മരിച്ച സ്വപ്നത്തില്‍ – രാജന് സി. എച്ച്. എഴുതിയ കവിത
Mail This Article
×
യുദ്ധത്തില്‍ കൊല്ലപ്പെട്ട
ഒരു പലസ്തീനിയന്‍ കവി
ഒരു സ്വപ്നമായി
ഉറക്കത്തില്‍ വന്ന്
എന്നോട് ചോദിച്ചു:
ഉറക്കമായോ?
ഞെട്ടിയുണര്‍ന്ന്
ഞാനെന്നോട് ചോദിച്ചു പോയി,
ഉറക്കമായോ?
പാതിരാത്രി.
ഞാന്‍ ജാലകം തുറന്നു.
പുറത്ത് ചീവിടുകളുടെ ഒച്ച.
സ്വപ്നത്തിലായിരുന്നെങ്കില്‍
ഗാസയില്‍ മുറിപ്പെട്ട,
മരിച്ച, ഭയന്ന
കുഞ്ഞുങ്ങളുടെ കരച്ചിലായേനെ.
ഓടിപ്പോകുന്ന വണ്ടികളുടെ ഒച്ച
ചീറിപ്പായുന്ന വെടിയുണ്ടകളോ
പോര്‍വിമാനങ്ങളോ
മാരകമായതെന്തോ ആയേനെ.
ഇരുട്ട്, വെളിച്ചം കെടുത്തിയ
ദുരന്ത ഭൂമി
ഉറക്കമായോ,
ഉറക്കമായോയെന്ന്
ഞാന്‍ കണ്ണുകളടച്ചു.
യുദ്ധത്തില്‍ കത്തിയെരിഞ്ഞ
ഒരു സ്വപ്നം
അതിന്‍റെ കുരുന്നു കൈകള്‍കൊണ്ട്
എന്‍റെ കണ്ണുകള്‍ പൊത്തി.
സ്വപ്നം കാണുകയോ,
കുഞ്ഞുശബ്ദം
എന്നോട് കൊഞ്ചിപ്പറഞ്ഞു.
പാതിരാവായിത്തീര്‍ന്ന
ലോകത്തില്‍
ഞാന്‍
ജീവിച്ചിരിക്കുന്നോ,
അതോ, മരിച്ചോ?
English Summary:
Malayalam Poem ' Maricha Swapnathil ' Written by Rajan C. H.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.