നീട്ടും കരങ്ങൾ – ഹിബ അഷ്റഫ് ആയഞ്ചേരി എഴുതിയ കവിത

Mail This Article
ഒട്ടിയ വയറിനുള്ളിൽ നിന്നും
പൊട്ടിച്ചിതറുന്ന കലാപമാണ് വിശപ്പ്.
കാലിക്കീശയും തുന്നിപ്പിടിപ്പിച്ച
കുപ്പായവുമായി നീട്ടുന്ന
കരങ്ങളാണ് വിശപ്പിനെ
പ്രണയിച്ചത്.
അത് മനുഷ്യനെ അന്ധനും
ബധിരനും മൂകനുമാക്കുന്നു.
വിശപ്പിനും ഒരു താളമുണ്ട്,
തേങ്ങലിന്റെ സംഗീതമുണ്ട്,
ഈണവും ശ്രുതിയുമുണ്ട്,
വിശന്നവന്റെ ചുണ്ടിലെ ചിരി
തന്നെയാണ്-
പണക്കാരന്റെ കീശയിലെ-
രണ്ടു തുട്ട് നോട്ടിനെക്കൾ മൂല്യം.
ദരിദ്രന്റെയുദരത്തിൽ പിറന്നു
വീഴുന്ന കുഞ്ഞാണ് വിശപ്പ്,
അവന്റെ മട്ടുപ്പാവിൽക്കയറി-
വിലസുന്നു അത്.
അതൊരു മതമായി-
മാറിയിരിക്കുന്നു;
നാഥനില്ലാത്ത മതം,
ഉള്ളിൽ നിന്നുമത്;
വേദനയായ് നൃത്തം ചവിട്ടുന്നു.
ശമനമില്ലാത്ത നൃത്തം!
തെരുവിലലയുന്നു വിശപ്പിൻ-
മക്കൾ ചോറു മണിക്കായ്....
വിശപ്പിന്റെ ഓളങ്ങളിൽ-
നീന്തിത്തുടിച്ചവനാണ്,
ഒരു മണിച്ചോറിന്റെ -
മഹത്വമറിഞ്ഞത്.
എച്ചിൽ കൂട്ടങ്ങളിൽ നിന്നും
പെറുക്കിയെടുക്കുമ്പോൾ-
ആ വദനങ്ങളിലൊരു ചിരി
ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.
അത് പകരമില്ലാത്തതാണ്!