തൂക്കുമരം – വിൻസെന്റ് ചാലിശ്ശേരി എഴുതിയ കവിത

Mail This Article
ആയിരം കതകുകൾ മുട്ടി നോക്കി ഞാൻ, ഒന്ന് പോലും തുറന്നില്ല,
വിതുമ്പുന്ന കണ്ണീരിന്റെ തുടക്കം വന്നത് എവിടെ നിന്നോ,
മറക്കാൻ പറ്റാത്ത വിധം നടന്ന ആ ക്രൂരക്രത്യം ഏറ്റുവാങ്ങി,
ഓടി നടന്നു ഞാൻ എൻ കാൽ പാദങ്ങളെ വേദനിപ്പിച്ചു.
കണ്ണീർ ഒപ്പാൻ ഇന്ന് ആരുമില്ല എനിക്ക്,
കണ്ണീരിന്റെ കണങ്ങൾ ഇറ്റു വീഴുന്ന ഈ ഭൂമിയിൽ.
നനഞ്ഞിറങ്ങുന്ന എന്റെ കണ്ണീർ മേലെ,
നടന്നു നീങ്ങുന്ന കാൽ പാദങ്ങൾ ഞാൻ കാണുന്നു.
എന്റെ ദുഃഖം എന്റേത് മാത്രം...
കോരിച്ചൊരിയുന്ന ഈ മഴയത്തും ഞാൻ അത് കാണുന്നു,
മോഹിക്കാൻ ഒന്നും ഇല്ല എനിക്ക് ഇന്ന്,
കാത്തിരിക്കാനും ആരുമില്ലാത്തവൻ ഇന്ന് ഞാൻ.
ഞാൻ എന്തിന് ദുഃഖിക്കണം,
ഈ ഭൂമിയിൽ ഞാൻ ഇല്ലാതാകാൻ പോകുന്നു,
വാടാതെ നിൽക്കണം ആ നേരം വരെ...
തേടാതെ ഇരിക്കില്ല എനിക്ക് വേണ്ടി ഒരു വെളിച്ചം തരാൻ.
മുറ്റത്ത് കത്തി നിൽക്കും കെടാവിളക്കിനെ...
നോക്കി നിൽക്കുന്ന പെണ്ണിനെ ഞാൻ കാണുന്നു.
അവൾക്കു വേണ്ടി ഞാൻ നൽകിയ എന്റെ ജീവൻ...
മറക്കില്ല ഒരു നാളും ഈ ഭൂമിയിൽ ആരും.
പട്ടു പാവാട ഇട്ട് ഓടി കളിച്ച നിന്റെ പ്രായത്തിൽ...
നിന്നെ സ്നേഹിച്ചിരുന്നു ഞാൻ എന്റെ ഹൃദയത്തിൽ,
വിട്ടു തരില്ല നിന്നെ ഞാൻ ആർക്കും ഈ ലോകത്തിൽ
നീ എന്റേത് മാത്രമാണ് എന്ന ചിന്ത എന്നിലുണ്ട് എന്നുമെന്നും.
വാടാതെ നിൽക്കണം ചെമ്പരത്തി പൂപോലെ നീ...
ഒരുനാൾ കൂടി വന്നു ചേരും നീ എന്റെ മനസിൽ,
പാടത്തെ പാട്ടിന്റെ ഈണത്തിൽ ഞാൻ...
മാഞ്ഞു പോകും നാളെ വെളിച്ചം കാണാതെ.