ADVERTISEMENT

എന്റെ ബാല്യ കൗമാരങ്ങളെ വർണ്ണാഭമാക്കിയ പ്രിയ സ്നേഹിതനായിരുന്നു ബാബു. ബാബു എനിക്ക് ആരായിരുന്നു എന്നതിനെക്കാൾ ആരല്ലായിരുന്നു എന്ന് ചോദിക്കുന്നതാണ് ശരി. ഞങ്ങളുടെ വീടിനും അപ്പുറമുള്ള പാടം കടന്നാൽ ബാബുവിന്റെ വീടായി. അയൽവാസിയായിരുന്നതിനാൽ തുടങ്ങിയ പരിചയമാണോ അതോ സ്കൂളിൽ പോകുമ്പോൾ തുടങ്ങിയ പരിചയമാണോ ഞങ്ങളെ അതിരില്ലാത്ത സൗഹൃദത്തിലേക്ക് നയിച്ചതെന്ന് ഓർക്കുന്നില്ല. ഏതായാലും ഒരിക്കലും മറക്കാൻ കഴിയാത്ത സൗഹൃദത്തിന്റെ ആഴങ്ങളിലേക്കാണ് അവൻ കടന്നു വന്നത്. സ്വതേ അന്തർമുഖനായിരുന്ന എന്റെ ബാല്യ കൗമാരങ്ങളെ, വിരസവും ഏകാന്തവുമായിപ്പോകുമായിരുന്ന കാലങ്ങളെ അവൻ  കളിയും തമാശയും നിറച്ചു. അവിസ്മരണീയമാക്കി. സത്യത്തിൽ എപ്പോഴും ഞാനാലോചിച്ചിരുന്നു ഞങ്ങളുടെ കുടുംബ മഹിമയും നിലയുമൊക്കെ നോക്കിയാൽ ഒരിക്കലും എന്റെ അടുത്ത സുഹൃത്താകണ്ട ആളല്ല അവൻ. എന്റെ വീടിനകത്തു വന്ന് എന്നോട് സാംസാരിച്ചിരിക്കുമ്പോൾ എനിക്ക് മാത്രമല്ല എന്റെ വീട്ടുകാർക്കും അസ്വസ്ഥതയൊന്നും ഉണ്ടായില്ല. എന്റെ വീട്ടിൽ നിന്ന് അവനും അവന്റെ വീട്ടിൽ നിന്ന് ഞാനും ഭക്ഷണം കഴിക്കുമ്പോഴും സൗഹൃദത്തിനപ്പുറം ഒന്നും ഞങ്ങളുടെ ചിന്തയിലേക്ക് കടന്നു വന്നിട്ടില്ല. സ്കൂളിലേക്ക് പോകുമ്പോൾ പാടവും കടന്ന് ബാബുവിന്റെ വീട്ടിലൂടെ കയറി ഒന്നിച്ചായിരുന്നു പോക്ക്. മറ്റുള്ളവരുമായി അധികം കൂട്ടു കൂടാനോ കളിക്കാനോ എന്നും വിമുഖനായിരുന്ന എനിക്ക് അക്കാലത്ത് ദൈവം തന്ന കൂട്ടായിരിക്കണം ബാബു. വൈകുന്നേരങ്ങളിൽ അവന്റെ വീടിനു സമീപമുള്ള വൈപ്പിൽകാവ് ക്ഷേത്ര മൈതാനത്ത് ഞങ്ങൾ ഒത്തു കൂടും. രാത്രി വരെ കഥകളും സ്വപ്നങ്ങളും പങ്കുവെച്ച് ഞങ്ങളിരിക്കും. വേറെയും ഒന്നു രണ്ടു കൂട്ടുകാരുണ്ടാകും.

എന്നോ അവനെ വിട്ടു പോയ അച്ഛന്റെ ഓർമ്മകൾ മാത്രമേ അവന് കൂട്ടിനുണ്ടായിരുന്നുള്ളു. അമ്മയും അമ്മയുടെ രണ്ടു സഹോദരിമാരും ഒരമ്മാവനുമായിരുന്നു അവന്റെ വീട്ടിൽ.. അവനിലൂടെ അവരും എന്റെ പ്രിയപ്പെട്ടവരായി. പിന്നിട് അമ്മാവൻ സെക്രട്ടറിയായിരുന്ന ചേതന ആർട്സ് ക്ലബിന്റെ സെക്രട്ടറിയായതും ആ ബന്ധത്തിലൂടെയാണ്. അന്ന് ക്ലബിന്റെ ഓഫീസ് ബാബുവിന്റെ വീടായിരുന്നു, റെക്കോഡുകളൊക്കെ സൂക്ഷിച്ചിരുന്നത് അവിടെയായിരുന്നു. പലപ്പോഴും കമ്മറ്റികളൊക്കെ കൂടിയിരുന്നതും അവിടെ വെച്ചായിരുന്നു.അതു കൊണ്ട് തന്നെ ഞാൻ ബാബുവിന്റെ വീട്ടിലെ നിത്യ സന്ദർശകനായി മാറി. നാട്ടിലെ ക്ഷേത്രങ്ങളിൽ ഉൽസവങ്ങൾ വരുമ്പോൾ ഞങ്ങളുടെ മനസ്സിലും ഉൽസവകാലമായിരുന്നു. എത്രയോ അമ്പലപ്പറമ്പുകളിൽ ചുക്കു കാപ്പിയും ഇഞ്ചിമിഠായിയും തിന്ന് അവനോടൊപ്പം കേട്ട കഥാപ്രസംഗങ്ങൾക്കും നാടകങ്ങൾക്കും കണക്കില്ല. എനിക്ക് ഏറെ ഇഷ്ടം കഥാപ്രസംഗമായിരുന്നു. സാംബശിവന്റെ, ആര്യാട്ഗോപിയുടെ, ചേർത്തല ബാലചന്ദ്രന്റെ.. അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായിരുന്ന പലരുടെയും കഥകൾ എന്റെ കൗമാരങ്ങളെ ആഹ്ലാദഭരിതവും ദുഃഖഭരിതവുമാക്കി. കഥയിലെ കഥാപാത്രങ്ങൾ കാഥികരുടെ വർണ്ണനയിലൂടെ ഞങ്ങളുടെ മനസ്സുകളിൽ ചേക്കേറി. അവരുടെ സ്വപ്നങ്ങളും സങ്കടങ്ങളും ഞങ്ങളുടെതുമായി.

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന വിഖ്യാത പുസ്തകത്തിൽ നിന്നെടുത്ത സെനീബ് എന്ന കഥ ഇപ്പോഴും മനസ്സിലുണ്ട്. ആ പുസ്തകം മുതിർന്നപ്പോൾ വായിക്കുന്നതിനും എത്രയോ മുമ്പ് വിഭജനത്തെ തുടർന്ന് പാക്കിസ്ഥാനിലും ഇന്ത്യയിലുമായിപ്പോയ സെനീബിനെയും അവളുടെ കുടുംബത്തിന്റെയും അവൾ അനുഭവിക്കേണ്ടി വന്ന വേദനയുടെയും കഥകൾ നൊമ്പരപ്പൂക്കളായി കഥാപ്രസംഗത്തിലൂടെ  അമ്പലപ്പറമ്പുകളിൽ നിന്നു എന്റെ മനസ്സിലേക്ക് കുടിയേറി. എം.ടിയുടെ "രണ്ടാമൂഴ"ത്തിന്റെ കഥാപ്രസംഗ ആവിഷ്ക്കാരം എത്ര തവണ കേട്ടെന്ന് ഓർമ്മയില്ല. അങ്ങനെ ബാബുവുമായുള്ള സൗഹൃദത്തിലൂടെ വായനയുടെയും എഴുത്തിന്റെയും ലോകത്തേക്കും ഞാൻ കടക്കുകയായിരുന്നു. ആകാശവാണിയിലെ പരിപാടികൾ കേട്ട് അഭിപ്രായമെഴുതുന്ന എഴുത്തുപെട്ടി എന്ന പരിപാടിയിൽ കത്തുകളെഴുതിയായിരുന്നു എന്റെ തുടക്കം. പലപ്പോഴും ബാബുവിന്റെ വീട്ടിലിരുന്നായിരുന്നു റേഡിയോവിൽ എന്റെ  കത്ത് വായിക്കുമ്പോൾ കേട്ടിരുന്നത്. പിന്നീട് അത് കഥകളിലേക്കും കവിതകളിലേക്കും വളർന്ന് റേഡിയോവിൽ യുവവാണിയിലൂടെയും സാഹിത്യവേദിയിലൂടെയുമൊക്കെ കേൾക്കാൻ തുടങ്ങിയപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിച്ചത് ബാബുവായിരുന്നു. പിന്നീട് ബാബു പറയുമായിരുന്നു, നിന്റെ പേരിൽ പുസ്തകങ്ങൾ ഇറങ്ങുന്നതും സിനിമ ഇറങ്ങുന്നതുമൊക്കെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്.

അപ്പോൾ എന്നെങ്കിലും യാഥാർഥ്യമാകുമെന്ന് പ്രതീക്ഷയില്ലാത്ത അവന്റെയും എന്റെയും മോഹങ്ങൾ മാത്രമായി അത് അവശേഷിച്ചെങ്കിലും പിന്നീട് ഇക്കാലത്തിനിടയ്ക്ക് പത്തു പുസ്തകങ്ങളിറങ്ങിയെങ്കിലും അതിൽ ഒന്നിന് പുരസ്കാരം ലഭിച്ച് സിനിമയായി ഇറങ്ങിയപ്പോൾ പോസ്റ്ററിലും വാർത്തകളിലും എന്റെ പേരു വന്നപ്പോഴും ഞാനാദ്യമായി ഓർത്തത് നിന്നെയായിരുന്നു എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ അതൊന്നും കാണാൻ ഈ ലോകത്ത് നീ ഇല്ലാതെ പോയല്ലോ എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം.. പ്രിയ കൂട്ടുകാരാ.. എന്റെ ആദ്യ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ നിന്നെ ഓർക്കാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ലല്ലോ ബാബു, അതു കൊണ്ടു തന്നെയാണ്; എന്നും ഞാൻ പ്രശസ്തനായിക്കാണാൻ ഏറെ ആഗ്രഹിച്ച എന്റെ ബാബുവിന് എന്ന് ആദ്യപുസ്തകത്തിൽ ഞാൻ കുറിച്ചിട്ടത്.. നാട്ടിലെ പ്രമുഖ വായനശാലയിൽ അംഗമായും പിന്നെ ലൈബ്രേറിയനുമായൊക്കെ മാറിയ കാലത്തും എന്റെ നിഴലായി ബാബു കൂടെയുണ്ടായിരുന്നു. പലപ്പോഴും ലൈബ്രറിയിലേക്ക് വരുന്നതും വീട്ടിലേക്ക് തിരിച്ചു പോകുന്നതും ഒന്നിച്ചായിരുന്നു. പിന്നെ വിദ്യാഭ്യാസകാലം കഴിഞ്ഞ് എന്തു ചെയ്യണമെന്നറിയാതെ നിന്ന നാൾ.. അന്നത്തെ പലരെയും പോലെ ജോലി തേടി ഗൾഫിലേക്ക് പോകാമെന്ന വീട്ടുകാരുടെ നിർദ്ദേശം എനിക്കും അംഗീകരിക്കേണ്ടി വന്നു. അന്ന് ആ വാർത്ത അറിഞ്ഞതു മുതൽ ദു:ഖം നിറഞ്ഞ ബാബുവിന്റെ മുഖം എനിക്കു മറക്കാൻ കഴിയില്ല. തൽക്കാലത്തേക്കാണെങ്കിലും നമ്മുടെ നിരന്തര സൗഹൃദം മുറിഞ്ഞു പോകുകയാണല്ലോ? നിനക്കു പകരം നിൽക്കുന്ന ഒരു സൗഹൃദം എനിക്കും എനിക്കു പകരം നിൽക്കുന്ന ഒരു സൗഹൃദം നിനക്കും ഉണ്ടാക്കിയെടുക്കാൻ കഴിയില്ലല്ലോ? അതെ പകരം വെക്കാനില്ലാത്ത ഒന്നായിരുന്നു നമ്മുടെ സൗഹൃദം. അത് അങ്ങനെ ബാല്യ കൗമാര യൗവ്വനങ്ങളിലൂടെ സ്വയം രൂപപ്പെട്ടു വന്നതാണല്ലോ?.

ബോംബെയിലേക്ക് യാത്രയാക്കാൻ വീട്ടിൽ ബാബുവും വന്നിരുന്നു. അക്കാലത്ത് ആദ്യം കുറച്ചു നാൾ ബോബെയിൽ പോയി താമസിച്ചിട്ട് അവിടുന്ന് വിസ റെഡിയാകുമ്പോഴായിരുന്നു ഗൾഫ് യാത്ര. കൂടെ നാട്ടുകാരനായ പിന്നെ അഞ്ചു വർഷം ഗൾഫിൽ എന്റെ കൂടെയുണ്ടായിരുന്ന മൈതീനും മറ്റു ചിലരും ഏജന്റുമുണ്ടായിരുന്നു. [എന്റെ സൗഹൃദങ്ങളിൽ നിന്ന് അകാലത്തിൽ കുറച്ചു നാൾ മുമ്പ് മൈതീനും യാത്രയായി..] ഗൾഫിൽ ചെന്ന് ബദുക്കളുടെ പ്രദേശമായ ഷറൂറ എന്ന സ്ഥലത്ത് ജീവിച്ച നാളുകൾ എന്നും എന്റെ ഓർമ്മയിലുണ്ടാവും. സൗദി യെമൻ അതിർത്തിയിലെ ഒരു ആദിവാസി കേന്ദ്രമായിരുന്നു അത്. അന്ന് ബാബുവിന്റെതുൾപ്പെടെ വന്നിരുന്ന കത്തുകൾ മാത്രമായിരുന്നു നാട്ടിലെയും വീട്ടിലെയും വിശേഷങ്ങൾ അറിയാൻ ഏക മാർഗ്ഗം. കുളിക്കുകയും അലക്കുകയും തന്നെ വേണോ എന്ന് ചിന്തയുള്ള ആദിവാസികൾ താമസിക്കുന്ന മരുഭൂമിയിൽ പത്രം എന്നത് അന്യം നിന്ന ഒരു കലാരൂപമായിരുന്നു, അവരുടെ ലോകം ആടുകളും ഒട്ടകങ്ങളും മാത്രമായിരുന്നു. അവയെ എങ്ങനെ തീറ്റിപ്പോറ്റാം, അവയിലൂടെ എങ്ങനെ വരുമാനം കണ്ടെത്താം എന്നതു മാത്രമായിരുന്നു അവരുടെ ചിന്ത.. വടിവൊത്ത അക്ഷരങ്ങളിൽ നാട്ടിലെയും വീട്ടിലെയും വിശേഷങ്ങളുമായി വന്ന കത്തുകൾ എത്ര ആർത്തിയോടെയായിരുന്നു കൂട്ടുകാരാ, ഞാൻ വായിക്കുകയും അടുത്ത നിമിഷം തന്നെ മറുപടി എഴുതുകയും ചെയ്തിരുന്നത്, നിന്റെ ഓരോ കത്തുകളും ഒരു നോവലെറ്റിന്റെ ദൈർഘ്യമുള്ളതായിരുന്നു. മരുഭൂമിയുടെ വിരസതയിൽ എത്ര നാളുകൾ ബാബുവിന്റെ കത്തുകൾ വരുന്നതും കാത്ത് ഞാനിരുന്നിട്ടുണ്ട്. ഒടുവിൽ രണ്ടു വർഷം എങ്ങനെയും തികച്ച് നാട്ടിലേക്ക് ഓടിയെത്തി ആദ്യം കാണാൻ പോയതും ബാബുവിനെയായിരുന്നു. നാലു മാസത്തെ ലീവിനിടയിൽ വീണ്ടും നമ്മുടെ സൗഹൃദം പൂവിട്ടു.

പിന്നെയും പോകാനുള്ള ദിവസമാകുന്തോറും മനസ്സിൽ വല്ലാത്ത പ്രയാസമായിരുന്നു. ബാബുവിനെ ഉൾപ്പെടെ നാടും വീടും വിട്ടു പോകാനുള്ള വിഷമം, മരുഭൂമിയിലെ ജോലിയും താമസവും നൽകുന്ന ബുദ്ധിമുട്ട്.. ഏതായാലും  നാട്ടുകാരൻ കൂടിയായ എന്റെ സുഹൃത്ത് മൈതീനും ഞാനും കൂടി ഒരിക്കൽ കൂടി പോയി വരാമെന്ന് തീരുമാനിച്ചു, ഗൾഫിലേക്ക്തിരിച്ചു പോകുന്നതിനു മുമ്പ് ബാബു പറഞ്ഞു, പോകുന്നതിന് മുമ്പ് നമുക്ക് ഒരു സിനിമക്ക് പോകണം.. മണ്ണഞ്ചേരി ജംഗ്ഷനിലെ പൊക്കലയുടെ ബേക്കറിയിൽ കയറി ഒരു ചായ കുടിക്കണം. ജീവിതം അത്രയൊന്നും യാന്ത്രികതയിലേക്കും വേഗതയിലേക്കും മൊബൈൽ ലോകത്തേക്കുമൊന്നും മാറിപ്പോയിട്ടില്ലാത്ത ആ ഗ്രാമീണ നിഷ്ക്കളങ്കതയുടെ കാലത്ത് അന്നത്തെ പാവം ചെറുപ്പക്കാരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ അതൊക്കെയായിരുന്നു. പക്ഷേ യാത്ര പറയാനുള്ള ഓട്ടത്തിനിടയിൽ, അതിനു കഴിയാതെ പോയി. പക്ഷേ, പിന്നെ ഒരിക്കലും അതിന് കഴിയില്ലെന്ന് അന്നറിഞ്ഞിരുന്നെങ്കിൽ പ്രിയ ബാബു, എങ്ങനെയെങ്കിലും ഞാൻ അതിന് സമയം കണ്ടെത്തുമായിരുന്നു.

വന്നപ്പോൾ തന്നെ അവന്റെ വീട്ടിൽ പോയി അവന് ഷർട്ടും മുണ്ടും സമ്മാനങ്ങളുമൊക്കെ കൊടുത്തിരുന്നു. അക്കാലത്ത് അങ്ങനെയൊരു പതിവുണ്ടായിരുന്നു, ഗൾഫിൽ പോയിട്ട് വരുമ്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ നമ്മൾ കൊണ്ടു വന്ന സാധനങ്ങൾ പങ്കിട്ടു കൊടുക്കുക.. [ഇന്നിപ്പോൾ ആർക്കു വേണം അതൊക്കെ, നാട്ടിൽ കിട്ടാത്ത വിദേശ സാധനങ്ങൾ എന്തുണ്ട്?]. ഇത്തവണയും പോകുന്ന ദിവസം അവൻ വന്നു. "ബാബു, പോയി വരാം, കത്തെഴുതുന്ന കാര്യം മറക്കരുത്, അടുത്ത തവണ വരുമ്പോൾ ആദ്യമേ തന്നെ നമുക്ക് സിനിമയ്ക്ക് പോകണം.." എന്റെ യാത്ര പറച്ചിൽ കേട്ട് സങ്കടത്തിനിടയിലും അവൻ ചിരിച്ചു. അങ്ങനെ വീണ്ടും മരുഭൂമിയുടെ വിരസതയിലേക്ക് വീണ്ടും ഞങ്ങൾ എത്തിപ്പെട്ടു.. ഇത്തവണ ആദ്യ ഒന്നു രണ്ടു മാസങ്ങളിൽ ബാബുവിന്റെ ഒന്നോ രണ്ടോ കത്തുകൾ മാത്രമാണ് വന്നത്. പിന്നെ, അവന്റെ കത്തുകൾ കാണാതായി. വീട്ടിൽ നിന്നും മറ്റു സുഹൃത്തുക്കളുടെയുമൊക്കെ കത്തുകൾ ഇടയ്ക്കിടയ്ക്ക് വരുന്നുണ്ട്. എങ്കിലും ബാബുവിന്റെ കത്തുകൾ മാത്രം കാണുന്നില്ല. കാത്തു കാത്തിരുന്ന് സഹികെട്ട് വീട്ടിലും നാട്ടിലെ കൂട്ടുകാർക്കുമൊക്കെ എഴുതി ചോദിച്ചു. ബാബുവിന്റെ കത്തുകൾ കാണുന്നില്ല, എന്താണെന്ന് ഒന്ന് അന്വേഷിച്ച് അറിയിക്കാമോ?. എന്റെ മറ്റെല്ലാ ചോദ്യങ്ങൾക്കും മറുപടി കിട്ടി, ആ ചോദ്യത്തിനു മാത്രം ആരും മറുപടി തന്നില്ല. വിളിച്ചു ചോദിക്കാൻ ഒരു മാർഗ്ഗവുമില്ല. നാട്ടിൽ ലാൻഡ് ഫോൺ പോലും അപൂർവമായ കാലം. കത്തുകൾ മാത്രമാണ് ആകെ ആശ്രയം. കുറെ ആയപ്പോൾ ചോദിച്ചു ചോദിച്ചു ഞാനും മടുത്തു. ചിലപ്പോൾ അടുത്തെങ്ങും ഗൾഫിൽ വരുന്ന ആരും ഇല്ലായിരിക്കും കത്തു കൊടുത്തു വിടാൻ.. [നാട്ടിൽ നിന്നും ആരെങ്കിലും വരുമ്പോൾ ഗൾഫിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയക്കാനുള്ള കത്തുകൾ അവരെ ഏൽപ്പിച്ചു വിടുന്ന പതിവും ആ കാലത്തുണ്ടായിരുന്നു.]

ഏതായാലും രണ്ടു വർഷം കാത്തിരിക്കേണ്ടി വന്നു, എന്റെ ചോദ്യത്തിനുത്തരം കിട്ടാൻ.. വീണ്ടും ഞാനും മൈതീനും നാട്ടിലേക്ക്.. മരുഭൂമിയിലെ ദുരിത പർവ്വത്തിൽ നിന്നും രക്ഷപെടൽ. വീട്ടിൽ വന്ന് ഒന്നു വിശ്രമിച്ചിട്ട് ആദ്യം പോകുന്നത് ബാബുവിന്റെ വീട്ടിലേക്കായിരുന്നു. അപ്പോഴും വീട്ടുകാർ എന്നോടൊന്നും പറഞ്ഞിരുന്നില്ല. പോകുന്ന വഴിയിൽ അയൽവാസി ചോദിച്ചു. "എവിടെ പോകുന്നു?" "ബാബുവിന്റെ വീട്ടിൽ." പറഞ്ഞു തീരും മുമ്പ് അയാൾ ചോദിച്ചു. "ബാബു മരിച്ചതൊക്കെ അറിഞ്ഞിരുന്നല്ലോ. അല്ലേ.." ഒരു നിമിഷം എന്താണ് പറയേണ്ടതെന്ന് എനിക്കു മനസ്സിലായില്ല. എന്റെ നിൽപ്പു കണ്ട് ഒന്നും പറയാതെ അയാൾ നടന്നകന്നു, ഒരു നിമിഷം എന്തു ചെയ്യണമെന്ന് ആലോചിച്ച് ഞാൻ നിന്നു. ഇനി ബാബുവിന്റെ വീട്ടിൽ പോകണോ, അതോ തിരിച്ചു പോകണോ.. ഇത്രയും നാൾ കത്തുകൾ കാണാതിരുന്നപ്പോൾ എന്തോ സംഭവിച്ചിരിക്കാം എന്ന് മനസ്സിൽ തോന്നിയിരുന്നെങ്കിലും അവൻ മരിച്ചു പോയിട്ടുണ്ടാവുമെന്ന് ഒരിക്കലും ഓർത്തില്ല, ഞാൻ ബാബുവിന്റെ വീട്ടിലേക്ക് തന്നെ നടന്നു. ആദ്യമായിട്ടാണ് ബാബുവില്ലാത്ത വീട്ടിലേക്ക് ഞാൻ നടക്കുന്നത്. ഇത്രയടുത്ത കൂട്ടുകാരൻ മരിച്ചിട്ട് രണ്ടു വർഷമാകാൻ പോകുന്നു, എന്നിട്ടും വീട്ടുകാരുൾപ്പെടെ ആരും എന്നെ അറിയിച്ചില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് വല്ലാത്ത സങ്കടവും ദേഷ്യവും വന്നു. പിന്നെയാണ്, എല്ലാവരും കാര്യം പറയുന്നത്, നിങ്ങൾ തമ്മിൽ അത്രയും കൂട്ടായിരുന്നല്ലോ, നിനക്ക് വിഷമമാകുമല്ലോ എന്നോർത്താണ് ആ വിവരം അറിയിക്കാതിരുന്നത്, ഞാനോർത്തു, എങ്കിലും കുറച്ചുനാൾ കഴിഞ്ഞാണെങ്കിലും എനിക്ക് ഒരു സൂചനയെങ്കിലും ആർക്കെങ്കിലും തരാമായിരുന്നു,.

ഞാൻ പോകുന്ന വഴി അയൽവാസിയെ കണ്ടില്ലായിരുന്നെങ്കിൽ ബാബുവിന്റെ വീട്ടിൽ നേരെ ചെന്ന് അവന്റെ അമ്മയോട് അവനെ അന്വേഷിക്കുമായിരുന്നു, അത് അവർക്ക് എത്ര വിഷമമാകുമായിരുന്നു. ഏതായാലും അങ്ങനെയൊന്നുമുണ്ടാകാതിരുന്നത് നന്നായി. ബാബുവിന്റെ അമ്മ എല്ലാം വിശദമായി പറഞ്ഞു, "പനിയായിട്ടായിരുന്നു തുടക്കം.. ഒരാഴ്ച്ച പനിയായി കിടന്നു. പിന്നെ എല്ലാവരെയും വിട്ട് അവൻ പോയി." കുറച്ചുനേരം ഇരുന്നിട്ട് ഇറങ്ങി നടക്കുമ്പോൾ അമ്മ പറഞ്ഞു, "മോൻ കൊണ്ടു വന്നു കൊടുത്ത ഉടുപ്പൊന്നും അവനിടാൻ കഴിഞ്ഞില്ല, അതിനു മുമ്പ് അവൻ പോയി.. പിന്നെ അതെല്ലാം അവന്റെ ചിതയിൽ വെച്ച് കത്തിച്ചു." അതു കേട്ടതും എന്റെ ഹൃദയത്തിലെവിടെയോ വേദനയുടെ നെരിപ്പോട് കത്തി, എങ്കിലുമെന്റെ പ്രിയപ്പെട്ട ബാബു, നിന്റെ വേർപാട് ഇങ്ങനെയാകുമെന്ന് ഒരിക്കലും ഓർത്തില്ല. അമ്മയോട് യാത്ര പറഞ്ഞു തിരിച്ചു നടക്കുമ്പോൾ കഴിഞ്ഞ തവണ തിരിച്ചു പോകുന്നതിന് തലേ ദിവസം സിനിമയ്ക്ക് പോകുവാൻ വേണ്ടി എന്നെ കാത്തു നിന്ന് തിരിച്ചു പോന്ന അവന്റെ നിരാശ നിറഞ്ഞ മുഖമായിരുന്നു എന്റെ മനസ്സിൽ.. പിറ്റേന്ന് തിരിച്ചു പോകാനുള്ള ഓട്ടപ്പാച്ചിലിനിടയിൽ സമയത്ത് എത്താൻ എനിക്കു കഴിഞ്ഞില്ല. "സാരമില്ല, അടുത്ത പ്രാവശ്യം വരുമ്പോൾ പോകാം" അവൻ എന്നെ സമാധാനിപ്പിച്ചെങ്കിലും, അവൻ മനസ്സിലെങ്കിലുമോർത്തു കാണില്ലേ ഗൾഫുകാരനായപ്പോൾ എന്നെ മറന്നുവെന്ന്.. ഇനിയൊരിക്കലും ആ വാക്ക് പാലിക്കാൻ എനിക്കു കഴിയില്ലല്ലോ എന്നോർത്തപ്പോൾ എന്റെ മനസ്സ് സങ്കടം കൊണ്ട് വിങ്ങി... അന്നു മുതൽ ബാബുവിനെപ്പറ്റിയുള്ള ദു:ഖം എന്റെ മനസ്സിൽ നീറി നീറിക്കിടക്കുകയാണ്.. കഥയാക്കണമെന്ന് പലപ്പോഴും ഓർത്ത് എഴുതാനിരുന്നെങ്കിലും ഇതുവരെ പൂർത്തീകരിക്കാൻ കഴിയാത്ത കഥ, ഇതു വരെ ഞാൻ എഴുതാത്ത കഥ..

Content Summary: Malayalam Memoir ' Ezhuthatha Katha ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com