പഴമ – നന്ദകുമാര്‍ ചൂരക്കാട് എഴുതിയ കവിത

Mail This Article
പഴയൊരു വീടെന്റെ മുന്നിലുണ്ടിപ്പൊഴും
പഴയ കാലവും വഴിയും നടപ്പാതയും
പഴകിയ ഓര്‍മ്മകളാണവയെങ്കിലും
മധുരമുണ്ടവയെന്നും നുകര്‍ന്നീടുവാന്‍
പഴമ്പാട്ടൊന്നു ഞാന്‍ പാടിനോക്കീടുമ്പോള്‍
മനസ്സിലെത്തീടുമാ പഴയകാലം
പഴയ സൈക്കിളില്‍ ചുറ്റികറങ്ങുന്നനേരത്തിലും
കുളിര്‍കാറ്റെന്നെ തലോടുമ്പൊഴും
നാട്ടുപൂനോക്കി പുഞ്ചിരിക്കുമ്പൊഴും
പഴങ്കഥചൊല്ലുന്ന നേരത്തിലും
മനസ്സിലെത്തീടും ആ പഴയകാലം
മുത്തശ്ശിയുണ്ടപ്പോഴെന്‍ മുന്നിലെത്തീടുന്നു
പഴയകുളത്തില്‍ ഞാന്‍ നീന്തിത്തുടിക്കുന്നു
കളിവാക്കുചൊല്ലുന്ന കൂട്ടുകാരും
കളിവഞ്ചിയിലേറിയ കുട്ടിക്കാലവും
നാട്ടുമാഞ്ചോട്ടിലെ ഊഞ്ഞാലാട്ടവും
കാടും മേടും നടവരമ്പും നിര്‍മ്മലമാം
പുഴകളും കായലും പൂങ്കാവനങ്ങളും
മനസ്സിലെത്തീടും ഞൊടിയിടയില്‍
പഴയഗാനങ്ങളും പഴയചിത്രങ്ങളും
എത്രമേല്‍പഴകിയതെന്നാകിലും
ഗുണമേന്മയേറുമെന്നുമറിയുന്നു ഞാന്‍
പഴകിദ്രവിച്ചതാകുമവയെ പുതിയതിന്‍
ചാരെ ചേര്‍ത്തു വച്ചീടുകില്‍
പുതുമ പഴമയായ് മാറും എന്നും പഴമയോ
പുതുമയായ് തീരുമെന്നുമറിയുന്നു ഞാന്‍
പുതു ചിന്തയെല്ലാമേ പഴയപുരാവൃത്തസഞ്ചയത്തിന്‍
പിന്‍തുടര്‍ച്ചയാണെന്ന സത്യവും ഞാന്‍ തിരിച്ചറിവൂ
തനിതങ്കമൊരിക്കലും ഉരുക്കുപാത്രത്തെ
പേടിക്കില്ലെന്ന ചൈനീസ്പഴമൊഴിയും ഓര്‍ത്തുവയ്പൂ