്കൊത്ത ചുവടുകൾ.
Content Summary: Malayalam Poem ' Oru Campus Pranayathinte Ormakku ' Written by Unni Paruthur