ADVERTISEMENT

പുതുമണം വിട്ടുമാറാത്ത ഈ വീട്ടിൽ വെയിലും മഴയും കാറ്റുമെല്ലാം വ്യത്യസ്തമായിരുന്നു. ഇങ്ങോട്ടു വന്നിട്ടും മാറ്റമില്ലാതെ നിന്ന ഒരേയൊരു കാര്യം അയാളുടെ ചുമ മാത്രം. കുന്നുകയറിവരുന്ന കൊടുങ്കാറ്റുപോലെ ഓരോ ചുമയും ഇരച്ചുവരും. അടിവയറിന്റെ ആഴത്തിൽ ശാന്തതയെ ഗർഭം ധരിച്ചുകിടക്കുന്ന ചുമയുടെ ബീജങ്ങൾ കാറ്റിനൊപ്പിച്ച് അയാൾപോലുമറിയാതെ അനങ്ങിത്തുടങ്ങും. പിന്നെ ഒരു നിമിഷാർദ്ധത്തിൽ തൊണ്ടക്കുഴലിലൂടെ ചുമ മുകളിലേക്ക് കയറിവരും. ചെങ്കുത്തായ പാതയിലൂടെ മുഴുഭാരവുമായി കിതച്ചുകയറുന്ന ലോറികണക്കെ. അന്നേരം അയാളുലയും. പിന്നെ നെഞ്ചിൻകൂടിളകി മൂക്കിലൂടെയും തുറന്ന വായിലൂടെയും ഒരു കൈപ്പിടിയോളം വായു അകത്തേക്ക് കയറും… പിന്നാലെ അതിനിരട്ടി ശക്തിയോടെ, ഒരു സീൽക്കാരത്തോടെ, തുപ്പൽശകലങ്ങൾക്കൊപ്പം അതിന്റെ രണ്ടുമൂന്നിരട്ടി വായു പുറത്തേക്ക്... അയാളുടെ ഓരോ ചുമയും ഇങ്ങനെയാണ്. അടുത്തുനിന്ന് കേൾക്കുന്നവർക്ക് എന്തോ ഒരു സ്ഫോടനമാണെന്നേ ആദ്യമൊക്കെ തോന്നൂ. "അച്ഛാ…", ചുമ കേട്ട് മകൾ അപ്പുറത്തെ മുറിയിൽനിന്ന് വിളിച്ചു. ആ വിളിയിൽ പരിഭ്രമത്തിന്റേതായ കലമ്പലുണ്ടായിരുന്നു. എന്തൊക്കെയായാലും അവൾ വിളിപ്പുറത്തുള്ളത് അയാളുടെ ഏറ്റവും വലിയ ആശ്വാസമായിരുന്നു. ചെറിയൊരു അസ്വസ്ഥത തോന്നിയാൽപോലും മകളെ വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്, അതിനാൽത്തന്നെ അതു തരുന്ന ആത്‌മവിശ്വാസമുണ്ട്… മിക്കപ്പോഴും ഒറ്റ വിളിക്കുതന്നെ അവൾ മുന്നിലെത്തുകയും ചെയ്യും. അയാൾ കിതച്ചുകൊണ്ടിരുന്നു… അകലങ്ങളിലെ അദൃശ്യക്കാഴ്ചകളിൽ അയാളുടെ കണ്ണുകൾ തറച്ചിരുന്നു. “അച്ഛന്റെയൊരു കാര്യം.! ആയകാലത്ത് വലിച്ചുകയറ്റിയ സിഗരറ്റുകൾ ഇപ്പോൾ പകപോക്കുകയാണ്." അയാളൊന്നും മിണ്ടിയില്ല. “എന്തെങ്കിലും വേണോ അച്ഛാ.?” വേണ്ടെന്ന അർഥത്തിൽ അയാൾ തലയാട്ടി. “എന്തെങ്കിലും വല്ലായ്മയുണ്ടോ.? പറയൂ..” “ഇല്ല, ഇപ്പോൾ കുഴപ്പമില്ല..” “എപ്പോൾ ചോദിച്ചാലും കുഴപ്പമില്ലെന്നേ പറയൂ… അതാണ് കുഴപ്പം.”

അവളുടെ സ്വരത്തിൽ കുറ്റപ്പെടുത്തൽ ധ്വനിച്ചതോടെ അയാളുടെ സംസാരം നിലച്ചു. അൽപനേരംകൂടി ചുറ്റിപ്പറ്റിനിന്നശേഷം അവളും പിൻവലിഞ്ഞു. അതോടെ വീട്ടിൽ മനുഷ്യജീവികളുടെ ശബ്ദമില്ലാതായി. വീടിനകത്ത് കനത്ത നിശ്ശബ്ദത. ജനാലയ്ക്കും ചുമരിനുമപ്പുറത്ത് കാറ്റുവീശുന്നതും നോക്കി അയാൾ കിടന്നു. ഓരോ കാറ്റിനുമൊപ്പം ഇന്നലെകളിലെ ഓർമ്മകൾ ഞെട്ടറ്റുവീണു. അയാളുടെ ഭാര്യയും മൂത്ത മകളും കാഴ്ച അവ്യക്തമായ മരച്ചില്ലകളിൽ ചേക്കേറി. അതോടെ അയാളുടെ ചുണ്ടുകളിൽ പിറുപിറുപ്പുകളായി വാക്കുകൾ ഉരുണ്ടുകൂടി. സ്വയമേയുള്ള കുറ്റപ്പെടുത്തലിൽ അയാൾ നീറി. മെല്ലെമെല്ലെ മാനമിരുളുന്നതും കാറ്റിനു കരുത്തേറുന്നതും അയാൾക്കു മനസ്സിലായി. മരച്ചില്ലകളുടെ ഉലച്ചിലിനൊപ്പിച്ച് ഇലകൾ പൊട്ടിയടർന്നു. അയാളെ വർത്തമാനകാലത്തിന്റെ യാഥാർഥ്യത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് മുറ്റത്തെ ചരലിലേക്ക് മഴത്തുള്ളികൾ ചിതറി. താളാത്മകമായി മഴ ശക്തിപ്പെട്ടുകൊണ്ടിരുന്നു. “നല്ല മഴയാണല്ലോ മോളേ…” അവൾ മൂളിയത് അയാൾ കേട്ടില്ല. എന്നിട്ടും അയാൾ ചോദിച്ചു: “ഒന്ന് താങ്ങിയിരുത്ത്വോ…” “ഉം, ദാ വരുന്നു..” മഴ കാണുമ്പോൾ അയാൾക്ക് ഗൃഹാതുരത്വമാണ്. ജനാലയ്ക്കരികിലെ ചാരുകസേരയിൽ മഴ കണ്ടിരിക്കുമ്പോൾ താനൊരു പാലത്തിലൂടെ മറുകരയിലേക്ക് നടക്കുകയാണെന്ന് അയാൾക്കു തോന്നാറുണ്ട്. അവിടെ അയാൾക്ക് പ്രിയപ്പെട്ട ഒരു ലോകമുണ്ട്. അയാൾ സ്വപ്നം കാണാൻ മറന്നുപോയ ഒരു ലോകം. മഴയില്ലാത്ത സന്ധ്യാനേരത്തും ജാലകത്തിനരികെ വന്നിരിക്കാൻ അയാളാഗ്രഹിക്കാറുണ്ട്. ചിലപ്പോഴൊക്കെ മകൾ സമ്മതിക്കും. അല്ലെങ്കിൽ പുറത്ത് നിറയെ കൊതുകുണ്ടെന്നോ മറ്റോ പറഞ്ഞ് തടയും. അന്നേരങ്ങളിലൊക്കെ നെടുകെയും കുറുകെയുമുള്ള വലിയ കെട്ടിടനിർമ്മിതികൾക്കിടയിലൂടെ പല പരിചിതമുഖങ്ങളും മുന്നിലെ ഇരുട്ടിൽ വന്നുനിന്നു ചിരിക്കും. അതിനിടയിൽ യാത്രക്കിടയിൽ കൈവിട്ടുപോയ സഹധർമ്മിണിയുടെ ഗന്ധം അയാൾ തിരിച്ചറിയും. ജനാലയ്ക്കപ്പുറത്ത് ഇരുട്ടിലലിഞ്ഞ അവളുടെ നിഴൽകണ്ട് അയാൾ നെടുവീർപ്പിടും. 

ആ ഇരിപ്പിൽ കുറെ സമയമങ്ങനെ കടന്നുപോയി. മഴയ്ക്കും കാറ്റിനുമൊപ്പം മുറ്റത്തെ ചരൽ ഞെരിഞ്ഞമരുന്ന ശബ്ദം അയാൾ കേട്ടു. പിന്നാലെ മുൻവശത്തെ വാതിൽ ഞരങ്ങിക്കരഞ്ഞു. അതുംകഴിഞ്ഞ് അടക്കിപ്പിടിച്ച ഒച്ചയിൽ ആരോ പിറുപിറുത്തു. അയാൾക്ക് ഇതൊന്നും പുത്തരിയല്ല. ഈ ശബ്ദങ്ങളൊക്കെ ഇടവിട്ടിടവിട്ട് കേൾക്കുന്നതാണ്. ചെവിയോർക്കുമ്പോഴേക്ക് കാലൊച്ചകൾ നിലയ്ക്കും; പിറുപിറുക്കലുകൾ നിശ്ശബ്ദതയിലലിയും; വാതിലിന്റെ കരച്ചിൽ അസ്തമിക്കും. ഒരുപക്ഷേ എല്ലാം തന്റെ തോന്നലുകളായിരിക്കാമെന്ന് അപ്പോഴയാൾ നിരൂപിക്കും. “ആരാ മോളേ അവിടെ…?” “ഇല്ല, ആരുമില്ലല്ലോ…” “വാതിൽ തുറന്നല്ലോ…” “അയൽപക്കത്തേതാകാം. നാലുപാടും വീടുകളല്ലേ അച്ഛാ…” മറുപടി പറയാതെ അയാൾ പുറത്തേക്ക് നോക്കിയിരുന്നു. “ഓരോ തോന്നലുകളാ അച്ഛന്…” ആ കുറ്റപ്പെടുത്തലിൽ പ്രകൃതി വീണ്ടും കരഞ്ഞു. മഴ പിന്നെയും നീണ്ടുപോയി. ഏറെനേരം കഴിഞ്ഞ് മഴ ശമിച്ചിട്ടും മാനം കറുത്തുതന്നെ കിടന്നു. പൊടുന്നനെ രാത്രിയായ പ്രതീതി. ചരൽ ഒരിക്കൽക്കൂടി ഞെരിഞ്ഞമർന്നു. പിന്നാലെ വാതിലിന്റെ കരച്ചിലും കേട്ടു. കണ്ണുകൾ ഇറുകെയടച്ച് അയാൾ വെറുതെയൊന്നു ചുമച്ചു. ചിന്തകളെ മറ്റൊരു ദിക്കിലേക്കു മാറ്റാനുള്ള അയാളുടെ ശ്രമം വൃഥാവിലായി. ഏതൊക്കെയോ ശക്തികൾചേർന്ന് തന്നെ വരിഞ്ഞുമുറുക്കിയിരിക്കുകയാണെന്ന് അയാൾക്ക് തോന്നി. ദേഹമാസകലം ഉലച്ച് ചുമയും തൊടിയിലെ മരത്തലപ്പുകളിളക്കി ഒരു കാറ്റും കടന്നുപോയി. ഇന്നലെകളിലെ പല സംഭവങ്ങളും ഓർക്കാനിഷ്ടമില്ലെങ്കിലും കാലക്രമത്തിനനുസരിച്ച് എല്ലാംതന്നെ അടരുകളായി അയാൾക്കുള്ളിലുണ്ട്. ചിലപ്പോഴൊക്കെ അവയെക്കുറിച്ചുള്ള ഓർമ്മകൾ അയാളെ കരയിക്കാറുണ്ട്. കുറച്ചുകൂടി നന്നായി തനിക്ക് പലതും ചെയ്യാമായിരുന്നെന്നോർത്ത് അപ്പോഴൊക്കെ അയാൾ നെടുവീർപ്പിടും, സ്വയം കുറ്റപ്പെടുത്തും.  

പതിറ്റാണ്ടുകൾക്കുമുമ്പ്‌ സ്വന്തമെന്നു കരുതിയ എല്ലാമുപേക്ഷിച്ചായിരുന്നു അയാൾ അവളെയുംകൂട്ടി നാടുവിട്ടത്. അന്നവൾ നിയമപരമായി മറ്റൊരാളുടെ ഭാര്യയായിരുന്നു. മാത്രവുമല്ല, മനസ്സുകൊണ്ടിണങ്ങാത്ത, തെറ്റിദ്ധാരണകൾക്കിടയിൽപ്പെട്ട ആ ബന്ധത്തിൽനിന്നവളെ രക്ഷപ്പെടുത്തുകയായിരുന്നു അയാൾ ചെയ്തത്. പക്ഷെ പുതുനാട്ടിലെ ജീവിതം പ്രതീക്ഷിച്ചതുപോലെ എളുപ്പമായിരുന്നില്ല. വിഭിന്നമായ ഭാഷയുടെയും സംസ്കാരത്തിന്റെയും നടുവിൽ പിടിച്ചുനിൽക്കാൻ അവർ പെടാപ്പാടു പെട്ടു. എന്തിനോടും മല്ലടിക്കുന്ന പ്രകൃതക്കാരനെങ്കിലും തുറന്ന മനസ്സോടെ കാര്യങ്ങളെ കാണാൻ ശ്രമിച്ചെന്നു മാത്രമല്ല അതേ രീതിയിൽ മക്കളെ പഠിപ്പിക്കുകയും ചെയ്തു. മൂത്ത മകൾ ഹിന്ദിയിൽ ഡോക്ടറേറ്റ് നേടിയത് അയാളെ സംബന്ധിച്ചിടത്തോളം വലിയ അഭിമാനത്തിന്റെ നിമിഷമായിരുന്നു. വൈകാതെ ദൂരനാട്ടിലെ ഒരു കോളജിൽ കരാറടിസ്ഥാനത്തിൽ അവൾ ജോലിക്കു ചേർന്നു. പക്ഷെ വിധിയുടെ പരീക്ഷണമെന്നല്ലാതെ എന്തു പറയാൻ? ഏതാനും മാസങ്ങൾക്കകം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അന്യസംസ്ഥാനക്കാരനായ ചെറുപ്പക്കാരനുമൊത്ത് അവൾ വീടിന്റെ പടികയറിവന്നപ്പോൾ അയാൾക്കതംഗീകരിക്കാനായില്ല. ജാതിയും മതവുമായിരുന്നില്ല അവിടത്തെ പ്രശ്നം, മറിച്ച് മേൽവിലാസമായിരുന്നു. അനുകൂലമായ മറുപടിക്കായി ഏതാനും നാളുകൾ കാത്തിരുന്ന മകൾ ഒരുനാൾ ആ  നാട്ടിൽനിന്നുതന്നെ അപ്രത്യക്ഷയായി.

പിന്നെന്താണ് സംഭവിച്ചതെന്ന് അയാളെപ്പോലെതന്നെ അന്നാട്ടിലെ പഴയതും പുതിയതുമായ തലമുറയിൽപ്പെട്ടവർക്കറിയാം. പത്രങ്ങളിൽ വാർത്ത വന്ന അന്നുപോലും അയാളറിഞ്ഞിരുന്നില്ല ലിവിങ് ടുഗെതർ എന്ന വാക്കിനർഥം.! അന്യസംസ്ഥാനക്കാരനായ കാമുകനെ കൊന്നശേഷം ആത്‍മഹത്യ ചെയ്ത മലയാളിപ്പെൺകുട്ടിയെക്കുറിച്ച് നാട്ടുകാരിൽ ചിലരാണ് അയാളോടു പറഞ്ഞതും. ജീവിതത്തിൽ അന്നുവരെയുണ്ടായ വെല്ലുവിളികളെ ധീരമായി നേരിട്ട അയാൾ ആ ദുരന്തത്തിനുമുന്നിൽ പതറി. അപ്പോഴും ദർഷയായിരുന്നു അയാൾക്ക് ആത്‌മവിശ്വാസം പകർന്നുകൊടുത്തത്. മൂത്ത മകളുടെ കഥ ഇവിടംകൊണ്ടു പൂർണ്ണമാകുന്നില്ല. ഇളയ മകളായ ദർഷയുമായി കഥാകൃത്തിനുള്ള പരിചയവും അവർ തമ്മിൽ നടത്തിയ സംഭാഷണങ്ങളും കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്തിത്തരുന്നു. നേരുപറഞ്ഞാൽ ആ ചെറുപ്പക്കാരനുമായി മൂത്ത മകൾക്കുണ്ടായിരുന്ന ബന്ധം തഴച്ചുവളർന്നത് ആ പെൺകുട്ടിയുടെ ചില പ്രശ്നങ്ങൾകൊണ്ടുകൂടിയായിരുന്നു. ഉന്നതബിരുദം നേടിയിട്ടും ആശിച്ചതുപോലുള്ള ജോലിയോ സാമ്പത്തികനിലയോ കൈവരിക്കാനാകാഞ്ഞത് അവളിൽ സമ്മർദ്ദമേറ്റി. കുറഞ്ഞ വേതനത്തിൽ നഗരജീവിതവുമായുള്ള മല്ലിടൽ അവളെ ശാരീരികമായും മാനസികമായും തളർത്തി. അപ്പോഴാണ് ആ ചെറുപ്പക്കാരന്റെ വരവ്. നിരാശയുടെ പടുകുഴിയിലേക്ക് വീണ അവളെ അവൻ കൈപിടിച്ചുകയറ്റി, സാന്ത്വനിപ്പിച്ചു. അതോടെ ഏതാപത്തിലും ആശ്രയിക്കാൻ പറ്റിയ ഒരാളാണ് അവനെന്ന ബോധ്യം അവളിൽ രൂഢമൂലമായി.  

താനുമായി ഗാഢബന്ധം പുലർത്തിയിരുന്നതിനാൽ എല്ലാക്കാര്യങ്ങളും ചേച്ചി തുറന്നുപറയുമായിരുന്നുവെന്ന് ദർഷ എന്നോടു പറഞ്ഞു. എന്തുതന്നെയായാലും സൂക്ഷിക്കണമെന്ന ദർഷയുടെ മുന്നറിയിപ്പ് അവഗണിച്ചുവെന്ന് മാത്രമല്ല, അപ്പോഴൊക്കെ ചേച്ചി സ്വന്തം തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു. താൻ തിരഞ്ഞെടുത്തവൻ നല്ലവനാണെന്നതിൽ ചേച്ചിക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. ചേച്ചിയുടെ താൽപ്പര്യങ്ങളോട് വിമർശനാത്മകമായി പ്രതികരിച്ചപ്പോഴൊക്കെ ചേച്ചിയിലുണ്ടായ നീരസം ചേച്ചിയുടെ ആഗ്രഹങ്ങൾക്ക് എല്ലാ പിന്തുണയും നൽകാൻ തന്നെ പ്രേരിപ്പിച്ചെന്നും ദർഷ കൂട്ടിച്ചേർത്തു. വിശാലമനസ്കനും ജാതിമത ചിന്തകൾക്കതീതനുമായ അച്ഛനിൽനിന്ന് ആ ബന്ധത്തിന് ഏതെങ്കിലും തരത്തിലൊരെതിർപ്പ് ചേച്ചി പ്രതീക്ഷിച്ചിരുന്നതുമില്ല. അതുകൊണ്ടൊക്കെത്തന്നെയായിരിക്കണം പതിയെപ്പതിയെ അവരുടെ ബന്ധം സമൂഹമാധ്യമങ്ങളിലൂടെയുള്ള ചാറ്റിൽനിന്നും പുറത്തുകടന്നു. സ്വദേശം വിട്ട് ചേച്ചി ജോലിചെയ്യുന്നയിടത്തേക്ക് ഒരു ദേശാടനപ്പക്ഷിയെപ്പോലെ ആ ചെറുപ്പക്കാരൻ പറന്നുചെന്നു. അതിനുശേഷം ഒരു വാടകവീട്ടിൽ ഒരുമിച്ചായിരുന്നു അവരുടെ താമസം. ഏതാനും മാസങ്ങൾക്കുശേഷമാണ് അയാളെക്കുറിച്ച് കൂടുതലായന്വേഷിക്കാൻ അച്ഛനൊരാളെ മദ്ധ്യേന്ത്യയിലെ അയാളുടെ ജന്മസ്ഥലത്തേക്കയച്ചത്. അവിടെ അയാൾക്ക് മറ്റൊരു ഭാര്യയുണ്ടെന്ന വാർത്ത അച്ഛനെ നടുക്കി. ചേച്ചി വലിയൊരു കുരുക്കിലാണകപ്പെട്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. അയാളുമായുള്ള ബന്ധം ചേച്ചി ഉപേക്ഷിക്കുമെന്ന് വീട്ടിലെല്ലാവരും വിചാരിച്ചതാണ്. പക്ഷേ അതിനുമുമ്പ് ഒരു രാത്രികലഹത്തിനൊടുവിൽ രണ്ടുപേരും ഇല്ലാതായി. 

ചേച്ചിയുടെ ദാരുണമായ മരണത്തിനുശേഷം ദർഷ അയാൾക്കും ഭാര്യക്കുമൊപ്പം മഴയത്തും വേനലിലും കൂടെയുണ്ടായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട് ദർഷ ദിവസേന നഗരത്തിലേക്ക് യാത്ര ചെയ്യുമായിരുന്നു. ഭാര്യയുടെ വിയോഗം തികച്ചും ആകസ്മികമായിരുന്നു. അതിനുശേഷം ദർഷക്കൊപ്പം നഗരപ്രാന്തത്തിലെ ഈ വീട്ടിലേക്ക് അയാളും താമസം മാറ്റി. ഭാര്യയുടെ വിയോഗം തന്റെ ജീവിതത്തിൽ വരുത്തിയ ശൂന്യത അപ്പോഴാണ് അയാൾക്ക് ശരിക്കും വ്യക്തമായത്. ചുറ്റുമുള്ളത് തനിക്കന്യമായൊരു ലോകമാണെന്നും താൻ കാണുന്ന മനുഷ്യരെല്ലാം അവരവരുടെ നേട്ടങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുന്നവരാണെന്നും അയാൾക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് അയാൾ ഏകാന്തതയെ പ്രണയിച്ചു തുടങ്ങിയത്. ചെറുതെങ്കിലും അവിചാരിതമായി ഒരു ചുമ വന്ന് അയാളെ പിടിച്ചുകുലുക്കി. ശരീരത്തിനകത്തും പുറത്തും എന്തൊക്കെയോ ഇളകിയതുപോലെ അയാൾക്കനുഭവപ്പെട്ടു. “മതി അവിടെയിരുന്നത്. ഞാനിപ്പോൾ വരാം…”, അകത്തുനിന്ന് ദർഷയുടെ സ്വരം കേട്ടു. “ഇല്ല. കുറച്ചുനേരംകൂടി ഇരുന്നോട്ടെ മോളേ…” ഒരു കൊച്ചുകുട്ടിയെപ്പോലെ അയാൾ പറഞ്ഞു. മറുപടിയായി അവളുടെ ശബ്ദമൊന്നും കേട്ടില്ല. എന്തെങ്കിലും തിരക്കിലായിരിക്കും. ആരെയോ പ്രതീക്ഷിക്കുമ്പോലെ അയാൾ വീണ്ടും പുറത്തേക്കു നോക്കിയിരുന്നു. ആർപ്പുവിളികളോടെവന്ന രണ്ടാമത്തെ മഴയും തോർന്നിരിക്കുന്നു. എന്നാലും കറുത്തിരുണ്ട മാനം കൂസലില്ലാതെ നിൽക്കുന്നു. ‘അച്ഛന് വാട്ട്സാപ്പ് എങ്കിലും ഉപയോഗിച്ചുകൂടേയെന്ന് ഇടയ്ക്കിടെ ദർഷ ചോദിക്കുന്നതു കേൾക്കാം. അപ്പോൾ അയാളൊന്നും മിണ്ടില്ല. അയാൾക്കെന്തോ അതിലൊന്നും താൽപര്യമില്ല. ദർഷക്കും അങ്ങനെ തോന്നുന്നതുകൊണ്ട് നിർബന്ധിക്കാറില്ല. നിരീശ്വരവാദിയായ അച്ഛനോട് ദൈവത്തെക്കുറിച്ചു പറയാൻപോലും അവൾക്ക് മടിയായിരുന്നു. എങ്കിലും അച്ഛന് കേൾക്കാനായിമാത്രം ഇടയ്ക്ക് വീരമണിയുടെയോ യേശുദാസിന്റെയോ ഭക്തിഗാനങ്ങൾ അവൾ സ്വന്തം ഫോണിൽ വച്ചുകൊടുക്കും. അതുകേട്ട് കണ്ണുകളടച്ച് ഒരുതരം ആത്‌മനിർവൃതിയിലാണ്ട് അയാൾ കിടക്കുന്നതു കാണുമ്പോൾ അച്ഛന് എന്തോ ഒരു മാറ്റമുണ്ടായതുപോലെ ദർഷക്കു തോന്നും.   

ഏതാനും വർഷങ്ങൾക്കുമുമ്പ് ആകുലതയുടെ കരാളഹസ്തം അയാൾക്കുമേൽ പിടിമുറുക്കി. പിന്നാലെ ചില അവയവങ്ങൾ ചതിച്ചതോടെ അയാൾ കിടപ്പുരോഗിയായി. അതോടെ മുറിയിലാകമാനം കുഴമ്പിന്റെ മണവും ആയുർവേദചര്യകളും നിറഞ്ഞു. അസുഖങ്ങൾ പല പേരിലുമായി അയാൾക്കു ചുറ്റും പുകമറ തീർത്തു. മണിക്കൂറുകൾക്ക് ദിവസങ്ങളുടെയും ദിവസങ്ങൾക്ക് വർഷങ്ങളുടെയും ആയുസ്സ് കൈവന്നു. ഭാര്യയുടെ മരണശേഷം ദർഷ ഓഫീസിൽ പോകുന്നത് നിർത്തി. വീട്ടിൽനിന്നു ചെയ്യുന്ന വിധത്തിലേക്ക് ജോലി മാറ്റിയെന്നാണ് അവൾ പറഞ്ഞത്. ഇംഗ്ലിഷ് സാഹിത്യത്തിൽ റാങ്കോടുകൂടിയാണ് അവൾ ബിരുദാനന്തര ബിരുദം പാസായത്. സാഹിത്യത്തിനുള്ള അഭിരുചികൂടിയുള്ളതിനാൽ ക്യാംപസ് പ്ലേസ്‌മെന്റിലൂടെത്തന്നെ ജോലിയും കിട്ടി. പല ഭാഷകളിലായി പുസ്തകങ്ങളും മറ്റും പ്രസിദ്ധീകരിക്കുന്ന പബ്ലിഷിംഗ് കമ്പനിയിൽ കണ്ടന്റ് റൈറ്റർ തസ്തികയിലായിരുന്നു ആദ്യനിയമനം. ഏതാനും മാസങ്ങൾക്കുള്ളിൽ സബ് എഡിറ്ററായി അവൾക്ക് പ്രമോഷനായി. തന്റെ ജോലി അവൾ നന്നായി ആസ്വദിച്ചിരുന്നു. സാഹിത്യമേഖലയിലുള്ള പലരുമായി സംവദിക്കാൻ കിട്ടിയ ഒരവസരവും അവൾ പാഴാക്കിയിരുന്നില്ല. നിത്യേന ഓഫീസിൽ പോകേണ്ട വിധത്തിലായിരുന്നു തൊഴിൽ കരാറെങ്കിലും അവളുടെ കഴിവും കാര്യക്ഷമതയും തിരിച്ചറിഞ്ഞതുകൊണ്ടാണ് കമ്പനിയുടമ പ്രത്യേക സാഹചര്യം പരിഗണിച്ചതും ജോലിക്കാര്യത്തിൽ വിട്ടുവീഴ്ചക്ക് തയാറായതും.

എന്നിരുന്നാലും ഓൺലൈൻ എന്നൊക്കെപ്പറയുന്നത് അയാൾക്കത്ര അംഗീകരിക്കാനാകുന്നുണ്ടായിരുന്നില്ല. സഹപ്രവർത്തകരെ നേരിട്ടു കാണാതെ, അവരോട് നേരിട്ടു മിണ്ടാതെ എത്രകാലമിങ്ങനെ ജോലി ചെയ്യാനാകുമെന്നത് ഉത്തരമില്ലാത്ത ഒരു സംശയമായി അയാൾക്കുള്ളിൽ ജീവിച്ചു. ഓരോ നിമിഷവും അയാളെ തളർത്തിയിരുന്ന, ഉള്ളിൽനിന്ന് പൊന്തിവരുന്ന, ആകുലതയുടെ കുമിളകൾ ദർഷയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. തന്റെ അമ്മയുടെ നാരായണിയെന്ന പേര് ഇളയ മകൾക്കിടാൻ അയാൾക്കാഗ്രഹമുണ്ടായിരുന്നു. പക്ഷേ ഭാര്യ സമ്മതിച്ചില്ല. മൂത്ത മകളുടേതുപോലെ ഇളയവൾക്കും പറ്റിയ ഒരു ന്യൂജെൻ പേരു വേണമെന്ന് ഭാര്യ ശാഠ്യംപിടിച്ചു. അത്തരത്തിലുള്ള പറ്റിയൊരു പേര് അവൾതന്നെ കണ്ടുപിടിക്കുകയും ചെയ്തു. അന്നുമുതൽക്കേ ഇളയ മകളെ മോളേ എന്നുമാത്രം വിളിക്കാൻ അയാൾ ശീലിച്ചു. മൂത്ത മകളെപ്പോലെ ഇളയവളും സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമായത് അയാളിൽ ആധിയേറ്റി. ഏറെനാളുകൾക്കുമുമ്പ് അവൾത്തന്നെ സമ്മതിച്ചതാണ്, ഇൻസ്റ്റഗ്രാമുമായി അവൾ പ്രണയത്തിലാണെന്ന്.!. ഓരോ ദിവസവും അവൾ സ്വന്തം കഥകൾക്കൊപ്പം ഫോട്ടോയും വീഡിയോയുമെല്ലാം പോസ്റ്റു ചെയ്യും. അതുകൊണ്ടുതന്നെ അവളുടെ അക്കൗണ്ടിൽ പുതിയ പുതിയ കോളിളക്കങ്ങൾ ദിവസേനയെന്നോണം ഉണ്ടായിക്കൊണ്ടിരുന്നു. ഉപദേശരൂപേണ അയാളെന്തെങ്കിലും പറഞ്ഞുപോയാൽ അവൾ ചിരിക്കുകമാത്രം ചെയ്യും. സത്യത്തിൽ മൂത്തവളെപ്പോലെയല്ല ദർഷ,  പല കാര്യങ്ങളിലും. ഒരുപാടുപേരുമായി സമ്പർക്കമുണ്ട്. നിത്യേനയെന്നോണം ആരൊക്കെയോ വീട്ടിൽ വരുന്നും പോകുന്നുമുണ്ട്. അവരുടെയൊക്കെ വേറിട്ട ശബ്ദങ്ങൾ അയാൾക്കു കേൾക്കാം. എന്നാലും അയാൾ എതിർത്തൊന്നും പറയാറില്ല. ഒന്നും അറിഞ്ഞതായി ഭാവിക്കാറുമില്ല. പലരും വരുന്നതും പോകുന്നതുമെല്ലാം ജോലിയുടെ ഭാഗമാണെന്ന് ചോദിക്കാതെതന്നെ ഇടയ്ക്കവൾ പറയാറുണ്ട്. അയാൾക്കതൊന്നും ഉൾക്കൊള്ളാൻ കഴിയാത്തതിനാൽ തന്റെ നിസ്സഹായതയെപ്രതി അയാൾ  മൗനം പാലിക്കുന്നു.

“അച്ഛാ, ഞാനിപ്പോൾ വരാം..”, മകൾ പറഞ്ഞത് കേൾക്കാതെ അയാൾ പുറത്തേക്കുതന്നെ നോക്കിയിരുന്നു. വിഷാദത്തിന്റെ നിഴൽ അയാളെ വന്നു പൊതിഞ്ഞു. മാനത്ത് ഓടിനടക്കുന്ന കറുത്ത മേഘങ്ങൾ. സാധാരണഗതിയിൽ ഈ നേരമാകുമ്പോഴേക്കും അയാളുടെ സഹധർമ്മിണി വന്നുപോകുന്നതാണ്. ചുറ്റുമുള്ള വീടുകളുടെ മറപറ്റിയായിരിക്കും വരവ്. ഇന്നെന്തേ അവൾ വരാതിരുന്നതെന്ന് ചിന്തിച്ചപ്പോഴേക്കും ജനലിനരികിൽ ഒരു കാൽപ്പെരുമാറ്റം കേട്ടു. ഒപ്പം ഒരു നിഴലിന്റെ ചലനവും ചുറ്റും പരന്ന സുഗന്ധവും. ഒരുകാലത്ത് തന്നെ ഉന്മത്തനാക്കിയിരുന്ന ആ ഗന്ധം തിരിച്ചറിഞ്ഞതും തനിക്കാവുന്നത്ര നീളത്തിലയാളത് വലിച്ചെടുത്തു. പിന്നെ കസേരത്തടിയിലേക്ക് തലയമർത്തി കണ്ണുകളടച്ചതും മയക്കത്തിന്റെ നേർത്ത ഒരു പാളി അയാളെ തൊട്ടു. “ഇന്ന് വൈകി, അല്ലേ…?” “അതെ. വല്ലാത്ത കാറും കോളുമല്ലേ ചുറ്റിലും.?” “ഉം”, അയാൾ മൂളി. അവളുടെ വാക്കുകളിൽ ദ്വന്ദാർഥവുമുണ്ടെന്ന് അയാൾ സംശയിച്ചു. അവളെപ്പോഴും അങ്ങനെയായിരുന്നല്ലോ. വാക്കുകൾകൊണ്ട് അമ്മാനമാടി അയാളുടെ ചിന്തകളെ നാലുപാടും ഓടിക്കുമായിരുന്നു. അതോർത്തപ്പോഴേക്കും അവൾ പറഞ്ഞു: “അല്ല, ഒന്നു ചോദിച്ചോട്ടെ…?” “മുഖവുര വേണ്ട… ചോദിക്കൂ…” “നിങ്ങളിതൊന്നും അറിയുന്നില്ലേ…?” “എന്ത്..?” “പലരും വരുന്നതും പോകുന്നതും… പിന്നെ..” അവളുടെ വാക്കുകൾ മുറിഞ്ഞു. അയാൾ ഉത്തരമൊന്നും പറഞ്ഞില്ല. പക്ഷെ ഒരു നെടുവീർപ്പ് അയാൾക്കുള്ളിൽ പിടഞ്ഞുമരിച്ചു. അരോചകമായ മൗനം മുറിയാതെ കുറച്ചുനേരം അവർക്കിടയിൽ നിന്നു. കാലം മാറിയെന്നും വീട്ടിലിരുന്നും ജോലി ചെയ്യാമെന്നുമൊക്കെ പറഞ്ഞാൽ അവൾക്കതെങ്ങനെ മനസ്സിലാകാൻ…! ജനാലപ്പുറത്തുനിന്നും വീണ്ടും സ്വരം കേട്ടു: “ഒന്നു പൊയ്ക്കൂടേ നാടുവരെ…?” “എന്തിന്…?” “തരാണ്ടിരിക്കില്ല, നിങ്ങളുടെ ഓഹരി മാറ്റിവച്ചിട്ടുണ്ടാകും… അതുമതിയാകും അവളുടെ കല്യാണം ഗംഭീരമായി നടത്താൻ…” ഒരു ഞെട്ടലോടെ അയാൾ കണ്ണു തുറന്നതും അപ്രതീക്ഷിതമായി കാറ്റിനു ശക്തികൂടി. മരത്തലപ്പുകളെ ഉലച്ച് കാറ്റ് ചൂളംവിളിച്ചു. വീണ്ടുമൊരു മഴയ്ക്കുള്ള തയാറെടുപ്പാണെന്ന് അയാൾക്കു തോന്നി. 

“നീ പോയോ…?” “നീ പോയോ…?”, ഒരിക്കൽക്കൂടി അയാളാവർത്തിച്ചു. പൊടുന്നനെ പ്രകൃതി നിശ്ചലമായി. ചുറ്റും നിശബ്ദത. വീടിനു പുറത്തെ പ്രകാശവിളക്കുകൾ കെട്ടു. ചുറ്റും കുറ്റാക്കൂരിരുട്ട്. അയാൾക്കുള്ളിൽ അകാരണമായ ഭീതി നിറഞ്ഞു. മനസ്സിലൊരു കലക്കം. ദർഷയോട് ഇതെങ്ങനെ പറയും.? കല്യാണം തന്റെ വ്യക്തിപരമായ കാര്യമാണെന്നും അതിൽ മറ്റാരും ഇടപെടേണ്ടെന്നുമാണ് അവൾ പറഞ്ഞിരിക്കുന്നത്. അതിന്റെ സാമ്പത്തികമോ അല്ലാത്തതോ ആയ വശങ്ങളെക്കുറിച്ചൊന്നും അവൾ ആകുലപ്പെടാറേയില്ല. ചുറ്റുമുള്ള ലോകം അരക്ഷിതമാണെന്നും ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ ഇരുളിൽ പതിയിരിക്കുന്നുണ്ടെന്നും അവളോട് പറയണമെന്നുണ്ട്. പക്ഷേ അത്തരം ഉപദേശങ്ങളൊന്നും അവൾ ചെവിക്കൊള്ളില്ല. എല്ലാവരും അവരവരുടേതായ വഴിയിലൂടെ ലോകത്തെ കൊണ്ടുപോകണമെന്നതാണ് അവളുടെ മതം. “മോളേ…” പ്രതീക്ഷിക്കാതെ ഉരുണ്ടുകയറിവന്ന ചുമ കുന്നുകയറാൻ മടിച്ചിട്ടെന്നപോലെ തൊണ്ടയിൽ നിന്നു. അയാളുടെ വിളിയൊച്ച അതിൽ കുടുങ്ങി. അതോടെ അയാളുടെ നെഞ്ചിൻകൂടു വിറക്കുകയും ദേഹമാകെ കുലുങ്ങുകയും ചെയ്തു. തൊട്ടപ്പുറത്തെ മുറിയിൽനിന്ന് ആരുടെയോ അമർത്തിവച്ചുള്ള പിറുപിറുക്കൽ കേൾക്കാം. കാതുകൂർപ്പിച്ചപ്പോൾ അതൊരു പുരുഷശബ്ദമാണെന്ന് മനസ്സിലായി. അതോടെ ദേഷ്യം അയാളുടെ മുഖത്തേക്ക് ഇരച്ചുകയറി. മുറിയുടെ അങ്ങേത്തലക്കൽ അടഞ്ഞുകിടക്കുന്ന വാതിലിനുനേർക്കയാൾ തുറിച്ചുനോക്കി. എപ്പോഴുമത് ചേർത്തടച്ചിരിക്കും. ആരുംവന്ന് തുറക്കില്ലെന്ന് ഉറപ്പുള്ളതിനാൽ അകത്തുനിന്നവൾ കുറ്റിയിടാറില്ല. ഒരിക്കലെങ്കിലും താൻ ധൈര്യപൂർവം ഇടപെട്ടിരുന്നെങ്കിൽ… ഉള്ളിലിരുന്നാരോ കുറ്റപ്പെടുത്തുന്നുണ്ട്. ഭാര്യയുടെ സ്വരത്തിലും കുറ്റപ്പെടുത്തലിന്റെ ധ്വനിയുണ്ടായിരുന്നല്ലോ എന്നയാൾ വ്യസനത്തോടെ ഓർത്തു.

കാറ്റുവീശൽ നിലച്ചപ്പോൾ മുറിയിൽനിന്നുള്ള പിറുപിറുക്കലുകൾ കൂടുതൽ വ്യക്തമായി. ഇല്ല, തന്റെ മകൾക്ക് തെറ്റുപറ്റുന്നത് ഇനിയും കണ്ടില്ലെന്ന് നടിക്കാനാകില്ല. ഭാര്യയുടെ വാക്കുകൾ അയാൾക്കുള്ളിൽ ഒരിക്കൽക്കൂടി അലയടിച്ചു. തന്റെ നിശ്ചലമായ കാലുകൾക്ക് അൽപനേരത്തേക്ക് ബലം കിട്ടിയിരുന്നെങ്കിലെന്നും വാതിൽതുറന്ന് തൊട്ടപ്പുറത്തെ മുറിയിലെ പുരുഷശബ്ദത്തിന്റെ ഉടമയെ കഴുത്തുഞെരിച്ച് പുറത്തേക്കു തള്ളാൻ കഴിഞ്ഞിരുന്നെങ്കിലും അയാളാശിച്ചു. ആഗ്രഹത്തിന്റെ തീക്ഷ്ണതയിൽ കസേരയുടെ കൈത്താങ്ങിൽ അയാൾ മുറുക്കെപ്പിടിച്ചു നോക്കി. ഇല്ല, ശരീരം ഒട്ടും വഴങ്ങുന്നില്ല. സന്തുലനം നഷ്ടപ്പെട്ട അവയവങ്ങളെല്ലാം വെറും മാംസപിണ്ഡങ്ങളായി ഇളകി. കൈകൾ ഒന്നുകൂടിയുറപ്പിച്ച് നിൽക്കാൻ ശ്രമിച്ചതും അയാൾ തറയിലേക്ക് പിടഞ്ഞുവീണു. വീശിയടിച്ച കാറ്റിൽ വീഴ്ചയുടെ ശബ്ദം മുങ്ങിപ്പോയി. ഒരുവിധത്തിൽ ഇഴഞ്ഞിഴഞ്ഞ് വാതിലിനടുത്തെത്തിയതും അതിന്റെ കൈപ്പിടിയിലേക്കുള്ള ദൂരം കീഴടക്കാൻ തനിക്കീ ജന്മം കഴിയില്ലെന്ന സത്യം അയാളെ നോക്കി പല്ലിളിച്ചു. അകത്തുനിന്നുള്ള പുരുഷശബ്ദം അപ്പോഴേക്കും കൂടുതൽ തെളിച്ചമുള്ളതായി. തമാശ കേട്ടിട്ടെന്നപോലുള്ള അവളുടെ ചിരിയും ഗൗരവപൂർണ്ണമായ പുരുഷശബ്ദവും അയാളെ അയാളുടെ വിരലുകൾ കട്ടിളപ്പടിയിലൂടെയും വാതിലിന്റെ ഫ്രെയിമിലൂടെയും മുകളിലേക്കു കയറി. ഹാൻഡിലിന്റെ ദൃഢതയിലേക്ക് പരുക്കൻ വിരലുകൾ തട്ടിനിന്നു. അടുത്ത നിമിഷം വാതിൽ ഉള്ളിലേക്കു തുറക്കുകയും അയാൾ നിലതെറ്റി താഴെ വീഴുകയും ചെയ്തു. “അച്ഛാ, എന്താണിത്…?” ഓടിവന്ന ദർഷ അയാളെ താങ്ങിപ്പിടിച്ചു. മേശമേൽ തുറന്നുവച്ച ലാപ്ടോപ്പിന്റെ സ്‌ക്രീനിലിരുന്ന് സുമുഖനായ ഒരു ചെറുപ്പക്കാരൻ ചിരിക്കുന്നു. “അച്ഛനറിയില്ലേ ഞാൻ മീറ്റിങ്ങിലാണെന്ന്…?” അയാൾ കിടന്ന കിടപ്പിൽ മുകളിലേക്കു നോക്കി. അയാൾക്കൊന്നും മനസ്സിലായില്ല. “എന്തുപറ്റി…?” സ്‌ക്രീനിലെ ചെറുപ്പക്കാരൻ അമ്പരപ്പോടെ ചോദിച്ചു: “കുറച്ചുനേരം കഴിഞ്ഞ് വിളിക്കാം. യു ടേക്ക് എ ബ്രെക്ക്…” സ്‌ക്രീനിലെ ശബ്ദം നിലച്ചു. ആ രൂപം മാഞ്ഞില്ലാതായി. ദർഷയുടെ കൈകളിലൂടെ അയാൾ വീണ്ടും കട്ടിലിലേക്ക് ചാഞ്ഞു. മഴ അപ്പോഴേക്കും പിൻവാങ്ങിയിരുന്നു.

ആ സംഭവത്തിനുശേഷം കഥാകൃത്തും ദർഷയുമായി നടത്തിയ സംഭാഷണംകൂടി കൂട്ടിച്ചേർത്താൽ മാത്രമേ ഈ കഥയുടെ പൂർണ്ണരൂപമാകൂ. കഥയുടെ ആത്‌മാവിനെ രൂപപ്പെടുത്തിയിട്ടുള്ള അടിയൊഴുക്കുകൾ അതിൽ അന്തർലീനമായിരിക്കുന്നു…

കഥാകൃത്ത്: “അച്ഛൻ പൂർണ്ണമായും പഴയ തലമുറയുടെ പരിച്ഛേദമാണല്ലേ..?”

ദർഷ: “അച്ഛന്റെ ജീവിതവും ഞങ്ങളെ വളർത്തിയ രീതിയുംവച്ച് അങ്ങനെ പറയാൻ കഴിയില്ല. പക്ഷെ ചേച്ചിയുടെ ദാരുണമായ ജീവിതം അദ്ദേഹത്തെ സംശയാലുവും കൂടുതൽ പരുക്കനുമാക്കി.”

കഥാകൃത്ത്: “അൽപ്പംപോലും തലമുറവിടവ് ഇല്ലെന്നാണോ ദർഷ പറയുന്നത്.?”

ദർഷ: “അങ്ങനെയല്ല. പക്ഷെ  തികച്ചും സ്വാഭാവികമായ ചില പ്രശ്നങ്ങളുണ്ട്. പുതിയ തലമുറയോടും നൂതന രീതികളോടും പുറംതിരിഞ്ഞു നിൽക്കുന്ന ആളല്ല അച്ഛൻ. നവമാധ്യമങ്ങൾ സൃഷ്ടിക്കുന്ന ചതിക്കുഴികളോടാണ് അദ്ദേഹത്തിന്റെ വിയോജിപ്പും വിമർശനവും.”

കഥാകൃത്ത്: “തലമുറവിടവിനെക്കുറിച്ചുള്ള എന്റെ നിഗമനം തെറ്റാൻ വഴിയില്ല. എന്നിരുന്നാലും പഴയ തലമുറയുടെ മൂല്യങ്ങളെയും പുതുതലമുറയുടെ നന്മകളെയും ശരിയായ അളവിൽ സംയോജിപ്പിച്ച് ജീവിക്കുന്നതിനോട് യോജിക്കുന്ന ആളാണ് അദ്ദേഹമെന്നാണ് എനിക്ക് തോന്നിയത്.”

ദർഷ: “അത് വളരെ ശരി തന്നെ. പിന്നെ സ്വന്തം മകളുടെ കാര്യം വരുമ്പോൾ ഏതൊരച്ഛനാണ് ഒരു പരിധിയിലധികം കടുംപിടുത്തം കാണിക്കാൻ പറ്റുക..?”

കഥാകൃത്ത്: “എങ്കിൽപ്പിന്നെ ദർഷയുടെ ഇഷ്ടം അച്ഛനോട് തുറന്നു പറഞ്ഞുകൂടേ.? അങ്ങനെയെങ്കിൽ സങ്കീർണ്ണമായ ഈ മാനസികാവസ്ഥക്ക് പരിഹാരമാകുമല്ലോ.?”

ദർഷ: “ഒരുപക്ഷേ ആകുമായിരുന്നു. പക്ഷേ ചേച്ചിയുടെ മരണമേൽപ്പിച്ച ആഘാതത്തിന്റെ പശ്ചാത്തലത്തിൽ അച്ഛൻ എങ്ങനെയത് ഉൾക്കൊള്ളുമെന്ന ഉൽക്കണ്ഠ എന്നിലുമുണ്ട്.”

കഥാകൃത്ത്: “അച്ഛൻ പോസിറ്റീവായി പ്രതികരിക്കുമെന്നുതന്നെയാണ് എന്റെ വിലയിരുത്തൽ…”

ദർഷ: “ഏതായാലും ഈ ദിവസങ്ങളിൽ ഞാൻ അത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിട്ടുണ്ടായിരുന്നു. തുറന്നുപറയാനായി കാറ്റും കോളുമില്ലാത്ത ഒരവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്...”

ആത്മനിർവൃതിയിൽ കുതിർന്ന ഒരു ദീർഘനിശ്വാസത്തോടെ കഥാകൃത്ത്, തന്റെ സർഗാത്മക ലോകത്തിന്റെ തിരക്കുകളിൽ വ്യാപൃതനായി.

Content Summary: Malayalam Short Story ' Newgen Lokam Oru Pinvakku ' Written by Joshy Martin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com