ഒരു പൂവിന്റെ വേർപാട് – സാന്ദ്ര ഹരി സരീഷ് എഴുതിയ കവിത
Mail This Article
ഒരു കുഞ്ഞു പൂവിതാ വാടിക്കിടക്കുന്നു
മഴയിൽ കുതിർന്നൊരീ മണ്ണിൽ.
ആർദ്രമാമികളും ലോലമാം ദലങ്ങളും എൻ
ഹൃദയത്തിലൊരു മുറിപ്പാടു വീഴ്ത്തി.
ഇനിയുമുണ്ടേറെ പറയുവാൻ പൂവിന്ന്,
കാണുവാനേറേ കാഴ്ചകളും.
നിന്റെ മോഹങ്ങളും നിന്റെ സ്വപ്നങ്ങളും
പേറി ഞാൻ നിൽപ്പൂ ഈ വഴിയിൽ.
നിന്റെ സുഗന്ധവും ലോല ദളങ്ങളും
എന്റെ ഹൃത്തിന്നു പുതു ശോഭയേകി.
പതിവായെൻ കണ്ണുകൾ തേടി നിന്നെ -
നീ മൊട്ടിട്ടു നിന്നൊരാ നാളു മുതൽ
ഇതളുകൾ തഴുകിയുമുമ്മ വച്ചും
ഞാൻ നിന്നെയേറെ ഓമനിച്ചു.
എന്നോ ഈ വാടിയിൽ തളിരിട്ട ചെമ്പനീർ
പുഷ്പമേ എന്തിനെൻ മനം കവർന്നു?
ഇന്നു നീ മണ്ണോടു ചേർന്നത് കാണവെ -
അറിയുന്നു ഞാൻ നിന്റെ വിരഹ ദുഃഖം.
നിന്നെ കാണാതെ, നിന്നോട് മിണ്ടാതെ -
എങ്ങനെ തീർക്കും ഞാൻ വരും ദിനങ്ങൾ?
നീ തന്ന ഓർമകൾ മായുകില്ല -
എന്നിടനെഞ്ചിൻ തുടിപ്പായ്
ഞാൻ കാത്തു കൊള്ളാം
മണ്ണു പുരണ്ടു, വാടിയ ദലങ്ങളെൻ
മിഴികളിൽ നനവ് പടർത്തീടുന്നു.
നമ്മുടെ നിമിഷങ്ങളോർത്തു കൊണ്ട്,
ആ ഓർമകൾ ഹൃദയത്തിൽ ചേർത്തുകൊണ്ട്,
തരുന്നു, നിനക്ക് ഞാൻ യാത്രാമൊഴി.
എന്റെ ദുഃഖത്തിലിഴ ചേർന്ന യാത്രാമൊഴി.