യുദ്ധം – അനിൽ കൂറ്റേരി എഴുതിയ കവിത

Mail This Article
യുദ്ധമെന്നു കേട്ടിടും നേരത്ത്
മൈലുകൾക്കപ്പുറം
ഇരു ചേരിയിൽ ചേർന്നു
ഐക്യദാർഢ്യ കാഹളം മുഴക്കുന്നവർ
അറിയുന്നില്ല
യുദ്ധമെന്ന കെടുതിയിൽ
ദുരിതം പേറിടും മനുഷ്യരെ
അതിർവരമ്പുകൾക്കപ്പുറം
സ്ഫോടനങ്ങൾ നടത്തി
യുദ്ധം വരുത്തി വച്ചവർ
ഇരയോ കുറ്റവാളിയോ
രാജ്യാതിർത്തി കടന്നു വന്നു
അക്രമമഴിച്ചു വിട്ടവരെ
പാഠം പഠിപ്പിച്ചിടാൻ
യുദ്ധകാഹളം മുഴക്കി ഇറങ്ങിയവർ
ആരാണ് തെറ്റുകാർ
നിർവചിച്ചിടാനാകുമോ
അധിനിവേശത്തിന്റെ കെടുതിക്ക്
ഇരുഭാഗത്തും ഇരകളായിടുന്നതോ
നിരാലംബരാം ജനതയും
കാരണ ഹേതു എന്തെന്നതോ
കാരണ ഭൂതരാരെന്നതോ
ചികഞ്ഞിടാതെ
മരിച്ചുവീണിടും പിഞ്ചുകുട്ടികൾ
പാവമാം അമ്മമാർ
ഇവർക്കു വേണ്ടി
യുദ്ധമെന്ന കെടുതിയെ
നിർത്തിടാനായി
ലോകമാകെ ഒന്നിച്ചൊരെ
ശബ്ദത്താൽ മുന്നിട്ടിറങ്ങുക
തെറ്റുകൾ ചെയ്തതാരെന്നു
ചികഞ്ഞെടുക്കുവാൻ മിനക്കെടാതെ
പാവമാം മനുഷ്യ ജീവനുകൾ
ഇനിയും പൊലിഞ്ഞിടാതെ
യുദ്ധം നിർത്തിടുക എന്നതാണ് മുഖ്യം
കലഹം നിർത്തിടാനായ് വൈകാതെ
ചർച്ചകൾ നടത്തിടാം
ചർച്ചകൾക്കിപ്പുറം വിട്ടുവീഴ്ചകൾ നടത്തി
ഇരു കൂട്ടരും പരിഹാരം കാണുക
ഒരു മനുഷ്യ ജീവനും പൊലിഞ്ഞിടാതെ
ശാശ്വത പരിഹാരം നേടുക