ADVERTISEMENT

ഉറക്കം വരാതെ മാളു തിരിഞ്ഞും മറിഞ്ഞും കിടന്നു. തലയിണയിൽ മുഖമമർത്തി ശ്വാസം ആഞ്ഞുവലിച്ചു. ഇല്ല.. കിട്ടുന്നില്ല. ഏറെ പ്രിയപ്പെട്ട ആ മണം. കാച്ചെണ്ണയുടേയും ലൈഫ്ബോയ് സോപ്പിന്റേയും മണം.. മറവിയുടെ കൂട്ടുകാരനായ കാലത്തിന് ഒരിക്കലും മായ്ച്ചു കളയാൻ പറ്റാഞ്ഞ ഗന്ധം. എന്റെ അമ്മൂമ്മയുടെ ഗന്ധം. അമ്മക്കിളി കൂടൊരുക്കുന്നതു പോലെ പതുപതുത്ത പഞ്ഞി മെത്തയിൽ ആദ്യം ഒരു കമ്പളിപ്പുതപ്പ് പിന്നെ നേർത്ത മേൽ മുണ്ട്. അതിനു മുകളിൽ നനുനനുത്ത വിരിപ്പ്. തലയിണയ്ക്കും കവർ കൂടാതെ രണ്ട് മടക്കിൽ വെള്ളത്തുണി. കാല് വെയ്ക്കുന്നിടത്തും കാണും രണ്ടായി മടക്കിയ ഒരു മുണ്ട്.

കിടക്കുന്നതിനു മുൻപ് മുടി ഉച്ചിയിലോട്ട് കെട്ടി വെയ്ക്കും. ആ സമയം മുടിയോരോന്നായി വേർതിരിച്ച് ശുഷ്‌ക്കിച്ച തണുത്ത വിരലുകളുടെ തലോടൽ നിർത്താതിരിക്കാൻ കെട്ടിയത് ശരിയായില്ലെന്നു പറഞ്ഞ് വീണ്ടും വീണ്ടും കെട്ടിക്കും. ചുരുണ്ടു നീളം കുറഞ്ഞ മുടിയിൽ സഞ്ചി പിന്നലും ആയിരം പിന്നലും വിസ്മയം തീർത്ത ദിവസങ്ങളുമുണ്ട്. ഈ സമയമെല്ലാം തിരുവാതിരപ്പാട്ടുകളും കൊച്ചു കൂട്ടത്തിയുടെയും വലിയ കൂട്ടത്തിയുടെയും കഥകളും അകമ്പടി സേവിക്കാറുണ്ട്. പിന്നീടുള്ള ചടങ്ങ് കാല് തിരുമലാണ്. കുട്ടിക്കാലത്തെ സന്തത സഹചാരിയായിരുന്ന കാല് വേദനയുടെ ഒറ്റമൂലി അമ്മൂമ്മയുടെ ഈ തിരുമ്മലായിരുന്നു. ഉറങ്ങുന്നത് വരെ അത് തുടരും. കാല് നന്നായി കൂട്ടിതിരുമ്മി കഴുകിയ ശേഷമേ കട്ടിലിൽ കിടത്തൂ. 

അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് തൊട്ടടുത്തു പുതിയ വീട് വെച്ച് മാറിയപ്പോളും കരഞ്ഞു നിലവിളിച്ചു അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുക്കലേക്കോടിയ രണ്ടു വയസ്സുകാരിയുടെ കഥ. രണ്ടു മക്കളുടെ അമ്മയായ ശേഷവും ആ രണ്ടു വയസ്സുകാരിയുടെ കൊഞ്ചലോടെ എൺപത്തഞ്ചു വയസ്സായ അമ്മൂമ്മയുടെ മുൻപിൻ നിലത്തിരുന്ന് മുടി കോതാൻ പറയും. ഒട്ടും മടികൂടാതെ തലയിലൊരുമ്മയും തന്ന് സ്വതസിദ്ധമായ പൊട്ടിച്ചിരിയോടെ മുടി കോതുമ്പോൾ ഒന്നൂടെ ചേർന്നിരുന്ന് 'തിരികെ വരികെന്റെ ബാല്യമേ നീ'യെന്ന് ഉള്ളിലാർത്തു കേണിട്ടുണ്ട്. കാലമെത്ര കഴിഞ്ഞിട്ടും ആ തലോടലിന്റെ സുഖവും കിളിക്കൂടിന്റെ പതുപതുപ്പും സുരക്ഷിതത്വവും അത്രയും തീവ്രതയോടെ മറ്റൊരിടത്തും അനുഭവിക്കാൻ സാധിച്ചിട്ടില്ല. അവസാന നിമിഷത്തെ ആ വിരലുകളുടെ തണുപ്പ് നഷ്ടപ്പെടുത്തിയത് ഇനിയൊരിക്കലും തിരികെക്കിട്ടാത്ത വാത്സല്യക്കടലാണ്.

English Summary:

Malayalam Short Story ' Kilikkoodu ' Written by Priya Sreekumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com